"അമ്മമ്മേ... ഈ ഒടിയനെന്നാ എന്താ?" കൊച്ചു നങ്ങേലിയുടെ കണ്ണിൽ കൗതുകത്തിന്റെ നക്ഷത്രങ്ങൾ.
അതുകേട്ട അമ്മമ്മയുടെ നെഞ്ചിൽ വെള്ളിമിന്നലും.
"എന്തിനാ കുട്ട്യേ ഈ അസമയത്ത് ആവശ്യമില്ലാത്തത്... കിടന്നുറങ്ങാൻ നോക്ക്യേ ഇയ്യ്..."
"പറ അമ്മമ്മേ... അമ്മമ്മയ്ക്കെ ഇതൊക്കെ അറിയൂന്ന് കുട്ടേട്ടൻ പറഞ്ഞൂലോ..." കൊച്ചുനങ്ങേലിക്ക് കൗതുകം കൂടിയാൽ ഉത്തരം കിട്ടിയേ ഒക്കൂ.
"കുട്ടനോ... ആ കീഴാളൻ കന്നാലിചെക്കനുമായുള്ള കൂട്ട് വേണ്ടാന്നു പറഞ്ഞാൽ കേൾക്കരുത് ഇയ്യ്... എന്നിട്ട് വേണ്ടാത്ത ഓരോന്നും കേട്ട് വന്നോളും... ഉറങ്ങുന്നുണ്ടോ ഇയ്യ്..." അമ്മമ്മ ദേഷ്യപ്പെട്ടത് കേട്ട് നങ്ങേലി കണ്ണും നിറച്ചു കിടന്നു.
"ഇനി എത്ര നാളാ, മകരം പത്തിന് പതിനാറ് തികഞ്ഞാ ആ വയസ്സന്റെ കൂടെ നടതള്ളില്ലേ ന്നെ? കുട്ടേട്ടനെയൊന്നും പിന്നെ ഞാൻ കാണില്ലാലോ... അമ്മമ്മയോട് വാശി കാണിക്കാനും ഈ നങ്ങേലി കാണില്ല..."
ആ വാക്കുകൾ അമ്മയെ തെല്ലു നോവിച്ചു കാണണം. അമ്മമ്മ പതുക്കെ തിരിഞ്ഞു കിടന്നു.
"ഇയ്യ് പേടിക്കും കേട്ടോ..." മുന്നറിയിപ്പോടെ അമ്മമ്മ പറയാൻ തയ്യാറായി.
"പാതിരാവിന്റെ മറവിൽ അവനിറങ്ങും. തീരാത്ത ചോരക്കൊതിയുമായി, പകയാളുന്ന കണ്ണുകളുമായി... വേലിക്കരികിലോ കച്ചിത്തുറുവിലോ മരത്തിന്റെ മുകളിലോ അവൻ പതുങ്ങിയിരിക്കും... തക്കം പാർത്ത്... തക്കം പാർത്ത്... അവനൊരവസരം കിട്ടുമ്പോൾ ഒറ്റച്ചാട്ടം! വരുന്നത് കന്നോ കടുവയോ കടവാവലോ ആയിട്ടാകും..."
"അതെങ്ങനെയാ അമ്മമ്മേ... മനുഷ്യനല്ലേ? രൂപം മാറാനൊക്കെ?"
"മാട്ടുമരുന്ന്...! അതു തേച്ചു മാട്ടുമന്ത്രങ്ങൾ ജപിച്ചാൽ അവനേത് രൂപവും മാറും കൂമനോ കഴുകനോ കാലൻകോഴിയോ, ആനയോ പൂനയോ മാൻപേടയോ എന്തും..."
"മാട്ടുമരുന്ന് എന്താ അമ്മമ്മേ?"
"വേഷം മാറാനുള്ള മന്ത്രമരുന്ന്... അതുവച്ചാ അവർ നായായും നരിയായും വരുന്നത്..."
ഏതോ ഒരോർമയിൽ അമ്മമ്മയുടെ കണ്ണുകൾ ഇരുട്ടിൽ നിറഞ്ഞത് കൊച്ചുനങ്ങേലി കണ്ടില്ല.
'അപ്പൊ വേഷം മാറി ഒരാളെ കൊല്ലാൻ ഒടിയന്മാർക്ക് പറ്റും ലേ...?' കൊച്ചുനങ്ങേലിയുടെ മനോവിചാരങ്ങൾ അമ്മമ്മയ്ക്ക് അപ്രാപ്യമായിരുന്നു.
സൂര്യൻ കിഴക്ക് വെള്ളകീറാൻ കാത്തുനിന്നു കൊച്ചു നങ്ങേലി കീഴേപ്പറമ്പിലെ അടിയാളൻ ചെക്കൻ കുട്ടനെ തേടി ഓടാൻ...
"ചിറ്റൂരുള്ള മംഗലത്ത് ഗോപാലൻ നായർ... വയസ്സ് 50 കഴിഞ്ഞിട്ടുണ്ടാകും... ഞാൻ കണ്ടിട്ടില്ല അയാളാ ന്നെ കെട്ടാൻ വരുന്നേ..." ചുവപ്പ് രാശി വീണ കണ്ണുകളോടെ കുട്ടനോട് പറയുമ്പോൾ അവളുടെ കണ്ണുകളിലെ വിഷാദച്ചുവപ്പ് കുട്ടന്റെ കണ്ണിൽ കനൽച്ചുവപ്പായി പടർന്നു.
അന്ന് രാത്രി കുട്ടന്റെ ഉള്ളിലെ അഗ്നി പകർന്നെടുത്തു അവന്റെ കുടിയിലെ റാന്തൽവിളക്ക് എരിഞ്ഞുകൊണ്ടിരുന്നു...
"സാവിത്രീ... ന്റെ മോളെ... പൊന്നുപോലൊരു കുഞ്ഞിനെ കിട്ടാൻ കൊതിച്ചതല്ലേടീ... എന്നിട്ട് കുഞ്ഞിനേം കൊണ്ട് നീയങ്ങു പോയല്ലോടീ..."
അമ്മായി മരിച്ച വിഷമത്തെക്കാൾ അമ്മമ്മയുടെ നിലവിളിയാണ് കൊച്ചു നങ്ങേലിയുടെ കണ്ണുനിറപ്പിച്ചത്. അവളുടെ മനസ്സിൽ ചിന്തകളേറി.
ഇന്നലെ വരെ അമ്മായിയുടെ വയറു വീർത്തിരുന്നു. ഇന്നത് ചുരുങ്ങിയിരിക്കുന്നു. പൂർണവളർച്ചയെത്തിയ കുഞ്ഞായിരുന്നു. എന്നിട്ടെവിടെ?
ആൾക്കൂട്ടത്തിനിടയിൽ കണ്ട കുട്ടന്റെ മുഖം അവളെ ആ ചിന്തകളിൽ നിന്നുമുണർത്തി മറ്റൊരുകൂട്ടം ചിന്തകളുടെ കയത്തിലേക്ക് തള്ളിയിട്ടു...
സ്വാതന്ത്ര്യത്തിന്റെ ചിന്തകൾ...
സംസ്കാരചടങ്ങുകൾ കഴിഞ്ഞു. തോരാത്ത കണ്ണുനീരുമായിരിക്കുന്ന അമ്മമ്മയുടെ മടിയിൽ തലവച്ചു നിറം പിടിച്ചു തുടങ്ങിയ സ്വപ്‌നങ്ങൾ കണ്ടു കിടന്നു അവൾ, കൊച്ചുനങ്ങേലി.
തന്റെ കുട്ടേട്ടന് അറിയാലോ ഒടിവിദ്യ. ആ വയസ്സന്റെ ശല്ല്യം ഇന്നത്തോടെ തീരുമെന്നാ കുട്ടേട്ടൻ വാക്ക് തന്നത്.
"ഒടിയൻ ഇറങ്ങിയിട്ടുണ്ട്... ഇന്ന് രാത്രി ആരുടെയോ അരിയെത്തും..." കണ്ണീരിനിടയിലും അമ്മമ്മ പറഞ്ഞ വാക്കുകൾ കേട്ട് കൊച്ചു നങ്ങേലി ഞെട്ടി.
"അതെന്താ അമ്മമ്മേ... അമ്മമ്മയ്ക്ക് എങ്ങനെ മനസ്സിലായി?" തന്റെ കുട്ടേട്ടൻ പിടിക്കപ്പെടുമോ എന്ന ശങ്കയിലാണ് അവളത് പറഞ്ഞത്. പക്ഷേ തൊട്ടടുത്ത നിമിഷം അമ്മമ്മ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടിത്തരിച്ചിരുന്നു പോയവൾ കൊച്ചു നങ്ങേലി.
"മാട്ടുമരുന്ന്... അറിയണ്ടേ പെണ്ണിന് എങ്ങനെയാ ഒടിയൻ വേഷം മാറുന്നതെന്നു..."
അമ്മമ്മയുടെ ചോദ്യത്തിനവൾ യാന്ത്രികമായി തലയാട്ടി.
"ഒടിവയ്ക്കാനുള്ള ആളെ നിശ്ചയിച്ചാൽ, ഒടിയൻ ഒടിമരുന്ന് തയ്യാറാക്കും... പച്ചിലക്കൂട്ടുകൾ കൂടാതെ ഒടിമരുന്നിനു വേണ്ട ചേരുവ - ചാപിള്ളയുടെ മെഴുക്ക്..."
"ഏഹ്..." നട്ടെല്ലിലൂടെ ഒരു തരിപ്പ് കടന്നു പോയി, അവളുടെ.
"അമ്മമ്മേ..." അവളുടെ ശബ്ദം ചിലമ്പി.
"വല്ല്യ തറവാടുകളിലെ പൂർണഗർഭിണികളെ മന്ത്രത്താൽ ബന്ധിച്ചു, മയക്കിയെടുക്കും. എന്നിട്ട് വയറുകീറി കുട്ടിയെ പുറത്തെടുക്കും. തുന്നലിട്ടല്ല, മന്ത്രം കൊണ്ടാ ആ കീറൽ അടയ്ക്കുക, ഒരു പാട് പോലുമുണ്ടാവില്ല. അങ്ങനെയാ ന്റേ മോളെ അവൻ..."
അമ്മമ്മ പിന്നെയും വിതുമ്പുമ്പോൾ, കൊച്ചുനങ്ങേലി മരവിച്ചിരുന്നു.
"പുറത്തെടുത്ത ചാപ്പിള്ളയിൽ നിന്നെടുക്കുന്ന ദ്രവം, മരുന്നുണ്ടാക്കാൻ വേണം. ആ മരുന്ന് ചെവിക്ക് പിറകിൽ തേച്ചാ അവൻ രൂപം മാറുന്നത്... ഇന്നവൻ രൂപം മാറും ആരെയോ കൊല്ലാൻ... അതിനു മരുന്നുണ്ടാക്കാനാ എന്റെ കുഞ്ഞിനെ... ദൈവങ്ങളേ... എന്റെ കുഞ്ഞ്... എന്റെ കുഞ്ഞിനെ കൊണ്ടോയല്ലോ അവൻ..." പറഞ്ഞു തീർന്നതും സങ്കടം സഹിക്കാനാവാതെ വാവിട്ട് കരയുന്ന തന്റെ അമ്മമ്മയെ നോക്കി ആ പതിനാറുകാരി എന്തു താൻ ചെയ്യേണ്ടു എന്നാലോചിച്ചു ഇരുന്നു, ഒരു പാവ കണക്കെ.
മംഗലത്ത് ഗോപാലൻ നായരുടെ പള്ള തുളച്ച കൊമ്പിൽ പറ്റിയ ചോര കഴുകാനിരുന്നതായിരുന്നു ഒടിയൻ ചാത്തന്റെ മകൻ, കുട്ടൻ. നിലാവിൽ മുടിയഴിച്ചിട്ടൊരു രൂപം തന്നെ നോക്കി നിൽക്കുന്നതറിയാതെ അവനാ കാളത്തലയും ചാക്കിലാക്കി, മൂളിപ്പാട്ടും പാടി തന്റെ കുടി ലക്ഷ്യമാക്കി നടന്നു.
"എന്റെ മോളെ..."
കുളത്തിൽ നിന്നു കിട്ടിയ കൊച്ചുനങ്ങേലിയുടെ മൃതദേഹവും കെട്ടിപ്പിടിച്ചു കരയുകയായിരുന്നു അമ്മമ്മ. കുറ്റബോധം കൊണ്ട് നീറിയ മനസ്സിന് തൊടിയിലെ കുളത്തിലെ തെളിനീരിനാൽ ആശ്വാസമേകിയവൾ കൊച്ചുനങ്ങേലി.
ദിവസങ്ങളങ്ങു കഴിഞ്ഞപ്പോൾ, ഈശ്വരമംഗലം തറവാടിനെ ബാധിച്ച ദോഷങ്ങളകറ്റാൻ പൂജകളും ഹോമങ്ങളും തകൃതിയായി നടക്കുമ്പോൾ, മകളുടെയും പേരക്കുട്ടിയുടെയും മൃതദേഹം തൊട്ട കൈകളിൽ ചങ്ങലക്കിലുക്കവുമായി ഇരുട്ടിലേക്ക് തള്ളപ്പെട്ടു, ആ പാവം അമ്മമ്മ...
തന്റെ കൊച്ചുനങ്ങേലിയെ നഷ്ടപ്പെട്ട കാരണമറിയാതെ കണ്ണീരൊലിപ്പിച്ചു നിന്ന ഒടിയൻ ചാത്തന്റെ മകൻ, ആ മേൽവിലാസത്തിൽ നിന്നും ഒടിയൻ കുട്ടൻ എന്ന പേരിലേക്ക് പരകായ പ്രവേശം നടത്തി, തനിക്കു പിന്നാലെ നിഴലായി നടക്കുന്നവളെയറിയാതെ...
മംഗലത്ത് തറവാട്ടിലെ ഇനിയുമൊരംഗത്തിന് നേരെ ഒടിവക്കാൻ അവസരം വന്നപ്പോൾ, നേരത്തെ കരുതിയ ഒടിമരുന്ന് മിച്ചമുണ്ടായിരുന്നു കുട്ടന്റെ കയ്യിൽ. ചെവിക്കുപിറകിൽ മഷിപുരട്ടി കാട്ടുപന്നിയായി ഓടിയടുത്ത അവന്റെ മുന്നിൽ അന്ന് തെളിഞ്ഞത് സുന്ദരിയായൊരു പെണ്ണ്.
ആ പെണ്ണിന് കണ്ടു പരിചയിച്ച മുഖഛായ കണ്ടതും, ഒടിയൻ ഒടി മറന്നു നിന്നു. അവളുടെ തണുത്ത കൈത്തലം ചെവിക്കു പിന്നിലെ ഒടിമരുന്ന് മായ്ച്ചപ്പോഴും, മനസ്സാൽ വരിച്ചവൾക്ക് മുന്നിൽ നഗ്നനായി നിന്നപ്പോഴും കുട്ടന് എന്തു ചെയ്യേണ്ടു എന്നറിയാതെ പോയി.
കുളിരുപകർന്ന തെക്കൻകാറ്റിൽ കരിമ്പനകൾ മർമ്മരം കൂട്ടിയപ്പോൾ, ചൂടുപിടിച്ച ശരീരത്തിന് കുളിരേകാൻ ആ പെണ്ണുടലിനെ കൂട്ടുപിടിച്ച ഒടിയന്റെ രക്തം വാർന്നു മരവിച്ച ദേഹം പനയോലകൊണ്ട് മൂടിയത്, ഒടിയൻ ഒടി വയ്ക്കാൻ തിരഞ്ഞെടുത്ത മംഗലത്തെ പുതിയ കാരണവർ.
ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി മംഗലത്ത് തറവാടിന്റെ കാരണവർക്ക് തുണയായവൾ കൊച്ചുനങ്ങേലി, ഒടിവയ്ക്കാൻ ഇനിയൊരൊടിയനും ഇല്ലെന്നാകിലും. ഒടി മറന്ന ഒടിയന്റെ നിണമൊഴിഞ്ഞ ദേഹം കണ്ട് കഥ മൊഴിഞ്ഞ നാട്ടാർക്ക് ചൊല്ലാനൊരു കടംകഥയായവൾ കൊച്ചുനങ്ങേലി...
