തികച്ചും യാദൃശ്ചികമായാണ് അട്ടപ്പാടിയിലെ വിദ്യാലയത്തിൽ അധ്യാപികയായെത്തുന്നത്. കാപട്യമേതുമില്ലാത്ത തദ്ദേശവാസികളെ കാണുമ്പോൾത്തന്നെ നമുക്ക് സമാധാനം തോന്നും. അവരുടെ കുട്ടികളെ പഠിപ്പിക്കുന്നത് നമ്മിൽ വലിയൊരു സംതൃപ്തി നിറക്കും. വലിയൊരൂർജ്ജമാണിവിടം. പ്രത്യേകിച്ചും ഇവിടെയുള്ള പ്രകൃതിക്കാഴ്ചകൾ.

ചുറ്റുപാടും നോക്കിയാൽ കുന്നും മലകളും നിറഞ്ഞ അത്തരമൊരന്തരീക്ഷം പ്രകൃതിയുടെ വരദാനം തന്നെ.

ഭവാനി, ശിരുവാണി തുടങ്ങിയ നദികളുമുണ്ടിവിടെ.

അഗളിയിൽ താമസിക്കുന്നതിനടുത്തായി ശിരുവാണിപ്പുഴയുണ്ട്. മഴക്കാലത്ത് തീരം തകർത്ത് സംഹാരരുദ്രയായി പാഞ്ഞൊഴുകുന്നവൾ ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്. ഏറെ ശാന്തമായ തെളിനീരൊഴുക്കിൽ അതിരാവിലെയുള്ള തണുപ്പിൽ നീരാടുന്നത് ഹൃദ്യമായ ഒരനുഭൂതി തന്നെയാണ്.

അത്രയും നേരത്തെ ആരുമുണ്ടാവില്ല എന്നതുകൊണ്ടുതന്നെ ശിരുവാണിയോട് സംസാരിക്കാറുണ്ട് എന്നും. കുളിയും അലക്കലും കഴിഞ്ഞ് തിരികെ പോരുമ്പോൾ എന്നും യാത്ര പറയാറുമുണ്ട്. അലക്കൈകളെ കൊണ്ട് താളം പിടിച്ച് അവളും മനോഹരമായി മൊഴിയാറുണ്ട്.

ഭക്ഷണം കഴിക്കാൻ കാൻ്റീനിലേക്കു പോകുമ്പോഴാണ് അവിടെയുള്ള അയ്യപ്പൻ വിളക്ക് മഹോത്സവത്തെക്കുറിച്ചും തിരക്കിനെക്കുറിച്ചും കൂടെ താമസിക്കുന്ന കുട്ടി പറഞ്ഞു തന്നത്. റോഡിൽ അങ്ങോളമിങ്ങോളം കച്ചവടക്കാരുണ്ടാവുമെന്ന് അവൾ പറഞ്ഞപ്പോഴും ഇത്രയും തിരക്കാണിവിടെയെന്ന്

പിന്നീടത് നേരിൽ കണ്ടപ്പോഴാണ് മനസ്സിലായത്. ആ കാഴ്ചയിൽ അത്ഭുതപ്പെട്ടിരിക്കവെ

"ഇതൊന്നുമല്ല മിസ്സേ, മല്ലീശ്വരൻ കോവിലിലെ ശിവരാത്രിടെ അന്നാണ് തിരക്ക്. അങ്ങനെ ശിവരാത്രി നാളിലെ തിരക്കും ആഘോഷത്തിമർപ്പും കാണാൻ അവസരമുണ്ടായി.

വള്ളുവനാടൻ മടിത്തട്ടിൽ ജനിച്ചു വളർന്ന ആളെന്ന നിലയിൽ  വേല പൂരങ്ങളുടെ തിക്കും തിരക്കും ആഘോഷവുമൊന്നും അന്യമോ അപരിചിതമോ ആയ കാഴ്ചളെല്ല. എങ്കിലും ഇത്തരമൊരു തിരക്കിന് സാക്ഷിയാവുന്നത് ആദ്യമായിട്ടാണ് എന്ന് അഗളി അയ്യപ്പൻ വിളക്ക് കണ്ടപ്പോൾ മനസ്സിലായി. ഓരോരോ കാഴ്ചകളും അനുഭവങ്ങളുമായി വരും ദിനങ്ങളിൽ നിങ്ങൾക്കു മുന്നിൽ ഒരു പരമ്പര തന്നെ ഇതൾ വിരിയുന്നു ...

ഓർമകൾക്ക് മരണമില്ല .. മറക്കാനാവാത്ത ഹൃദയസ്പർശിയായ ഒരായിരം അനുഭവങ്ങളുമായാണ് ഏപ്രിൽ ഒന്നിന് അഗളിയോട് വിട പറഞ്ഞത്. മഹാദേവാ..മല്ലീശ്വരാ... അവിടത്തെ കാലടികളിൽ ശതകോടി പ്രണാമം.

(തുടരും)

 

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ