
സോഷ്യൽ മീഡിയയിൽ ജീവിതം സ്ക്രോൾ ചെയ്തു ജീവിച്ചു തീർക്കുന്ന പലരിൽ നിന്നും മാറി നടക്കുന്ന ചിലരിൽ ഈ ഞാനും സ്വയം ഭയവിമുക്തരാകാനും, ജീവിതത്തിൽ പ്രത്യാശ വീണ്ടെടുക്കാനും വായിക്കുകയാണ്....
പുസ്തക വായന വീണ്ടെടുക്കൽ. മറ്റൊന്ന് ഓർമ്മകൾ വീണ്ടെടുക്കൽ.
താൻ വായിച്ച പുസ്തകങ്ങളും, അത് നിറച്ചുവെച്ച അലമാരയും പ്രദർശിപ്പിക്കുന്ന വായനക്കാരായ എഴുത്തുകാരുടെ കാലം. എല്ലാവരും Bibliophile ആണ് എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന കാലം.
വായന വിപുലമല്ലാത്ത ഈ പുതിയ എ ഐ കാലത്ത് എന്റെ അച്ഛനെ കുറിച്ചാണ് ഞാൻ എഴുതുന്നത്. കെ. കെ. സിദ്ധാർത്ഥൻ. P. C. 2249 എന്ന പോലീസുകാരനെ കുറിച്ച്....
പോലീസ് ക്വാർട്ടേഴ്സിൽ മൂന്ന് മക്കൾക്കും ഭാര്യയ്ക്കും ജീവിതപ്രാരാബ്ധങ്ങൾക്കും പുറമേ ഏറ്റവും ബാലീകേറാമലയായ പോലീസ് ജോലിയുടെ ഉച്ചവിശ്രമസമയങ്ങളിൽ അദ്ദേഹം വായിച്ചു തീർത്ത പുസ്തകങ്ങൾ..
ബിബ്ലിയോഫൈലുകളുടെ എസ്ടാബ്ലിഷിങ് സമയമായി ക്കാലം മാറുമ്പോൾ മറ്റൊരു കഥ കൂടി ഇടയ്ക്ക് പറയാതെ വയ്യ.
ഇടക്കാലത്ത് ഞാൻ പരിചയപ്പെട്ട അയാളെ വിജയ് മേനോൻ എന്ന് വിളിക്കാം. താൻ ഹൈക്കോടതി വക്കീൽ ആണ്, എഴുത്തുകാരനാണ്, ജോൽസ്യനാണ്, തിരക്കഥാകൃത്താണ് എന്നൊക്കെ പറഞ്ഞാണ്, അമല നഗറിലെ ബിസ്മില്ല ഹോട്ടലിൽ വെച്ച് എന്റെ പതിവ് ചായകുടി വേളയിൽ അയാൾ എന്നോട് ചങ്ങാത്തം സ്ഥാപിക്കുന്നത്.
ചിറ്റലപ്പിള്ളി വ്യാസപീഠം എന്ന സ്ഥലത്തെ അയാളുടെ വീടിന്റെ മുകൾ നില നിറയെ പുസ്തകങ്ങളായിരുന്നു, ഇരുമ്പലമാരയിൽ മികച്ച പുസ്തകങ്ങളെ അയാൾ തടവിൽ ആക്കിയിരിക്കുകയാണ് എന്നാണ് പ്രഥമ ദൃഷ്ടിയാ എനിക്ക് തോന്നിയത്.
പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരാൾക്ക് പുസ്തകം സൂക്ഷിക്കാൻ ഇത്രയും ശക്തമായ സംരക്ഷണകവചം ഒരുക്കാനാവില്ല എന്ന് ഞാനുറപ്പിച്ചിരുന്നു.
ഭാര്യയുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന ആ 60 കാരന്റെ ഗൃഹത്തിൽ ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ രണ്ടു തോക്കുകളും വാളുകളും ചുറ്റുപാടും നിരീക്ഷിക്കാൻ സർവൈലൻസ് ക്യാമറകളും ഉണ്ടായിരുന്നു. വായനക്കാരനും എഴുത്തുകാരനും ആയ ഒരാൾക്ക് പുസ്തകങ്ങൾക്കൊപ്പം ആയുധങ്ങൾ സൂക്ഷിക്കേണ്ട സാഹചര്യവും, പുറത്തുനിന്ന് വരുന്നവരെ നിരീക്ഷിക്കുന്ന സംവിധാനവും നല്ല പ്രായത്തിൽ പോലീസ് ആയ ഒരാൾക്ക് ജനിച്ച മകൻ എന്ന നിലക്ക് എന്നിലെ പോലീസ് ബുദ്ധിയിൽ സംശയം ജനിപ്പിച്ചു. സർവ്വോപരി കഥയെഴുതുന്ന ഭാവനാശീലവും.....അങ്ങനെ ഞാൻ ഒരു കഥയിൽ അയാളുമായി യാത്ര ചെയ്തു..
പോക്സൊ പ്രകാരം തിരുവനന്തപുരത്ത് അയൽവീട്ടിലെ ബുദ്ധിസ്ഥിരതയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ലുക്ക് ഔട്ട് നോട്ടീസ് കൊടുത്ത്.. ഒടുവിൽ ശിക്ഷ കഴിഞ്ഞ് ശേഷകാലം മാന്യനായി ജീവിക്കാൻ തൃശൂർ എത്തിയ ഒരാളെക്കുറിച്ച് മുൻപ് ഞാനൊരു വാർത്ത കേട്ടിരുന്നു. ഞാൻ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു മുൻപ് അയാൾ താമസിച്ചിരുന്നത് എന്നും ശിക്ഷ കഴിഞ്ഞിട്ടും അയാളെ അവിടെ തുടരാൻ നാട്ടുകാർ അനുവദിച്ചില്ല. എന്നും അറിഞ്ഞിരുന്നു.
ഇദ്ദേഹം അയാൾ ആയിരിക്കുമോ എന്ന് ഞാൻ സംശയിച്ചു. ആ രീതിയിൽ തന്നെ അയാളോട് ഞാൻ ഇടപെട്ടു. ഒടുവിൽ, എന്നെ ഒഴിവാക്കാൻ അയാൾ ഒരു വഴക്കുണ്ടാക്കുന്നു. പിന്നീട് ഞാൻ അയാളെ കണ്ടിട്ടില്ല.
അപ്പോഴും ഇപ്പോഴും എന്നെ സങ്കടപ്പെടുത്തുന്നത് അയാളുമായുള്ള സൗഹൃദം നഷ്ടപ്പെട്ടതല്ല, മറിച്ചു അയാളുടെ വേദങ്ങളും, ഉപനിഷത്തുക്കളും, നിഗൂഡശാസ്ത്രം പോലുമുള്ള അത്യപൂർവ പുസ്തകശേഖരത്തിലേയ്ക്ക് സൗഹൃദത്തിന്റെ മറവിൽ നുഴഞ്ഞുകയറാനുള്ള സാധ്യത ഇല്ലാതായല്ലോ എന്ന ചിന്തയാണ്.
പറഞ്ഞു വന്നത് PC:2249....അച്ഛൻ...
ഉച്ചക്ക് ഊണ് കഴിഞ്ഞു വിശ്രമിക്കുന്ന ഇടവേളകളിൽ മാത്രമിരുന്ന് അടയാളം വെച്ച് ആ പോലീസുകാരൻ വായിച്ചു തീർത്ത പുസ്തകങ്ങൾ..
വായിക്കുന്ന പോലീസുകാരനെ പോലീസ് ക്വാർട്ടേഴ്സ് ജീവിതത്തിനിടയിൽ അച്ഛനെയല്ലാതെ മറ്റാരെയും ഞാൻ കണ്ടിട്ടില്ലായിരുന്നു.
താരാശങ്കർ ബാനർജി.....
ബംഗാളി സാഹിത്യത്തിലെ പുരോഗമന പ്രസ്ഥാനത്തിന്റെ വക്താവ്, 1967-ൽ അദ്ദേഹത്തിന്റെ 'ഗണദേവത' എന്ന നോവലിന് ജ്ഞാനപീഠം ലഭിച്ചു. കൗമാരം മുതൽക്കേ ബംഗാളിലെ വിപ്ലവകാരികളുമായി സഹവാസം പുലർത്തി ഒടുവിൽ തടവിലാക്കപ്പെട്ട് വിദ്യാർത്ഥി ജീവിതം അവസാനിപ്പിച്ച് ഒടുവിൽ ഗാന്ധിജിയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ താരാശങ്കർ ബാനർജി അംഗമായി.
അദ്ദേഹത്തിന്റെ ഡി.സി. ബുക്ക്സ്ബുക്ക് ക്ലബ് പ്രസിദ്ധീകരിച്ച 'പരാതി ' എന്ന നോവലിന്റെ പുറം ചട്ട കഴിഞ്ഞുള്ള പേജിലാണ് അച്ഛന്റെ പേരും, പോലീസ് നമ്പറും, പോലീസ് സ്റ്റേഷനും അദ്ദേഹം കുറിച്ചിട്ടിരിക്കുന്നത് ( ചിത്രം, പെരിന്തൽമണ്ണ സ്റ്റേഷനിൽ നിന്ന് അദ്ദേഹം A.S.I ആയി റിട്ടയർ ചെയ്യും മുൻപ് എടുത്തിട്ടുള്ളതാണ് )
അച്ഛൻ, ഡി. സി. ബുക്ക്സിൽ നിന്നും 83 - 84 കാലം തൊട്ട് ഇറങ്ങുന്ന എല്ലാ പുസ്തകങ്ങളും കരസ്ഥമാക്കിയിരുന്നു. വാങ്ങിക്കുന്ന പുസ്തകങ്ങളുടെ പുറംചട്ട കഴിഞ്ഞുള്ള പേജിൽ തന്റെ പേരും ജോലി ചെയ്യുന്നു സ്റ്റേഷന്റെ വിലാസവും കുറിക്കുന്ന പതിവും വായനയോടൊപ്പം തുടർന്നിരുന്നു.
ബംഗാളി സാഹിത്യം......
ബംഗാളി നോവലുകൾ അതിന്റെ ബൗദ്ധികനിലവാരം കൊണ്ടും ക്രാഫ്റ്റ് കൊണ്ടും കഥയുടെ പുതുമ കൊണ്ടും എപ്പോഴും എല്ലാവരെയും അതിനടിമകളാക്കും. ടാഗോർ, ബിഭൂതിഭൂഷൻ ബന്ദോപാദ്ധ്യായ, സമരേഷ് ബസു, പ്രേമേന്ദ്ര മിത്ര, എന്നിവരുടെ സൃഷ്ടികൾ... സത്യജിത്ത് റെയുടെയും റിത്വിക്ക് ഘട്ടക്കിന്റെയും മൃണാൾ സെന്നിന്റെയും, , റിതുപർണോ ഘോഷിന്റെയും, കൗശിക് ഗാംഗുലിയുടെയും, അപർണ്ണാസെന്നിന്റെയും, ഗൗതം ഘോഷിന്റെയും ഒക്കെ ബംഗാളി സിനിമകൾ പോലെ തന്നെ, അതുകൊണ്ട് തന്നെ ബംഗാളി കഥകളും, നോവലുകളും, സിനിമകളും ഏറെ ഇഷ്ട്ടപ്പെടുന്ന ഞാൻ പല തവണ വായിച്ച ' പരാതി ' എന്ന വെറും 126 പേജ് ഉള്ള ഈ എഴുത്തിനു പ്രേരകമായ നോവലാണ് ഈ അടുത്ത ക്കാലത്ത് ഞാൻ വീണ്ടും വായിച്ചത്..
അന്നും ഇന്നും പൂരവും, പെരുന്നാളും, ഓണവും, വിഷുവും, പേറും, പെലയും, എന്തിന് qurantine കാലം പോലും അനുഷ്ഠിക്കാൻ കഴിയാത്ത തൊഴിലാളികൾ പോലീസുകാർ തന്നെയാകുന്നു. പക്ഷേ ഇന്നത്തെ ജനമൈത്രി പോലീസിന് കുറച്ചു കൂടി മാനസിക സംഘർഷം കുറഞ്ഞ തൊഴിൽ സാഹചര്യമുണ്ട്, ശമ്പളമുണ്ട്, കൂടെ ജോലി ചെയ്യാൻ സുന്ദരികളായ വനിതാ സഹപ്രവർത്തകരുണ്ട്... സിനിമകൾ നൽകിയ ഹീറോ ഇമേജുണ്ട്
പക്ഷേ അന്നത്തെ പോലീസ് പണി അതിന്റെ ഏറ്റവും പരുക്കൻ അവസ്ഥയിലായിരുന്നു എന്നു തോന്നുന്നു, പോലീസുകാർ കള്ളുകുടിയന്മാരും, ക്രൂരന്മാരും, പെണ്ണുപിടിയൻമാരുമാണെന്നാണ് അക്കാലത്തിറങ്ങിയ മമ്മുട്ടിയുടെ " ആവനാഴി " അടക്കമുള്ള സിനിമകൾ പ്രചരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ സമൂഹത്താൽ ആരോപിക്കപ്പെട്ട തിന്മകൾ സ്വയം ഏറ്റെടുത്തുകൊണ്ട് പരുക്കൻമാരായി തീർന്നിരുന്നതാവാം അക്കാലത്തെ പോലീസുകാർ,
ജോലിയിൽ 100 ശതമാനം ആത്മാർത്ഥ പുലർത്തിയിരുന്ന PC: 2249, എന്ന ആ പോലീസുകാരൻ തൊഴിൽ - കുടുംബ-സാമ്പത്തിക -മാനസികപരമായ സംഘർഷങ്ങൾക്കിടയിലും ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായിക്കുകയും ചെറുതല്ലാത്ത ഒരു പുസ്തക ശേഖരം ഉണ്ടാക്കുകയും ഒടുവിൽ അതെല്ലാം വെള്ളറക്കാട് അനുഗ്രഹ ലൈബ്രറിയിലേക്ക് ദാനം ചെയ്യുകയും ചെയ്തു. തന്റെ പുസ്തകങ്ങൾ ചിതലെടുത്ത് പോകരുത് എന്ന് അദ്ദേഹം കരുതിയിരിക്കാം. അനുഗ്രഹ വായനശാലയിൽ നിന്ന് പുസ്തകങ്ങൾ വായിക്കുന്ന കുട്ടികൾ P.C. 2249, K. K. സിദ്ധാർത്ഥൻ എന്ന പേരും വായിച്ചു പോകുന്നുണ്ടാകണം.
NB : (1) പുസ്തകങ്ങൾ എന്റെ അസാന്നിധ്യത്തിലാണ് അച്ഛൻ വായനശാലയിലേക്ക് കൊടുത്തതെന്ന് പിന്നീട് അറിഞ്ഞു. അത്രയും നല്ല പുസ്തകങ്ങൾ ആയിരുന്നു അച്ഛന്റെ ഗ്രന്ഥ ശേഖരത്തിൽ ഉണ്ടായിരുന്നത്.
