
പിറന്ന നാളിൽ കേരളമേ,
നീ പച്ചപ്പട്ടുടുത്ത രാജകുമാരിയായിരുന്നു,
തെങ്ങോലകൾ കാറ്റിലാടുന്ന തിരുമുറ്റത്ത്,
പച്ച പുതച്ച വയലേലകളുടെ നെറുകയിൽ...
പുലർകാലെ കോഴി കൂവി വിളിച്ചപ്പോൾ,
കലപ്പ തോളിലേറ്റി കർഷകൻ ഇറങ്ങി,
മഞ്ഞു പൊതിഞ്ഞ പാടവരമ്പിലൂടെ,
ചേറിൽ സ്വപ്നം വിതച്ചിരുന്ന കാലം.
കാവുകൾ പൂത്തു നിന്നിരുന്നു അന്ന്,
ചെമ്പകവും ഇലഞ്ഞിയും സുഗന്ധം പരത്തി,
കളകളം പാടി ഒഴുകിയിരുന്ന അരുവികൾ,
വയലിൽ നെൽക്കതിരുകൾ തലയാട്ടി നിന്നു,
സന്ധ്യകൾക്ക് ചന്ദനത്തിന്റെ നിറമായിരുന്നു,
പറഞ്ഞു തീരാത്തൊരു കവിതയായിരുന്നു നീ.
പിന്നെ...
ആരാണ് നിന്നെ ഇങ്ങനെയാക്കിയത്?
കുന്നുകൾ ഇടിച്ചു നിരത്തി,
മലനിരകളെ വെട്ടി നുറുക്കി,
പാടം നികത്തി മണിമന്ദിരങ്ങൾ പൊങ്ങി,
വയൽ ഇല്ലാത്ത നാട്ടിൽ കൊട്ടാരങ്ങൾ മുളച്ചു.
അരുവികൾ എവിടെ?
അവ ചത്തു പോയി, മാലിന്യം കുടിച്ചു മരിച്ചു,
പുഴകൾ ഒഴുകുന്നത് വെള്ളമല്ല,
പ്ലാസ്റ്റിക്കും ചവറും ചേർന്ന ശാപമാണ്.
പുലരികൾക്ക് ഇന്ന് കോഴി കൂവലല്ല,
ലഹരിയുടെ ലഹരി പിടിച്ച തലമുറയുടെ ആട്ടമാണ്,
പരിശുദ്ധമായ മണ്ണിൽ വിതച്ചത് നെല്ലല്ല,
കഞ്ചാവും MDMA എന്ന വിഷവുമാണ്.
നിഷ്കളങ്കരായിരുന്ന മനുഷ്യരെ,
നീചമായ ലഹരിക്ക് അടിമപ്പെടുത്തി,
ആധുനികതയുടെ പേരിൽ,
നീയൊരു കെട്ടക്കോലമായി മാറിയോ കേരളമേ?
ഒരിക്കൽ ദൈവത്തിന്റെ സ്വന്തം നാടായിരുന്ന നീ,
ഇന്ന് സ്വയം മറന്ന നാടായി,
പച്ചപ്പ് പോയി, പുകയായി,
നന്മ പോയി, നരകമായി.
ഉണരണം കേരളമേ, നീ വീണ്ടും ഉണരണം,
വെട്ടിയ മലകൾ തിരിച്ചു വരില്ലെങ്കിലും,
ചത്ത അരുവിക്ക് ജീവൻ കൊടുക്കാൻ,
ഇനിയെങ്കിലും ഒരു തുള്ളി കണ്ണീരെങ്കിലും ബാക്കിയുണ്ടോ?
