
[ഹെമിങ്‌വേയുടെ A Clean, Well-Lighted Place എന്ന കഥയുടെ സ്വതന്ത്രമായ മൊഴിമാറ്റം.]
നേരം വളരെ വൈകിയിരുന്നു, എല്ലാവരും കഫേയിൽ നിന്ന് ഇറങ്ങി കഴിഞ്ഞിരുന്നു, മരത്തിന്റെ ഇലകൾ വൈദ്യുത വെളിച്ചത്തിന് എതിരായി നിൽക്കുന്നതിനാൽ ഉണ്ടായ നിഴലിൽ ഇരുന്നിരുന്ന ഒരു വൃദ്ധൻ ഒഴികെ.
പകൽ സമയത്ത് ആ തെരുവ് പൊടി നിറഞ്ഞതായിരുന്നു, പക്ഷേ രാത്രിയിൽ പ്രത്യക്ഷപ്പെട്ട മഞ്ഞ് ആ പൊടിപടലങ്ങളെ കുറച്ചിരുന്നു, വൃദ്ധൻ ഇത്തരം വൈകിയ വേളകളിൽ അങ്ങനെ ഇരിക്കാൻ ഇഷ്ടപ്പെട്ടു കാരണം അയാൾ ഒരു ബധിരനായിരുന്നു, രാത്രിയിൽ എല്ലാം ശാന്തമായിരുന്നു, ആ വ്യത്യാസം അയാൾക്ക് അനുഭവപ്പെടുവാൻ കഴിയുകയും ചെയ്തു.
കഫേയ്ക്കുള്ളിലെ രണ്ട് വെയിറ്റർമാർക്ക് വൃദ്ധൻ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് അറിയാമായിരുന്നു, അയാൾ ഒരു നല്ല ക്ലയന്റായിരുന്നെങ്കിലും അമിതമായി മദ്യപിച്ചാൽ ഒരു പക്ഷേ ആരാണെങ്കിലും പണം നൽകാതെ പോകാമെന്ന് അവർക്കറിയാമായിരുന്നു, അതിനാൽ അവർ അയാളെ നിരീക്ഷിച്ചു.
"കഴിഞ്ഞ ആഴ്ച അയാൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു," ഒരു വെയിറ്റർ പറഞ്ഞു.
"എന്തുകൊണ്ട്?"
"അയാൾ നിരാശയിലായിരുന്നു."
"എന്ത് പറ്റി?"
"ഒന്നുമില്ല."
"ഒന്നുമില്ല എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?"
"അയാൾ കൈവശം ധാരാളം പണമുള്ളവനാണ്, അതിനാൽ പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടാവാൻ വഴിയില്ല."
കഫേയുടെ വാതിലിനടുത്തുള്ള മതിലിനോട് ചേർന്നുള്ള ഒരു മേശയിൽ ആ വെയിറ്റർമാർ ഒരുമിച്ച് ഇരുന്നു. അവിടെയിരുന്നു കൊണ്ട് അവർ മുകളിൽ തീൻമേശകൾക്ക് ചുറ്റും ആരുമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കഫേയുടെ ടെറസിലേക്ക് നോക്കി. അവിടെ ആ വൃദ്ധൻ കാറ്റിൽ ചെറുതായി ചലിച്ച് കൊണ്ടിരുന്ന മരത്തിന്റെ ഇലകളുടെ നിഴലിൽ അങ്ങിനെ ഇരുന്നിരുന്നു. ഒരു പെൺകുട്ടിയും കൂടെ ഒരു പട്ടാളക്കാരനും അവിടെ തെരുവിലൂടെ നടന്നു പോകുന്നുണ്ടായിരുന്നു. അവന്റെ കോളറിലെ പിച്ചള നമ്പറിൽ തെരുവ് വിളക്കിൻ്റെ പ്രകാശം പ്രതിഫലിച്ചു തിളങ്ങുന്നുണ്ടായിരുന്നു. പെൺകുട്ടി തല മൂടിയിരുന്നില്ല. അവൾ അവന്റെ അരികിലായി തിടുക്കപ്പെട്ടു നടന്നു കൊണ്ടിരുന്നു.
"ഗാർഡ് അവനെ പിടിക്കും," ഒരു വെയിറ്റർ പറഞ്ഞു.
"അവന് ആഗ്രഹമുള്ളത് അവന് കിട്ടുന്നതിന് ഗാർഡിന് എന്താണ് കാര്യം?"
"അവൻ ഇപ്പോൾ തെരുവിൽ നിന്ന് മാറിപ്പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ ഗാർഡ് അവനെ പിടിക്കും. അവർ അഞ്ച് മിനിറ്റ് മുമ്പ് ഇതിലേ പോയതേ ഉള്ളൂ."
നിഴലിൽ ഇരുന്ന വൃദ്ധൻ ഗ്ലാസ് കൊണ്ട് അയാളുടെ സോസറിൽ തട്ടി ശ്രദ്ധയാകർഷിച്ചു. കൂട്ടത്തിൽ ഇളയവനായ വെയിറ്റർ അയാളുടെ അടുത്തേക്ക് പോയി.
"നിങ്ങൾക്ക് എന്താണ് വേണ്ടത്?"
വൃദ്ധൻ അവനെ നോക്കി. "ഒരു ബ്രാണ്ടി കൂടി," അയാൾ പറഞ്ഞു.
"ഇനിയും കുടിച്ചാൽ തലയ്ക്ക് പിടിക്കും കേട്ടോ," വെയിറ്റർ പറഞ്ഞു. വൃദ്ധൻ അയാളെ നോക്കി. വെയിറ്റർ പോയി.
“അയാൾ രാത്രി മുഴുവൻ ഇനി ഇവിടെ തന്നെയിരിക്കും," അവൻ സഹപ്രവർത്തകനോട് പറഞ്ഞു."എനിക്ക് ഇപ്പോൾ തന്നെ ഉറക്കം വരുന്നു. മൂന്ന് മണിക്ക് മുമ്പ് ഞാൻ സാധാരണ ഒരിക്കലും ഉറങ്ങാൻ പോകാറില്ല. കഴിഞ്ഞ ആഴ്ച തന്നെ ഇയാൾ ആത്മഹത്യ ചെയ്താൽ മതിയായിരുന്നു."
കഫേയ്ക്കുള്ളിലെ കൗണ്ടറിൽ നിന്ന് ബ്രാണ്ടി കുപ്പിയും മറ്റൊരു സോസറും എടുത്ത് വെയിറ്റർ വൃദ്ധന്റെ മേശയിലേക്ക് നടന്നു. അയാൾ സോസർ താഴെ വെച്ച് ഗ്ലാസ് നിറയെ ബ്രാണ്ടി ഒഴിച്ചു.
"നിങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു." അയാൾ ആ ബധിരനോട് പറഞ്ഞു. വൃദ്ധൻ
വിരൽ കൊണ്ട് ആംഗ്യം കാണിച്ചു. "കുറച്ചുകൂടി" അയാൾ പറഞ്ഞു. വെയിറ്റർ ഗ്ലാസിലേക്ക് വീണ്ടും ഒഴിച്ചു അപ്പോൾ ബ്രാണ്ടി കൂമ്പാരമായി മുകളിലേക്ക് ചാടി സോസറിലേക്ക് ഒഴുകി പരന്നു.
"നന്ദി." വൃദ്ധൻ പറഞ്ഞു. വെയിറ്റർ കുപ്പി കഫേയിലേക്ക് തിരികെ കൊണ്ടുപോയി.
അവൻ വീണ്ടും തന്റെ സഹപ്രവർത്തകനോടൊപ്പം മേശപ്പുറത്ത് ഇരുന്നു.
"അയാൾക്ക് ഇപ്പോൾ തന്നെ നന്നായി തലയ്ക്ക് പിടിച്ചിരിക്കുന്നു," അവൻ പറഞ്ഞു.
"അയാൾ എല്ലാ രാത്രിയും ഇങ്ങന മദ്യപിച്ചിരുന്നു."
"എന്തിനാണ് അയാൾ ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചത്?"
"എനിക്ക് എങ്ങനെ അറിയാം."
"അയാൾ അത് എങ്ങനെ ചെയ്തു?"
“ഒരു കയറുകൊണ്ട് തൂങ്ങിമരിക്കാനാണ് ശ്രമിച്ചത് ."
"ആരാണ് പിന്നെ കയറ് വെട്ടി അയാളെ താഴെ ഇറക്കിയത് ?"
"അയാളുടെ മരുമകൾ."
"അവർ എന്തിനാണാവോ അത് ചെയ്തത്?"
"ഒരു പക്ഷേ അയാൾ മരിച്ചാൽ വല്ല പ്രേതമായി വന്നാലോ എന്ന് പേടിച്ചായിരിക്കും."
"അയാളുടെ കൈവശം എത്ര പണമുണ്ട്?"
"ധാരാളം ഉണ്ട്."
"അയാൾക്ക് ഒരു എൺപത് വയസ്സ് പ്രായമുണ്ടായിരിക്കണം."
"അതെ, എന്തായാലും അയാൾക്ക് എൺപത് വയസ്സ് പ്രായമുണ്ടെന്ന് തന്നെയാണ് എനിയ്ക്കും തോന്നുന്നത് ."
"അയാൾ സ്വന്തം വീട്ടിൽ പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. മൂന്ന് മണിക്ക് മുമ്പ് ഞാൻ സാധാരണ ഒരിക്കലും ഉറങ്ങില്ല. ഉറങ്ങാൻ പോകേണ്ട ഒരു സമയമാണല്ലോ ഇത്?":
"അയാൾക്ക് ഇത് ഇഷ്ടമായതുകൊണ്ടായിരിക്കാം അയാൾ ഉണർന്നിരിക്കുന്നത്."
"അയാൾ ഒരു ഏകാന്ത ജീവിയാണ് . ഞാൻ ഏകാന്തനല്ല. എനിക്ക് എന്നോടൊപ്പം ഉറങ്ങാനായി കാത്തിരിക്കുന്ന ഒരു ഭാര്യ ഉണ്ട്.”
”ഒരിക്കൽ അയാൾക്കും ഒരു ഭാര്യ ഉണ്ടായിരുന്നു."
"ഈ നിലയിൽ എന്തായാലും ഒരു ഭാര്യ അയാൾക്ക് നല്ലതല്ല."
"അങ്ങനെ നിനക്ക് പറയാൻ കഴിയില്ല. ഒരു ഭാര്യയുണ്ടെങ്കിൽ ചിലപ്പോൾ അയാൾ കൂടുതൽ സുഖമായിരുന്നേനേ."
" മരുമകൾ അയാളെ നന്നായി പരിപാലിക്കുന്നുണ്ട് ."
"എനിക്കറിയാം. അവളാണല്ലോ കയർ വെട്ടിക്കളഞ്ഞു അയാളെ താഴത്തേക്കെടുത്തത്, അത് നീ പറഞ്ഞതാണല്ലോ."
"എനിക്ക് ഇത്ര മേൽ പ്രായമാകാൻ ആഗ്രഹമില്ല. ഒരു വൃദ്ധൻ ആവുക എന്നത് സത്യത്തിൽ ഒരു മോശം കാര്യമാണ്."
"എപ്പോഴും അങ്ങനെ അല്ല. നോക്കൂ ഈ വൃദ്ധൻ നന്നായി മദ്യപിച്ചിട്ടും ഒരു തുള്ളി പോലും പുറത്ത് കളയാതെയാണ് കുടിക്കുന്നത്. അയാളെ നോക്കൂ, ഇപ്പോഴും അയാൾ കുടിച്ചു കൊണ്ടിരിക്കുക തന്നെയാണ്.
"എനിക്ക് ഇപ്പോൾ അയാളെ നോക്കാൻ താൽപ്പര്യമില്ല. അയാൾ Iവീട്ടിലേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇവിടെ ജോലി ചെയ്യുന്ന നമ്മളോട് ഒരു തരത്തിലുമുളള പരിഗണനയുമില്ലാത്ത ഒരാളാണ് അയാൾ."
വൃദ്ധൻ തന്റെ ഗ്ലാസിൽ നിന്ന് കണ്ണെടുത്ത് സ്ക്വയറിന് അപ്പുറത്തേയ്ക്കും, പിന്നീട് വെയിറ്റർമാരെയും നോക്കി.
"മറ്റൊരു ബ്രാണ്ടി കൂടി," അയാൾ തന്റെ ഗ്ലാസിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു.
രണ്ട് വെയിറ്റർമാരിൽ തിടുക്കം കാണിച്ചു കൊണ്ടിരുന്നയാൾ അയാളുടെ അടുത്തേയ്ക്ക് ചെന്നു കൊണ്ട് പറഞ്ഞു.
"ബ്രാണ്ടിയൊന്നും ഇല്ല."
മദ്യപിച്ചവരോടോ വിദേശികളോടോ സംസാരിക്കുമ്പോൾ മണ്ടന്മാർ ഉപയോഗിക്കുന്ന വാക്യഘടന അനുസ്മിരിപ്പിക്കും വിധം അയാൾ പറഞ്ഞു . "ഇന്ന് രാത്രി ഇനി വേണ്ട. ഇപ്പോൾ കട അടച്ചു ."
"മറ്റൊന്ന് കൂടി ," വൃദ്ധൻ പറഞ്ഞു.
"ഇല്ല. തീർന്നു." വെയിറ്റർ ഒരു തൂവാല കൊണ്ട് മേശയുടെ അറ്റം തുടച്ചു കൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടി.
വൃദ്ധൻ എഴുന്നേറ്റു, പതുക്കെ സോസറുകൾ എണ്ണി തിട്ടപ്പെടുത്തി,
ഭംഗിയുള്ള ഒരു തുകൽ നാണയ പഴ്സ് പുറത്തെടുത്തു. ഈ സാഹചര്യത്തിൻ്റെ ഒരു ചിത്രം വാക്കുകൾ കൊണ്ട് വരയ്ക്കാൻ ഞാൻ ശ്രമിക്കുന്നതല്ലെങ്കിലും. (നിങ്ങൾക്ക് ഒരാൾ അന്തസ്സോടെ നടക്കുന്നത് എങ്ങനെയെന്നു സങ്കൽപ്പിക്കാൻ കഴിയില്ല, ഞാൻ എത്ര ചിത്രം വരച്ച് കാണിച്ചാലും ), എന്തായാലും ഈ മാന്യത വൃദ്ധനെക്കുറിച്ചുള്ള ചെറുപ്പക്കാരനായ വെയിറ്ററുടെ അഭിപ്രായത്തിന് വിരുദ്ധമാണ് എന്ന് മനസ്സിലായല്ലോ. വൃദ്ധൻ പോക്കറ്റിൽ നിന്ന് പാനീയങ്ങൾക്ക് ഉള്ള പണവും നൽകി, പകുതി പെസെറ്റ ടിപ്പും അവശേഷിപ്പിച്ചു.
വെയിറ്റർ അയാൾ തെരുവിലൂടെ പോകുന്നത് നോക്കി, വളരെ വൃദ്ധനായ ഒരാൾ അസ്ഥിരതയോടെ എന്നാൽ മാന്യതയോടെ തന്നെ നടക്കുന്നു.
"എന്തുകൊണ്ടാണ് നിങ്ങൾ അയാളെ അൽപ്പം കൂടെ ഇരിക്കാനും കുടിക്കാനും അനുവദിക്കാഞ്ഞത് ?" തിടുക്കകാരനല്ലാത്ത മുതിർന്ന വെയിറ്റർ ചോദിച്ചു. അവർ ഷട്ടറുകൾ ഇട്ട് കൊണ്ടിരിക്കുകയായിരുന്നു .
"രണ്ടര പോലും ആയിട്ടില്ല."
"എനിക്ക് വീട്ടിൽ പോയി ഒന്ന് ഉറങ്ങണം."
"ഒരു മണിക്കൂർ കൂടി വൈകുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം വരുമോ?"
"അയാളേക്കാൾ എനിക്ക് സമയത്തിന് കൂടുതൽ പ്രാധാന്യം ഉണ്ട് ."
"ഒരു മണിക്കൂർ എല്ലാവർക്കും ഒരു പോലെ തന്നെയാണ്."
"നിങ്ങൾ ഒരു വൃദ്ധനെപ്പോലെയാണ് ഇപ്പോൾ സംസാരിക്കുന്നത്." "അയാൾക്ക് ഒരു കുപ്പി വാങ്ങി വീട്ടിൽ പോയി കുടിക്കാമല്ലോ ."
"അത് ഇവിടെ ഇരുന്ന് കുടിക്കുന്നത് പോലെയല്ല ."
"അത് ശരിയാണ് ," ഭാര്യയെ കാണാൻ വെമ്പി നിന്നിരുന്ന വെയിറ്റർ സമ്മതിച്ചു. അയാൾക്ക് അന്യായം ചെയ്യാൻ ആഗ്രഹമില്ലായിരുന്നു. തിരക്കുണ്ടായിരുന്നു എന്ന് മാത്രം .
"ഇനി നിൻ്റെ കാര്യമോ ? നിൻ്റെ പതിവ് സമയത്തിന് മുമ്പ് ജോലിയും അവസാനിപ്പിച്ച് വീട്ടിലേക്ക് പോകുന്നതിൽ നിനക്ക് ഭയമൊന്നും തോന്നുന്നില്ലേ?
"നിങ്ങൾ എന്നെ അപമാനിക്കാൻ ശ്രമിക്കുകയാണോ?"
"ഇല്ല, മനുഷ്യാ, വെറുതെ ഒരു തമാശ പറഞ്ഞതാണ് ."
"ഇല്ല, അതിൽ എനിക്ക് ഒരു ഭയവും ഇല്ല." തിടുക്കത്തിൽ ലോഹ ഷട്ടറുകൾ താഴേക്ക് വലിച്ചുകൊണ്ട് എഴുന്നേറ്റുകൊണ്ട് വെയ്റ്റർ പറഞ്ഞു.
"എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഞാൻ പൂർണ്ണ ആത്മവിശ്വാസമുള്ളവൻ ആണ്."
"നിനക്ക് യുവത്വവും ആത്മവിശ്വാസവും ജോലിയുമുണ്ട്," മുതിർന്ന വെയ്റ്റർ പറഞ്ഞു. "സത്യത്തിൽ നിനക്ക് എല്ലാം ഉണ്ട്."
"നിങ്ങൾക്ക് അതിന് എന്താണ് കുറവ്?"
"ജോലി ഒഴികെ എല്ലാം."
"എനിക്ക് ഉള്ളതെല്ലാം നിങ്ങൾക്കുമുണ്ട്."
"ഇല്ല. എനിക്ക് ഒരിക്കലും ആത്മവിശ്വാസം ഉണ്ടായിട്ടില്ല, ഞാൻ ചെറുപ്പവുമല്ല."
"വരൂ. അസംബന്ധം സംസാരിക്കുന്നത് നിർത്തി ഷട്ടർ അടയ്ക്കാം ."
"കഫേയിൽ വൈകി തങ്ങാൻ ഇഷ്ടപ്പെടുന്നവരിൽ ഒരാളാണ് ഞാൻ," മുതിർന്ന വെയ്റ്റർ പറഞ്ഞു. "ഉറങ്ങാൻ ആഗ്രഹിക്കാത്ത എല്ലാവരോടും. രാത്രിയിൽ വെളിച്ചം ആവശ്യമുള്ള എല്ലാവരോടും ഒപ്പം ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ."
"എനിക്ക് വീട്ടിൽ പോയി ഉറങ്ങണം."
"നമ്മൾ രണ്ട് വ്യത്യസ്ത തരക്കാരാണ്," മുതിർന്ന വെയിറ്റർ പറഞ്ഞു. ഇപ്പോൾ അയാൾ വീട്ടിലേക്ക് പോകാൻ ഉള്ള വസ്ത്രം ധരിച്ച് കഴിഞ്ഞിരുന്നു.
"ഇത് യുവത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കാര്യം മാത്രമല്ല, അവ രണ്ടും വളരെ മനോഹരങ്ങളാണെങ്കിലും. കഫേ ആവശ്യമുള്ള ആരെങ്കിലും ഉണ്ടാകാമെന്നതിനാൽ എല്ലാ രാത്രിയും ഞാൻ അത് അടയ്ക്കാൻ മടിക്കുന്നു."
"മനുഷ്യാ , രാത്രി മുഴുവൻ മറ്റ് പെട്ടിക്കടകളും തട്ടുകടകളും ബൊഡെഗാസും മറ്റുംതുറന്നിരിക്കും."
"നിനക്ക് മനസ്സിലാകുന്നില്ല. നമ്മുടേത് വൃത്തിയുള്ളതും മനോഹരവുമായ ഒരു കഫേയാണ്. ഇത് നന്നായി പ്രകാശമാനമായ . വളരെ നല്ല വൃത്തിയുള്ള ഒരിടമാണ് , ഇപ്പോൾ നോക്കൂ , ഇലകളുടെ തണലും ഉണ്ട്."
"ശുഭരാത്രി," ഇളയ വെയിറ്റർ ഈ സംഭാഷണം തിടുക്കത്തിൽ അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
"ശുഭരാത്രി," മറ്റവൻ തിരിച്ച് പറഞ്ഞു. വൈദ്യുത വിളക്ക് ഓഫ് ചെയ്ത് അയാൾ തന്നോട് തന്നെ ആ സംഭാഷണം തുടർന്നു."
"തീർച്ചയായും വെളിച്ചം പ്രധാനമാണ്, പക്ഷേ സ്ഥലം വൃത്തിയുള്ളതും മനോഹരവുമാകേണ്ടത് അത്യാവശ്യമാണ്. സംഗീതത്തിൻ്റെ ആവശ്യമില്ല. തീർച്ചയായും സംഗീതം വേണ്ട തന്നെ. ഒരു കഫേ ബാറിന് മുന്നിലാണെങ്കിലും പോയി അന്തസ്സോടെ നിൽക്കാൻ കഴിയണം. അത് മാത്രമേ ഇത്രയും വൈകിയ വേളയിൽ തുറന്നിട്ടുള്ളൂ എങ്കിലും."
ആ വൃദ്ധൻ എന്തിനെയായിരിക്കാം ഭയപ്പെട്ടത്? തനിക്ക് അറിയാവുന്ന ഒന്നിനെ പറ്റിയും ആയിരുന്നില്ല അത്. എല്ലാം ഒരു ശൂന്യത പോലെ തോന്നി. മനുഷ്യൻ്റെ കാര്യവും അങ്ങനെ തന്നെ. സത്യത്തിൽ ആരും ഒന്നുമല്ല തന്നെ.
അൽപ്പം വെളിച്ചം മാത്രമായിരുന്നു അയാൾക്ക് ആവശ്യമുള്ളത് , പിന്നെ ഒരു നിശ്ചിത വൃത്തിയും ക്രമവും.
അങ്ങനെയുള്ള വൃത്തിയിലും ക്രമത്തിലും ജീവിച്ചു വരുന്ന ചിലർക്ക്, ഒരിക്കലും അതൊന്നും അനുഭവിക്കുന്നതായി തോന്നാറില്ല, പക്ഷേ എല്ലാം ഒരു ഒന്നുമില്ലായ്മയാണെന്ന് അയാൾക്കറിയാമായിരുന്നു.
ഒരു ഒന്നുമില്ലായ്മയുടെ സങ്കീർത്തനം പോലെ, അയാൾ സങ്കീർത്തന വാക്യങ്ങൾ ശൂന്യത എന്ന വാക്ക് ചേർത്ത് മനസ്സിൽ ഉരുവിട്ടു.
നിന്റെ നാമം നിന്റെ രാജ്യം എല്ലാം ശൂന്യം ആകട്ടെ നിന്റെ ഇഷ്ടം ശൂന്യമായിരിക്കട്ടെ. എല്ലാം ശൂന്യമായിരിക്കട്ടെ.
ഞങ്ങളെ ഒന്നുമില്ലായ്മയിലേക്ക് നയിക്കരുതേ, ശൂന്യതയിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ; ഒന്നുമല്ലാത്ത എല്ലാ സംഗതികളും വാഴ്ത്തപ്പെടട്ടെ,
ഒന്നും സത്യത്തിൽ നമുക്ക് ശാശ്വതമല്ല .
അയാൾ പുഞ്ചിരിച്ചുകൊണ്ട് തിളങ്ങുന്ന നീരാവി പരത്തുന്ന പ്രഷർ കോഫി മെഷീൻ ഉള്ള ആ ബാറിന് മുന്നിൽ നിന്നു.
"എന്താണ് വേണ്ടത് ?" ബാർമാൻ ചോദിച്ചു.
"ശൂന്യത."
"ഇതാ, മറ്റൊരു ഭ്രാന്തൻ" ബാർമാൻ ഇങ്ങനെ പറഞ്ഞു കൊണ്ട് തിരിഞ്ഞു.
"എന്തായാലും ഒരു ചെറിയ കപ്പ് ഒഴിക്കൂ," വെയിറ്റർ പറഞ്ഞു.
ബാർമാൻ അത് അയാൾക്ക് ഒഴിച്ചു കൊടുത്തു.
"ഇവിടുത്തെ വെളിച്ചം വളരെ തിളക്കമുള്ളതും മനോഹരവുമാണ്, പക്ഷേ ബാർ പോളിഷ് ചെയ്തിട്ടില്ലല്ലോ," വെയിറ്റർ പറഞ്ഞു.
ബാർമാൻ അവനെ നോക്കി, പക്ഷേ ഉത്തരം ഒന്നും പറഞ്ഞില്ല.
ഒരു സംഭാഷണത്തിന് പറ്റിയ സമയമല്ല.രാത്രി വളരെ വൈകിയിരിക്കുന്നു.
"നിനക്ക് മറ്റൊരു കോഫി കൂടി വേണോ?" ബാർമാൻ ചോദിച്ചു.
"വേണ്ട, നന്ദി," വെയിറ്റർ പുറത്തേക്ക് പോയി.
അയാൾക്ക് ബാറുകളും ബോഡെഗാസും ഒന്നും ഇഷ്ടപ്പെട്ടില്ല. വൃത്തിയുള്ളതും നല്ല വെളിച്ചമുള്ളതുമായ അയാളുടെ കഫേ ഇതിൽ നിന്നൊക്കെ തീർച്ചയായും വളരെ വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നല്ലോ. ഇപ്പോൾ, കൂടുതലൊന്നും ആലോചിക്കാതെ, അയാൾ വീട്ടിലേക്ക്, തന്റെ മുറിയിലേക്ക് പോകും. അയാൾ കിടക്കയിൽ കിടന്നു ഉറങ്ങാൻ ശ്രമിക്കും, ഒടുവിൽ, പകൽ വെളിച്ചം എത്തുമ്പോളെങ്കിലും, അയാൾക്ക് അൽപ്പം ഉറക്കം കിട്ടുമായിരിക്കാം. എല്ലാത്തിനുമുപരി, അയാൾ സ്വയം പറഞ്ഞു, ഞാൻ അനുഭവിക്കുന്നത് ഒരുപക്ഷേ വെറും ഉറക്കമില്ലായ്മ മാത്രമാണല്ലോ . . .
പലരും അനുഭവിക്കുന്ന ഒന്ന്.
