
പട്ടണത്തിന്റെ വലിയ തിരക്കൊന്നുമില്ലാത്ത ഒരു സൈഡ് റോഡില്‍ "ആയുർവേദ ചികിത്സാലയം' എന്ന പഴയ നിറം മങ്ങിയ ബോർഡ് തൂങ്ങിക്കിടക്കുന്ന ഒരു ചെറിയ കടയുണ്ടായിരുന്നു. ആ കടയുടെ ഉടമ രാഘവൻ വൈദ്യർ – നാൽപ്പത്തഞ്ച് വയസ്സുള്ള, മെലിഞ്ഞ ശരീരമുള്ള, കണ്ണടവച്ച ഒരു നല്ല മനുഷ്യൻ. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു ശാന്തമായ പുഞ്ചിരിയുണ്ട്. പക്ഷേ ആ പുഞ്ചിരിക്ക് പിന്നിൽ ഒരുപാട് വേദനകൾ ഒളിഞ്ഞുകിടന്നിരുന്നു.
കടയിൽ വിൽക്കാൻ വേണ്ടത്ര മരുന്നുകൾ ഇല്ല. സപ്ലയർക്ക് കൊടുക്കാൻ കുടിശ്ശിക ബാക്കി. ബാങ്ക് ലോൺ തിരിച്ചടക്കാൻ മൂന്ന് മാസം മുതൽ മുടക്കം. ഭാര്യ സരസ്വതി, ഏഴാം ക്ലാസ്സുകാരൻ അർജുൻ, അഞ്ചാം ക്ലാസ്സുകാരി അമ്മു എന്നിവരടങ്ങുന്ന കുടുംബത്തിന്‍ടെ ഉത്തരവാദിത്വങ്ങള്‍
കുട്ടികളുടെ സ്കൂൾ ഫീസ്, സരസ്വതിയുടെ മരുന്ന്, വീട്ടുവാടക, അങ്ങനെ ചിലവുകളേറെ.
ആ ദിവസം, ഒരു ബുധനാഴ്ച രാവിലെ രാഘവൻ കടയടക്കാൻ നേരത്തെ തന്നെ ഇറങ്ങി. സപ്ലയറെ ചെന്ന് കണ്ട് കുറച്ചു ദിവസം കൂടി സമയം ചോദിക്കണം. ബസ്സ് സ്റ്റോപ്പിൽ ആളുകൾ തിങ്ങിനിൽക്കുന്നു. രാഘവൻ ഒരു മൂലയിൽ ചെന്ന് ഇരുന്നു. ഷെഡ്ഡിന്റെ ഇരുമ്പ് ബെഞ്ചിൽ കൂനിക്കൂടി, ബസ്സിനായി കാത്തിരുന്നു.
മനസ്സ് കണക്കുകൾ കൂട്ടുകയായിരുന്നു. ഇരുപതിനായിരം ഇങ്ങോട്ട്, മുപ്പതിനായിരം അങ്ങോട്ട്. മനസ്സില്‍ ഒരു കനത്ത ഭാരം അമർന്നിരിക്കുന്ന പോലെ. ഇടതു കൈ ബെഞ്ചിൽ ഊന്നി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ, വിരലുകൾ എന്തോ തണുത്ത മൃദുവായ ഒന്നിൽ തൊട്ടു. താഴേക്ക് നോക്കി. ബെഞ്ചിനും ഷെഡ്ഡിന്റെ ചുവരിനും ഇടയിൽ, ഇരുട്ടിൽ മറഞ്ഞ്, ഒരു സ്വർണ്ണ മാല കിടക്കുന്നു.
രാഘവൻ അത് എടുത്ത് ഉള്ളംകൈയിൽ വച്ചു. ഒരു കൃഷ്ണ ലോക്കറ്റ് – ചെറിയ ഓടക്കുഴൽ ഊതുന്ന കൃഷ്ണൻ – തൂങ്ങിക്കിടക്കുന്ന സ്വർണ്ണ കളറുള്ള മാല. ഏകദേശം . അഞ്ച് പവനെങ്കിലും കാണും. അത് സ്വര്‍ണ്ണമാലയാണെങ്കില്‍.
ഹൃദയം ഒരു നിമിഷം നിന്നു പോയപോലെ രാഘവന്‍ വൈദ്യര്‍ക്ക് തോന്നി. ചുറ്റും നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. ആളുകൾ ഫോണിൽ നോക്കുന്നു, ബസ്സ് നോക്കുന്നു. ആരും ഇദ്ദേഹത്തെ കാണുന്നില്ല.
'ഇതൊന്ന് വിറ്റാൽ...' മനസ്സ് മന്ത്രിക്കാൻ തുടങ്ങി. ബാങ്കിന്റെ കുടിശ്ശിക തീർക്കാം. സപ്ലയർക്ക് കൊടുക്കാം. കടയിൽ മരുന്ന് നിറക്കാം. അർജുന്റെ ഫീസ്, അമ്മുവിന്റെ പുതിയ ഷൂസ്, സരസ്വതിക്ക് ഒരു നല്ല ഡോക്ടറെ കൊണ്ടുപോകാം. ഒരു നിമിഷം ആ ചിന്തകൾ തിരകൾ പോലെ ഉള്ളിൽ അടിച്ചു. കൈ വിറക്കുന്നു. ചുണ്ടുകൾ ഉണങ്ങുന്നു.
പക്ഷേ...
ആ മാലയ്ക്ക് ഒരു ഉടമ ഉണ്ട്. ആരോ ഒരാൾ ഇപ്പോൾ ഇതിനായി കരയുന്നുണ്ടാകും. ഒരു പ്രാർഥനയോടെ. ആരുടെയോ ഹൃദയത്തോട് ചേർന്ന ഒരു സ്നേഹം ഈ ലോക്കറ്റിൽ ഉണ്ട്.
ഞാൻ ഇത് സ്വന്തമാക്കിയാൽ, ഞാൻ ആര്?
രാഘവൻ ഉള്ളംകൈ മടക്കി, മാല ഷർട്ടിന്റെ മുകൾ പോക്കറ്റിൽ ഇട്ടു. ആ ബെഞ്ചില്‍ തന്നെ ഇരുന്നു.
ഒരു മണിക്കൂർസമയം കടന്നു പോയി. ബസ്സുകള്‍ പലതും വന്നു, പോയി. രാഘവൻ വൈദ്യര്‍ കയറിയില്ല. രണ്ട് മണിക്കൂര്‍ കടന്നു പോയി
ഒരു പതിനഞ്ച് വയസ്സ് തോന്നിക്കുന്ന പെൺകുട്ടി വെയിറ്റിംഗ്ഷെഡ്ഡിലേക്ക് ഓടിക്കയറി വന്നു. ചുരിദാറിന്റെ ദുപ്പട്ട ഒരു കൈ കൊണ്ട് ഒതുക്കിപ്പിടിച്ച്, ആ പെൺകുട്ടി ബെഞ്ചിന്റെ അടിയിൽ, ഷെഡ്ഡിന്റെ കോണുകളിൽ, നിലത്ത് – എല്ലായിടത്തും പരിഭ്രമിച്ച് തിരയുന്നുണ്ടായിരുന്നു.
കണ്ണുകൾ നിറഞ്ഞിരിക്കുന്നു. മുഖം വിളറിയിരിയ്ക്കുന്നു
അയാള്‍ ശാന്തമായി ചോദിച്ചു: "മോളേ, എന്തെങ്കിലും കളഞ്ഞു പോയാ?"
ആ പെൺകുട്ടി – മീര – തലയുയർത്തി നോക്കി.
"ഒരു മാല... ഒരു സ്വർണ്ണ മാല. ഇന്നലെ രാവിലെ... പലയിടത്തും നോക്കി.ഇവിടെ ബസ് കയറാന്‍ വന്നിരുന്നു." മീരയുടെശബ്ദം ഇടറി.
"മോളേ, ആ മാലയ്ക്ക് വല്ല അടയാളവും പറയാൻ പറ്റുമോ?
മീര ഒരു നിമിഷം ഇദ്ദേഹത്തെ നോക്കി. ആ കണ്ണുകളിൽ ഒരു ചോദ്യം മിന്നി.
"ഉണ്ട്... ഒരു കൃഷ്ണ ലോക്കറ്റ്. ഓടക്കുഴൽ ഊതുന്ന കൃഷ്ണൻ. അഞ്ച് പവൻ ആണ്. എന്റെ അച്ഛന്‍.. അച്ഛന്‍ മരിക്കുന്നതിന് മുൻപ് സമ്മാനിച്ചതാണ്..."
അവള്‍ വിങ്ങിപ്പൊട്ടി. രാഘവൻ വൈദ്യര്‍ നിശ്ശബ്ദനായി . ഒരു നിമിഷം കൂടി ആലോചിച്ചു.പിന്നെ സംശയിച്ചില്ല. പോക്കറ്റിൽ കൈ ഇട്ടു. മാല പുറത്തെടുത്ത്, മീരയുടെ കൈകളിൽ വച്ചു.
"ഇതല്ലേ?"
മാല കണ്ടതും, ഒരു നിമിഷം ശ്വാസം നിലച്ചു. പിന്നെ രണ്ട് കൈകളിലും ആ മാല ചേർത്ത് പിടിച്ച്, "അച്ഛാ." എന്ന് വിളിച്ചു.
ആ കരച്ചിൽ കേട്ടപ്പോൾ, രാഘവന്റെ ഉള്ളിൽ ഒരു ഭാരം ഇറങ്ങിപ്പോകുന്ന പോലെ തോന്നി. പണം കൊണ്ട് കിട്ടാത്ത വലിയ ഒരു സന്തോഷവും ചാരിതാര്‍ത്ഥ്യവും
"ഇതെവിടെ നിന്ന് കിട്ടി?" മീര കണ്ണുതുടച്ച് ചോദിച്ചു.
"ഈ ബെഞ്ചിന്റെ ഒരു കോണിൽ. ഞാൻ ഇന്ന് രാവിലെ ഇവിടെ ഇരിക്കുമ്പോൾ..."
"അങ്കിൾ..." മീരയ്ക്ക് വാക്കുകൾ കിട്ടുന്നില്ല. "ഇത് ഒരുപാട് വിലപ്പെട്ടതാണ്. അങ്കിൾ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിയ്ക്കറിയില്ല. ഒരു ദിവസം വീട്ടിലേയ്ക്ക് വരണം
"വരാം," രാഘവൻ വൈദ്യര്‍ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു."
അന്ന്, കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍, വൈദ്യരുടെ പോക്കറ്റ് ശൂന്യമായിരുന്നു. പക്ഷേ മനസ്സ് സന്തോഷ ഭരിതമായിരുന്നു.
തന്‍ടെ എല്ലാ ദഃഖങ്ങളും ഒരു ദിവസത്തേയ്ക്കെങ്കിലും അയാള്‍ മറന്നു രാത്രി സുഖമായി ഉറങ്ങി.
പിന്നെയും ജീവിതചക്രം കറങ്ങി. വൈദ്യരുടെ ജീവിതക്രമങ്ങളും. ബസ്സുകള്‍ പലതും വന്നു. വെയിറ്റിംഗ് ഷെഡില്‍ നിന്നു ആളുകള്‍,കയറിയിറങ്ങി പ്പോയി.
തകര്‍ത്തു പെയ്‌യുന്ന മഴയിലേയ്ക്ക് നോക്കി രാഘവന്‍ വൈദ്യര്‍ ചിന്തയില്‍ മുഴുകിയിരുന്നു..
