
കടിഞ്ഞൂൽപ്പൊട്ടുകൾ. (First Born Babies)
ഇത് അവരുടെ കഥയാണ്. ഒരു കുടുംബത്തിൽ ആദ്യമുണ്ടാകുന്ന കുട്ടിയാണ് കടിഞ്ഞൂൽപ്പൊട്ട് എന്നറിയുന്നത്. അമ്മയ്ക്ക് ആദ്യപ്രസവത്തിൽ ഉണ്ടാകുന്ന കുട്ടി എന്നർത്ഥവുമുണ്ട്. അച്ഛന്റെ ആദ്യത്തെ സന്തതി എന്ന സ്വപ്നസാക്ഷാൽക്കാരവും കടിഞ്ഞൂൽപ്പൊട്ട് എന്ന ആദ്യത്തെ കുട്ടിയാണ്.
എല്ലാ കടിഞ്ഞൂൽപ്പൊട്ടുകൾക്കും മാത്രം ലഭിക്കുന്ന വലിയ സൗഭാഗ്യമാണ് കുടുംബത്തിന്റെ എല്ലാ അണികളിൽനിന്നും അവർക്ക് ലഭിക്കുന്ന അതിരു കവിഞ്ഞ വാത്സല്യം.
ആ വാത്സല്യത്തിലാണ് കടിഞ്ഞൂൽപ്പൊട്ടിന്റെ വളർച്ച ആരംഭിക്കുന്നത്.....
കടിഞ്ഞൂൽപ്പൊട്ടുകളുടെ അടുത്ത ഘട്ടം വളരെ സങ്കീർണ്ണമായ ഒന്നാണ്.
.. അത് പാരന്റിങ്ങാണ്.....
ആദ്യത്തെ കുട്ടിയെ ആരാക്കി തീർക്കണം ഭാവിയിൽ എന്ന അമിതമായ ആഗ്രഹത്തിൽ അച്ഛനുമമ്മയും ഈ കടിഞ്ഞൂൽപ്പൊട്ടിനെ അവരുടെ ഇച്ഛക്കനുസാരിയായ ഒന്നാക്കി മാറ്റി തീർക്കാനുള്ള ആ തീരുമാനം പ്രത്യക്ഷവും, പരോക്ഷവുമായ സമ്മർദ്ദങ്ങളിലേയ്ക്ക് അതിനെ നയിക്കുവാൻ തുടങ്ങുന്നു.
അവരുടെ സമ്മർദ്ദങ്ങൾ കടിഞ്ഞൂൽപ്പൊട്ടിന്റെ ഉള്ളിൽ സ്വാഭാവികമായി രൂപപ്പെട്ടുവരുന്ന അതിന്റെ വ്യക്തിത്വത്തേയും, സ്വാതന്ത്ര്യത്തേയും ലോകത്തോടുള്ള കാഴ്ചപ്പാടിനെയും സ്വത്വബഹുമാനത്തേയും ശരിക്കും ബാധിക്കാൻ തുടങ്ങുമ്പോൾ...
ആന്തരികമായി കടിഞ്ഞൂൽപ്പൊട്ടുകൾ ആത്മസംഘർഷത്തിലാവാൻ തുടങ്ങും.
അച്ഛനും അമ്മയും അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങളിൽ ഇവിടെ ഞാനാര് ???
എനിക്ക് തനിച്ച് ഒന്നും ചെയ്യാൻ കഴിയില്ലേ???
ഇവർ പറയുന്നത് തന്നെയാണോ എന്റെ വഴി ???
ഇതിനേക്കാൾ ആഹ്ലാദകരമായ മറ്റൊരു വഴി എനിക്കില്ലേ ???
എന്നൊക്കെയുള്ള സന്ദേഹങ്ങളിലൂടെ കടിഞ്ഞൂൽപ്പൊട്ട് കടന്നു പോകുന്നുണ്ടാകും.
ഇതുപോലെ വാക്കുകൾ കൊണ്ട് തന്റെ ആന്തരികതലം അച്ഛനമ്മമാരോട് ബോധ്യപ്പെടുത്താൻ കഴിയാത്തതിനാൽ ബാല്യത്തിൽ തന്നെ കടിഞ്ഞൂൽപ്പൊട്ടുകൾ മേല്പറഞ്ഞ മനോസംഘർഷങ്ങളിലൂടെ കടന്നു പോകയാൽ അവർക്ക് മാതാപിതാക്കളോട് ഉണ്ടാവുക. ഒരുതരം പ്രതിഷേധമാകാം...
നിർവികാരതയാകാം... നിഷേധമാവാം
ഇതിനെയാണ് മുതിർന്നവർ
"അനുസരണക്കേട് " എന്ന് വിളിച്ചു കുട്ടികളെ ശിക്ഷിക്കുന്നത്...
അങ്ങനെ ശിക്ഷിക്കുമ്പോഴും സ്വന്തമായി നിലപാടുള്ള കടിഞ്ഞൂൽപ്പൊട്ടുകൾ അവരുടെ പ്രതിഷേധം മാതാപിതാക്കളോട് സ്വാഭാവികമായും തുടർന്നുകൊണ്ടിരിക്കും
ഇവിടെ മാതാപിതാക്കൾക്ക് കടിഞ്ഞൂൽപ്പൊട്ടുകളോടുള്ള പ്രതീക്ഷ അവസാനിക്കുകയും ,
തങ്ങളുടെ ആഗ്രഹം കടിഞ്ഞൂൽപ്പൊട്ടിലൂടെ പൂവണിയില്ല എന്ന നിരാശ അവരിൽ നിന്ന് കടിഞ്ഞൂൽപ്പൊട്ടിനോടുള്ള അവഗണനയായി പല രൂപത്തിൽ പുറത്തു വരാൻ തുടങ്ങുകയും ചെയ്യുന്നു
മാതാപിതാക്കളുടെ ഈ കടുത്ത മാനസികാവസ്ഥയിൽ സ്വന്തമായി തീരുമാനമുള്ള കടിഞ്ഞൂൽപ്പൊട്ട് പ്പെട്ടു പോകുമ്പോൾ, അതനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ പല രൂപത്തിൽ അതിന്റെ ഉള്ളിൽ നിന്നും പുറത്തു വരുന്നു.
അതിങ്ങനെയാവും.. സ്വഭാവവൈകല്യം, പഠനവൈകല്യം, പെരുമാറ്റ വൈകല്യം സാമൂഹ്യമായ മൗനം, മനോഭാവത്തിലുള്ള ക്രമരഹിതമായ വ്യതിയാനങ്ങൾ ഇതെല്ലാമായി
പ്രകൃതിയാണ് ഒരു കുഞ്ഞിനെ സൃഷ്ടിക്കുന്നത്. മാതാപിതാക്കൾ ആ സൃഷ്ട്ടിയ്ക്കുള്ള മാധ്യമങ്ങൾ മാത്രമാണ്.
ആത്യന്തികമായി എല്ലാ പിറവികളുടെയും ഉറവിടം പ്രകൃതിയാണ്. പിറന്നു വീഴുന്ന കുഞ്ഞുങ്ങളുൾപ്പടെ... എല്ലാം
കുട്ടികളെ , യജമാനബോധത്തോടെ..
ഉടമസ്ഥാവകാശത്തോടെ..
അവർ തങ്ങൾ മാത്രം ഉൽപാദിപ്പിച്ച ചരക്കുകൾ ആണെന്ന ചിന്തയോടെ അച്ഛനമ്മമാർ അവരെ കാണുന്ന നിമിഷം മുതൽ
"സ്വത്വം" (സ്വവ്യക്തിത്വം )എന്ന അവസ്ഥയിൽ നിന്ന് കുട്ടികൾ കടിഞ്ഞൂൽപ്പൊട്ടുകൾ, മാതാപിതാക്കളിൽ നിന്ന് മാനസികമായി അകലുകയാണ്.
ഇങ്ങനെ, കടിഞ്ഞൂൽപ്പൊട്ടിനെ, അതിനെ സ്നേഹിച്ചവരുൾപ്പെടുന്ന കുടുംബവൃത്തത്തിനുള്ളിൽ വെച്ചു തന്നെ ഇത്തരം മാതാപിതാക്കൾ കടിഞ്ഞൂൽപ്പൊട്ടിന് ഒരു മുദ്ര ചാർത്തും..
"ഇത് നന്നാവില്ല... പോക്കാ.. "
പിന്നെ, ഈ മുദ്ര നൽകുന്ന മാനസിക സംഘർഷവും പേറിയാവും കടിഞ്ഞൂൽപ്പൊട്ടിന്റെ ബാലകാലത്തിലെ കന്നിയാത്രകൾ.
അങ്ങനെ..
അച്ഛൻ... "നന്നാവില്ല "എന്ന മുദ്ര ചാർത്തി കെട്ടിയ കടിഞ്ഞൂൽപ്പൊട്ടിനെ നന്നാക്കാനുള്ള ഫ്രീ അവകാശം ലഭിച്ച അവസരത്തിൽ കുടുംബവൃത്തത്തിലുള്ളവർ മുഴുവൻ അതിനെ വിചാരണ നടത്തുo, ഉപദേശിക്കാൻ തുടങ്ങും, അവരുടെ രീതികൾ അടിച്ചേൽപ്പിക്കാൻ തുടങ്ങും
എങ്ങനെ ഒരു കുഞ്ഞിനെ വളർത്താം, അതിനോട് പെരുമാറാം, പെരുമാറാതിരിക്കാം എന്നൊക്കെ അച്ഛനമ്മമാരും, കുടുംബത്തിലെ ബന്ധുക്കളും പഠിക്കുന്ന ആദ്യത്തെ പരീക്ഷണ ജന്മവും ഈ കടിഞ്ഞൂൽപ്പൊട്ടുകളായിരിക്കും.
ഇത്തരം കടിഞ്ഞൂൽപ്പൊട്ടുകളെ അവരുടെ അച്ഛനമ്മമാർ വളർത്തുന്ന രീതിയും, അതിനോട് ആ കുട്ടിയുടെ പ്രതികരണവും സസൂക്ഷ്മം വീക്ഷിക്കുന്ന, സന്തതി സ്വപ്‌നങ്ങൾ പേറുന്ന ഒരുപാട് പേർ കുടുംബവൃത്തത്തിനകത്ത് ഉണ്ടാകും.
അവർക്ക് രഹസ്യമായി പാരന്റിങ്ങിന്റെ പ്രാഥമിക പാഠങ്ങളും കാഴ്ചപ്പാടുകളും ലഭിക്കാൻ "കടിഞ്ഞൂൽപ്പൊട്ട് "എന്ന പരീക്ഷണജന്മങ്ങൾ വഴിയൊരുക്കുന്നു.
അങ്ങനെ, ആദ്യത്തെ പരീക്ഷണജന്മത്തിൽ നിന്ന് പാരന്റിങ്ങിന്റെ പാഠങ്ങൾ കൃത്യമായി പഠിച്ചറിഞ്ഞ മാതാപിതാക്കൾ, അടുത്ത കുട്ടിയെ, കടിഞ്ഞൂൽപ്പൊട്ടിന് നൽകാത്ത സ്വാതന്ത്ര്യവും, കർക്കശമായ അടിച്ചേൽപ്പിക്കലില്ലാത്ത അവസ്ഥയും നൽകി വളർത്താൻ തുടങ്ങുന്നു. അത്തരം കുട്ടികൾ അവരുടെ ഇച്ഛയ്ക്കൊത്ത് വളരാൻ തുടങ്ങും.
ആ കുട്ടികളെ പ്രചോദിപ്പിക്കാൻ വീണ്ടും കടിഞ്ഞൂൽപ്പൊട്ട് എന്ന പരീക്ഷണജന്മത്തെ ചൂണ്ടിക്കാണിച്ച് മാതാപിതാക്കൾ പറയും.
"ഇവനെ പോലെ ഒന്നിനും കൊള്ളാത്തവനായി പോകരുത്.. മോൻ മിടുക്കനായി വളരണം.. "എന്ന്.
അങ്ങനെ, കൂടപ്പിറപ്പിന്റെ മുന്നിൽ കടിഞ്ഞൂൽപ്പൊട്ട് ആദ്യത്തെ അപമാനവും നേരിടുന്നു. ആ അപമാനം കൂടപ്പിറപ്പിനോടുള്ള പ്രതികാരം ആയിപ്പോലും കടിഞ്ഞൂൽപ്പൊട്ടുകൾ പ്രകടമാക്കുന്നു.
അങ്ങനെ, കുടുംബത്തിനകത്ത് ഒരു വിമതനെ...
ഒരു നെഗറ്റീവ് കഥാപാത്രത്തെ..
സൃഷ്ടിക്കുന്ന മാതാപിതാക്കളുടെ ഹത്യക്ക് കൂടി കടിഞ്ഞൂൽപ്പൊട്ട് സാക്ഷിയാകുന്നു.
ഇതൊക്കെ കണ്ടു പഠിച്ചു നേരത്തെ പറഞ്ഞ കുടുംബ വൃത്തത്തിനുള്ളിലുള്ളവർ അവരുടെ കടിഞ്ഞൂൽപ്പൊട്ടുകളെ സ്വാതന്ത്ര്യത്തോടെ, കാർക്കശ്യമില്ലാതെ വളർത്താൻ ആരംഭിക്കുകയും അവരെ മികച്ച വ്യക്തിത്വവും പ്രാപ്തിയും ഉള്ളവരായി മാറ്റുകയും ചെയ്യുന്നു.
അപ്പോഴേക്കും കുടുംബ വൃത്തത്തിനകത്ത് നിസ്സഹായനും, ഒറ്റപ്പെട്ടു പോയവനും, ബാല മാനസിക സംഘർഷങ്ങൾ പേറുന്നവനും, സ്വയംപ്രാപ്തിയില്ലാത്തവനുമായി പോയ ഈ കടിഞ്ഞൂൽപ്പൊട്ടിനെ മാതാപിതാക്കൾ കുടുംബക്കാരുടെ മുന്നിൽ വെച്ച് പരസ്യമായി നിർദയം, വിചാരണങ്ങൾ നടത്തി അധിക്ഷേപിച്ച്, അപമാനിച്ച് അതിന്റെ അവസാനത്തെ ആത്മവിശ്വാസത്തിന്റെ തിരി പോലും ഊതി കെടുത്തും.
അങ്ങനെ, ആത്മവീര്യവും, ആത്മവിശ്വാസവും ചോർത്തി കളഞ്ഞ കടിഞ്ഞൂൽപ്പൊട്ടിനെ പിന്നീട് മാതാപിതാക്കൾ ഉപയോഗിക്കുക,
അടുത്ത മക്കൾക്ക് ടെ ഉയരാനുള്ള വാശി വളർത്താനുള്ള ഒരു ഉപകരണം എന്ന നിലയിൽ മാത്രമാവും.
" ഇവനെ പോലെ നീ ആകരുത് മകനേ.."
എന്ന ചിന്ത അവരിൽ ഉണ്ടാക്കാനാണത്.
സത്യത്തിൽ അതിൽ അവർ ജയിക്കുന്നു. കാരണം ഒരു കുട്ടിയും മാതാപിതാക്കളുടെ അവഗണന നേടാനും അതുമൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട് ഒതുങ്ങി പോകുന്ന ഒരാളാവാനും ആഗ്രഹിക്കില്ല.
അങ്ങനെ..
കടിഞ്ഞൂൽപ്പൊട്ടിന്റെ ദൈന്യത്തിൽ നിന്നും, നിസ്സഹായതയിൽ നിന്നും എങ്ങനെയുള്ള വ്യക്തിയാവണം ഞങ്ങൾ എന്ന വ്യക്തമായ ബോധത്തിലേയ്ക്കും നിലപാടിലേയ്ക്കും മറ്റു കുട്ടികൾ സ്വാഭാവികമായും എത്തിച്ചേരുന്നു.
ഇവിടെയും, കടിഞ്ഞൂൽപ്പൊട്ട് ഒരു പരീക്ഷണജന്മമായി മാറുന്നു.
മറ്റുള്ളവർക്ക് അവരുടെ മക്കളെ എങ്ങനെ വളർത്താം എന്നും, കുടുംബത്തിലെ കുട്ടികൾക്ക് എങ്ങനെ ഇങ്ങനെയുള്ള ഒരാളായി തീരാതിരിക്കാം എന്നുമുള്ള പാഠങ്ങൾ പഠിക്കാനുമുള്ള പരീക്ഷണജന്മം ...
എല്ലാം കഴിഞ്ഞ് എല്ലാവരും അവരുടെ മിടുക്കിനെ പുകഴ്ത്താൻ ഉപയോഗിക്കുന്ന ഒരു കഥയായി കടിഞ്ഞൂൽപ്പൊട്ടിനെ കുറിച്ച് പറയും.
" ഞാൻ അവനെ പോലെ മടയനല്ല മിടുക്കനാ
പതിയെ പതിയെ,
കടിഞ്ഞൂൽപ്പൊട്ടിനെ കുടുംബവൃത്തത്തിനകത്തെ പ്രാപ്തൻമാരിൽ നിന്ന് മാതാപിതാക്കളും, കൂടപിറപ്പുകളും ചേർന്ന് നൈസ്സായി ഒഴിവാക്കുന്നതോടെ ആ കുടുംബത്തിൽ കടിഞ്ഞൂൽപ്പൊട്ടിന്റെ കാര്യത്തിൽ ഒരു തീരുമാനമാകുന്നു.
(കടിഞ്ഞൂൽപ്പൊട്ടുകൾ കുടുംബത്തിലെ ചിലർക്ക് കരടാവുന്നതിന്റെ കാരണം അവർക്ക് കുടുംബത്തിലുള്ള സ്വത്തവകാശമാണ്...
അതിന് ചിലരെങ്കിലും കടിഞ്ഞൂൽപ്പൊട്ടിനെ എത്ര കണ്ട് കുടുംബത്തിൽ നിന്ന് അകറ്റാനാകുമോ, എത്രകണ്ട് കുടുംബസ്വത്തിനു അവകാശമില്ലാത്തവനാക്കി മാറ്റാനാകുമോ എന്നെല്ലാം അവർ ശ്രമിക്കും. പ്രത്യേകിച്ചു കടിഞ്ഞൂൽപ്പൊട്ടിനു ശേഷം മത്സരവും, മിടുക്കും മാതാപിതാക്കൾ പഠിപ്പിച്ച മക്കൾ..
അവർക്കുള്ള ചിന്തയും, ലക്ഷ്യവും തീർച്ചയായും നേട്ടങ്ങൾ നേടുന്നതിന് വേണ്ടി മാത്രമായിരിക്കും. ഇങ്ങനെ, സ്വത്തവകാശമുള്ള കടിഞ്ഞൂൽപ്പൊട്ടുകളെ, അവരുടെ മനോനില തെറ്റിച്ചും, കള്ളക്കേസ്സുകളിൽ കുടുക്കിയും, അവർക്കെതിരെ കഠിനമായ ആഭിചാരമുറകൾ പ്രയോഗിച്ചും, വേണ്ടി വന്നാൽ അവരെ കൊന്നു കളഞ്ഞു പോലും സ്വത്ത് നേടുന്നവരുണ്ട്.
ചിലപ്പോൾ കുടുംബത്തിനുള്ളിൽ നിന്ന് സ്വത്തും സ്നേഹവും നഷ്ട്ടപ്പെട്ട നിരാശയിൽ ഈ പറഞ്ഞ കടിഞ്ഞോൽപ്പൊട്ട് തന്നെ കുടുംബത്തിൽ കൂട്ടകൊലപാതകങ്ങൾ നടത്തിയ ചരിത്രങ്ങൾ ഉണ്ട്.
നിരാശരായ "കടിഞ്ഞൂൽപ്പൊട്ടുകൾ" കടിച്ചു തൂങ്ങി നിൽക്കുന്ന കുടുംബങ്ങളിലെല്ലാം ഇതെല്ലാം സംഭവിച്ചിട്ടുള്ളതാണ്.
ഇങ്ങനെ ബാല്യം തൊട്ട് തെറ്റായ PARENTING ന്റെ ഇരയായി കടുത്ത മാനസിക സംഘർഷങ്ങൾ പേറുമ്പോഴും സ്വന്തം സ്വാതന്ത്ര്യത്തിന്റെ, ലക്ഷ്യത്തിന്റെ, സ്വപ്നത്തിന്റെ വഴിയിലേയ്ക്ക് ഒരൊറ്റയാനെ പോലെ നടന്നു പോകാനുള്ള ഉൾക്കരുത്തും ഇച്ഛാശക്തിയും ഭൂരിപക്ഷം കടിഞ്ഞൂൽപ്പൊട്ടുകൾക്കും ഉണ്ടാകാറില്ല എന്നതാണ് ഇതിന് കാരണം.
TALE END
========
'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയിലെ, 'സജി ' എന്ന സൗബിൻ ഷാഹിർ അവതരിപ്പിച്ച ' ഏട്ടൻ ' കഥാപാത്രം....
അതിന്റെ പിറവിയെ കുറിച്ച്, ആ കഥാപാത്രത്തെ സൃഷ്ടിച്ച, അതിന്റെ എഴുത്തുകാരൻ ശ്യാം പുഷ്കരൻ പറഞ്ഞ ഒരു വാചകമാണ്..
"ഏത് കുടുംബത്തിലും കടിഞ്ഞൂൽപ്പൊട്ടുകൾ കുടുംബത്തിനകത്തെ എല്ലാവരുടെയും പരീക്ഷണജന്മമായിരി
ക്കും..." എന്ന്
സജിയും അങ്ങനെ ഒരാളാണെന്ന്... "
ഇതിൽ നിന്നാണ് എന്റെ ഈ ദീർഘമായ എഴുത്തുണ്ടാകുന്നത്...


