
സുഗുണ ചേച്ചി ഒരു സാധാരണ സ്ത്രീ ആയിരുന്നു. എങ്കിലും പഞ്ചായത്തിലെ ഏവർക്കും സുപരിചിതയുമായിരുന്നു... പ്രദേശത്തെ വീടുകളും, വീട്ടുകാരും ചേച്ചിക്കും സുപരിചിതം. ചിട്ടിപിരിവ്, വട്ടിപിരിവ്, തുടങ്ങിയ ചുറ്റികളിയുമായി കയറിയിറങ്ങാത്ത വീടുകളീല്ല, അവർ കല്ലെറിയാത്ത മാവുകളില്ല, കഫം തുപ്പാത്ത വഴികളില്ല.
വനിത സംവരണമായതിനാൽ ഒരു പരിചയ മുഖം തേടിയാണ് നേതാക്കളെ കൊണ്ട് മാത്രം സമ്പന്നമായ പാർട്ടി സുഗുണ ചേച്ചിയെ സമീപിച്ചത്.
ഒറ്റപ്പാലത്ത് വെച്ച് നടന്ന സമ്മേളനം തൊട്ടുള്ള ചരിത്രം പറഞ്ഞ്, ഭരണഘടന ഉയർത്തി പിടിച്ച്, യുവ ഗാന്ധിയുടെ കയ്യൊപ്പുള്ള ചെറു പുസ്തകം നൽകി ചേച്ചിയെ സ്ഥാനാർത്ഥിയാക്കി.
മധൂരമൂറുന്ന വാക്കുകൾ കൊണ്ട് വാനോളം പുകഴ്ത്തി... പക്ഷെ, സുഗുണ ചേച്ചി കൈ മലർത്തി.
എൻ്റെ വലിയമ്മയുടെ മകൾ, വിജയേച്ചിയാ സ്ഥിരമായി ഇവിടെ ജയിക്കുന്നത്. അവർക്ക് വോട്ട് ചെയ്യെണ്ട കടമയുണ്ട്.
ഹായ്.... എന്താ...ഈ പറയണെ....കൂട്ടത്തിൽ കൃഷ്ണൻ എന്ന് പേരായ ഒരാൾ ഉപദേശം തുടങ്ങി.
ഇതൊരു ധാർമ്മിക യുദ്ധമാണ്.... ഇവിടെ ചേച്ചി, കീച്ചി, ഭർത്താവ്, കിർത്താവ് ഒന്നുമില്ല. ചേച്ചി നിൽക്കുക, പോരാടുക....വിജയം സുനി ശ്ചിതം.... നിങ്ങളുടെ വിജയം ഭരണഘടനയുടെ വിജയം.
അയാൾ ഒന്ന് നിർത്തി എല്ലാ വരോടുമായി ചോദിച്ചു.
എന്താ..... അങ്ങനെ തന്നെയല്ലെ?
സുഗുണ അങ്ങനെ സ്ഥാനാർത്ഥിയായി. പണ്ട്, കല്ലെറിഞ്ഞ പട്ടിയെ നോക്കി പോലും ചിരിച്ചു, കൈകൂപ്പി.
വലിയമ്മയും കുടുംബവും കണ്ടാൽ മിണ്ടാതായി.
മത്സരത്തിൻ്റെ വാശി മൂത്തപ്പോൾ, പാർട്ടിയോട് കാശ് ചോദിച്ചു. നമുക്കിപ്പോ ഭരണം എവിടെം ഇല്ലല്ലോ. പണത്തിനൊക്കെ ഭയങ്കര പഞ്ഞം. ചേച്ചി തൽക്കാലം കുറച്ച് കൈയ്യിന്നിട്ടോ.
വാശി കയറിയ സുഗുണ ചേച്ചി സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്തു. പണ്ടം പണയം വെച്ചു.
തലസ്ഥാന നഗരങ്ങളായ ദില്ലിയിലും തിരുവനന്തപുരത്തും അസാധ്യ സ്വാധിനമുണ്ടെന്ന് മാറിൽ സ്വയം എഴുതി വെച്ചിട്ടുള്ള താമരാക്ഷൻ സുഗുണ ചേച്ചിയെ സമീപിച്ചു.
ചേച്ചിയെ ഞാൻ സഹായിക്കാം. വിജയിപ്പിക്കാം... നിങ്ങളെ നിർത്തിയവരാരും സഹായിക്കില്ല, പ്രവർത്തിക്കില്ല.
സുഗുണ പറഞ്ഞു. പറഞ്ഞത് സത്യം. കാശ് കൊടുത്താലെ കൂടെ നടക്കാൻ ആളുള്ളു. വെറുതെ വിജയേച്ചിയുടെ വിരോധം വാങ്ങി.
ഇവിടെ ആയിരത്തി അമ്പൊത്തിഒൻപത് വോട്ടാണ്. അതിൽ ഒരു തൊള്ളായിരത്തി അറുപത് വോട്ട്. അത്രെം ചെയ്താലായി. ചേച്ചി ഒരു അഞ്ചു ലക്ഷം ഇങ്ങോട്ട് താ. പുഷ്പം പോലെ ജയിപ്പിച്ച് തരാം.
എൻ്റെ കയ്യിൽ കാശില്ലാട്ടോ. ഇപ്പ തന്നെ വായ്പയാ.
ചേച്ചി ഒരു കാര്യം മനസ്സിലാക്കണം.... ഇങ്ങടെ വിജയേച്ചിടെ പാർട്ടി കേരളം മൊത്തം നോക്കിയാപ്പോലും ഇരുന്നൂറ് പേരുള്ള ഒരു പാർട്ടിയാ... പിന്നെ ഒരു മന്ത്രിയുള്ളത് കൊണ്ടാ സീറ്റ് കിട്ടുന്നത്... അവരെ ഒന്ന് തോൽപ്പിച്ചാൽ അടുത്ത തവണ സീറ്റ് പിടിച്ചെടുക്കാമെന്ന് മുഖ്യകക്ഷിക്കുണ്ട്.... അത് കൊണ്ട്, ചേച്ചി കാശ് ധൈര്യമായി തന്നോളു.....
ന്നാലും....ഇതൊക്കെ പുരെയില് ഒന്ന് ചോയിക്കണ്ടെ....
ഇങ്ങക്ക് വേണങ്കി ചോയിച്ചോളണ്ടു.
അത്രയും പറഞ്ഞ് താമാരാക്ഷൻ പോയപ്പോൾ, സുഗുണ ചേച്ചി സ്വയം പറഞ്ഞു.... ആര് ചോദിക്കാൻ.... എനക്കെന്താ, പ്രാന്താ.....
എങ്കിലും ഭർത്താവിനോട് ചോദിച്ചു.
ഭർത്താവ് പറഞ്ഞു. അവനാള് ശരിയല്ല. സമരം ചെയ്യാൻ ദില്ലിയിൽ നിന്നും തിരുവനന്തപുരം വഴി കൊടുത്തയച്ച പണം പോക്കറ്റിലിട്ടതിന് സസ്പെൻഷനിലാണവൻ. കാശുണ്ടക്കലാ ജോലി. ഒരു കാര്യം നീ മനസ്സിലാക്കിക്കോ. തിരഞ്ഞെടുപ്പിന് മുമ്പെ നീ ജയിച്ചിരിക്കുന്നു. അതിൻ്റ ലക്ഷണമാണിതിക്കെ.
സുഗുണക്ക് സന്തോഷമായി. കഞ്ഞിക്കും, ചമ്മന്തിക്കും പുറമെ ഉണക്ക മാന്തൾ കൂടി വറുത്ത് സന്തോഷം പ്രകടിപ്പിച്ചു. കഞ്ഞിയിൽ ഉപ്പിടാതെ ലാഭിക്കുകയും ചെയ്തു.
ഭർത്താവ് സുഗുണയിൽ നല്ലൊരു ഭാവി കണ്ടു.
തിരഞ്ഞെടുപ്പ് കഴിഞ്ഞു.
മലയാളികളെ പോലെ സുഗുണക്കും കുടുംബാംഗങ്ങൾക്കും കട ബാധ്യതയേറി.
എങ്കിലും വിജയത്തിനപ്പുറം മറ്റൊന്നുമില്ലല്ലോ.
വോട്ടെടുപ്പിൻ്റെയന്ന് കുളിച്ചൊരുങ്ങി ഇറങ്ങുമ്പോഴാണ്, മകൻ ഓടി വന്ന് പറഞ്ഞത്.
വൻ ചതി നടന്നിട്ടുണ്ടമ്മേ. വൻ ചതി.
സുഗുണ അന്താളിപ്പോടെ ചോദിച്ചു. എന്താടാ.
മുഖ്യ കക്ഷി ചതിക്കും എന്നറിഞ്ഞപ്പോ ഘടകകക്ഷി കാശ്ശിറക്കി. താമാരക്ഷന് കാശ്. പിന്നെ അയാൾ മുഖാന്തിരം കുറച്ച് വോട്ടർമാർക്കും കാശ്.
തിരഞ്ഞെടുപ്പ് ഫലം വന്ന് പുറത്തിറങ്ങുമ്പോൾ ആരോ ചോദിച്ചു. ചേച്ചി പൊട്ടി... ല്ലെ... അമ്പത്തി രണ്ട് വോട്ടിന്?
ഒരു ഗദ്ഗദം പോലെ സുഗുണ ചേച്ചി പറഞ്ഞു.... ഞാൻ പൊട്ടി.... ശരിക്കും പൊട്ടി....
