
സപ്തതി കഴിഞ്ഞിട്ടും ചിറ്റേടത്തു ചന്ദ്രനെ വെറുതെ ഇരിക്കുന്ന അവസ്ഥയിൽ ഗ്രാമം ഇതുവരെ കണ്ടിട്ടില്ല. മുറ്റമടിക്കുക, അവനവന്റെ തുണികൾ കഴുകിയിടുക, പുട്ടും കടലക്കറിയും ഉണ്ടാക്കുക, വീട് തുടച്ചു വൃത്തിയാക്കുക, പറമ്പിൽ കിളച്ചുമറിച്ചു എന്തെങ്കിലും കൃഷി ചെയ്യുക, പുല്ല് പറിക്കുക, പൂന്തോട്ടം പരിപാലിക്കുക തുടങ്ങി എന്തെങ്കിലും പണിയിൽ മുഴുകി ഉറങ്ങുന്ന നേരം മാത്രം അയാൾ വിശ്രമിച്ചു.
ചന്ദ്രന്റെ ഭാര്യ സുമിത്ര ടീച്ചർ മൂത്ത മകൻ ഷിനുവിനോടും, അയാളുടെ ഭാര്യ ജീജ യോടുമൊപ്പം അജ്മാനിലാണ്. അവരുടെ മൂന്ന് കുട്ടികളെ നോക്കാൻ ആയയെ നിർത്തിയാൽ കൂടുതൽ ദിർഹം പോക്കറ്റിൽ നിന്നു പോവുമെന്നുള്ള ബുദ്ധിയിലാണ് വൈകാരികതയുടെയും, പിതാമഹിയുടെ സ്നേഹത്തിൽ തന്റെ മക്കൾ വളരണം എന്ന വ്യാജപ്രസ്താവനയുടെ പിൻബലത്തിൽ ഷിനു അമ്മയെ ശമ്പളമില്ലാ വ്യവസ്ഥയിൽ അവിടെ നിർത്തിയിരിക്കുന്നത്.
ചന്ദ്രന്റെ രണ്ടാമത്തെ മകൻ വിനു കല്യാണം കഴിച്ച സുമിഷ ഒരു സൈക്കോളജി ബിരുദ്ധദാരിണിയാണ്. അവൾ അമ്മായച്ഛന്റെ ഈ ഹൈപ്പർ ആക്റ്റീവ് വാർദ്ധക്യജീവിതത്തെ തെല്ലു സംശയത്തോടെയാണ് നോക്കി കണ്ടത്.
ഒരിക്കൽ അവൾ ഒരുമ്പെട്ടിറങ്ങിയ പോലെ ചന്ദ്രനെ ഇരുത്തി ചോദിക്കുകയും ചെയ്തു.
"അച്ഛനെന്താ വെറുതെയിരിക്കാൻ ഇത്ര ബുദ്ധിമുട്ട്?"
അയാൾക്ക് പെട്ടെന്ന് ഒരുത്തരമുണ്ടായില്ല. പക്ഷേ സുമിഷയുടെ നീല കണ്ണുകൾ ഒരു സർവൈലൻസ് ക്യാമറലെൻസ് പോലെ അയാൾക്ക് തോന്നിക്കുകയും താൻ ഏതോ കുറ്റന്വേഷകയുടെ ചോദ്യംചെയ്യൽ കേന്ദ്രത്തിൽ എത്തിപെട്ടിരിക്കുകയാണെന്നും അയാൾക്ക് തോന്നാതിരുന്നില്ല. അയാൾ അസ്വസ്ഥതയോടെ ഒരുത്തരം പറയാതെ വിയർക്കുകയും, ഞെളിപിരി കൊള്ളുകയും ചെയ്തു.
"സമാധാനമുള്ളവരാണ് എപ്പോഴും വെറുതെയിരിക്കാൻ ഇഷ്ട്ടപ്പെടുന്നത് അച്ഛന് എന്താ ഇത്ര സമാധാനക്കേട്?" സുമിഷ അയാളെ സൂക്ഷിച്ചുനോക്കി തന്നെയാണ് അങ്ങനെ ചോദിച്ചത്
"നീ സൈക്കോളജി പഠിച്ചതു കൊണ്ടാ എന്നോടിങ്ങനെയൊക്കെ ചോദിക്കുന്നത് " അയാൾ അവളുടെ മുഖത്തു നോക്കാതെയാണ് പറഞ്ഞത്
"സൈക്കോളജി പഠിക്കുന്നത് ജീവിതത്തിൽ ഉപയോഗപ്പെടുത്താൻ കൂടിയാണ് "
അയാൾ മറുപടി പറയാതെ സുമിഷയെ നോക്കി ഒന്നു നെടുവീർപ്പിട്ടു.
"ചിലർക്ക് ഉള്ളിലുള്ള വിങ്ങൽ ആരോടെങ്കിലും തുറന്നു പറഞ്ഞാൽ ഒരു സമാധാനം കിട്ടും"
അങ്ങനെ പറഞ്ഞപ്പോൾ ഒരഗ്നിപർവ്വതം അയാളിൽ പുകയുന്നുണ്ടെന്നും അത് ഉടൻ പൊട്ടിയൊലിക്കുമെന്നും സുമിഷയ്ക്ക് തോന്നി.
"അച്ഛൻ ജീവിതത്തിൽ ഇതുവരെ വെളിപ്പെടുത്തപ്പെടാത്ത എന്തെങ്കിലും രഹസ്യം ഉള്ളിൽ സൂക്ഷിക്കുന്നുണ്ടോ?"
സുമിഷയുടെ ആ ചോദ്യം കൂടിയായപ്പോൾ ചന്ദ്രൻ അതുവരെ മുറ്റമടിച്ചിരുന്ന ചൂല് വീടിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അവളുടെ അടുത്തിരുന്നു. അയാൾക്ക് വല്ലാത്ത അസ്വസ്ഥത യുണ്ടായിരുന്നു.
"മുപ്പതുകൊല്ലം മുൻപ് സ്വർണ്ണബിസിനസ്സിൽ എന്റെ പങ്കാളിയും ആത്മസുഹൃത്തുമായ മോഹനൻ ചെമ്പൂത്ര, കൊടൈക്കനാലിലെ സൂയിസൈഡ് പോയിന്റിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്ത കാര്യം നീ അറിഞ്ഞിട്ടുണ്ടോ?"
ഇടറി കൊണ്ടുള്ള ചന്ദ്രന്റെ പറച്ചിൽ കേട്ട് അറിഞ്ഞിരുന്നു എന്ന ഭാവത്തിൽ സുമിഷ തലയാട്ടി.
"അയാൾക്ക് മാനസികപ്രശ്നങ്ങൾ മുൻപുണ്ടായിരുന്നു. അതുകൊണ്ട് ഒരവസരം കിട്ടിയപ്പോൾ അയാൾ അത് മുതലാക്കി സ്വയം ഒടുങ്ങി. അതും അച്ഛനും തമ്മിലുള്ള ബന്ധം എന്താ?"
സുമിഷ അങ്ങനെ ചോദിച്ചപ്പോൾ നെറ്റിയിൽ നിറഞ്ഞ വിയർപ്പു തുടച്ചു ചന്ദ്രൻ പൈശാചികമായി ഒന്നു ചിരിച്ചു.
"കൊടൈക്കനാലിൽ അവന്റെ ഒപ്പം ഞാനും പോയിരുന്നു ഒരുമിച്ചല്ല മറ്റൊരു വണ്ടിയിൽ. സൂയിസൈഡ് പോയിന്റ് കാണാൻ ഞാൻ അവനെ നിർബന്ധിച്ചു. അവൻ നിഷ്കളങ്കമായി എന്റെ മുന്നിൽ നിന്ന് മഞ്ഞും പച്ചപ്പും നിറഞ്ഞ ആ അഗാധഗർത്തങ്ങളിലേയ്ക്ക് സ്വയം മറന്നു നോക്കി നിൽക്കെ ഞാൻ അവനെ പിന്നിൽ നിന്നും ചവിട്ടി അതിലേക്ക് വീഴ്ത്തി"
സുമിഷ ഞെട്ടികൊണ്ട് അയാളെ നോക്കിയപ്പോൾ ചന്ദ്രൻ പൊട്ടി പൊട്ടി കരയാൻ തുടങ്ങി.
"സീറോ ഇൻവെസ്റ്റ്‌മെന്റ് പാർട്ണർഷിപ്പിൽ സ്നേഹം കൊണ്ട് ഔദ്യോഗികരേഖകളിൽ പോലും എന്നെ ഒപ്പം നിർത്തിയ അവന്റെ സ്വർണ്ണകട അങ്ങനെ എന്റെ സ്വന്തമായി. ഞാൻ പണക്കാരനായി, പറമ്പുകൾ വാങ്ങി കൂട്ടി. ഒടുവിൽ സ്വർണ്ണകട വിറ്റ് കിട്ടിയ കാശ് ബാങ്കിലിട്ടു."
സുമിഷ മുന്നിലിരിക്കുന്ന മനുഷ്യനെ പകച്ചു നോക്കി. അവൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
"അന്നത്തെ സംഭവത്തിൽ ഒരു പോലീസും എന്റെ കുറ്റകൃത്യം കണ്ടുപിടിച്ചില്ല, അവന്റെ കുടുംബം പോലും നേർത്ത സംശയം എന്റെ നേരെ പ്രകടിപ്പിച്ചില്ല, ഞാൻ സമർത്ഥമായി ജയിച്ചു. പക്ഷേ അന്ന് തൊട്ട് എന്റെ ഉള്ളിൽ ഞാൻ പേറുന്ന ഒരു കൊലപാതകി എന്റെ രാത്രിയുറക്കങ്ങൾ ഇല്ലാതാക്കി, ചിരിക്കാൻ പറ്റില്ല, സന്തോഷിക്കാൻ പറ്റുന്നില്ല, എപ്പോഴും നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ, വിഭ്രാന്തി, ഇങ്ങനെ മുപ്പതുകൊല്ലം എന്തൊക്കെയോ ചെയ്തു സമാധാനമില്ലാതെ ഞാൻ ജീവിച്ചു."
സുമിഷയ്ക്ക് ആ സമയം എന്തു ചെയ്യണ മെന്ന് ഒരു നിശ്ചയമുണ്ടായില്ല തന്റെ സൈക്കോളജി ബിരുദ്ധത്തിന്റെ അറിവ് ജീവിതത്തിൽ അതിന്റെ ഏറ്റവും വൈകാരികമായ തലത്തിൽ ഏറെ വേദനാജനകമാം വിധം പ്രായോഗികമായി മാറുന്നതിൽ അവൾ പരിഭ്രാന്തയായി പോയിരുന്നു.
"ഇനി മോള് പറയ്യ് എന്റെ ഉള്ളു നീറ്റുന്ന ഈ കാര്യം ഞാൻ നിന്നോട് പങ്കുവെച്ചു ഇനിയും അച്ഛന് സമാധാനം കിട്ടുമെന്ന് മോൾക്ക് തോന്നുന്നുണ്ടോ? ഇല്ല മോളേ തുറന്നു പറഞ്ഞാലും, ശിക്ഷ കിട്ടിയാലും, മനഃസമാധാനം കിട്ടാത്ത തെറ്റുകൾ സംഭവിക്കും ചിലരുടെ ജീവിതത്തിൽ, അച്ഛന് സംഭവിച്ചത് അതാ."
അതും പറഞ്ഞു നിർത്തി, ചന്ദ്രൻ ഒരു കൈക്കോട്ടുമായി പറമ്പിന്റെ അറ്റത്തേക്ക് വേഗത്തിൽ നടന്നുപോയി. അയാൾ അവിടം ഭ്രാന്തമായി കിളയ്ക്കുന്ന ശബ്ദം സുമിഷക്ക് കേൾക്കാമായിരുന്നു.
ബാജീഷ് സിദ്ധാർത്ഥൻ.
തൃശ്ശൂർ ജില്ലയിൽ പ്രശസ്ത എഴുത്തുകാരി മാധവികുട്ടിയുടെ ജന്മദേശമായ പുന്നയൂർകുളത്തിനടുത്തു അഞ്ഞൂർ എന്ന ഗ്രാമത്തിൽ ആ നാട്ടിലെ വീടുകളിൽ ചുവരിൽ കൊളുത്തി വെയ്ക്കുന്ന കവിത്വം തുളുമ്പുന്ന വിവാഹ മംഗളപത്രങ്ങൾ രചിക്കുന്ന, പുല്ലാംവളപ്പ് മുരുകക്ഷേത്രത്തിൽ ഭക്തി ഗീതങ്ങൾ പാടുന്ന അച്ഛാച്ചന്റെ പേരകുട്ടിയായി പോലീസ് ഓഫീസറായ സിദ്ധാർത്ഥന്റെയും അദ്ധ്യാപികയായ സൗദാമിനിടീച്ചറുടെയും സീമന്തപുത്രനായി ജനിച്ചു. ആനുകാലികങ്ങളിൽ കഥകളും, കവിതകളും എഴുതാറുണ്ട്. കുറെ ഭക്തിഗാനങ്ങൾ രചിച്ചു അവ ആൽബങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്. മിന്നുക്കെട്ട്, കൂട്ടുകാരി, സ്ത്രീമനസ്സ്, രണ്ടാമതൊരാൾ, മായാമാധവം എന്നീ സീരിയലുകളിൽ സംഭാഷണരചയിതാവായും, സഹസംവിധായകനായും പ്രവർത്തിച്ചു. 2016ൽ ആദ്യമായി തിരകഥ എഴുതി സംവിധാനം ചെയ്ത ഗ്രാമീണവായനശാല എന്ന സിനിമ പുറത്തിറങ്ങിയില്ല. ഇപ്പോൾ പ്രിയ സഖി രാഖി വേദമിത്രവും മകൻ വേദ മിത്രനോടൊപ്പവും ചേർന്ന് കൊച്ചിയിൽ ജീവിതം. സിനിമയും എഴുത്തും പാഷനായി മുന്നോട്ട് പോവുന്നു.
