Sohan
Sohan K P

തിങ്കളാഴ്ച രാവിലെ ഒമ്പതു മണി കഴിഞ്ഞ് മുപ്പത്തിയഞ്ചു മിനിറ്റ്. അരുൺ തന്റെ ഓഫീസ്  ബിൽഡിംഗിലെ ലിഫ്റ്റിനു മുന്നിൽ ബാഗുമായി നിന്നു. ഫോണിലെ സമയം നോക്കി അവൻ ഒരു ദീർഘനിശ്വാസം വിട്ടു.

സമയം 9.50 am. 10 മണിയ്ക്കെത്തണം. ഇന്നും ലേറ്റ് തന്നെ.

"ഹോ, തിങ്കളാഴ്ച," അവൻ മനസ്സിൽ പിറുപിറുത്തു.

ലിഫ്റ്റിന്റെ വാതിൽ തുറന്നു. അകത്തു കയറി അവൻ ഗ്രൗണ്ട് ഫ്ലോറിന്റെ ബട്ടൺ അമർത്തി. വാതിൽ അടയാൻ തുടങ്ങിയ നിമിഷത്തിൽ അത് വീണ്ടും തുറന്നു—ഒരു തടിച്ച ആൾ ഓടി വന്ന് അകത്തേക്ക് കയറി. ലിഫ്റ്റ് ഒരു നേർത്ത ശബ്ദത്തോടെ ഒന്നു കുലുങ്ങിയോ!! അരുൺ ലിഫ്റ്റിന്‍ടെ മുകള്‍ത്തട്ടിലേയ്ക്കും ആ ആളിലേക്കും മാറി മാറി നോക്കി.

രണ്ടാം നിലയിൽ ലിഫ്റ്റ് നിന്നു. വാതിൽ തുറന്നപ്പോൾ അതുപോലെ തടിച്ച മറ്റൊരാൾ കൂടി കയറി വന്നു. അതൊരു പഴയ ലിഫ്റ്റ് ആണ്. ഓവര്‍ലോഡ് സെന്‍സറിംഗ് മറ്റു ആധുനിക സംവിധാനങ്ങളോ ഒന്നുമില്ല. നാലാം നിലയിലെത്തിയപ്പോൾ, രണ്ട് വലിയ ബാഗും ഒരു സഞ്ചിയുമായി ഒരു സ്ത്രീ അകത്തു കയറി. സഞ്ചിയുടെ കനം കണ്ടാല്‍ അരിച്ചാക്ക് പോലെ തോന്നും

"ഇന്നെന്താ ഇങ്ങനെ. ഭാരമുള്ളവര്‍ മാത്രം ലിഫ്റ്റില്‍ വരുന്നത്?" അരുൺ മനസ്സിൽ ചോദിച്ചു.

ആവശ്യമില്ലാതെ ഓരോന്ന് ആലോചിച്ച് ടെന്‍ഷനടിയ്ക്കുന്ന സ്വഭാവം അയാള്‍ക്കുണ്ടായിരുന്നു.

അടുത്ത നിലയിലെത്തിയപ്പോൾ ഒരാൾ കൂടി കയറി. പിന്നെ ഒരാൾ. പിന്നെയും ഒരാൾ. 

അവരെല്ലാവരും തടിച്ച മനുഷ്യരായിരുന്നു. ലിഫ്റ്റില്‍ ശ്വാസം വിടാന്‍ പോലും സ്ഥലമില്ലാതായി. 

അരുൺ പതുക്കെ കോണിലേക്ക് ഒതുങ്ങി നിന്നു, മുഖത്തെ ചിരി മാഞ്ഞു.  അയാള്‍ക്ക് ചെറിയ ഭീതി തോന്നിത്തുടങ്ങി. ആരും കാണാതെ അവൻ ഫോണിലെ കാൽക്കുലേറ്റർ തുറന്നു.

ഓരോരുത്തരെയും നോക്കി അവൻ മനസ്സിൽ കണക്കുകൂട്ടി—ഒരാൾ 100 കിലോ കാണും, അടുത്തയാൾ 90, മറ്റൊരാൾ 85, വേറൊരാൾ 95 ഏറ്റവും വലിയ ആൾ 110 കിലോയോളം വരും, സഞ്ചികളുമായുള്ള സ്ത്രീ ഏകദേശം 85. പിന്നെ താൻ തന്നെ—52 കിലോ. എല്ലാം കൂട്ടിക്കഴിഞ്ഞപ്പോൾ ലിഫ്റ്റ് വീണ്ടും ഒരു ചെറിയ ശബ്ദമുണ്ടാക്കി. അരുൺ അനങ്ങാതെ നിന്നു.

കാൽക്കുലേറ്ററിലെ സംഖ്യ അവനെ ഞെട്ടിച്ചു: 801 കിലോഗ്രാം. അവൻ ലിഫ്റ്റിന്റെ വശത്തുള്ള ബോർഡ് നോക്കി—"പരമാവധി ഭാരം: 800 കിലോഗ്രാം." ഒരു കിലോ കൂടുതൽ! അവന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു. 

ചുറ്റുമുള്ളവർക്കാകട്ടെ ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല—ഒരാൾ ഫോണിൽ ഇൻസ്റ്റാഗ്രാം നോക്കുന്നു, മറ്റൊരാൾ മേലോട്ട് ശ്രദ്ധിച്ച് നിൽക്കുന്നു, സ്ത്രീ പതിഞ്ഞ സ്വരത്തിൽ ഒരു പാട്ട് മൂളുന്നു.

നിമിഷനേരത്തേക്ക് അരുണിന്റെ മനസ്സിൽ ഒരു ഭീകര ദൃശ്യം തെളിഞ്ഞു—ലിഫ്റ്റിന്റെ കേബിൾ പൊട്ടി, അത് താഴേക്ക് പതിക്കുന്നു, എല്ലാവരും അലറി വിളിക്കുന്നു, കൈയിലിരുന്ന ഫോണ്‍ വായുവിൽ പറന്നു നടക്കുന്നു, എവിടെ നിന്നോ ഒരു ശബ്ദം മുഴങ്ങുന്നു: "അരുൺ ... ലീഫ്റ്റില്‍ നിന്നിറങ്ങിയോടിയ്ക്കോ. അതാണ് നല്ലത്. ."

ആ ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നപ്പോഴേക്കും അടുത്ത നിലയിൽ വാതിൽ തുറന്നിരുന്നു. അരുൺ ഒട്ടും വൈകാതെ പുറത്തേക്ക് ചാടി. 

അരുൺ മറ്റൊരു ലിഫ്റ്റിനു മുന്‍പിലെത്തി. ബട്ടൺ അമർത്തി.

അത്ഭുതം. ഇത്തവണ അകത്തുള്ളവരെല്ലാം തികച്ചും മെലിഞ്ഞവരായിരുന്നു. ഓഫീസ് ജീവനക്കാർ, ഒരു വിദ്യാർത്ഥി, പ്രായമായ ഒരാൾ.   

അകത്തു കയറി. 

 ചുവരിൽ ചാരി നിന്നു.

എന്നാൽ ആശ്വാസം അധികനേരം നീണ്ടില്ല. 

തൊട്ടടുത്ത് നിന്ന ഒരാൾ ഉച്ചത്തിൽ തുമ്മി. "സോറി," അയാൾ പറഞ്ഞു. അരുൺ അല്‍പ്പം മാറി നിന്നു. അയാൾ വീണ്ടും തുമ്മി, അരുൺ വീണ്ടും മാറി. 

അപ്പോഴേക്കും മറ്റൊരു യാത്രക്കാരൻ തുടർച്ചയായി ചുമക്കാൻ തുടങ്ങി. 

അതിനിടെ പിന്നിൽ നിന്ന ഒരാൾ ഫോണെടുത്ത് ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി: "ഹലോ?! അതെ! ശരിയ്ക്ക് കേള്‍ക്കുന്നില്ല ! ഇല്ല, ഞാൻ ലിഫ്റ്റിലാണ്!" 

ചുമയും തുമ്മലും ഫോൺ വിളിയും ആകെ ബഹളം. 

വല്ല അസുഖവും വന്നാല്‍ എടുക്കാന്‍ ലീവ് പോലുമില്ല. അയാള്‍ ആലോചിച്ചു. അടുത്ത നിലയിലെത്തിയ ഉടനെ അരുൺ ബട്ടൺ അമർത്തി വാതിൽ തുറന്നു പുറത്തേക്ക് ഓടി. മുന്നിൽ കണ്ട കോണിയുടെ പടികൾ നോക്കി  ഒരു ദീർഘനിശ്വാസമെടുത്തു. മെല്ലെ കയറാന്‍ തുടങ്ങി.

ഇപ്പോള്‍ അരുണിന്‍ടെ മനസ്സ് ശാന്തമായിരുന്നു. സമയം പത്തുമണി കഴിഞ്ഞെന്നോ ഓഫീസില്‍ എത്താന്‍ വൈകുമെന്ന കാര്യം അയാള്‍  എപ്പോഴേ മറന്നു പോയിരുന്നു.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ