
ബസ് പൊടിപടലങ്ങളുയർത്തി മറയുമ്പോൾ, വഴിയോരത്ത് രണ്ട് നിഴലുകൾ മാത്രം ബാക്കിയായി. നഗരത്തിന്റെ കഠിനമായ ചൂടിൽ നിന്നും തിരക്കിൽ നിന്നും ഒരു മോചനം തേടി. അജയും, രവിയും.
മുന്നിൽ നെൽവയലുകൾ, പുതുതായി നെയ്തെടുത്ത പച്ചപ്പട്ടെന്നപോലെ തിളങ്ങി. ഒരു ഇളംകാറ്റ് കടന്നുപോയപ്പോൾ ആ വയൽ ഒരു കടല്‍ തിരയെപ്പോലെ വടക്കോട്ടും തെക്കോട്ടും ആടിയുലഞ്ഞു.
അപ്പുറം ചെറുമല, അതിന്റെ താഴ്വരയിൽ നൂറ്റാണ്ടുകളുടെ മൗനസാക്ഷിയായി ഒരു കൽക്ഷേത്രം. കരിങ്കല്ലിൽ തീർത്ത അതിന്റെ ചുമരുകളിൽ കാലം മഴയുടെയും വെയിലിന്റെയും കയ്യൊപ്പുകൾ പതിച്ചിരുന്നു. പായലുകളുടെ നേരിയ പച്ചപ്പടർപ്പുകൾ ആ ഓർമ്മകളിൽ ജീവന്റെ തുടിപ്പുകളായി. കൊടിമരം കണ്ടപ്പോൾത്തന്നെ, ഇവിടെ സമയം നഗരത്തിലെപ്പോലെ ധൃതിപിടിച്ച് ഓടുന്നില്ലെന്ന് അവർക്ക് മനസ്സിലായി.
“ഇവിടെ കാറ്റ് പോലും ഒരു മന്ത്രമാണ്, ഒന്നു ശ്രദ്ധിച്ചാൽ കേൾക്കാം.” അജയ് പറഞ്ഞു
അതവർ അനുഭവിച്ചറിഞ്ഞു.
ഒരു വെളുത്ത കൊക്ക് അവരെ കണ്ട് ഭയന്ന് ആകാശത്തേക്ക് പറന്നുയർന്നു, പച്ചപ്പാടത്തിനു മുകളിലൂടെ വരച്ച ഒരു വെളുത്ത ചിത്രരേഖപോലെ.
പുരാതനമായ കമാനാകൃതിയിലുള്ള ഗോപുര കവാടം കടന്ന് അവർ അമ്പലത്തിന്റെ കരിങ്കല്ല് പാകിയ മുറ്റത്തേക്ക് പ്രവേശിച്ചു. മഴക്കാലത്തിന്റെ ഓർമ്മപ്പെടുത്തലെന്നോണം പച്ചനിറത്തിലുള്ള പായൽ മുറ്റം മുഴുവൻ ഒരു പട്ടുപോലെ പടർന്നിരുന്നു. പാദങ്ങൾ അതിൽ അമരുമ്പോൾ ഒരു നേരിയ തണുപ്പ് അനുഭവപ്പെട്ടു.
അങ്ങ് ദൂരെ കാണുന്ന കുന്നിൻ ചെരിവുകളും അതിനു താഴെയുള്ള കരിമ്പനകളും കടന്ന് ഒരു തണുത്ത കാറ്റ് അവിടേക്ക് കടന്നു വന്നു. ആ കാറ്റിൽ ദൂരെവിടെയോനിന്ന് നനഞ്ഞ മണ്ണിന്റെയും പുൽക്കൊടികളുടെയും ഗന്ധം ഒഴുകിയെത്തി. അമ്പലവും പരിസരവും പൂർണ്ണമായ നിശ്ശബ്ദതയിലായിരുന്നു. ഒരു തരം ധ്യാനസമാനമായ നിശ്ശബ്ദത. കാറ്റിന്റെ നേരിയ മൂളൽ പോലും ഒരു മന്ത്രം പോലെ കേൾക്കാം.
"ഇവിടെ സമയം പോലും നിശ്ചലമായ പോലെയാണ് തോന്നുന്നത്," അജയ് വീണ്ടും പറഞ്ഞു. അവന്റെ ശബ്ദം ആ നിശ്ശബ്ദതയിൽ അലിഞ്ഞുപോയി.
അത് കേട്ടപ്പോൾ രവി ഒന്ന് മൂളി. "അതെ, ശരിയാണ്. സമയം പോലും മെല്ലെയാണ് ചലിക്കുന്നത്. ഇത് ഒരു ശിവക്ഷേത്രമാണ്. ആരും ഇതിന്റെ പഴക്കം പോലും നിർണ്ണയിച്ചിട്ടില്ല. അതിപുരാതനമാണ്."
അമ്പലം അടഞ്ഞു കിടക്കുകയായിരുന്നു. മുൻപിലെ വിളക്കുമാടത്തിൽ ആരോ കൊളുത്തിയ അന്തിത്തിരികള്‍ അപ്പോഴും തെളിഞ്ഞുകത്തുന്നുണ്ടായിരുന്നു, ഒരു ചെറിയ വെളിച്ചം മാത്രം ചുറ്റും പരത്തിക്കൊണ്ട്. ആ തീനാളത്തിന്റെ നേരിയ വിറയലിൽ അവരുടെ നിഴലുകൾ ചലിച്ചു.
"ഇത്രയും പഴക്കമുള്ള ഒരിടം നഗരത്തിൽനിന്ന് ഏറെ അകലെയായി ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണ്," അജയ് പറഞ്ഞു.
"ഇങ്ങനെയുള്ള സ്ഥലങ്ങൾ ഒളിച്ചുതന്നെയിരിക്കും. തിരക്കിൽ നിന്നും ബഹളത്തിൽ നിന്നും സ്വയം ഒഴിഞ്ഞുമാറി നിൽക്കുന്നവയാണ് ഇവ," രവി അവനോട് പറഞ്ഞു.
അവര്‍ പതിയെ ക്ഷേത്രത്തിന്‍ടെ പ്രദക്ഷിണവഴിയിലുടെ ചുറ്റും നടന്നു, ഓരോ കരിങ്കല്ലിലും കൈകൊണ്ട് തലോടി. "ഈ കല്ലുകൾക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... എത്രയെത്ര കഥകൾ പറയുമായിരുന്നു?"
അവർ നടന്ന് അമ്പലത്തിന്റെ പുറകുവശത്തെത്തി. അവിടെ ഒരു ഒറ്റയടിപ്പാത പാറക്കൂട്ടങ്ങൾക്കിടയിലൂടെ താഴേക്കിറങ്ങുന്നു. ആ വഴി ചെന്നെത്തുന്നത് ഒരു പുഴയുടെ അടുത്തേക്കാണ്. കാലവർഷത്തിൽ നിറഞ്ഞൊഴുകുന്ന പുഴ. അതിന്റെ ഇരമ്പൽ, അമ്പലത്തിലെ നിശ്ശബ്ദതയെ ഒരു സംഗീതം പോലെ പൊതിഞ്ഞു.
അവിടെ ഒരു വൃദ്ധൻ പുഴയിലേക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു. തലയിൽ നര കയറിയ മുടിയും, ചുളിവുകൾ വീണ മുഖവും. അദ്ദേഹം അവരെ കണ്ടപ്പോൾ പുഞ്ചിരിച്ചു.
"നിങ്ങൾ ഇവിടെയുള്ള ആളാണോ?" രവി ചോദിച്ചു.
"അതെ," വൃദ്ധൻ പറഞ്ഞു,
അമ്പലം വൈകുന്നേരം തുറക്കാറുണ്ടോ... അജയ് ചോദിച്ചു
ആരെങ്കിലും ഗ്രാമത്തില്‍ നിന്ന് വഴിപാടുകളുമായി മിക്ക ദിവസങ്ങളിലും എത്തും. അപ്പോള്‍ ദീപാരാധന ഉണ്ടാകും.
പൂജാരി ഇവിടെ അടുത്തു തന്നെയാണ് താമസം
അദ്ദേഹം വീണ്ടും പുഴയിലേക്ക് നോക്കി, ഒരു മൗനത്തിൽ ലയിച്ചു.
അവർ തിരികെ നടന്നു. സമയം വൈകിയിരുന്നു. ഗോപുരവാതിൽക്കൽ വെച്ച് അവർ തിരിഞ്ഞുനോക്കി. അപ്പോൾ വിളക്കുമാടത്തിലെ തിരികള്‍ ഇളംകാറ്റില്‍ ആടിയുലഞ്ഞ് കൂടുതൽ തിളക്കത്തോടെ പ്രകാശിക്കുന്നതായി തോന്നി. ആ ജ്വാലകള്‍ അവരുടെ മനസ്സില്‍ ഒരു പുതിയ വെളിച്ചം നൽകി.
"ഇവിടെ നഗരത്തിലെ തിരക്കിൽ നമ്മൾ മറന്നുപോയ എന്തോ ഒന്നുണ്ട്," അജയ് പറഞ്ഞു.
"അത് നമ്മൾ തിരഞ്ഞെത്തിയത് തന്നെയാണ്," രവി പറഞ്ഞു.
"ജീവിതത്തിന്റെ വേഗത കുറച്ച്, നമ്മളെ തന്നെ തിരികെ കണ്ടെത്താൻ."
അവർ ഗോപുരവാതിൽ കടന്ന് പുറത്തിറങ്ങി. പടിയിറങ്ങുമ്പോൾ, അവർക്ക് മനസ്സിലായി, തങ്ങൾ ഒരു സ്ഥലത്തുനിന്നും മടങ്ങുകയല്ല, മറിച്ച് തങ്ങളുടെ ഉള്ളിലേക്ക് ഒരു യാത്ര ചെയ്ത് തിരികെയെത്തുകയാണ്.
ആ പുരാതനമായ ശിവക്ഷേത്രം, അതിന്റെ നിശ്ശബ്ദതയും, കരിങ്കല്ലുകളും, ആത്മാവിനെ തേടുന്ന മനുഷ്യരുടെ ആഴത്തിലുള്ള അന്വേഷണത്തിന്‍ടെ കണ്ണാടികൾ പോലെ അവരെ കാത്തിരിക്കുന്നതൂ പോലെ അനുഭവപ്പെട്ടു.
കുന്നിനപ്പുറം ആകാശച്ചെരുവില്‍ അസ്തമയ സന്ധ്യയുടെ ചുവപ്പ് വ്യാപിച്ചു തുടങ്ങി.
ക്ഷേത്രത്തിനകത്ത് സന്ധ്യയുടെ ആരതി തുടങ്ങി. ദീപനാളങ്ങളുടെ നേർത്ത പ്രകാശം കല്ലിന്റെ ഭിത്തികളിൽ പതിഞ്ഞപ്പോൾ, ശിവലിംഗം തേജോമയമായി വെട്ടിത്തിളങ്ങി . ഭൂമിയുടെ തന്നെ ശ്വാസത്തിന്‍ടെ ആരവം പോലെ മണികളുടെ നാദം പതിയെ ഒഴുകി—വയലുകളിലൂടെ, മലകളിലൂടെ, മനുഷ്യരുടെ ഹൃദയങ്ങളിലൂടെ.
“ഇത് കേൾക്കുമ്പോൾ ഉള്ളിൽ ഒരു സമാധാനം നിറയുന്നു ” രവി മെല്ലെ പറഞ്ഞു.
സന്ധ്യയുടെ നിറം വയലിനെ പുൽകിത്തുടങ്ങിയപ്പോൾ, അവിടുത്തെ മനുഷ്യർ അവരവരുടേതായ താളത്തിൽ വീടുകളിലേക്ക് മടങ്ങി. തോളിൽ വിറകുകെട്ടുകളുമായി സ്ത്രീകൾ, പാതകളിലൂടെ കളിച്ചുകൊണ്ട് കുട്ടികൾ, പശുക്കളെ തെളിച്ചുപോവുന്ന വൃദ്ധൻ. ഓരോ ചുവടുകളും ഒരു താളത്തിലായിരുന്നു, ആർക്കും ഒരുകാര്യത്തിലും ധൃതിയുള്ളതായി തോന്നിയില്ല.
രവി വീണ്ടും പറഞ്ഞു: “ഈ ക്ഷേത്രവും വയലും മലയും—ഇതൊന്നും വെറും സ്ഥലങ്ങളല്ല. കണ്ണാടികളാണ്. ശ്രദ്ധിച്ചാല്‍ അവനവനില്‍ തന്നെ കാണാം.”
അവര്‍ കണ്ണുകളടച്ചു. നഗരത്തിന്റെ ശബ്ദങ്ങൾ ഒരു പുഴയെന്നപോലെ ഉള്ളിൽ മുഴങ്ങുന്നുണ്ടായിരുന്നു—തീവ്രമായ ഹോണുകൾ, ഡെഡ്‌ലൈനുകളുടെ ഭാരം, കൃത്രിമമായ വൈദ്യുത വെളിച്ചത്തിന്റെ വെപ്രാളങ്ങൾ.
എന്നാൽ, ഇവിടെ അവ ദൂരെയുള്ള ഒരു സംഗീതം പോലെ, കാറ്റിൽ അലിഞ്ഞുചേരുന്ന ഒരു അടക്കം പറച്ചിൽ പോലെ മാത്രം.
മല്ലിപ്പൂവിന്റെ ഗന്ധവും,ദീപാരാധന മണിമുഴക്കത്തിന്‍ടെ അനുരണനവും, കുട്ടികളുടെ ചിരിയും—എല്ലാം ഒരു ഓർമ്മയായി അലിഞ്ഞുചേർന്നു.
അതായിരുന്നു അവർക്ക് കിട്ടിയ തിരിച്ചറിവ്: ജീവിതം എങ്ങോട്ടും പാഞ്ഞുപോകുന്ന ഒന്നല്ല, അത് ഓരോ നിമിഷത്തിലും ഇവിടെ നിലകൊള്ളുന്ന ഒന്നാണ്.
ശാന്തി എന്നത് എവിടെയെങ്കിലും കണ്ടെത്തേണ്ട ഒന്നല്ല, മറിച്ച് അത് ഉള്ളിൽത്തന്നെ ഉണ്ടെന്ന് ഓർമ്മിപ്പിക്കേണ്ട ഒന്നാണ്.
മലഞ്ചെരുവിലെ ആ പുരാതന ശിവക്ഷേത്രം അവരുടെ സ്വന്തം ആത്മാവിന്റെ വാതിലുകൾ തുറന്നു. അത് തിരക്കുകളിൽ നിന്ന് മാറി ശാന്തമായി നിലകൊള്ളാൻ അവരെ ഓർമ്മിപ്പിച്ചു.
ഇരൂട്ടും തണുപ്പു വീണുതുടങ്ങിയ വയല്‍ വരമ്പിലുടെ അവര്‍ മടക്കയാത്ര ആരംഭിച്ചു. വീണ്ടും നഗരത്തിരക്കുകളിലെയ്ക്ക്...
