Padma subrah
പത്താം ക്ലാസ് പരീക്ഷാഫലം വന്ന ദിവസം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണ്. പ്രഭാതത്തിൽ പത്രം വന്നപ്പോൾ എന്റെ മനസ്സ് പെരുമ്പറ കൊട്ടുന്നതുപോലെ മിടിക്കുകയായിരുന്നു.
“ദൈവമേ... ഞാൻ ജയിക്കണേ...”
ആ പ്രാർത്ഥന മാത്രമായിരുന്നു മനസ്സു നിറയെ.

പരീക്ഷ കഴിഞ്ഞ് ഫലം വരുന്നതുവരെ എനിക്ക് വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. സത്യത്തിൽ, അന്ന് എങ്ങനെ പഠിക്കണം എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. പഠനത്തിന്റെ അടിത്തറ തന്നെ ദുർബലമായിരുന്നു. അടിത്തറ ഉറപ്പില്ലാതെ വീട് പണിതാൽ അത് നിലനിൽക്കാത്തതുപോലെ, ഉറച്ച അടിത്തറയില്ലാത്ത വിദ്യാഭ്യാസവും മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുമെന്ന് പിന്നീട് എനിക്ക് മനസ്സിലായി.
ഫലം വന്നപ്പോൾ ഞാൻ വിജയിച്ചില്ല.
ഫലം കണ്ടശേഷം എന്റെ അമ്മാവൻ പറഞ്ഞു:
“നീ പുളിശേരിയും വെച്ചുകൊണ്ട് ഇവിടെ ഇങ്ങനെ ഇരുന്നാൽ മതി. പഠിക്കേണ്ട.”
ആ വാക്കുകൾ കേട്ടപ്പോൾ വിഷമവും സങ്കടവും ദേഷ്യവുമെല്ലാം മനസ്സിൽ നിറഞ്ഞു. ഞാൻ ഉണ്ടാക്കിയ പുളിശേരി ഒട്ടും ബാക്കിയാക്കാതെ മുഴുവൻ കുടിച്ചുതീർത്തു.
പിന്നീട് വീണ്ടും പത്താം ക്ലാസ് പരീക്ഷ എഴുതി. കഷ്ടിച്ച് ജയിച്ചു.
തുടർന്ന് പ്രീഡിഗ്രിക്ക് ഫോർത്ത് ഗ്രൂപ്പ് എടുത്ത് പ്രൈവറ്റായി പഠനം തുടർന്നു. എന്റെ പ്രധാന പ്രശ്നം എന്തെന്നാൽ, എന്ത് പഠിച്ചാലും പെട്ടെന്ന് മറന്നുപോകുമായിരുന്നു. രാത്രി പകലാക്കി പഠിച്ചിട്ടും പഠിച്ചത് മനസ്സിൽ നിൽക്കാറില്ലായിരുന്നു.
എങ്കിലും നല്ല അധ്യാപകരുടെ പിന്തുണ എനിക്ക് ലഭിച്ചു. എന്നെപ്പോലെയുള്ള പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെയും അവർ ക്ഷമയോടെ പഠിപ്പിച്ചിരുന്നു. അവരുടെ പ്രോത്സാഹനം എനിക്ക് വലിയ ആശ്വാസമായിരുന്നു.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ടൈപ്പിംഗും പഠിച്ചു. ആദ്യ അവസരത്തിൽ തന്നെ ലോവർ ടൈപ്പ് പരീക്ഷ പാസായി. പഠനത്തിൽ വലിയ മികവ് കാണിക്കാനായില്ലെങ്കിലും, ശ്രമം ഒരിക്കലും ഉപേക്ഷിച്ചില്ല.
എന്റെ സ്കൂൾ ജീവിതത്തിലെ മറ്റൊരു ഓർമ്മ ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. എല്ലാ വെള്ളിയാഴ്ചയും അവസാന പിരീഡിൽ ക്ലാസ് മീറ്റിംഗ് നടത്തുമായിരുന്നു. അഞ്ചാം ക്ലാസ് മുതൽ ഞാൻ ക്ലാസിലെ മോണിറ്ററോ സെക്രട്ടറിയോ ആയിരുന്നു. അധ്യാപകർ ഇല്ലാത്തപ്പോൾ സംസാരിക്കുന്ന കുട്ടികളുടെ പേരുകൾ രേഖപ്പെടുത്തുക എന്നതായിരുന്നു പ്രധാന ചുമതല. 

ഒരു ദിവസം ടീച്ചർ ഇല്ലാത്ത സമയത്ത് ക്ലാസ് മുറിയുടെ വാതിൽ മുക്കാൽ ഭാഗം അടച്ചിരുന്നു. അപ്പോൾ കുട്ടികൾ എന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കുമായിരുന്നു. അതെനിക്കും ഒരു പുതിയ ഉണർവ് നൽകുമായിരുന്നു. അങ്ങനെ ഡാൻസ് നടക്കുന്നതിനിടയിൽ പ്രധാനാധ്യാപകൻ നിശ്ശബ്ദമായി ക്ലാസ് മുറിയിലേക്ക് കടന്നുവന്നു. ഞാൻ അത് ശ്രദ്ധിച്ചില്ല. കുട്ടികൾ എല്ലാവരും പെട്ടെന്ന് എഴുന്നേറ്റുനിന്നപ്പോഴാണ് എന്റെ ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞത്. എല്ലാവരോടും ഇരിക്കാൻ പറഞ്ഞ ശേഷം പ്രധാനാധ്യാപകൻ എന്നെ അടുത്തേക്ക് വിളിച്ചു. ഞാൻ ഭയന്നുകൊണ്ട് അദ്ദേഹത്തിന്റെ സമീപത്തെത്തി.
“കുട്ടിയുടെ പേര് എന്താണ്?” അദ്ദേഹം ചോദിച്ചു.
“മോനിഷ,” ഞാൻ മറുപടി പറഞ്ഞു.
അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“കുട്ടികളെ അടക്കി ഇരുത്താൻ മോനിഷയുടെ ഡാൻസിന് കഴിഞ്ഞു. അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ടീച്ചർ ഇല്ലാത്തപ്പോൾ അടുത്ത ക്ലാസുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നിങ്ങളുടെ ഉള്ളിലുള്ള കലകളെ പ്രോത്സാഹിപ്പിക്കണം.”
ആ വാക്കുകൾ എനിക്ക് വലിയ പ്രോത്സാഹനമായി.
അടുത്ത ദിവസത്തെ അസംബ്ലിയിൽ മൈക്കിലൂടെ പ്രഖ്യാപനമുണ്ടായി:
“എട്ടാം ക്ലാസിലെ മോനിഷ ഇവിടെ വരൂ.”
ഞാൻ സ്റ്റേജിലേക്ക് ചെന്നു.
അപ്പോൾ എല്ലാ കുട്ടികളോടുമായി പ്രധാനാധ്യാപകൻ പറഞ്ഞു:
“ഇനി മോനിഷയെ കണ്ട് വേണം നിങ്ങൾ പഠിക്കാൻ. എല്ലാവരുടെയും ഉള്ളിൽ ഓരോ കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ട്. അവ കണ്ടെത്തി മിനുക്കിയെടുക്കാൻ ശ്രമിക്കണം.”
ആ വാക്കുകൾ ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.

സ്കൂളിലെ എല്ലാ പരിപാടികളിലും ഞാൻ പങ്കെടുക്കുമായിരുന്നു. സമ്മാനം കിട്ടിയില്ലെങ്കിലും പങ്കെടുക്കുന്നതിൽ എനിക്ക് സന്തോഷമായിരുന്നു. കാരണം കഴിവുകൾ എല്ലാവർക്കും ഒരുപോലെ ലഭിക്കണമെന്നില്ല. എന്നാൽ നമുക്കുള്ള കഴിവുകളെ തിരിച്ചറിഞ്ഞ് മിനുക്കിയെടുക്കുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസവും സന്തോഷവുമാണ് ഏറ്റവും വലിയ സമ്മാനം. ജീവിതത്തിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠവും അതുതന്നെയാണ്. എല്ലാവരും ജയിക്കണമെന്നില്ല. എല്ലാവർക്കും സമ്മാനങ്ങൾ ലഭിക്കണമെന്നുമില്ല. പക്ഷേ ഓരോരുത്തരുടെയും ഉള്ളിൽ മറ്റാരും കാണാത്ത ഒരു കഴിവെങ്കിലും ഒളിഞ്ഞിരിപ്പുണ്ട്. അതിനെ കണ്ടെത്തി വളർത്താൻ കഴിയുമ്പോഴാണ് യഥാർത്ഥ വിജയം.
അതുകൊണ്ടുതന്നെ ഇന്ന് ഞാൻ വിശ്വസിക്കുന്നു—
സമ്മാനം കിട്ടുന്നതിലല്ല സന്തോഷം;
നമ്മളിലുള്ള കഴിവിനെ തിരിച്ചറിഞ്ഞ് അതിൽ വിശ്വസിക്കാൻ കഴിയുന്നതിലാണ് യഥാർത്ഥ സന്തോഷം. 

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ