Madhu Kizhakkayil
Madhu Kizhakkayil

​ആ വീട്ടു മുറ്റത്തെ ഇലഞ്ഞിച്ചുവട്ടിൽ എപ്പോഴും ഒരു പ്രണയഗന്ധമുണ്ടായിരുന്നു. പ്രായഭേദമന്യേ അവിടെ വരുന്നവർക്കെല്ലാം അത് അനുഭവപ്പെടും. മണ്ണടിഞ്ഞാലും
വേർപെടുത്താനാകാത്ത വിധം ആഴ്ന്നിറങ്ങിയ ആ ഇലഞ്ഞിയുടെ വേരുകളെപ്പോലെയായിരുന്നു അവിടുത്തെ സുരേന്ദ്രൻ മാഷും ഗീതേച്ചിയും. അവരെ ഒരിക്കലും ഒറ്റയ്ക്ക് കാണാറില്ല. ഷോപ്പിംഗിനും ലൈബ്രറിയിലും ഉത്സവത്തിനും കല്യാണത്തിനും പാർട്ടിപരിപാടികൾക്കുമൊക്കെ അവർ ഒന്നിച്ചുണ്ടാകും.

പുലർച്ചെ അഞ്ചു മണിക്ക് വിനോദൻ പത്രവുമായി  എത്തുമ്പോൾ മാഷും ഗീതേച്ചിയും നടക്കാൻ ഇറങ്ങുന്നുണ്ടാകും. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷത്തിനിടയിൽ അപൂർവ്വമായി മാത്രമേ ആ പതിവ് തെറ്റിയിട്ടുള്ളു. അതൊരു നാഴികമണിപോലെ കൃത്യമായ ജീവിതതാളമായിരുന്നു. 

​രാത്രി പത്തു പതിനൊന്നു മണിവരെ ഇലഞ്ഞിച്ചുവട്ടിലെ സിമന്റ് ബെഞ്ചിലും കസേരകളിലുമായി ആരെങ്കിലുമൊക്കെ വർത്തമാനം പറഞ്ഞ് ഇരിക്കുന്നുണ്ടാകും. ചിലപ്പോൾ ഓഫീസ് മുറിയിൽ ഏതെങ്കിലും മീറ്റിംഗുകൾ നടക്കുന്നുണ്ടാകും. മക്കൾ എത്ര നിർബന്ധിച്ചിട്ടും  മാഷും ഗീതേച്ചിയും അവരുടെ അടുത്തേക്ക് പോകാൻ കൂട്ടാക്കാറില്ല. 
 “നമ്മുടെ മുറ്റത്തെ  ഇലഞ്ഞിത്തണലും  നാട്ടിലെ വായനശാലയും കൂട്ടുകാരേയും  വിട്ട് എങ്ങോട്ടാ മക്കളേ?  ഇവിടെ ഞാനുണ്ട്,  കൂടെ ഇവളുണ്ട്. പോരാത്തതിന് ഞങ്ങളെ സ്നേഹിക്കുന്ന കുറേ നല്ല ആളുകളും" എന്ന് പറഞ്ഞ് മാഷ് ചിരിക്കും. ആ ചിരിയിൽ ഒരു ലോകം മുഴുവനുണ്ടായിരുന്നു.
 
സത്യത്തിൽ ഇവിടം വിട്ടുപോകുന്നത് ഗീതേച്ചിക്കും  തീരെ ഇഷ്ടമല്ല.  അമ്പത്തിരണ്ടു വർഷമായി അവർ ആ ജീവിതത്തിന്റെ ഭാഗമായിട്ട്. അഭിപ്രായവ്യത്യാസങ്ങളൊക്കെ ഉണ്ടാകാറുണ്ടെങ്കിലും  അവരുടെ കാഴ്ചപ്പാടുകൾ എന്നും ഒന്നായിരുന്നു.   എഴുപത്തിയഞ്ചും  എഴുപതും വയസ്സായ അച്ഛനേയും അമ്മയേയും നാട്ടിൽ തനിച്ചാക്കി പോകുന്നതിൽ മക്കളായ രാജീവിനും രേഷ്മക്കും എന്നും ആധിയായിരുന്നു. എന്നാൽ നാട്ടിലെ കുട്ടികൾ മുതൽ  പെൻഷൻകാർവരെയുള്ള വിവിധവിഭാഗങ്ങളുടെ  എല്ലാവരുടേയും കേന്ദ്രം ആ വീടായതുകൊണ്ട്, തങ്ങൾ തനിച്ചാണെന്ന് അവർക്ക് ഒരിക്കലും തോന്നിയിരുന്നില്ല.  
 
ആരൊക്കെയോ വന്ന് കൈപിടിക്കുകയും തോളത്തു തട്ടി ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുമ്പൊരിക്കലും അനുഭവപ്പെടാത്ത  ഒരു നിശ്ശബ്ദത  തന്നെ ആസ്വസ്ഥമാക്കുന്നുവെന്നതൊഴിച്ചാൽ മാഷിനു പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ‘മാഷേ, കുറേ നേരമായില്ലേ ഇങ്ങനെ ഒറ്റയിരിപ്പ്  ഇരിക്കുന്നു. കുറച്ചു നേരം ഒന്നു കിടന്നാലോ’?. ആഷിഖാണ്. ‘സമയം അത്രയ്ക്കൊക്കെ ആയോ. 11.30 അല്ലേ നമ്മൾ പിരിയുന്ന സമയം?”. മാഷ് ചോദിച്ചു. മിക്ക ദിവസങ്ങളിലും  അവസാനമായി  ‘ഗുഡ് നൈറ്റ്’ പറഞ്ഞു പിരിയുന്നവൻ അവനാണ് . ഗീതയ്ക്ക് അവനോട് ഒരു പ്രത്യേക വാത്സല്യമാണ്. ഇരുപത്തതിനാല് വയസ്സുള്ള യുവജന നേതാവാണെങ്കിലും  അമ്പതിന്റെ പക്വതയാണെന്നായിരുന്നു  അവൾ അവനെ കളിയാക്കാറുള്ളത്.  സോഫയിലിരുന്നു നോക്കുമ്പോൾ ഗ്ലാസ്സിനുമുകളിൽ മഞ്ഞുമൂടിയതുപോലെ തോന്നിച്ചതിനാൽ അവളുടെ മുഖം വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. ടവൽ എടുത്ത് അതൊന്നു തുടയ്ക്കാമെന്നു കരുതി എഴുന്നേറ്റപ്പോൾ കാലൊന്നിടറി. വീഴാൻ തുടങ്ങിയപ്പോഴേക്കും ആഷിഖും ശിവദാസും കൂടി താങ്ങി. ഒന്നും പറ്റിയില്ല. പുറത്തുനിന്ന് രാജീവും ഓടി വന്നു.അവന്റെ കണ്ണുകൾ ചുവന്നു വീർത്തിരിക്കുന്നു. ‘ കുറച്ചു നേരം അകത്തുപോയി കിടന്നോളു അച്ഛാ ‘. “ ഏയ്‌, വേണ്ടെടാ ഉറക്കം വരാറായില്ല “.  ഓർമ്മകളുടെ ഭാരവുമായി വീണ്ടും സോഫയിലിരുന്നപ്പോൾ തൊട്ടടുത്ത് അവനുമിരുന്നു .  “മോനേ, കുട്ടികൾക്ക് വല്ലതും കഴിക്കാൻ കൊടുത്തോ ?”. “ ഫിദ കൊടുത്തിട്ടുണ്ടാകും അച്ഛാ “.  “രേഷ്മയെ ഒന്നു ശ്രദ്ധിക്കണേ. വലിയ സങ്കടം വന്നാൽ അവൾക്ക്  അപസ്മാരം വരാറുണ്ട്”.  അതു കേട്ടപ്പോൾ അവൻ തേങ്ങൽ അടക്കാൻ പാടുപെടുന്നത് കണ്ടു. ആരോ വന്ന് അവനെ പിടിച്ചു പുറത്തേക്ക് കൊണ്ടുപോയി.   

രവിയും സത്യനും വന്ന് അടുത്തിരുന്നു. “ പേപ്പറുകൾ എല്ലാം ശരിയായില്ലേ. നാളെ എത്ര മണിക്കാണ് കോണ്ടുപോകേണ്ടത് “. “രാവിലെ 10 മണിക്ക്”. രണ്ടുപേരും ഒരുമിച്ചാണ് ഉത്തരം പറഞ്ഞത് . “എന്റെ മുന്നിൽവച്ചുപോലും വസ്ത്രം മാറാൻ മടിയുള്ളവളാ നാളെ മുതൽ എത്രയോ കുട്ടികളുടെ മുന്നിൽ വിവസ്ത്രയായി കിടക്കാൻ പോകുന്നത് “ അവരോടത് പറഞ്ഞപ്പോൾ മാഷ് അറിയാതെ ചിരിച്ചുപോയി. രവി കൈ രണ്ടും ചേർത്ത് പിടിച്ചു ചോദിച്ചു, “ “എടാ, നീ ശരിക്കും ഒകെ അല്ലേ “.  “ അല്ലാതിരുന്നിട്ടെന്താ. അവൾ വൈകി വന്നു നേരത്തെ പോയി. ഞാൻ നേരത്തെ വന്നു. പോകാൻ വൈകുന്നു എന്നു മാത്രമല്ലേയുള്ളു “. അതു കേട്ട് കുട്ടിക്കാലം മുതലുള്ള ആ ആത്മസുഹൃത്തുക്കൾ  അത്ഭുതത്തോടെ നോക്കിയപ്പോൾ, അവരുടെ കണ്ണുകളിലുണ്ടായ ആ ഭാവം എന്തിനായിരുന്നുവെന്ന് മാത്രം മാഷിനു മനസിലായില്ല.

ആളുകൾ വന്നും പോയും കൊണ്ടിരിക്കുന്നുണ്ട് .  വരുന്നവരെ എപ്പോഴും പുഞ്ചിരിയോടെ സ്വീകരിക്കാറുള്ള ആൾ മാത്രം ഇന്ന് ഗാഢനിദ്രയിലാണ്. നിസ്സംഗതയുടെ ആകാശത്തിൽ മാഷിന്റെ മനസ്സ് ഭാരമില്ലാതെ പറന്നുനടന്നു. പിന്നിലെ മുറിയിൽ നിന്ന് രേഷ്മയുടെ തേങ്ങലുകൾ കേൾക്കാം. അവൾ ആരോടോ പറയുന്നുണ്ട്: “ഏട്ടനോട് പറയണേ, അച്ഛനെ ഒന്ന് ശ്രദ്ധിക്കണമെന്ന്.”  എപ്പോഴോ രവി നിർബന്ധിച്ചിട്ടാണ് മാഷ് ചെന്നു കിടന്നത്. രാവിലെ പതിവുപോലെ അഞ്ചു മണിക്കുതന്നെ എഴുന്നേറ്റു. ഒരുനിമിഷം ശീലമനുസരിച്ച് കിടക്കയിൽ ഗീതയെ തപ്പിനോക്കി. പിന്നീടാണ് യഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നത്. പ്രഭാതകൃത്യങ്ങൾക്കുശേഷം പതുക്കെ ഓഫീസ് റൂമിലേക്ക് ചെന്നു. ആരൊക്കെയോ സോഫയിലും കസേരകളിലുമായി അർദ്ധമയക്കത്തിൽ ഇരിക്കുന്നുണ്ട്. അവരെ ഉണർത്തേണ്ടെന്നു കരുതി തിരിച്ച് കട്ടിലിൽ വന്നിരുന്നു. അഞ്ചു മുതൽ ആറു വരെ നടത്തം കഴിഞ്ഞു വന്നാൽ ഗീത ഒരു ചായ തരും. അതു കുടിച്ചു കൊണ്ടാണ് പത്രം വായന. ഏഴുമണിക്ക്‌  യോഗ ചെയ്യണം.  ഇന്നിനി 7 മണി വരെ എന്തു ചെയ്യും. അല്ലെങ്കിലും  ചിലപ്പോഴൊക്കെ സമയത്തിന് ദൈർഘ്യം  കൂടുതലാണല്ലോ.
 
ഓഫീസ് റൂമിൽ നിന്ന് സംസാരം കേട്ടപ്പോൾ അങ്ങോട്ട് ചെന്നു. മാഷെ കാത്തിരുന്നതുപോലെ രവിയും ആഷിഖും രാജീവും അരികിലെത്തി . “മെഡിക്കൽ കോളജിന് ശരീരം നല്കുന്നകാര്യത്തിൽ ഗീതയുടെ ബന്ധുക്കൾക്ക് അല്പം അഭിപ്രായവ്യത്യാസമുണ്ട് ”. രവി മടിച്ച് മടിച്ചാണ് കാര്യം പറഞ്ഞത് . “ അവളുടെ ആവശ്യപ്രകാരം ഞങ്ങൾ രണ്ടു പേരും മക്കളും ചേർന്ന് മുമ്പേ തീരുമാനിച്ചതാണതെന്ന് നിനക്ക് പറഞ്ഞൂടായിരുന്നോ? അതിനൊന്നും ഒരു മാറ്റവുമില്ലെന്ന് അവരോട് പറഞ്ഞേക്ക്  “. മാഷിന്റെ വാക്കുകൾ ഉറച്ചതായിരുന്നു.
 
രാത്രി വന്നുപോയ ബന്ധുക്കളും അയൽക്കാരുമെല്ലാം വീണ്ടും എത്തിത്തുടങ്ങി. ആരൊക്കെയോ ചേർന്ന് രേഷ്മയെ മാഷിന്റെയടുത്ത് സോഫയിൽ കൊണ്ടിരുത്തി. അവൾ അച്ഛനെ കെട്ടിപ്പിടിച്ച് കരയാൻതുടങ്ങി. അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ചു . കരഞ്ഞ് തളർന്ന അവൾ പതുക്കെ മയങ്ങിപ്പോയി . ഏഴു മണി ആയപ്പോൾ മാഷ് പതുക്കെ അവിടെനിന്ന് എഴുന്നേറ്റു. ശ്രീനിയും രാജീവും ചോദ്യഭാവത്തിൽ അദ്ദേഹത്തെ നോക്കി. “ യോഗയ്ക്ക് സമയമായി. ഞാൻ മുകളിൽ പോയി അതു കഴിഞ്ഞു വരാം”. രാജീവിന്റേയും ശ്രീനിയുടേയും നോട്ടങ്ങളിലെ അവിശ്വസനീയത കാണാത്ത ഭാവത്തിൽ അദ്ദേഹം പതുക്കെ മുകളിലേക്ക് കോണിപ്പടികൾ കയറി, വികാരങ്ങൾക്കുമേൽ കാലം പകർന്നു നല്കിയ നിർമമതയുടെ ശാന്തതയോടെ.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ