
പതംഗങ്ങളെത്തിയിന്നെൻ വാടിയിൽ,
വാടാമലരിലെ തേനുണ്ണുവാൻ.
വർണച്ചിറകുകൾ മെല്ലെയിളക്കി,
ലജ്ജയാൽ പൂവിൻ കവിളിൽ നുള്ളി.
നിശ്ചലരായവർ തെല്ലുനേരം,
ഉല്ലാസരായവർ ശേഷകാലം.
താണും ചരിഞ്ഞും പൂക്കളിലാടി,
കാറ്റിന്റെ പാതയിൽ തല്പരരായി.
പൂവു ചൊല്ലി: "നിനക്കാരേകി ചന്തം,
മോഹം വിളമ്പുമീ,യാകാരവും?"
"ഗന്ധം നിന്നിൽ നിറച്ചൊരാ കൈക-
ളെന്നെയും ചേലിൽ മെനഞ്ഞെടുത്തു."
ചേലിൽച്ചൊല്ലി ശലഭമൊരുമാത്രയാ,
വേള മുറിയാതെ സ്നേഹമോടെ.
താനേ മറന്നു നിന്നതിനാൽ,
നേരം മറഞ്ഞതറിഞ്ഞില്ല.
യാത്രയോതി ശലഭം പൂവിൻ കാതിൽ,
മറ്റാരും പകരാത്ത സ്നേഹമോതി.
പൂക്കാലമിനിയും പിറക്കും,
അന്നാളിൽ നാം വീണ്ടും ജനിക്കും.
