bajish sidharth

വാതിൽ തുറന്നപ്പോൾ മുന്നിൽ ഒരു വിടർന്ന ചെമ്പനിനീർ പൂവ് പോലെ അവൾ. പിങ്ക് നിറമുള്ള ധാവണിയിലും,  കൈകളിൽ നേർത്ത സ്വർണ്ണകരയുള്ള കസവിന്റെ ബോർഡറുള്ള പിങ്ക് ജാക്കറ്റിലും പൊതിഞ്ഞു നിൽക്കുന്ന സുന്ദരി.

"വൈഷ്‌ണേയൻ സാറല്ലേ? അവളുടെ ശബ്ദത്തിലുമുണ്ട് ചിലങ്കകിലുക്കം.. 

"ഗൗരിയല്ലേ....?, എന്റെ മറുചോദ്യം... 

"അതേ.... ഞാൻ സാറിന്റെ നോവലുകളും, കഥകളുമൊക്കെ വായിക്കാറുണ്ട്.
പുതിയ നോവൽ എഴുതാൻ തുടങ്ങുന്നു, 'ഒരു സഹായിയെ തേടുന്നു' എന്ന പരസ്യം കണ്ട് വന്നതാണ് "

ഗൗരിയുടെ കണ്ണിൽ ഏറെ ആഗ്രഹിച്ച ഒരിടത്തു എത്തിപ്പെട്ട ഭാവങ്ങൾ.. 

"ഞാൻ ഈ പുഴക്കരയിലുള്ള വാടകവീട്ടിലുള്ള കാര്യം ഗൗരിയോട് ആരാ പറഞ്ഞത്? 

"സാറിന്റെ നോവലിന്റെ രണ്ടാംപേജിലുള്ള  വീട്ടുവിലാസത്തിൽ ഞാൻ പോയിരുന്നു അപ്പോൾ അമ്മയാണ് പറഞ്ഞത് ഇവിടെ കാണുമെന്ന് ." അതു പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറുചിരിയുണ്ടായി.. 

"ഗൗരി ഒറ്റയ്ക്കാണോ വന്നത്? 

"അതേ..... എന്തേ..? 

"ഇവിടെ പെൺകുട്ടികൾ ആരും ഇതു വരെ വന്നിട്ടില്ല. പിന്നെ സഹായി എന്ന് ഞാൻ ഉദേശിച്ചത്‌ എന്റൊപ്പം താമസിച്ചു, ഞാൻ പറയുന്ന എന്റെ നോവൽ പകർത്തി എഴുതാൻ നല്ല കൈയക്ഷരമുള്ള ഒരാളെയാണ്. ഒരാണിനെയാണ്... "

ഗൗരി എന്നെ സാകൂതം ഒന്ന് ചുഴിഞ്ഞു നോക്കി.

അവൾ എന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ എന്നെ മുട്ടിയുരുമ്മി കൊണ്ട് തന്നെ വീടിനകത്തേക്ക് കയറുകയും,  നേരെ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ ബാക്കിയുണ്ടായ പാലെടുത്തു വാൽപാത്രത്തിലൊഴിച്ചു ഇൻജെക്ഷൻ സ്റ്റൗവിൽ വെക്കുകയും മിനിട്ടുകൾക്കകം രണ്ട് ചായക്കപ്പുകൾ നിറയ്ക്കുകയും മിഴിച്ചു നിന്ന എന്റെ മുന്നിലെ ടീപ്പോയിൽ എനിക്കു കുടിക്കാനുള്ള ചായക്കപ്പ് വെച്ച്  അവൾക്കുള്ളത് കൈയിൽ പിടിച്ച് ഞാൻ ഇരിക്കാൻ മറന്നു പോയ എന്റെ  സോഫയുടെ എതിരറ്റത്തിരുന്നു.

"ഇരിക്കൂ.... മാഷേ...... " എന്ന് പറഞ്ഞു.. 

എന്നെ ശരിക്കും ഇരുത്തുകയും ചെയ്തു.

"ഏട്ടൻ ഇപ്പോ എഴുതാൻ പോണ നോവലിന്റെ പ്രമേയം എന്താ...? 

ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല 

"സാറും മാഷുമൊക്കെ പോയി ഇപ്പോ ഏട്ടനായോ..? 

ചായ ഊതികുടിച്ചുകൊണ്ടവൾ 

"ഞാൻ അങ്ങനെയെ വിളിക്കൂ. പിന്നെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ അടുത്ത് ഞാൻ എന്റെ എല്ലാ സ്വാതന്ത്ര്യവും എടുക്കും. എന്നെ പോലുള്ള വായനക്കാരല്ലേ നിങ്ങളുടെ ശക്തി. പിന്നെന്തിനാ ഞാൻ ബലം പിടിച്ചു നിക്കണേ,? 

ഗൗരിയുടെ മുന്നിൽ എനിക്ക് മറുപടികൾ ഇല്ലായിരുന്നു.

വീണ്ടും ഒഴിഞ്ഞ ചായക്കപ്പ്‌ ടീപ്പോയിൽ വെച്ച് കാലുകൾ ആട്ടി കൊണ്ട് ഗൗരിയുടെ ചോദ്യം. 

"പറയൂ എഴുത്തുകാരാ നിങ്ങളുടെ പുതിയ നോവലിന്റെ പ്രമേയം എന്താണ്‌? 

ഞാൻ വിനീതനായി മൊഴിഞ്ഞു  "ഒരു പ്രണയമാണ്... "

"പ്രണയം എന്ന് പറയുമ്പോൾ ഒരാണും മറ്റൊരാണും തമ്മിലുള്ളത് ആണോ...? 
"അല്ല സഹായിയായി  ആണിനെയാണ് ഉദേശിച്ചത്‌ എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് "

ഞാൻ അസ്വസ്ഥനായി പോയി. 

"ഒരിക്കലുമല്ല ഒരെഴുത്തുക്കാരൻ അയാളുടെ പ്രണയത്തേ  കണ്ടെത്തുന്നതാണ്... " ഞാൻ...... പറഞ്ഞു 

ഗൗരി ഒന്ന് നിവർന്നിരുന്നു. അവളുടെ മൊഴികൾ വീണ്ടും പെയ്തു. 

"ഇപ്പോ എങ്ങനെയുണ്ട്... ഒരു പ്രണയനോവൽ പകർത്തിയെഴുതാൻ എന്നെ പോലെ സുന്ദരിയായ ഒരു പെണ്ണിനെയല്ലേ എന്റെ എഴുത്തുകാരാ നിങ്ങൾക്ക് വേണ്ടത്. അല്ലേ...? 

ഗൗരിയുടെ കൊത്തി വെച്ച ശിൽപ്പം പോലുള്ള  ഇരിപ്പും,  എന്റെ ആത്മാവിനെ ആഴത്തിൽ  തൊടുന്ന നോട്ടവും, ഹൃദയത്തിൽ മധുമഴ പെയ്യിക്കുന്ന കള്ളചിരിയ്ക്കും. മുന്നിൽ ഞാൻ വിസ്മിതനേത്രനായി നിൽക്കുകയാണ്.

"ചായ കുടിച്ചു ഒന്നുഷാറാവൂ എഴുത്തുകാരാ..അല്ല ഏട്ടാ.. എന്നിട്ട് പറയൂ? 

ഗൗരി ഉണ്ടാക്കിയ ചായ കുടിച്ചപ്പോൾ ഞാൻ ശരിക്കും എന്റെ എഴുത്തുമേശയിലേയ്ക്ക് തിരിച്ചു വന്നു. ഒപ്പം അവളും.

അവളുടെ വെളുത്ത നീളൻ കൈവിരലുകളും, അവളിലെ ചന്ദനത്തിന്റെ മണവും. എന്റെ സർഗാത്മകകാമനകളെ ത്രസിപ്പിക്കുന്നത് ഞാൻ അറിഞ്ഞു. വിജനമായ പുഴക്കരയിലെ എന്റെ പുതിയ എഴുത്തുവീട്ടിൽ എന്നെ തേടി വന്നിരിക്കുന്ന അതിസുന്ദരിയായ എന്റെ വായനക്കാരി.. ലഹരിയേകുന്ന അവളുടെ സൗന്ദര്യം. എഴുത്തുകാരന്റെ അവകാശം പോലെ ഞാൻ ഗൗരിയെ പൊടുന്നനെ എന്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തി.  അവളുടെ മൂർദ്ധാവിലും, കണ്ണുകളിലും, ചുണ്ടിതളുകളിലും ദീർഘമായി ചുംബിക്കുകയും ചെയ്തു.

ഗൗരി വേനലിൽ പെയ്യുന്ന വീട്ടുമുറ്റത്തെ മഴയിലേക്ക് ഇറങ്ങി നിൽക്കുന്ന കുട്ടിയെ പോലെ നിന്നു. അവളെ എന്റെ എഴുത്തുമേശക്കരികിലെ കസേരയിൽ എനിക്കഭിമുഖമായി ഞാൻ ഇരുത്തി.. 

"സ്ത്രീകളും, പൂക്കളും എഴുത്തുകാരനെ ദൗർഭാഗ്യങ്ങളിൽ നിന്നും രക്ഷിക്കുമെന്ന് ഗാബോവിനെ പോലെ ഞാനും വിശ്വസിക്കുന്നു."

വിശ്വാസം വരാത്തത് പോലെ ഗൗരി... 

"അപ്പൊ ഞാൻ മെർസിഡസിനെ പോലെ.. വേണം..ല്ലേ..? 

"വേണ്ട.. ഞാൻ വൈഷ്‌ണേയനും, നീ ഗൗരിയുമാണല്ലോ", എന്ന് ഞാൻ.. 

"എന്നെ ഈ നോവൽ എഴുതി കഴിയും വരെ ഇവിടെ താമസിപ്പിക്കണം. എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ഒരെഴുത്തിനൊപ്പമെങ്കിലും ഉടലും ഉയിരുമാവാനുള്ള തീവ്രമായ മോഹം കൊണ്ടാണ്. എന്നെ പറഞ്ഞുവിടരുത്.. "

ഗൗരി കരയാൻ തുടങ്ങുകയാണ്. 

"ഗൗരി.. എന്റെ പകർത്തിയെഴുത്തുക്കാരിയായി നീ.... "

എനിക്ക് മുഴുമിപ്പിക്കാൻ കഴിയും മുൻപേ ഗൗരി ചുടുചുംബനങ്ങളാൽ എന്റെ മൊഴികളെ ബന്ധനത്തിലാക്കി. എന്നിലെ എഴുത്തുകാരൻ സർപ്പസൗന്ദര്യമുള്ള ഒരു സുന്ദരിയുടെ തടവിൽ അകപ്പെട്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. 

ഗൗരി എഴുത്തുമേശയിലേയ്ക്ക്  ഒരു ഫ്ലവർവേസിൽ ഹിമാകണം പേറുന്ന  ചുവന്ന പനിനീർപൂമൊട്ടുകൾ കൊണ്ട് വെച്ചു. എനിക്കെഴുതാനുള്ള വെള്ളകടലാസുകൾ. എഴുത്തുപേനകൾ. 

അവൾക്ക് പകർത്തിയെഴുതാൻ പാകത്തിൽ എന്റെ എഴുത്തുമേശക്കരികിൽ ഒരു പാഡും പേപ്പറുകളുമായി അവൾ ഒരിരിപ്പിടമൊരുക്കി. 

"നമുക്ക് പുഴയുടെ തീരത്തൂടെ ഒന്ന് നടന്നു വന്നാലോ...? 

ഞാൻ പറഞ്ഞതും അവൾ ഇറങ്ങി വന്നു.. 

ഞങ്ങൾ പുഴയെ നോക്കി കുറേ നേരം നിന്നു. പിന്നെ അരികത്തെ മണൽതിട്ടയിലൂടെ കുറേ നടന്നു. പുഴയിലേക്ക് ചായുന്ന മാവിൻ ചില്ലയിൽ അവൾക്കാടാനായി ഒരൂഞ്ഞാൽ ഞാൻ  കെട്ടി കൊടുത്തു. ഒരു നേർത്ത ഓണപ്പാട്ടിന്റെ ഈരടികൾ ചുണ്ടിൽ ചേർത്ത് ഗൗരി ആടുന്നു.

രാത്രിയായത് അറിഞ്ഞില്ല. ആകാശത്തു നിന്ന് ആവണിനിലാവ് ഞങ്ങൾക്കരികിലേയ്ക്ക് ഇറങ്ങി വന്നു. ബ്രഹ്മശിവക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾ നിളയുടെ വെള്ളത്തിലും പ്രകാശിക്കുന്നത് ഞങ്ങൾക്ക് കാണാം. ആറ്റുവഞ്ചികൾ പൂത്തുനിൽക്കുന്ന മണൽപ്പരപ്പിലൂടെ വൈഷ്‌നേയനും ഗൗരിയും നടന്നു. നിലാവ് താഴുമ്പോഴും 
രണ്ടുപേരും ഉറങ്ങിയിട്ടില്ല.. 

വൈഷ്ണേയന്റെ പകർത്തിയെഴുത്തുക്കാരി അയാളിൽ നിന്ന് വാർന്നു വീഴുന്ന അക്ഷരപ്രാവാഹങ്ങളെ അവളുടെ ആത്മാവിലേക്ക് തന്നെ പകർത്തിയെടുക്കുകയാണ്.. 

വൈഷ്‌ണേയൻ ഒന്നമദ്ധ്യായത്തിൽ ഇങ്ങനെ കുറിച്ചു.. 

"ഗൗരി വന്നിലായിരുന്നെങ്കിൽ. അയാൾ ഈ നോവൽ എഴുതുമായിരുന്നില്ല. കാരണം ഗൗരിയില്ലാതെ അതു പൂർത്തിയാകില്ല. അവളാണല്ലോ കഥ കൊണ്ടുപോകേണ്ടത്.. അവളുടെയും.. അയാളുടെയും... "

പുഴക്കരയിലെ ആ വീട്ടിൽ അപ്പോൾ ചന്ദനത്തിന്റെ ഗന്ധവും, കാൽച്ചിലങ്കകളുടെ ശബ്ദങ്ങളും കൊണ്ട് മുഖരിതമായി.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ