തീർത്തും പഴയതാണ് ഈ കഥ. അയൽക്കാരനായ കർക്കശക്കാരൻ നായകൻ. അവനെ പ്രണയിക്കുന്ന നായിക. അതിനിടയിൽ പിണക്കം, വേർപാട്, പിന്നെ തിരിച്ചുവരവ്.
എത്രയോ തവണ, കാലവും ദേശവും ഭാഷയും വേഷവും മാറി, ഈ പ്രമേയം നമ്മുടെ മുന്നിലൂടെ കടന്നുപോയിരിക്കുന്നു.
എന്നിട്ടും, ഈ സിനിമയെ പ്രേക്ഷകർ എന്തിനാണ് ഇത്രമേൽ നെഞ്ചിലേറ്റുന്നത്?
ഇതിനുള്ള ഉത്തരം കഥയിലല്ല, കഥ പറഞ്ഞ രീതിയിലാണ്.
ഗിരീഷ് എ.ഡി. എന്ന സംവിധായകൻ പരിചിതമായൊരു കഥയെ പുതുതായി കാണിക്കുകയല്ല, മറിച്ച് അനുഭവിപ്പിക്കുകയാണ്.
ആഷ്ലി (മമിത ബൈജു) ജസ്റ്റിനോട് (നിവിൻ പോളി) പ്രണയം തുറന്നുപറയുന്ന രംഗം തന്നെ നോക്കൂ.
ആളൊഴിഞ്ഞ കോളേജ് വരാന്തയിലോ, മരച്ചോട്ടിലെ തണലിലോ, പാർക്കിലെ ഏകാന്തതയിലോ, ഫോണിന്റെ മറുവശത്തോ ഒന്നുമല്ല ആ പ്രണയനിമിഷം പിറക്കുന്നത്. അങ്കമാലിയിലെ കറുകുറ്റി പഞ്ചായത്ത് റോഡിലെ പതിവ് തിരക്കുകൾക്കിടയിലൂടെ പായുന്ന ചുവന്ന ഫോർഡ് ഐക്കൺ കാറിനുള്ളിലാണ്.
പ്രണയത്തിന് സിനിമ പതിറ്റാണ്ടുകളായി പണിതുവച്ചിട്ടുള്ള പതിവ് പശ്ചാത്തലങ്ങളെല്ലാം സംവിധായകൻ എടുത്തുമാറ്റുന്നു.
പ്രണയം ജീവിതത്തിൽനിന്ന് വേറിട്ടതൊന്നല്ല. ജീവിതം നടക്കുന്നിടത്ത് തന്നെയാണ് പ്രണയവും പൂക്കേണ്ടത്.
കെട്ടുപ്രായം കഴിഞ്ഞ് പുരയും പറമ്പും നിറഞ്ഞുനിൽക്കുന്ന ചെറുപ്പക്കാരനുള്ള അയൽവീട്ടിലേക്ക് പോകുന്നതുപോലും ആഷ്‌ലിയുടെ അമ്മ സംശയത്തോടെ കാണുന്ന രംഗം പ്രേക്ഷകനിൽ ഉറപ്പിച്ചുവെച്ച ശേഷമാണ് , ഈ പ്രണയനിമിഷം തിരശ്ശീലയിൽ വരുന്നത്.
കാലം നിർമ്മിതബുദ്ധിയിലേക്ക് കുതിച്ചുപോകുമ്പോഴും, അമ്മമനസ്സിലെ സുരക്ഷയുടെ ഭൂപടം ഇപ്പോഴും പെൺകുട്ടിക്ക് ചുറ്റും വരച്ചിരിക്കുന്ന പഴയ അതിരുകളിൽ തന്നെയാണ്.
ആ യാഥാർത്ഥ്യബോധത്തിന്റെ പശ്ചാത്തലത്തിലാണ്, ആഷ്‌ലി തന്റെ ഉള്ളിൽ താലോലിച്ചെടുത്ത സ്വകാര്യവികാരം പുറത്തെടുക്കുന്നത്.
പ്രണയം പറയുന്ന ഭാഷയിലും സിനിമ അതേ ലാളിത്യം കാത്തുസൂക്ഷിക്കുന്നു. ജസ്റ്റിനും ആഷ്‌ലിയും വാക്കുകൾ ചുരുക്കി, മൂളിയും കുറുകിയും പരസ്പരം പ്രണയത്തിലേക്ക് അടുക്കുമ്പോൾ, തൊട്ടടുത്ത സീറ്റിലിരുന്ന് സിനിമ കാണുന്ന പയ്യന്മാരും അതേ ഭാഷ ഏറ്റെടുത്ത് മൂളുന്നു.
ആഷ്ലി അല്പം കുറുമ്പോടെ ജസ്റ്റിനെക്കൊണ്ട് പ്രണയം തുറന്നുപറയിപ്പിക്കുമ്പോൾ, തിരശ്ശീലയിൽനിന്ന് പ്രണയം തിയേറ്ററിലെ ഇരുട്ടിലേക്കും അവിടെനിന്ന് ഓർമ്മകളിലേക്കും പടരുന്നു.
നമ്മൾ സിനിമ കാണുകയാണോ? അതോ പരിസരങ്ങളുടെ പിരിമുറുക്കത്തിൽ ഒരിക്കൽ ഉടഞ്ഞുപോയ സ്വന്തം പ്രണയത്തെ വീണ്ടും കണ്ടുമുട്ടുകയാണോ? ഇത്തരം സുന്ദര നിമിഷങ്ങളാണ് ഈ സിനിമയുടെ സമ്പത്ത്.
ക്ലൈമാക്സിലും സിനിമ പതിവ് വഴികളിൽനിന്ന് മാറിനടക്കുന്നു.
ബ്രേക്കപ്പിനുശേഷം ആഷ്‌ലിയും ജസ്റ്റിനും വീണ്ടും കണ്ടുമുട്ടുന്നത്
ജസ്റ്റിന്റെ അനിയൻ ജോയലിന്റെ (സംഗീത് പ്രതാപ്) കല്യാണവേദിയിലാണ്.
സുഹൃത്തുക്കൾ, ജസ്റ്റിന്റെ ബന്ധുക്കൾ, ചിരികൾ, ക്യാമറയുടെ മിന്നലുകൾ- ഇതിനിടയിൽ ഇരുന്നാണ് ആഷ്‌ലി പിരിഞ്ഞു നിന്ന കാലത്തിന്റെ വേദനകൾ ഓരോന്നായി എണ്ണിപ്പറയുന്നത്.
"നിങ്ങളെ ഓർക്കാത്ത ഒരു ദിവസവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല."
പേടിയോ നാണമോ ഇല്ലാതെ, എല്ലാവർക്കും മുന്നിൽ ആഷ്‌ലി സ്വന്തം പ്രണയത്തെ ചേർത്തുപിടിക്കുന്നു.
ഹൃദയം തുറക്കാൻ ഒളിയിടം ആവശ്യമില്ലെന്ന് ആഷ്ലി കാണിച്ചുകൊടുക്കുമ്പോൾ, തിയേറ്ററിലെ നിശ്ശബ്ദതയിൽ നിന്ന് സന്തോഷത്തിന്റെ ചെറു വളക്കിലുക്കങ്ങൾ പൊഴിഞ്ഞിറങ്ങുന്നു.
പക്ഷേ ജസ്റ്റിൻ ഒന്നും പറയാതെ അവിടെ നിന്ന് ഓടിപ്പോകുന്നു...
പുറത്ത് വിഷാദം പെയ്യുന്ന മഴ, അകത്ത് കല്യാണസദ്യയുടെ തിരക്ക്, റോഡിൽ ഏകാന്തത നനഞ്ഞുകിടക്കുന്ന ചുവന്ന ഫോർഡ്ഐക്കൺ...
ഈ ദൃശ്യങ്ങളൊന്നും പ്രേക്ഷകരെ ആശങ്കയിൽ പൊള്ളിക്കുന്നില്ല.
ജസ്റ്റിൻ തിരിച്ചുവരുമെന്ന് അവർക്കറിയാം. കാരണം, അവർ ഇതിനോടകം ജസ്റ്റിന്റെ മനസ്സ് തൊട്ടറിഞ്ഞുകഴിഞ്ഞിരുന്നു. അവൻ ഓടിയത് പ്രണയത്തിൽനിന്നല്ല; തന്റെ നാണത്തിൽനിന്നാണ്!
ജസ്റ്റിന്റെ ഓട്ടത്തെ സാധാരണ സിനിമാറ്റിക് പ്രതികരണത്തിൽ നിന്ന് മനുഷ്യസഹജമായ ഒരു നിമിഷമാക്കി മാറ്റുകയാണ് സംവിധായകൻ.
തിരിച്ചുവന്നതിനുശേഷം ജസ്റ്റിൻ ആഷ്ലിയോട് പറയുന്നൊരു ഡയലോഗുണ്ട്.
"നിനക്ക് വാക്കുതന്നതിനുശേഷം ഞാൻ മദ്യം കഴിച്ചിട്ടില്ല. ഞാനെന്റെ കരളിനെ സംരക്ഷിച്ചുവച്ചിട്ടുണ്ട്."
ആ വാക്കുകളിൽ പ്രണയമുണ്ട്. പിന്നെ,
വാക്കുകളുടെ അടിയിൽ ഒരുപക്ഷേ സംവിധായകന്റെ ചെറിയൊരു കുറ്റബോധവും.
കാരണം, ഈ സിനിമയിൽ പ്രായഭേദമോ ലിംഗഭേദമോ ഇല്ലാതെ, ആഘോഷങ്ങളിലും പള്ളിപ്പെരുന്നാളിനും ദുഃഖം മറക്കാനും യാത്രയിലും മദ്യപാനം സ്വാഭാവികമായൊരു സാമൂഹിക പശ്ചാത്തലമായി സ്വീകരിക്കുന്നുണ്ട്.
തലമുറകൾ മാറുമ്പോൾ ജീവിതകാഴ്ചപ്പാടും ഭാഷയും മാറുന്നുണ്ടെന്ന് സംവിധായകൻ നമ്മുടെ ചിന്തകളിലേക്ക് ഒഴുക്കിവിടുന്നുണ്ട്.
അപ്പുറത്തെ ചേട്ടൻ 'ചില്ലാ'ണെന്ന് ആഷ്ലി പറയുമ്പോൾ അമ്മ പകച്ചുനിൽക്കുന്ന രംഗമുണ്ട്. അതേ ആഷ്ലി, പുതുതലമുറക്കൊപ്പം ഒഴുകാനായി സിഗ്‌മ, ഗോസ്‌റ്റായി, ഓർബിറ്റ് ചെയ്യുന്നു എന്നൊക്കെ ജസ്റ്റിൻ പറയുമ്പോൾ, അവനെ കളിയാക്കുന്നുമുണ്ട്. "നെറ്റിൽ നിന്ന് ഓരോന്ന് തപ്പിക്കൊണ്ടുവന്നോളും!"
ഈ ചെറിയ തമാശയ്ക്കുള്ളിൽ വലിയൊരു കഥാപാത്രവായനയുണ്ട്.
പുതിയകാലത്തോടൊപ്പം നടക്കുമ്പോഴും പഴമയോട് ഒട്ടിനിൽക്കാനുള്ള ആഷ്‌ലിയുടെ മനസ്സിനെയാണ് കാണിക്കുന്നത്.
ഗിരീഷ് എ.ഡി. എന്ന സംവിധായകപ്രതിഭ കഥാപാത്രങ്ങളെ അവരുടെ ഭാഷയിലും ശീലങ്ങളിലും ചലനങ്ങളിലൂടെയും പ്രേക്ഷകമനസ്സുകളിൽ എഴുതുകയാണ്.
സിനിമയിൽ പ്രണയത്തിന് തീ കൊളുത്തുന്നത് സംഗീതമാണ്. ജസ്റ്റിൻ പഴയ കാസറ്റ് പ്ലേയർ പൊടിതട്ടിയെടുക്കുന്നു. ആഷ്‌ലി തന്റെ പഴയ ഓഡിയോ കാസറ്റുകളുടെ ശേഖരണപ്പെട്ടി തുറക്കുന്നു.
അവളുടെ പ്രിയപ്പെട്ട ആൾട്ടർനേറ്റീവ് റോക്ക് ബാൻഡായ 'ബ്രെഡേഴ്‌സി' നെ അവനിഷ്ടപ്പെടുന്നു.
"ഞാനാദ്യമായാണ് ബാൻഡിലൊക്കെ വർക്ക് ചെയ്തൊരാളെ കാണുന്നത്."
ആഷ്‌ലിയെ ആരാധനയോടെ നോക്കുകയാണ് ജസ്റ്റിൻ.
"ഞാനാദ്യമായാണ് ബ്രെഡേഴ്‌സ് ബാൻഡിനെക്കുറിച്ചൊക്കെ അറിയുന്ന ഒരാളെ കാണുന്നത്."
ഇവിടെ പ്രണയം പ്രഖ്യാപിക്കുന്നില്ല. പ്രണയം സംഭവിക്കുകയാണ്. ഒരാളുടെ ഇഷ്ടം മറ്റൊരാൾ തിരിച്ചറിയുകയാണ്. ഒരാളുടെ ലോകത്തിലേക്ക് മറ്റൊരാൾക്ക് കൗതുകം തോന്നുകയാണ്.
"യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ...." 'അന്ന' എന്ന സിനിമയിലെ പാട്ടിന്റെ പുനരാവതരണം നൊസ്റ്റാൾജിയയുടെ അപൂർവവസന്തം തീർക്കുന്നുണ്ട്.
വിഷ്ണു വിജയിന്റെ സംഗീതം സിനിമയുടെ ജീവനാഡിയായി മാറുന്നു. ഓരോ ദൃശ്യത്തെയും പൂർണഭംഗിയോടെ ഒപ്പിയെടുത്ത അമൽ ബാബുവിന്റെ ക്യാമറക്കാഴ്ചകളും, സിനിമയുടെ ഒഴുക്ക് ഒട്ടും ചോരാതെ കൃത്യതയോടെ കത്രിക ചലിപ്പിച്ച ആകാശ് ജോസഫ് വർഗീസിന്റെ എഡിറ്റിംഗും ഈ വിജയത്തിന് മാറ്റുകൂട്ടുന്നു.
നിവിൻ പോളിയുടെയും മമിത ബൈജുവിന്റെയും അനായാസമായ ഭാവപ്രകടനങ്ങൾ ഹൃദയം കീഴടക്കുന്നു.
സാധാരണ പ്രണയകഥകളിലെ വില്ലന്മാർ എന്ന സിനിമാശീലത്തെ വിനയ് ഫോർട്ടും ശ്യാം മോഹനും ചേർന്ന് ഇവിടെ പുനർനിർവചിക്കുന്നു; അവരുടെ ഗൗരവപൂർണമായ ഇടപെടലുകൾ പോലും തിയേറ്ററുകളിൽ ചിരിയുടെ വിസ്ഫോടനങ്ങളാകുന്നു.
സുരേഷ് കൃഷ്ണ, സിന്ദ്ര, മീനാക്ഷി, പാർവതി അയ്യപ്പദാസ്, ഷബീർ ഖാൻ,റോഷൻ തുടങ്ങിയ മികച്ച താരനിരയുടെ സാന്നിധ്യം സിനിമയ്ക്കൊപ്പമുണ്ട്.
എന്നാൽ ഇവയെല്ലാം ചെന്നെത്തുന്നത് കേവലമൊരു പ്രണയത്തിലേക്ക് മാത്രമല്ല; കൊച്ചുകൊച്ചു ജീവിതനിമിഷങ്ങൾ തീർക്കുന്ന വലിയ ഓർമ്മകളിലേക്കാണ്. നാട്ടുകാരും വീട്ടുകാരും ഒന്നിക്കുന്ന കുടുംബമെന്ന യൂണിറ്റിലേക്ക്.
നമ്മൾ പലവട്ടം കണ്ടിട്ടുള്ള രംഗങ്ങളിൽനിന്ന് നമ്മൾ ശ്രദ്ധിക്കാതെപോയ ചെറിയ നിമിഷങ്ങളെ സംവിധായകൻ പെറുക്കിയെടുത്ത് നർമ്മം പുരട്ടിവച്ചിരിക്കുന്നു.
പുതിയൊരു കഥ പറയാതെ, പഴയൊരു കഥയെ നമ്മുടെ ഹൃദയോർമ്മയായി മാറ്റുകയാണ് സംവിധായകൻ.
ഒടുവിൽ തിരശ്ശീല വീഴുമ്പോൾ, ചുവന്ന ഫോർഡ് ഐക്കണിൽ ജസ്റ്റിനും ആഷ്‌ലിക്കുമൊപ്പം മഴയിലൂടെ നമ്മളും സഞ്ചരിക്കുകയാണ്....
എന്നോ നഷ്ടപ്പെട്ടുപോയ, അല്ലെങ്കിൽ നമ്മൾ അത്രമേൽ കൊതിച്ച... സ്വന്തം പ്രണയത്തിന്റെ ഓർമ്മവഴിയിലൂടെ...