Ansila

അതൊരു തെറ്റായ സമയമായിരുന്നോ.

ആയിരിക്കാം ഇല്ലെങ്കിൽ എനിക്കെന്നെ നഷ്ടപ്പെടില്ലായിരുന്നു. ഒരു കാലത്ത് ഒരുപാട് പ്രണയിച്ചിരുന്ന ഒരാളെ എങ്ങനെയാണ് എനിക്ക് കൊല്ലാൻ സാധിച്ചത്.... ഇല്ല സമയത്തിന്റെ തെറ്റല്ല. എന്റെ മനസ്സിനാണ് തെറ്റ് സംഭവിച്ചത്.

അപ്പേട്ടാ എന്തിനാണെന്റെ കൈകളാൽ മരിച്ചത്. എന്തിനാണ് എന്നെ സ്നേഹം കൊണ്ട് കബളിപ്പിച്ചത്. ഹൃദയം നിറയെ ഞാൻ സ്നേഹിച്ചില്ലേ. എന്നെക്കാളേറെ ഞാൻ സ്നേഹിച്ചില്ലേ. എന്നിട്ടും.

ഭ്രാന്താശുപത്രിയിലെ ഇരുമ്പഴികളിൽ നിന്ന് നോക്കുമ്പോൾ വെളിച്ചം എനിക്ക് കിട്ടാക്കനിയാണ്.... ഭ്രാന്തിന്റെ തീവ്രത ഏറ്റവും കൂടി സ്വയമേ അപകടപ്പെടുത്താൻ സാധ്യതയുള്ള, മറ്റുള്ളവരെ അപായപ്പെടുത്താൻ സാധ്യതയുള്ള എന്നെ ഏറ്റവും അവസാനത്തെ പ്രത്യേകം നോട്ടമെത്തുന്ന സെല്ലിലാണ് ഇട്ടിരിക്കുന്നത്. എന്റെ ബുദ്ധി അതിരുകവിഞ്ഞു വിട്ട് പ്രവർത്തിച്ചു പോയാൽ ഞാൻ ആത്മഹത്യക്ക് പോലും മുതിരാൻ സാധ്യതയുണ്ട്. ചിന്തകൾക്ക് തുടർച്ചയില്ലാതിരിക്കാനാണോ ഈ ബെൽ ഇടക്കിടക്ക് മുഴങ്ങുന്നത്.

അതൊന്ന് നിർത്തി വെക്കാൻ ഞാൻ എത്ര തവണ പറഞ്ഞു. നിങ്ങൾ എന്റെ ഭ്രാന്തിന്റെ തീവ്രത കൂട്ടുകയാണോ. ഭ്രാന്ത് മൂത്തു മൂത്തവസാനം എന്നിലേക്ക് വെളിച്ചം വീശുമെന്ന് കരുതുന്നുണ്ടോ. വേണ്ട എനിക്ക് വെളിച്ചം വേണ്ട. എനിക്ക് ഇരുട്ടു മതി. എനിക്ക് പേടിയാണ്. ഭയമാണ് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഞാൻ എത്തിയാൽ എനിക്ക് തിരിച്ചറിവുണ്ടായാൽ എനിക്കെന്റെ അപ്പേട്ടനെ എന്നെന്നേക്കുമായി നഷ്ടപ്പെടില്ലേ.

ഞാൻ ഒരു മഹാപാപിയാണ് എന്റെ കൈകൾ കൊണ്ട് ഞാനാ മനുഷ്യനെ. 

ഈശ്വരാ എന്തിനാണ് ഞാനത് ചെയ്തത്.

വീണ്ടും ബെല്ലടിച്ചു.

എന്റെ ചിന്തകൾ മുറിഞ്ഞു. ഇത്തവണ അത് നല്ലതിനാണ്. ഇല്ലെങ്കിൽ എനിക്ക് സ്വയം വേദനിപ്പിക്കാൻ തോന്നിയേനെ. ആ തോന്നലിന്റെ അവസാനം ഞാൻ പതിവ് പോലെ ചുമരിലേക്ക് തല കൂട്ടിമുട്ടിച്ച് മുറിവുണ്ടാക്കിയനെ. അങ്ങനെ എത്രയോ തവണ എത്രയെത്ര മുറിവുകൾ സ്വയം വെറുപ്പ് തോന്നി ഞാൻ സൃഷ്ടിച്ചിരിക്കുന്നു.

എന്റെ മുഖമൊന്ന് കണ്ണാടിയിൽ കാണാൻ എനിക്ക് ആഗ്രഹമുണ്ട്.

വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു ഞാനെന്നെ കണ്ടിട്ട്. എന്റെ മുറിവുകൾ ഞാൻ സൃഷ്ടിച്ച ആ മുറിവുകൾ എനിക്ക് സ്വയമേ കണ്ട് എണ്ണി തിട്ടപ്പെടുത്താമായിരുന്നു.

പക്ഷേ കണ്ണാടി ചില്ലല്ലേ അത് അപകടമല്ലേ. അത് പൊട്ടിച്ച് ഒരിക്കൽ കൈ മുറിക്കാൻ ഞാൻ ഒരിക്കൽ ശ്രമിച്ചതാണ്. അതുകൊണ്ട്  കണ്ണാടി എനിക്ക് കിട്ടാക്കനിയാണ്. എനിക്കെന്നെ കണ്ണാടിയിൽ കാണാനുള്ള അവകാശം ഞാനായി തന്നെ നഷ്ടപ്പെടുത്തി. എങ്കിലും എനിക്ക് എന്നെ പറ്റി ഒരുപാട് കാര്യങ്ങൾ ഓർത്തെടുക്കാനാകും. അതിനർത്ഥം എനിക്കെന്നെ ഓർമ്മയുണ്ടെന്നല്ലേ.

കഴിഞ്ഞ മൂന്നു വർഷമായി ഈ ഭ്രാന്താശുപത്രിയിലെ സെല്ലിൽ കിടന്നിട്ടും ഞാനെന്റെ കഥ മറന്നിട്ടില്ലെന്നല്ലേ.... എന്റെ പേര് നന്ദിനി.... ആ പേരിനോടൊപ്പം അച്ഛന്റെ പേര് കൂടി ഉണ്ടായിരുന്നു..... പക്ഷേ അതെനിക്ക് ഓർമ്മയില്ല.... കഴിഞ്ഞ മൂന്ന് വർഷമായി ഭ്രാന്താശുപത്രിയിൽ കഴിയുകയല്ലേ ഞാൻ.....അപ്പോ എനിക്ക് 19 വയസ്സ് കാണണം. എന്റെ പിറന്നാൾ എന്നാണെന്നൊന്നും എനിക്ക് ഓർമ്മയില്ല. അപ്പേട്ടനെ എനിക്ക് നല്ല ഓർമ്മയുണ്ട്. 

വർഷങ്ങളായി ചിന്താശേഷി മരവിപ്പിച്ചും ഉറക്കുകുളിക കൾ തന്നും എന്നിൽ നിന്നും മായിച്ചുകളയാൻ ഇവരെല്ലാവരും ശ്രമിച്ചത് അപ്പേട്ടന്റെ ഓർമ്മകളാണ്....കാലങ്ങൾ എത്ര കഴിഞ്ഞിട്ടും അത് മാത്രം ഞാൻ മറക്കുന്നില്ലല്ലോ.......

വീണ്ടും ബെല്ലടിക്കുന്നു.... ഛേ..

ഇവരെന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്. ആത്മഹത്യ ചെയ്യാൻ സമ്മതിക്കില്ല.

ചിന്തിക്കാൻ സമ്മതിക്കില്ല..

അധ്യാപകനായ 30 വയസ്സുകാരൻ കാമുകനെ കുത്തിക്കൊന്ന പതിനാറുകാരിയയായ കാമുകി അതായിരുന്നു ഞാൻ. ഒരുകാലത്ത് പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും എന്നെ പറ്റിയുള്ള വാർത്തകളായിരുന്നു മുഴുവൻ.

16 വയസ്സുകാരി എങ്ങനെ കാമുകിയായി?

16 വയസ്സുകാരി എങ്ങനെ കൊലപാതകിയായി?

ഇടയ്ക്ക് ഭ്രാന്ത് മൂക്കുന്ന സമയങ്ങളിൽ എനിക്ക് തന്നെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. എന്റെ ചിന്തകൾ മുറിഞ്ഞു..എങ്കിലും ഒരിക്കലും മറക്കാത്ത മറക്കാൻ സാധിക്കാത്ത ആ വ്യക്തിയെ പറ്റി ഞാൻ ചിന്തിക്കുകയാണ്.....അപ്പേട്ടന്റെ യഥാർത്ഥ പേര് പ്രണവ് എന്നായിരുന്നു.

എല്ലാവരും അപ്പു എന്ന് സ്നേഹത്തോടെ വിളിക്കുമ്പോൾ എനിക്കെന്റെ അപ്പേട്ടനായിരുന്നു....

എൻറെ സ്കൂളിലെ കണക്കുമാഷായിരുന്നു പ്രണവ് എന്ന അപ്പേട്ടൻ. എട്ടാം ക്ലാസ് മുതലാണ് അപ്പേട്ടൻ എന്നെ കണക്ക് പഠിപ്പിക്കാൻ തുടങ്ങിയത്. പണ്ട് മുതൽക്കെ എനിക്ക് കണക്കിൽ തീരെ അറിവില്ല.... പട്ടിക പോലും കാണാപാഠം പഠിക്കാൻ ഞാൻ ബുദ്ധിമുട്ടി. ഇനി അത് പഠിച്ചിട്ടും അതെങ്ങനെ ഉപയോഗിക്കണമെന്നറിയാതെ ഞാൻ വശംകെട്ടു......എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെയാണ് അപ്പേട്ടന്റെ കണ്ണിലേക്ക് ഞാൻ ആദ്യമായി എത്തപ്പെട്ടത്.

ക്ലാസിലെ എല്ലാവരിൽ നിന്നും എനിക്ക് പ്രത്യേകത ഉണ്ടാക്കി തന്ന ഒരു ദിവസമായിരുന്നു അന്ന്. ഓണപരീക്ഷ കഴിഞ്ഞപ്പോൾ എല്ലാവർക്കും കൊട്ടക്കണക്കിന് മാർക്ക് കിട്ടിയ ദിവസം എന്തുകൊണ്ട് മാർക്ക് കുറഞ്ഞുപോയി എന്ന് അവലോകനം നടത്തുവാൻ ബോർഡിൽ ഗുണനത്തിന്റെ ഒരു കണക്ക് എഴുതിയിട്ട് എന്നോട് ചെയ്യുവാനായി പ്രണവ് സാർ ആവശ്യപ്പെട്ടു. എട്ടിന്റെയും ആറിന്റെയും പട്ടിക അറിയാമായിരുന്നിട്ടും എനിക്കത് ചെയ്യാൻ സാധിച്ചില്ല.... ഗുണനം എനിക്ക് വശമില്ലല്ലോ... ബോർഡിനു മുന്നിൽ പോയി നിന്ന് ഞാൻ കരഞ്ഞു...എന്റെ കരച്ചിൽ കണ്ടതും സാരമില്ലെന്ന് പറഞ്ഞ് എന്നെ സീറ്റിലേക്ക് പറഞ്ഞുവിട്ടു.

അതോടെ എനിക്ക് ആ മനുഷ്യനെ ഭയമായി......ദൂരെ നിന്ന് കണ്ടാൽ പോലും ഞാൻ ഓടി മറയുമായിരുന്നു.... വല്ലാത്തൊരു പേടി... കണക്കിനോട് പേടി ഉണ്ടെങ്കിൽ പോലും പ്രണവ് സാറിനോട് കുട്ടികൾ എല്ലാവർക്കും അതിതീവ്രമായ ആരാധനയായിരുന്നു....അതിനു കാരണം സാറിന്റെ  സൗന്ദര്യം തന്നെയാണ്. ഇരുനിറത്തിലുള്ള ഷർട്ടുകളും അതേ കരയുള്ള മുണ്ടുമുടുത്ത് അപ്പേട്ടൻ ക്ലാസിലേക്ക് വരുമ്പോൾ ചന്ദനക്കുറി അണിഞ്ഞ ആ മുഖത്തേക്ക് നോക്കാൻ വല്ലാത്തൊരു ഐശ്വര്യമാണ്...

പ്രണവ് സാർ  ക്ലാസെടുക്കുമ്പോൾ എത്ര ഉറക്കം വന്നാലും കുട്ടികൾ എല്ലാവരും കണ്ണെടുക്കാതെ ആ മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കും....  പലപ്പോഴും ക്ലാസിൽ ഉച്ചഭക്ഷണത്തിനു ശേഷമുള്ള ചർച്ചയായും സ്വപ്ന സന്ദേശങ്ങളായും സാർ മാറി. വെള്ളിയാഴ്ച നീണ്ട ഇടവേളകൾ ഉള്ള ദിവസം സാറിനെ കുറിച്ച് സാറിന്റെ ക്ലാസിനെ കുറിച്ച് സാറിന്റെ സൗന്ദര്യത്തെക്കുറിച്ച് ചർച്ചകളുണ്ടായി.. ആ നടപ്പിന്റെ ഭംഗിയെ കുറിച്ചും മായാത്ത പുഞ്ചിരിയെ കുറിച്ചും കുട്ടികൾ എല്ലാവരും വാചാലയായപ്പോഴും ഞാനാ കൂട്ടത്തിൽ കൂടിയില്ല.....കാരണം എനിക്കാ മനുഷ്യനെ ഭയമായിരുന്നു ആ ഭയം എന്തിനാണെന്ന് ചോദിച്ചാൽ ആ കണ്ണുകൾ എന്നിൽ ഉടക്കി നിൽക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.....അതിനർത്ഥം എന്നെ കാര്യമായി ശ്രദ്ധിക്കുന്നു എന്നല്ലേ.....അത് ചിലപ്പോൾ അടുത്ത ക്ലാസിൽ വരുമ്പോൾ ഏറ്റവും പാടുള്ള കണക്ക് തരാൻ വേണ്ടി ആയിരിക്കുമോ എന്ന ഭയത്തിൽ ഞാൻ കണക്ക് നന്നായി പഠിക്കാൻ തുടങ്ങി. 

ഓരോ തവണ ക്ലാസിൽ ഓരോ പാഠവും കണക്കിന്റെ പഠിപ്പിക്കുമ്പോഴും സാർ മനസ്സിലായോ മനസ്സിലായോ എന്ന് വീണ്ടും വീണ്ടും ചോദിക്കുമ്പോഴും അതെന്നെ നോക്കി കൊണ്ടാണെന്ന് എനിക്ക് പ്രത്യേകം മനസ്സിലായി. മുഖം താഴ്ത്തി നിൽക്കാറേയുള്ളൂ. എനിക്ക് പേടിയായിരുന്നു വിദ്യാർത്ഥികൾക്ക് പഠനഭാരം കൂടുതലാണ് അതുകൊണ്ടു തന്നെ ഒരുപാട് പരീക്ഷകൾ പാടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നയം വന്നതിനെ തുടർന്ന് ആ കൊല്ലം ഞങ്ങൾക്ക് രണ്ടു പരീക്ഷ മാത്രമേ ഉണ്ടായിരുന്നുള്. പക്ഷേ പരീക്ഷയെ ആർത്തിയോടെ കാത്തിരിക്കുകയായിരുന്നു ഞാൻ. പ്രത്യേകിച്ച് കണക്ക് പരീക്ഷയെ.

അതുവരെ കണക്കിനെ ഭയന്ന് ഒളിച്ചോടിയിരുന്ന ഞാൻ സാറിന് മുൻപിൽ ആളാവണമെന്ന ഉദ്ദേശത്തോടുകൂടി സാർ ക്ലാസ്സിൽ പഠിപ്പിക്കുന്ന എല്ലാ കണക്ക് ചോദ്യങ്ങളും വീണ്ടും വീണ്ടും വീണ്ടും എഴുതി പഠിക്കുമായിരുന്നു. എനിക്ക് സാറിന് മുൻപിൽ ഷൈൻ ചെയ്യാനുള്ള അവസരമായിരുന്നു. പരീക്ഷ എന്റെ ഭാഗ്യമോ നിർഭാഗ്യമോ അങ്ങനെയൊരു അവസരം ഉണ്ടായില്ല.

കൊല്ല പരീക്ഷയാണെങ്കിലും ആ പേപ്പർ സാർ തന്നെ നോക്കുമല്ലോ എന്ന സന്തോഷത്തിൽ ഞാൻ എന്നെക്കൊണ്ട് സാധിക്കുന്ന വിധം പരീക്ഷ നന്നായി എഴുത എല്ലാ കുട്ടികളും പരീക്ഷ ഹാളിൽ നിന്ന് പോയതിനു ശേഷം മാത്രമാണ് ഞാൻ എഴുന്നേറ്റു പോയത്. എന്നിട്ടും അവസാനത്തെ രണ്ടു ചോദ്യങ്ങ.ൾക്ക് ഉത്തരം എഴുതാൻ എനിക്ക് സാധിച്ചില്ല. എല്ലാവരും പോയതിനു ശേഷം തുടർന്നും ഞാൻ എഴുതിക്കൊണ്ടിരുന്നാൽ കുട്ടികൾ എന്നെ ശ്രദ്ധിക്കില്ലേ എന്ന ചിന്തയിൽ എന്തോ അപകർഷതാ ബോധം പിന്തുടർന്നതിനെ തുടർന്ന് ആ ചോദ്യങ്ങൾക്ക് ഉത്തരം അറിയാമായിരുന്നിട്ടും ഞാൻ എഴുതിയില്ല.

കൊല്ലപ്പരീക്ഷയുടെ മാർക്ക് കാണാൻ നിവർത്തിയില്ല... എങ്കിലും എന്നെക്കൊണ്ട് സാധിക്കുന്ന വിധത്തിൽ ആദ്യമായി കണക്കു പരീക്ഷ നന്നായ് എഴുതി എന്നൊരു തൃപ്തി എനിക്കുണ്ടായിരുന്നു...ഒൻപതാം ക്ലാസിലേക്ക് സന്തോഷ പൂർവം പച്ച യൂണിഫോം പാവാടയും വൈറ്റ് കളർ ഷർട്ടും ഇട്ട് മുടി രണ്ടും മടക്കി പിന്നികെട്ടി ഉത്സാഹത്തോടെ മഴയുള്ള ഒരു ദിവസം ഞാൻ ചെന്നു. ഇനി എനിക്ക് സാറിനെ അവഗണിക്കാൻ സാധിക്കില്ല. കാരണം ഇംഗ്ലീഷും കണക്കും ഉൾപ്പെടെ പഠിപ്പിക്കുന്ന എന്റെ ക്ലാസ് ടീച്ചറായി പ്രണവ് സാർ  മാറിയിരിക്കുന്നു...

എനിക്ക് സാറിനോടുള്ള ബഹുമാനം ഓരോ നിമിഷവും കൂടുകയാണ്.... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം കണക്കായി മാറി. എത്ര രസമായിട്ടാണ് സാർ ക്ലാസെടുക്കുന്നത്. അതിനു കാരണവും ഉണ്ട് കേട്ടോ....

സാറെന്നെ പ്രശംസിച്ചു.....ക്ലാസിൽ വെച്ച് എല്ലാ കുട്ടികളുടെയും മുൻപിൽ വെച്ച് എട്ടാം ക്ലാസിലെ കൊല്ലവർഷ പരീക്ഷ വളരെ നന്നായി ഏറ്റവും നല്ല മാർക്ക് വാങ്ങിയ ക്ലാസിലെ മിടുക്കിയായ കുട്ടി ഞാനാണെന്ന് സാർവിളിച്ചു പറഞ്ഞു... ക്ലാസിലെ കുട്ടികൾ ഞാൻ എങ്ങനെയാണ് പഠിച്ചതെന്ന് വരെ ചോദിച്ചുകൊണ്ട് എന്റെയടുത്തേക്ക് വന്നു.എനിക്ക് വല്ലാത്ത അഭിമാനം തോന്നി. 

കൊല്ലപ്പരീക്ഷയുടെ റിസൾട്ട് ആയിട്ട് പോലും എന്നെ പ്രശംസിക്കാൻ കാണിച്ച ആ മനസ്സ്....എനിക്ക് ആ മനുഷ്യനോടുള്ള ആരാധന അനുദിനം കൂടുകയാണ്.... ആ മനുഷ്യനിലേക്ക് എന്നെ തളച്ചിടാൻ ദൈവമായി ഓരോരോ കാരണങ്ങൾ സൃഷ്ടിച്ചതാണെന്ന് തോന്നേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ കൗമാര പ്രണയത്തിലേക്ക് ഞാൻ കൂപ്പ് കുത്തുന്ന അതേ നിമിഷം എന്റെ വീടിനടുത്തേക്ക് വാടകക്കാരനായി സാർ വരില്ലല്ലോ...

രാവിലെയുള്ള പോക്ക് ഒരുമിച്ചായി. വൈകിട്ടത്തേക്ക് അങ്ങനെയല്ല. സാറല്ലേ ഒരുപാട് ജോലി കാണും.... അതുകൊണ്ട് ഞാൻ എന്നും വേഗം വീട്ടിലേക്ക് എത്തും. എങ്കിലും സാർ വരുന്നത് കാണാൻ വേണ്ടി ഞാൻ വീടിന്റെ ഉമ്മറത്ത് നോക്കി നിൽക്കുമായിരുന്നു  എനിക്കെന്നും മനോഹരമായ പുഞ്ചിരി സമ്മാനിച്ച് സാർ കടന്ന് പോകും...ഏതോ ഒരു നിമിഷത്തിൽ പ്രണവ് സാറിനെ പറ്റി പറയുന്ന കുട്ടികളുടെ ഓരോ വാക്കുകളും എന്നിൽ വല്ലാതെ കുശുമ്പ് നിറയ്ക്കാൻ തുടങ്ങി....

എന്റേതല്ലേ എന്നൊരു തോന്നൽ എന്നിൽ വല്ലാതെയങ്ങ് നിറഞ്ഞു..... ഒരുമിച്ചായിരുന്നു സ്കൂളിൽ പോക്കെങ്കിലും ആ മനുഷ്യൻ മുൻപിലും ഞാൻ നിഴല് പറ്റി പിന്നിലുമായി നടക്കുകയായിരുന്നു പതിവ്...അന്നത്തെ ദിവസം പതിവിന് വിപരീതമായി ഞാൻ സാറിനെ കണ്ടില്ല...അന്നെനിക്ക് പ്രണവ് സാർ എല്ലാവരെയും പോലെ സാർ തന്നെയായിരുന്നു.......അന്നത്തെ ദിവസത്തിനു ശേഷമാണ് ആ മനുഷ്യൻ എന്റെ പ്രിയപ്പെട്ട അപ്പേട്ടനായി മാറിയത്....

എന്നിലേക്ക് എൻറെ ഹൃദയത്തിലേക്ക് ആവാഹിക്കപ്പെട്ടത്..... പ്രണവ് സാർ ഇല്ലാത്ത ഒരു ദിവസം എന്റെ ജീവിതത്തിൽ എത്രമാത്രം നിശബ്ദത നിറഞ്ഞതാണെന്നും എനിക്ക് പുഞ്ചിരിക്കാൻ കാരണങ്ങൾ ഇല്ലെന്നും ഞാൻ മനസ്സിലാക്കി....

സ്കൂൾ വിട്ട് ഓടി വന്ന് ഷർട്ടും പാവാടയും ഊരിയെറിഞ്ഞ് പെട്ടെന്നൊരു കുളിയും പാസാക്കി എന്ത് ധൈര്യത്തിലാണ് സാർ താമസിക്കുന്ന വാടക വീട്ടിലേക്ക് ഒരു ചുരിദാർ ധരിച്ച് ചെന്നതെന്ന് എനിക്ക് പോലും അറിയില്ല. വീട്ടിൽ സാധാരണയായി ഇടുന്ന പാവാടയും ഷർട്ടും ഇട്ട് സാറിന്റെ മുൻപിലേക്ക് ചെല്ലാൻ എനിക്കെന്തോ ജാള്യത തോന്നി.... ഞാനൊരു മുതിർന്ന കുട്ടിയാണെന്ന് അറിയിക്കണമെന്നൊരു ആഗ്രഹം.....

പതിവിന് വിപരീതമായി മുഖത്താകെ ക്ഷീണം നിറഞ്ഞ് സ്ലീവ്ല്ലെസ് ഇന്നർ ബനിയനും ഒരു കാവിമുണ്ടും ധരിച്ച് സാർ എനിക്കായി വാതിൽ തുറന്നു.പനിയാണെന്ന് ഒട്ടനോട്ടത്തിൽ എനിക്ക് മനസ്സിലായി. വല്ലാത്ത വേദന തോന്നി എനിക്ക്.

കയറി വരാൻ പറഞ്ഞപ്പോൾ എനിക്ക് പേടിയോ ഭയമോ ഒന്നും തോന്നിയില്ല. എന്റെ സാറല്ലേ അങ്ങനെയേ കരുതിയുള്ളൂ..... അന്നാ ഒറ്റമുറി വീട്ടിൽ ആദ്യമായി സാറിന്റെ കട്ടിലിൽ ഞാനിരുന്നു.ചെയറിൽ ഒരുപാട് തുണികൾ ഇരിക്കുന്നത് കൊണ്ട് തന്നെ കട്ടിലിൽ ഇരിക്കാൻ പറഞ്ഞപ്പോൾ നിഷേധിക്കാൻ എനിക്ക് സാധിച്ചില്ല. സാറിനെ അങ്ങനെ കാണുന്നതിന്റെ എല്ലാ ജാള്യതയും എന്റെ മുഖത്ത് പ്രകടമായിരുന്നു. അവിടെ എവിടെയെങ്കിലും കസേരയിലോ ടേബിളിൽ ചാരി സാർ നിൽക്കുമെന്ന് ഞാൻ കരുതിയെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ എനിക്കടുത്തേക്ക് വന്നെന്റെ അടുത്ത് ആ കട്ടിലിൽ എന്റെ തോളിലേക്ക് കൈ വെച്ച് എന്നെ ചേർത്തുപിടിച്ച് സാർ ഇരുന്നു.

ഞാനൊന്ന് ഭയപ്പെട്ടുപോയി വെപ്രാളപ്പെട്ടു പോയി. ഇതെന്റെ സാർ തന്നെയാണോ എന്ന വല്ലാത്തൊരു ചിന്ത എന്നിൽ പിടിമുറുക്കി. നന്തൂട്ടി വരുമെന്ന് പ്രതീക്ഷിച്ചെന്ന് പറഞ്ഞു.. എന്റെ കണ്ണ് നിറഞ്ഞതായിരുന്നോ...എന്നെ പ്രതീക്ഷിച്ചിരുന്നോ....എന്നെ നന്തൂട്ടി എന്നല്ലേ വിളിച്ചത് നന്ദിനി എന്ന് കൂട്ടി വിളിക്കാറുള്ള സാർ.....എപ്പോഴും ക്ലാസിൽ മനസ്സിലായോ എന്ന് ചോദിക്കാറുള്ള സാർ എന്നെ നന്തൂട്ടി എന്ന് വിളിച്ചു.എന്റെ കവിളിലേക്ക് കൈ ചേർത്തുവെച്ച് നന്തൂട്ടന് ഈ സാറിനെ ഇഷ്ടമാണോ എന്ന് ചോദിച്ചു....വല്ലാത്തൊരു നാണം വന്ന് ഞാൻ എന്റെ മുഖം പൊത്തിപ്പോയി....ഇഷ്ടത്തേക്കാളേറെ ആ മനുഷ്യനോട് എനിക്ക് ആരാധനയായിരുന്നു.

അതിരുകവിഞ്ഞ ആരാധന.... 

ആ മനുഷ്യനെ പറ്റി ചിന്തിക്കാത്ത ദിവസങ്ങളില്ല... മണിക്കൂറുകൾ ഇല്ല എന്ന് പറയുന്നതായിരിക്കും നല്ലത്....ഊണിലും ഉറക്കത്തിലും സ്വപ്നങ്ങളിൽ പോലും സാറായിരുന്നു.....പെട്ടെന്ന് വലുതാകുന്നത് സാറിന്റെ ഭാര്യയാകുന്നത്.....സാറിനോടൊപ്പം യാത്ര പോകുന്നത് സാറിനോടൊപ്പം സാറിന്റെ അരികിൽ ഒരു കസേര ഇട്ടിരുന്ന് ഒരേ സ്കൂളിൽ അധ്യാപികയായി പഠിപ്പിക്കുന്നത്. അങ്ങനെ എന്തൊക്കെയോ സ്വപ്നങ്ങൾ ഞാൻ കണ്ടു കൂട്ടിയിരുന്നു.പനിയുള്ള സാറിന്റെ ശരീരം എന്റെ ദേഹത്തേക്ക് ചേർന്നപ്പോൾ എനിക്കും ചൂട് തോന്നി. ഞങ്ങൾക്കിടയിൽ അധികം സംസാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം... പക്ഷേ സാർ എന്നെ ചുംബിച്ചിരുന്നു. ചേർത്തു പിടിച്ചിരുന്നു..... എന്റെ ശരീരത്തിൽ എവിടെയൊക്കെയോ സാറിന്റെ സ്പർശനം മുറുകിയിരുന്നു.....ഞാൻ ആ കണ്ണുകളിൽ ആഴത്തിൽ കുടുങ്ങി ഇമ ചിമ്മാൻ  മറന്ന് അങ്ങനെ നോക്കിയിരുന്നു.... പിന്നീട് അങ്ങോട് ഞങ്ങളുടെ പ്രണയകാലമായിരുന്നു..

പ്രണവ് പ്രണവ് സാറിൽ നിന്നും എന്റെ അപ്പേട്ടനായി ആ മനുഷ്യൻ മാറി. നന്ദിനി എന്ന ഞാൻ പ്രണവ് സാറിന്റെ അല്ല എന്റെ അപ്പേട്ടന്റെ നന്തൂട്ടിയായി മാറി. ക്ലാസിൽ പരസ്പരം ഒന്നുമേ ഇല്ലാത്തവരെ പോലെ മനസ്സിൽ ചാപല്യമൊന്നും ഇല്ലെന്ന് തെളിയിക്കാൻ വേണ്ടി ഞങ്ങൾ അറിയാത്തവരെ പോലെ നടിച്ചു.....

വൈകുന്നേരം പഠിക്കാൻ എന്ന പേരിൽ മിത്രയുടെ വീട്ടിലേക്ക് പോകുന്ന ഞാൻ അപ്പേട്ടന്റെ വീട്ടിലെ സ്ഥിരം സന്ദർശകയായി.

സന്ദർശനങ്ങൾ സ്പർശനങ്ങളായി.... ചുംബനങ്ങളായി...ആലിംഗനങ്ങളായി...

അതിരുകവിഞ്ഞ ബന്ധം ഞങ്ങൾക്കിടയിൽ എപ്പോഴാണ് തുടങ്ങിയതെന്ന് എനിക്ക് പോലും അറിയില്ല. തെറ്റായി തോന്നിയില്ല. അത്രയും തീവ്രമായ പ്രണയമായിരുന്നു അപ്പേട്ടന് എന്നോട്.....

ആ നിമിഷങ്ങളിൽ അപ്പേട്ടൻ വേറെ ആരോ ആയി മാറുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എനിക്ക് വേദന തോന്നുമായിരുന്നു. കണ്ണടച്ച് ഞാൻ അപ്പേട്ടന്റെ ദേഹത്ത് അള്ളിപ്പിടിച്ച് കിടക്കും. അപ്പേട്ടൻ എനിക്ക് പലതും പഠിപ്പിച്ചു തന്നു. പ്രണയത്തിന്റെ പല ഭാവങ്ങൾ പല മുഖങ്ങൾ. എന്നിലെ വളർച്ചയുടെ പ്രായമായിരുന്നു എന്റെ ശരീരത്തിലെ മാറ്റങ്ങൾ എന്നെക്കാളേറെ മനസ്സിലാക്കിയതും ആഗ്രഹിച്ചതും അറിഞ്ഞതും അപ്പേട്ടനായിരുന്നു... ഓരോ തവണ അപ്പേട്ടൻ എന്നെ അറിയുമ്പോഴും പുറത്താരോടും പറയാതെ ഈ സ്നേഹം കാത്ത് സൂക്ഷിക്കണമെന്ന് എന്നോട് വാക്ക് വാങ്ങി. അതൊരു കവിഞ്ഞ പ്രണയമായിരുന്നു എന്റെ മനസ്സിൽ. അതിതീവ്രമായ പ്രണയം.

ഞാൻ ആരോടും പറഞ്ഞില്ല. ആരെങ്കിലും അറിഞ്ഞാൽ അപ്പേട്ടനെ എന്നിൽ നിന്ന് അകറ്റിയാലോ? അപ്പേട്ടന്റെ ജോലി പോയാലോ? എന്റെ സ്കൂൾ മാറ്റിയാലോ? എനിക്ക് അപ്പേട്ടനെ കാണാതിരിക്കാൻ സാധിക്കില്ല. അത്രയും തീവ്രമായി ഞാൻ ആ മനുഷ്യനിൽ അടിമപ്പെട്ടു പോയിരുന്നു. പത്താം ക്ലാസിലെ മോഡൽ പരീക്ഷകൾക്കിടയിലാണ് അപ്പേട്ടന്റെ വീട്ടിൽ എനിക്കറിയാത്ത സ്നേഹ നിമിഷങ്ങളിൽ എന്നെ ഒരിക്കൽ പോലും പരിചയപ്പെടുത്താത്ത ഒരു സ്ത്രീ കടന്ന് വന്നത്....നീലിമ..... അമ്മാവന്റെ മകളാണെന്നാണ് എന്നോട് പറഞ്ഞത്......അവർ അപ്പേട്ടനോട് കാണിക്കുന്ന അതിര് കവിഞ്ഞ പെരുമാറ്റം എനിക്ക് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല.

എങ്കിലും അവർ ഇല്ലാത്ത നിമിഷങ്ങളിലെല്ലാം എന്നെ ചേർത്തുപിടിച്ച് നമ്മുടെ കാര്യം വീട്ടിൽ അറിയിക്കുമ്പോൾ ഒരു സഹായത്തിന് നീലിമ കൂട്ടു വേണ്ടതല്ലേ അതുകൊണ്ട് അവളെ മുഷിപ്പിക്കരുതെന്ന് അപ്പേട്ടൻ എന്നോട് എടുത്തു പറഞ്ഞു.അത് കൊണ്ടുതന്നെ നീലിമ ചേച്ചിയോട് ഞാൻ സ്നേഹത്തോടെ ബഹുമാനത്തോടെ പെരുമാറി.....ചേച്ചി ഇടക്കെല്ലാം അവിടെ വരുന്നത് പിന്നീട് പതിവായി മാറി.... ചേച്ചി വരുന്ന സമയങ്ങളിൽ ദൂരെ നിന്നുള്ള കാഴ്ചകൾ മാത്രം ഞങ്ങളുടെ പ്രണയം മാറ്റിവെച്ച് ഞങ്ങൾ അധ്യാപകനും വിദ്യാർത്ഥിനിയും മാത്രമായി മാറി....

പ്രണയം തലക്ക് പിടിച്ചത് കൊണ്ടാണോ... അതോ എനിക്ക് സമയം കിട്ടാതിരുന്നത് കൊണ്ടാണോ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടാണോ.... അല്ലെങ്കിൽ ചിലപ്പോൾ കഴിക്കുന്ന മരുന്നുകളാലോ....

അപ്പേട്ടൻ എനിക്ക് വേദനിക്കാതിരിക്കാനും ഞങ്ങളുടെ ബന്ധം അതിരുകവിഞ്ഞ് മുന്നോട്ടു പോകാതിരിക്കാനും തരുന്ന ഓരോന്നും കഴിച്ചതിനാലാണോ എനിക്ക് പരീക്ഷയിൽ കാര്യമായ രീതിയിൽ മുന്നോട്ട് എഴുതുവാൻ സാധിച്ചില്ല.... എങ്കിലും സാരമില്ല എന്റെ കൂടെ അപ്പേട്ടനുണ്ടല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്....

പത്താം ക്ലാസ് കഴിഞ്ഞാൽ ഇനി പ്ലസ് വണ്ണിലേക്ക് പോകുമ്പോൾ അപ്പേട്ടനെ കാണാൻ സാധിക്കില്ലല്ലോ എന്നൊരു വിഷമമായിരുന്നു മനസ്സിൽ.....എങ്കിലും അതേ സ്കൂളിൽ തന്നെ ഹയർ സെക്കൻഡറിക്ക് അഡ്മിഷൻ കിട്ടിക്കഴിഞ്ഞാൽ അപ്പേട്ടനെ കാണാമെന്നുള്ള ആശ്വാസവും മനസ്സിലുണ്ട്. എങ്കിലും ഇനി പഴയതുപോലെ അപ്പേട്ടന്റെ ക്ലാസ്സിൽ ഇരിക്കാൻ സാധിക്കില്ലല്ലോ എന്നൊരു വേദനയും.... നന്തൂട്ടി ഒരുപാട് വലുതാകുകയല്ലേ ഇനിയും എപ്പോഴും എങ്ങനെയാ എന്റെ ക്ലാസിൽ ഇരിക്കുന്നത് എന്ന് പറഞ്ഞ് അപ്പേട്ടൻ എന്നെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു... ഒരിക്കൽ നീലിമി ചേച്ചി അപ്പേട്ടനോട് വല്ലാതെ വഴക്കിട്ടു പോകുന്നതും കവിളിൽ അടിക്കുന്നതുമെല്ലാം കണ്ട് ദേഷ്യം പൂണ്ടാണ് ഞാൻ അവിടേക്ക് ചെന്നത്.....പക്ഷേ ഞാൻ എത്തുമ്പോഴേക്കും ദേഷ്യം പിടിച്ച് എന്തൊക്കെയോ എടുത്തെറിഞ്ഞ് നീലിമ ചേച്ചി പോയിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ അപ്പേട്ടൻ എന്നോട് ദേഷ്യപ്പെട്ടു...എനിക്ക് വല്ലാതെ സങ്കടം വന്നു... ആ മനുഷ്യനെ കാണാതിരിക്കാൻ എനിക്ക് സാധിക്കില്ല. പിണങ്ങിയിരിക്കാൻ എനിക്ക് സാധിക്കില്ല. ഒരു നേരമെങ്കിലും ഒന്നും മിണ്ടാതെ എനിക്ക് സാധിക്കില്ലെന്ന് തോന്നിയ നിമിഷം പിറ്റേന്ന് എത്രയും പെട്ടെന്ന് ഞാൻ അടുത്തേക്ക് ഓടി ചെന്നതും നീലിമ ചേച്ചിക്ക് അപ്പേട്ടനെ ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ വഴക്കായിരുന്നെന്ന് അപ്പേട്ടൻ എന്നോട് പറഞ്ഞു....അവളെ ഞാൻ സ്വീകരിച്ചാൽ എന്റെ നന്തൂട്ടിയെ യാ തള്ളി പറയേണ്ടി വരില്ലേ എന്ന്  പറഞ്ഞ് എന്നെ ചേർത്തു പിടിച്ചപ്പോൾ ആ മനുഷ്യനോടുള്ള സ്നേഹം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു....

പ്ലസ് വണ്ണിലേക്ക് കയറി ഓണപ്പരീക്ഷ കഴിഞ്ഞിരിക്കകയാണ് പഴയതുപോലെ സ്കൂളിൽ വെച്ചുള്ള കാണലും സംസാരവും ഒന്നും നടക്കുന്നില്ലെങ്കിലും ഞാൻ  പറ്റുന്ന പോലെ എല്ലാം അപ്പേട്ടന്റെ വീട്ടിലേക്ക് പോകാറുണ്ട്....അതീവ രഹസ്യമാണ് ഞങ്ങളുടെ കൂടിക്കാഴ്ചകളെല്ലാം.ആർക്കും ഒരിക്കലും ഒരു സംശയവും തോന്നാതിരിക്കാൻ പാടുപെട്ട് ഞാൻ ഓരോ കാര്യവും ചെയ്തു കൂട്ടി.

അങ്ങനെയിരിക്കുകയാണ് ഒരിക്കൽ ഒരു സ്ത്രീയും രണ്ടു വയസ്സുള്ള കുട്ടിയും അപ്പേട്ടന്റെ വീട്ടിലേക്ക് വന്നത്... എനിക്ക് സംശയം തോന്നി....വെപ്രാളം തോന്നി.അവരുടെ പെരുമാറ്റ രീതികൾ.... ആ വീട്ടിൽ അവർ കാണിക്കുന്ന അധികാരം അവർ വീട്ടിൽ ഉള്ളപ്പോൾ അങ്ങോട്ടേക്ക് കടന്നു ചെല്ലാൻ തന്നെ എനിക്കെന്തോ ബുദ്ധിമുട്ട് തോന്നി....എന്റെ മനസ്സിൽ സംശയങ്ങൾ കുമിഞ്ഞുകൂടി....എല്ലാവരും കൂടി ചേർന്ന് എന്റെ അപ്പേട്ടനെ എന്നിൽ നിന്ന് അകറ്റി മാറ്റാൻ ശ്രമിക്കുകയാണോ എന്ന ചിന്തയിൽ എന്തും വരട്ടെ എന്ന് കരുതി മുറ്റമടിച്ചുകൊണ്ടിരുന്ന ആ സ്ത്രീയുടെ അടുത്തേക്ക് ഞാൻ ചെന്നു...അവർക്കു മുൻപിൽ എന്റെ സാറാണെന്ന് വലിയ വീരവാദത്തിൽ ഞാൻ സംസാരിച്ചപ്പോൾ ചൂലിൽ പിടി മുറുക്കികൊണ്ട് തന്നെ പേര് ശ്യാമ എന്നാണെന്നും എന്റെ അപ്പേട്ടന്റെ ഭാര്യയാണെന്നും ആ കുട്ടി അവരുടേതാണെന്നും അവർ എന്നോട് പറഞ്ഞു.....

ഞാനാകെ തകർന്നുപോയി... എനിക്ക് ഭ്രാന്ത് പിടിച്ചു... കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ നന്തൂട്ടി വളർന്നു വലുതാകുമ്പോൾ നമുക്ക് വിവാഹം കഴിക്കാം എന്ന് പറഞ്ഞിരുന്ന എന്റെ അപ്പേട്ടൻ എന്നെ ചതിച്ചു.എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല... ഞാൻ തളർന്നു വീണു. എനിക്ക് തിരിച്ചറിവിന്റെ സമയമായിരുന്നു. ഞാനാ മനുഷ്യന്റെ... എന്റെ അപ്പേട്ടന്റെ വെറും നേരംപോക്കായിരുന്നു. നീലിമ അയാളുടെ കാമുകിയായിരുന്നു. ശ്യാമ അയാളുടെ ഭാര്യയായിരുന്നു അങ്ങനെ എത്രയോ പേർ ആ മനുഷ്യന്റെ ജീവിതത്തിൽ വന്നുപോയിരിക്കും....

എന്റെ ഹൃദയം വീണുടഞ്ഞു...ഞാൻ ആരാധിച്ചിരുന്ന എന്റെ പ്രണയത്തിന് മുറിവേറ്റു.... വീട്ടിലിരുന്ന് ഞാൻ ഉച്ചത്തിൽ അലറി വിളിച്ചു കരഞ്ഞു... എനിക്ക് ഭ്രാന്ത് പിടിച്ചു തുടങ്ങിയിരുന്നു...എന്റെ പ്രണയം അത് ചതിയായിരുന്നു... ആ മനുഷ്യൻ ശരീരത്തിന്റെ വിശപ്പ് തീർക്കാൻ വേണ്ടി ഉപയോഗിച്ച പെണ്ണുങ്ങളിൽ ഒന്ന് മാത്രമായിരുന്നു ഞാനെന്ന തിരിച്ചറിവ്.

അതിഭീകരമായ തിരിച്ചറിവ്....

വേദന..... തീവ്രമായ വേദന.... എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു.

എനിക്കെന്നോട് തന്നെയാണ് വെറുപ്പ് തോന്നിയത്.... ചതിക്കപ്പെടാൻ നിന്നു കൊടുത്തതിന് ...എന്റെ ആത്മാവിന് കളങ്കമേൽപ്പിച്ചതിന് എനിക്ക് എന്നെ തന്നെ വേദനിപ്പിക്കാൻ തോന്നി.... ആ മനുഷ്യനാൽ സ്പർശിക്കപ്പെട്ട എന്റെ ശരീരത്തിലൂടെ പുഴു വരിക്കുന്നത് പോലെ എനിക്ക് തോന്നി. പുഴുക്കൾ ഓരോ അണുവിലും കുത്തി മുറിവേൽപ്പിച്ച് ചോര ഒലിച്ച്...... ഭർത്താവിന്റെ സ്നേഹക്കൂടുതൽ കാരണം ശ്യാമചേച്ചി ഇടയ്ക്കിടയ്ക്ക് പിണങ്ങി വീട്ടിലേക്ക് പോകുന്നത് പതിവാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.....

അതിനിടയിൽ നേരം പോക്കിനായി വരുന്ന ചിലർ നീലിമ, നന്ദിനി എന്ന ഞാൻ ഇനിയും ഉണ്ടാകും ആ ലിസ്റ്റിൽ എനിക്കറിയാത്ത പലരും.....ഇരുട്ടിലേക്ക് സ്വയം വീണു തുടങ്ങിയിരുന്നു ഞാൻ.... പക്ഷേ എന്നിട്ടും പിടിച്ചുനിന്ന  എന്റെ നില തെറ്റിച്ചത് ആ കാഴ്ചയായിരുന്നു.... വീണ്ടും എന്നെ പോലൊരു പെൺകുട്ടി ആ വീട്ടിലേക്ക് കടന്നു ചെല്ലുന്നത് ഞാൻ കണ്ടു. ചതിക്കപ്പെട്ടെന്ന് അറിഞ്ഞ നിമിഷമേ എനിക്ക് ഭ്രാന്ത് പിടിച്ചതായിരുന്നു. അതിനെ ഞാൻ അടക്കി നിർത്തിയതായിരുന്നു. പക്ഷേ ആ നിമിഷം എനിക്കെന്നെ തന്നെ നഷ്ടമായി.... അച്ഛന്റെ ആലയിൽ നിന്ന് മൂർച്ച കൂടിയ വാക്കത്തി എടുത്ത് ഞാനാ വീട്ടിലേക്ക് ഭ്രാന്തിയെ പോലെ കടന്ന് ചെന്നു....

എന്നെപ്പോലെ ആരാധനയോടെ ആ മനുഷ്യന്റെ കണ്ണുകളിൽ നോക്കിയിരിക്കുന്ന ആ പെൺകുട്ടിയുടെ തോളിൽ വിശ്രമിച്ച അയാളുടെ കൈകളിലാണ് ആദ്യത്തെ വെട്ട് വീണത്.....അയാൾ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ എനിക്ക് ഹരം മൂത്തു. അടുത്ത വെട്ട് ഞാനാ നെഞ്ചിന് നേരെ വീശി. ആ നെഞ്ചിൽ ഞാനുണ്ടെന്ന് പറഞ്ഞാണ് എന്നെ ചതിച്ചത്.... കാഴ്ച കണ്ടു ഭയന്ന് ആ പെൺകുട്ടി ഓടിപ്പോയി....തലങ്ങും വിലങ്ങും ആ മനുഷ്യൻ മരിച്ചെന്നറിഞ്ഞിട്ടും ഒരുപാട് വെട്ടുകൾ ഞാനാ ശരീരത്തിൽ തീർത്തു.

പതിനാറാം വയസ്സിൽ പ്രണയതീവ്രതയിൽ ഹൃദയം നഷ്ടപ്പെട്ട് ഞാനൊരു ഭ്രാന്തിയായി.... ഒരു കൊലപാതകിയായി...

അധ്യാപകന്റെ പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിയായി....പിന്നീട് എന്തൊക്കെയോ സംഭവിച്ചു ആരൊക്കെയോ വന്നുപോയി.....എല്ലാവരോടും ഞാൻ ഒന്നേ പറഞ്ഞുള്ളൂ..... ആ മനുഷ്യനെ എനിക്ക് ജീവനായിരുന്നു..... പിന്നെ എന്തിനായിരുന്നു ഞാൻ വെട്ടി കൊന്നുകളഞ്ഞത്....

എനിക്കറിയില്ല എനിക്ക് ഭ്രാന്ത് പിടിച്ചതായിരിക്കും.... സംഭവിച്ചു പോയതെല്ലാം എന്റെ തോന്നലുകൾ ആയിരിക്കും....കാലങ്ങൾ എത്ര കഴിഞ്ഞു പോകുന്നു...എന്നിട്ടും ആ മനുഷ്യന്റെ ഓർമ്മകൾ എന്റെ മനസ്സിൽ നിന്നും മായുന്നില്ല....എനിക്ക് ആ മനുഷ്യനോട് തീവ്രമായ സ്വാർത്ഥതയാണ്.... അതിതീവ്രമായ പ്രണയമാണ്....എന്നെ തൊട്ട കൈകൾ കൊണ്ട് മറ്റൊരു സ്ത്രീയെയും അയാൾ ഇനി തൊടേണ്ട.....എന്നെ ചുംബിച്ച അധരങ്ങൾ കൊണ്ട് മറ്റൊരു സ്ത്രീയെയും അയാളിനി ചുംബിക്കേണ്ട..... എന്നെ ചേർത്തു പിടിച്ച നെഞ്ചിലേക്ക് അയാളിനി ആരെയും ചേർത്തു പിടിക്കേണ്ട.

അതുകൊണ്ട് ഞാനാ മനുഷ്യനെ കൊന്നു.

കാലങ്ങളെത്ര കഴിഞ്ഞാലും എനിക്കയാളെ മറക്കാൻ സാധിക്കില്ല.... അയാളെന്റെ ആദ്യ പ്രണയമായിരുന്നു അവസാനത്തേതും.. അയാളുടെ കൈകളാലാണ് എന്റെ ആത്മാവ് ഹനിക്കപ്പെട്ടത്.... എന്റെ കൈകളാലാണ് അയാൾക്ക് പ്രാണൻ നഷ്ടപ്പെട്ടത്. 

വീണ്ടും ബെല്ല് മുഴങ്ങി...എന്റെ ചിന്തകൾ കാറ്റിൽ ഉലഞ്ഞു.... അപ്പേട്ടനെ എനിക്ക് ജീവനായിരുന്നു.... കാലങ്ങളെത്ര കഴിഞ്ഞാലും ആ മനുഷ്യനോടുള്ള പ്രണയമെന്ന ഭ്രാന്ത് എന്റെ സിരകളിൽ പടർന്നു പൂത്തു നിൽക്കയാണ്.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ