Vaikom Mohammed Basheer

Shamseera Ummer

"ടീച്ചറെ.... ഈ  ഇക്കാക്ക ഭയങ്കര രസമാണല്ലേ?"  ഈ ചോദ്യം കേട്ടാണ് കണക്കിലെ ഒരു പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്തിക്കൊണ്ടിരുന്ന ഷാഹിന ടീച്ചർ തലയുയർത്തി നോക്കിയത്. നോക്കുമ്പോൾ ഒരു കൈകൊണ്ട്  മലയാള പുസ്തകം  പിടിച്ച്  മറുകൈ തലയിൽ വെച്ച് ആലോചനയോടെ ഇരിക്കുകയാണ് തന്റെ ക്ലാസിലെ വികൃതിയായ സൈനുദ്ദീൻ എന്ന സൈനു.

"ഏത് ഇക്കാക്കയാണ് ഇത്ര രസകരം ആയിട്ടുള്ളത്?" ഷാഹിന ടീച്ചർ ചോദിച്ചുകൊണ്ട് അവൻറെ അടുത്തേക്ക് നടന്നു. "ടീച്ചർക്കറിയില്ലേ മ്മടെ ബഷീർക്കാനെ?"  "ആര് ബേപ്പൂർ സുൽത്താനെ കുറിച്ചാണോ എന്റെ സൈനു നീ പറയുന്നത് ?" (കാര്യം രണ്ടാഴ്ചയെ ആയിട്ടുള്ളൂ തൻറെ അടുത്തേക്ക് അവൻ ട്യൂഷന് വരവ് തുടങ്ങിയിട്ടെങ്കിലും സൈനുവിനെ കുറിച്ച് ടീച്ചർക്ക് നന്നായിട്ട് അറിയാം. അവൻ മലയാളം പഠിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ് കവികളെയും കഥയിലെ കഥാപാത്രങ്ങളെയും സ്വന്തം ഇക്കാക്കയും ചേട്ടനും അനിയനും അമ്മായിയും അമ്മാവനും ഒക്കെയാക്കിയാണ് അവൻറെ പഠനം) അതുകൊണ്ടുതന്നെയാണ് മലയാള പുസ്തകത്തിൽ നോക്കി ബഷീർക്കാ എന്ന് കേട്ടപ്പോൾ ടീച്ചർക്ക് അത്ഭുതമൊന്നും തോന്നാതിരുന്നത്.

"അതേ ടീച്ചറെ എല്ലാ ജീവികളും ഭൂമിയുടെ അവകാശികളാണെന്ന പുള്ളിയുടെ ചിന്ത എത്ര മനോഹരമാണല്ലേ? പക്ഷേ ഭൂമിയുടെ ഒരവകാശിയുടെ കയ്യിൽ നിന്നും നല്ല കുത്ത് കൊണ്ടത് വായിച്ചപ്പോൾ എനിക്ക് ചിരി അടക്കാൻ ആകുന്നില്ല ടീച്ചറെ.." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ആരോടാ സൈനു നീ സുൽത്താനെക്കുറിച്ച് പറയുന്നത് ? അദ്ദേഹം നമ്മുടെ ടീച്ചറിന്റെ സ്വന്തം ആളല്ലേ"!  ഇതു പറഞ്ഞത് ടീച്ചറിന്റെ അരുമ ശിഷ്യനായ അനസാണ്. കാരണം അവനറിയാം ടീച്ചറിന് വൈക്കം മുഹമ്മദ് ബഷീറിനോടുള്ള ഇഷ്ടവും  അദ്ദേഹത്തിന്റെ എഴുത്തിനോടുള്ള അടങ്ങാത്ത ആരാധനയും. 'ഇത് കേട്ട് ആണോ എന്ന അർത്ഥത്തിൽ സൈനു ടീച്ചറെ നോക്കി. ആ സമയം മുഖത്ത് അല്പം ഗൗരവം വരുത്തി "വായിച്ചു പഠിക്കാൻ നോക്ക് സൈനു ..വീട്ടിൽ പോകാൻ നേരമായി " എന്ന് ടീച്ചറും പറഞ്ഞു. 

ട്യൂഷൻ വിട്ട് കുട്ടികൾ  പോയിട്ടും ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നിട്ടും ടീച്ചറുടെ മനസ്സിൽ തൻറെ സുൽത്താൻ മാത്രമായിരുന്നു. സൈനു പറഞ്ഞതുപോലെ അദ്ദേഹം ഒരു രസികൻ തന്നെയാണ്. ഏതോ സിനിമയിൽ മമ്മൂക്ക പറഞ്ഞതുപോലെ ഒരിത്തിരി നേരത്തെ ആയില്ലേ ആ മരണം ! ഇല്ലെങ്കിൽ എന്തൊക്കെ ചോദിച്ചറിയാൻ ഉണ്ടായിരുന്നു. ദീർഘമായ ആലോചനകൾക്കൊടുവിൽ  ടീച്ചർ ഉറങ്ങിപ്പോയി.

"കുട്ടി ...കുട്ടി ....ഒന്ന് എഴുന്നേറ്റേ ....."ഒരു വിളി കേട്ടാണ് ടീച്ചർ പിന്നീട് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത് ആരാ ഇപ്പോൾ എന്നെ ഇങ്ങനെ വിളിക്കാൻ എന്ന് കരുതി ടീച്ചർ വീടിന് പുറത്തേക്ക് . നോക്കുമ്പോൾ തന്റെ വീടിൻറെ മുറ്റത്തെ മാംഗോസ്റ്റൈൻ  മരത്തിന് ചുവട്ടിൽ തൻ്റെ ചാരുകസേരയിൽ നീണ്ട് നിവർന്ന് കിടക്കുന്നു തന്റെ സ്വന്തം ബേപ്പൂർ സുൽത്താൻ. സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ ടീച്ചർ ഒന്ന് നുള്ളി നോക്കി.  ശരിയാണ് തനിക്ക് വേദനിക്കുന്നുണ്ട് അപ്പോൾ ഇത് സത്യമാണല്ലോ ഇതെങ്ങനെ സംഭവിക്കും.... ടീച്ചർ  ആലോചനയോടെ തല കുടഞ്ഞു. പിന്നീട് ഹ.... എന്തെങ്കിലും ആവട്ടെ എന്ന് കരുതി ടീച്ചർ അദ്ദേഹത്തിനടുത്തേക്ക് ഓടിച്ചെന്നു.

"എന്താ ഇജ്ജ് ഇങ്ങനെ മിഴിച്ചു നോക്കുന്നത്? നീ കുറേ ആയില്ലേ എന്നെ വിളിക്കുന്നു അതുകൊണ്ട് ഞാൻ വന്നതാ." അദ്ദേഹം ടീച്ചറെ നോക്കി പറഞ്ഞു. "അല്ല സുൽത്താനെ നിങ്ങൾ വരുമ്പോൾ ഈ മാങ്കോസ്റ്റൈനും കൂടി കൊണ്ടുവന്നോ?" ടീച്ചർ തൻറെ കുട്ടികളെക്കാൾ കുട്ടിയായി അദ്ദേഹത്തോട് ചോദിച്ചു. ചാരുകസേരയിൽ അമർന്നിരുന്നുകൊണ്ട് അദ്ദേഹം ചിരിച്ചു. കൊച്ചുകുട്ടികളുടെ പോലെയുള്ള അദ്ദേഹത്തിൻറെ ചിരി ടീച്ചർ വളരെ നന്നായി ആസ്വദിച്ചു. 

"അല്ല നിനക്ക് എന്തൊക്കെയോ എന്നോട് ചോദിക്കാനുണ്ട് എന്നായിരുന്നില്ലേ നീ പറഞ്ഞത് എന്നാൽ വേഗം ആകട്ടെ" സുൽത്താൻ പറഞ്ഞു. പ്രത്യേകിച്ച് ഒന്നുമില്ല സുൽത്താൻ ... അക്ഷരം കൂട്ടി വായിച്ച കാലം തൊട്ട് എൻറെ കൂടെ കൂടിയതല്ലേ അങ്ങ്. അന്ന് തൊട്ടുള്ള ചില സംശയങ്ങൾ..അത്രയേ ഉള്ളൂ..

"ആ ഓരോന്നോരോന്നായി ചോദ്യങ്ങൾ പോരട്ടെ" അദ്ദേഹം പറഞ്ഞു. "ഒന്നും ഒന്നും ഇമ്മിണി വലിയ ഒന്നാണെന്ന് പറഞ്ഞപ്പോൾ മാഷ് അടിച്ചതല്ലാതെ സുൽത്താന്റെ ക്ലാസിലെ കുട്ടികൾ അതും പറഞ്ഞു പിന്നീട് സുൽത്താനെ കളിയാക്കിയിരുന്നോ? അത് എവിടെയും പറഞ്ഞു കേട്ടില്ലല്ലോ.." ടീച്ചർ ചോദിച്ചു. "എന്റെ കുട്ടി അതൊക്കെ കുട്ടിക്കാലത്തെ ഓരോ കുസൃതികൾ അല്ലേ. പക്ഷേ ഇന്നത്തെ പോലെ കുട്ടികളെ അതിഭീകരമായി കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയൊന്നും അന്നുണ്ടായിരുന്നില്ല കെട്ടോ.... അതുകൊണ്ട് തന്നെ അത് അത്രമാത്രം കാര്യമായി ഞാനല്ലാതെ മറ്റാരും എടുത്തിരുന്നില്ല എന്നതാണ് സത്യം." അദ്ദേഹം പറഞ്ഞു.

ഇനി അടുത്ത ചോദ്യം "ശശിനാസ് എന്ന കഥ എഴുതുമ്പോൾ അത് കാലഘട്ടങ്ങൾക്ക് മുൻപേ പിറന്നതാണെന്ന് സുൽത്താന് തോന്നിയിരുന്നോ? കാരണം ഞാൻ അത് വായിക്കുന്ന സമയം അങ്ങനെയൊരു കാര്യം  കേട്ട് കേൾവി ഇല്ലായിരുന്നു. പക്ഷേ ഇന്നാണെങ്കിൽ ലോകം മുഴുവൻ അങ്ങനെയുള്ള സംഭവങ്ങളെ കേൾക്കാനുള്ളൂ..." എന്ന ടീച്ചറിൻ്റെ ചോദ്യത്തിന് 

"എൻറെ കുഞ്ഞേ അന്നും ഇങ്ങനെയുള്ള സംഭവങ്ങൾ ഒരുപാടുണ്ടായിരുന്നു.അവയെല്ലാം പക്ഷേ വലിയ വലിയ വീടുകളുടെ അകത്തളങ്ങളിൽ ഒതുക്കുകയായിരുന്നു അന്നത്തെ സ്ത്രീകൾ ചെയ്തിരുന്നത്. കാരണം അന്നവർക്ക് ശബ്ദം ഉയർത്താനോ അനീതിയെ ചോദ്യം ചെയ്യാനോ അവകാശങ്ങൾ ഇല്ലായിരുന്നല്ലോ! പക്ഷേ ഇന്നത്തെയത്രയൊന്നും അന്ന് ഉണ്ടായിരുന്നില്ല എന്നതും വാസ്തവമാണ് ട്ടോ" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

"ആനവാരിയും പൊൻകുരിശും എട്ടുകാലി മമ്മൂഞ്ഞും മണ്ടൻ മുത്തപ്പയും എല്ലാം എവിടെയെങ്കിലും കണ്ടു മറന്ന കഥാപാത്രങ്ങൾ ആയിരുന്നോ?" ടീച്ചറുടെ മൂന്നാമത്തെ ചോദ്യം. "ഇതിന് രണ്ടു മറുപടിയാണ് . .... ആയിരിക്കാം.. അല്ലായിരിക്കാം രൂപഭാവങ്ങൾ പലർക്കും ചേരുമെങ്കിലും സ്വഭാവങ്ങൾ പലർക്കും ചേർച്ച ഉണ്ടാകില്ല പക്ഷേ ചിന്താരീതികൾ പലർക്കും അതിനേക്കാളും അപ്പുറമായിരുന്നു."

ഷാഹിന ടീച്ചർ കുറച്ചു സമയം മൗനമായിരുന്നു ."എന്താ നിൻറെ ചോദ്യങ്ങൾ  കഴിഞ്ഞോ?" സുൽത്താൻ ചോദിച്ചു. "ഇല്ല സുൽത്താൻ ഇനിയുമുണ്ട് ഒരുപാടൊരുപാട് ചോദ്യങ്ങൾ പക്ഷേ അങ്ങയെ കണ്ട സന്തോഷത്തിൽ എനിക്കൊന്നും ചോദിക്കാൻ കിട്ടുന്നില്ല. വർഷങ്ങൾ കഴിഞ്ഞാലും പുറപ്പെട്ടുപോയ മകന് എന്നും ഭക്ഷണം വിളമ്പി വെച്ച് കാത്തിരിക്കുന്ന  അമ്മയുടെ സ്നേഹം പഠിപ്പിച്ച ഈ കഥാകാരനെ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ" ടീച്ചർ സ്നേഹാധിക്യത്തോടെ ചോദിച്ചു. അദ്ദേഹം എഴുന്നേറ്റ് വന്ന് ടീച്ചറെ ആശ്ലേഷിച്ചു.

"എനിക്ക് കഴിക്കാൻ ഒന്നും നീ ഒരുക്കി വെച്ചിട്ടില്ലേ? ഉണ്ടെങ്കിൽ അത് എടുക്കൂ എന്നിട്ട് നിൻറെ ബാക്കി ചോദ്യങ്ങൾ കൂടി ചോദിക്ക്" അദ്ദേഹം വീണ്ടും.

"ഓ ഞാനത് മറന്നു .. നല്ല പൊടിയുള്ള വെന്ത കപ്പ പുഴുങ്ങിയതും നമ്മുടെ ആ കഥയിൽ പറഞ്ഞത് പോലെ ഉപ്പും നല്ല കാന്താരിയും ചുവന്നുള്ളിയും പച്ച വെളിച്ചെണ്ണയും കൂട്ടി ഞെരടിയ ചമ്മന്തിയും ഉണ്ട്. ഞാൻ അത് എടുക്കട്ട". ടീച്ചർ സന്തോഷത്തോടെ ചോദിച്ചു. തൻ്റെ എല്ലാ രചനകളെയും അതിലെ ഓരോ വരികളെയും ഹൃദയത്തോട് ചേർത്തുവച്ച ആ പെൺകുട്ടിയെ ബേപ്പൂർ സുൽത്താൻ സാകൂതത്തോടെ അതിലേറെ ആത്മഹർഷത്തോടെ നോക്കി. "പിന്നെന്താ...ഒന്നിന് പകരം രണ്ട് പോരട്ടെ" എന്ന് തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം മറുപടിയും പറഞ്ഞു. ഷാഹിന ടീച്ചർ "ഉമ്മാ..... കപ്പ വേവിച്ചതും ചമ്മന്തിയും തരൂ" എന്ന് പറഞ്ഞു അകത്തേക്ക് ഓടി. 

"സുബഹി ബാങ്ക് വിളിച്ചിട്ടും നിസ്കരിക്കാത്തതിന് കപ്പയല്ല ചന്തിക്ക് നല്ല അടിയാണ് ഞാൻ തരുന്നത്" എന്ന ഉമ്മയുടെ ഹാലിളകിയുള്ള മറുപടി കേട്ടാണ് ടീച്ചർ ചാടി എണീറ്റത്. അപ്പോഴാണ് താൻ ഇതുവരെ കണ്ടതെല്ലാം സ്വപ്നമായിരുന്നെന്ന് ടീച്ചർക്ക് മനസ്സിലായത്. 

ടീച്ചറുടെ മനസ്സ് ഇങ്ങനെ മന്ത്രിച്ചു. "സ്വപ്നത്തിലാണെങ്കിലും അദ്ദേഹത്തെ താൻ കണ്ണ് നിറയെ കണ്ടു. തന്റെ മനസ്സിലെ ചോദ്യങ്ങൾ മുഴുവൻ ചോദിച്ചു, സ്നേഹത്തോടെ കെട്ടിപ്പിടിച്ചു, ഭക്ഷണം വിളമ്പാനുള്ള ആഗ്രഹം അറിയിച്ചു, അങ്ങനെയങ്ങനെ  ഒരിക്കലും നടക്കില്ലെന്നാഗ്രഹിച്ച ഒരുപാടൊരുപാട് കാര്യങ്ങൾ നടന്നു. പ്രിയപ്പെട്ട ബഷീർ നിങ്ങൾ ഒരു ജീനിയസ് ആണ്. നിങ്ങൾ പറയുന്നതുപോലെ നിങ്ങൾ ഒരു സംഭവമാണ്. അനർഗള നിർഗളം ഒഴുകുന്ന പുഴ പോലെ നിങ്ങൾ ഒരു ഹുന്ത്രാപ്പി ബുസ്സാട്ടോയാണ്,  ഒരു ആകാശമിഠായിയാണ്, അങ്ങനെയങ്ങനെ ഒരൊന്നൊന്നര സുൽത്താനാണ്."

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ