
(മധു കിഴക്കയിൽ)
നോക്കെത്താ ദൂരത്ത് പടർന്നിരിക്കുന്ന ഹുസൈൻസാഗറിന്റെ ഒരുവശത്തെ ചാരുബെഞ്ചിൽ ഇരിക്കുകയായിരുന്നു മാനവ്. അവനിരിക്കുന്നതിന്റെ എതിർവശത്ത് വീതികുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും സ്പെയർപാർട്സ് ഷോപ്പുകളും ടൂവീലർ വർക്ക്‌ഷോപ്പുകളുമാണ്. അഞ്ചുമണി കഴിഞ്ഞ സമയമായതിനാൽ ജോലി കഴിഞ്ഞു വരുന്നവരുടെ തിരക്കാണ്.
ഏതാണ്ട് ഒരു മണിക്കൂറിൽ അധികമായി അവൻ അവിടെ വന്നിരിക്കാൻ തുടങ്ങിയിട്ട്. ആ ഇരട്ട നഗരത്തിന്റെ വിശാലതയിൽ അവൻ തികച്ചും അപരിചിതനും ഒറ്റപ്പെട്ടവനുമായിരുന്നു.
സ്വെറ്ററിനു തടഞ്ഞു നിർത്താൻ കഴിയുന്നതിനേക്കാൾ കഠിനമായ തണുപ്പിലും ഉള്ള് ചുട്ടുനീറുന്നതുകൊണ്ടാകാം മാനവിന്റെ കൈകളിൽ വിയർപ്പു പൊടിയുന്നുണ്ടായിരുന്നു. അവന്റെ മുന്നിലെ വിശാലമായ റോഡിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയായിരുന്നു ഹൈദരാബാദിലേക്ക് ട്രെയിൻ കയറിയത്. എന്നാൽ തന്റെ മുന്നിലെ റോഡ് പോലെ എവിടെയും കൂട്ടിമുട്ടാത്ത സമാന്തരങ്ങളാണ് തന്റെ ജീവിതവും. ഇത്തവണയെങ്കിലും ഒരു ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന അച്ഛന്റേയും അമ്മയുടേയും മുഖങ്ങൾ ഓർത്തപ്പോൾ ശരീരത്തിലാകെ കനലുകൾ വിതറിയപോലെ അനുഭവപ്പെട്ടു.
വിദ്യാഭ്യാസ ലോണെടുത്താണ് ബി. ടെക് ചെയ്തത്. മോശമല്ലാത്ത മാർക്കുമുണ്ടായിരുന്നു. അതിന്റേയും വീടിന്റെ ലോണിന്റെയും തിരിച്ചടവ്, അനിയത്തിയുടെ പഠന ചെലവ് ഇതെല്ലാം അച്ഛന് ഓട്ടോയിൽ നിന്നു കിട്ടുന്ന വരുമാനംകൊണ്ട് നടക്കണം. അതിനിടയിലാണ് ലഹരിക്കടത്തുകാരായ രണ്ടു ചെറുപ്പക്കാർ അച്ഛന്റെ ഓട്ടോ ഓർഡർ വിളിച്ചത്. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന അവരെ പോലീസിന്റെ സ്പെഷ്യൽ സ്ക്വാഡ് പിടിച്ചു. അച്ഛൻ യൂണിയൻ പ്രവർത്തകൻ ആയതിനാൽ നാട്ടിലെ പോലീസ് ഉദ്യോഗസ്ഥർക്കെല്ലാം അച്ഛനെ അറിയാം. പക്ഷേ വണ്ടിയിൽ വച്ച് പിടിച്ചവരുടെ കയ്യിൽ ലഹരി വസ്തുക്കൾ ഉള്ളതുകൊണ്ട് വണ്ടി പോലീസ് പിടിച്ചുവച്ചു. അതോടെ ആ വരുമാനവും നിലച്ചു.
ഇപ്പോഴുള്ള ജോലിയിൽനിന്ന് എട്ടായിരം രൂപയാണ് ശമ്പളം കിട്ടുക . പഠിച്ച വിഷയവുമായി ബന്ധമൊന്നും ഇല്ലെങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടി ജോയിൻ ചെയ്തതാണ്. വീടിനടുത്ത നഗരത്തിലാണ് ജോലി. പക്ഷേ, നാടുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല. രാവിലെ എട്ടുമണിക്ക് പോയാൽ രാത്രി പത്ത് പതിനൊന്നു മണിക്കാണ് സൈറ്റിൽ നിന്ന് തിരിച്ചെത്തുക. ഞായറാഴ്ച അവധിയാണെന്ന് പറയുമെങ്കിലും മിക്കവാറും ഞായറാഴ്ച സൈറ്റിൽ പോകേണ്ടിവരും. വണ്ടിയുടെ പെട്രോളിന്റെയും ഭക്ഷണത്തിന്റെയും ചെലവ് കഴിച്ചുള്ള നിസ്സാര തുക അച്ഛനെ ഏല്പിക്കാറാണ് പതിവ്. അതുകൊണ്ടൊന്നും ഒന്നുമാകില്ലെന്നറിയാം. അവിടെ തന്നെക്കാൾ സീനിയർ ആയവരുടെ സ്ഥിതിയും ദയനീയമാണ്. സ്വന്തം കഴിവ് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയാത്ത, മറുത്തൊന്നും പറയാൻ കഴിയാത്ത ഒരുതരം അടിമപ്പണി.
ചെറിയ ശമ്പളത്തിനായാലും എവിടെയെങ്കിലും എക്സ്പീരിയൻസ് ആയാൽ വേറെ നല്ല കമ്പനിയിൽ ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ. എത്രയെത്ര ഇന്റർവ്യൂകൾ! പലപ്പോഴും അക്കാദമിക് യോഗ്യതകൾക്ക് ഒരു വിലയും ഇല്ലെന്ന് തോന്നിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന ഒരു ഇന്റർവ്യൂവിൽ നന്നായി പെർഫോം ചെയ്യുകയും ഇന്റർവ്യൂ ചെയ്തവർക്ക് തൃപ്തി ആയതായി തോന്നുകയും ചെയ്തു. അവസാനമാണ് ഇന്റർവ്യൂബോർഡിലെ ഒരാൾ തന്റെ എഫ്. ബി. യുടേയും ഇൻസ്റ്റയുടേയും ഐഡി ചോദിച്ചത്. പിന്നെ അയാൾ മറ്റുള്ളവരുമായി എന്തൊക്കെയോ ചർച്ച ചെയ്യുന്നത് കണ്ടു. തുടർന്ന് അയാൾ താൻ ഷെയർ ചെയ്ത, പൗരത്വ ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ ഒരു ഫോട്ടോ കാണിച്ചുകൊണ്ട് പറഞ്ഞു, 'ഇത്തരം രാഷ്ട്രീയ നിലപാടുള്ളവരെ ഞങ്ങൾക്കാവശ്യമില്ലെ'ന്ന്. സ്വാതന്ത്ര്യത്തിന്റെ അർത്ഥം എത്ര സങ്കുചിതമാണെന്ന അമ്പരപ്പോടെയാണ് അന്നു മടങ്ങിയത്.
സന്ധ്യ രാത്രിക്ക് വഴിമാറികൊടുത്തതോടെ തണുപ്പിന്റെ ശക്തിയും കൂടി. ഇപ്പോൾ തെരുവുവിളക്കുകൾ കത്താത്ത ആ ഭാഗത്തെ റോഡും തെരുവും ഏറെക്കുറെ നിശ്ശബ്ദവും ഇരുൾ നിറഞ്ഞതുമാണ്. പോക്കറ്റിലിരുന്ന മൊബൈലിൽ പുതിയ മെസ്സേജ് വന്ന റിംഗ്ടോൺ കേട്ടപ്പോൾ മാനവ് വീണ്ടും അസ്വസ്ഥനായി. ലോൺ തിരിച്ചടവിന് ആദ്യമാദ്യം അഭ്യർത്ഥനകൾ ആയിരുന്നെങ്കിൽ ഇപ്പോൾ ഭീഷണി സ്വരമുള്ള മെസ്സേജുകളാണ്. പെട്ടെന്ന് അവന് അച്ഛൻ പണ്ട് തൊഴിലാളി സമരങ്ങളിൽ വിളിച്ചുകൊടുക്കാറുള്ള മുദ്രാവാക്യം ഓർത്തു, “ഭീഷണികൊണ്ടും മർദ്ദനം കൊണ്ടും തച്ചു തകർക്കാനാകില്ല തൊഴിലാളികളുടെ ഐക്യത്തെ”.
ഹുസൈൻ സാഗറിലെ ബുദ്ധൻ തല ഉയർത്തി നിൽക്കുന്നുണ്ട്. സഞ്ചാരികളുടെ ബോട്ടുകൾ വന്നും പോയുമിരിക്കുന്നു. ആഗ്രഹങ്ങളാണ് ദുഃഖങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞത് ശരി തന്നെ. പക്ഷേ പാരസ്പര്യത്തിന്റെ കടപ്പാടുകൾക്കുള്ളിൽ കഴിയുന്ന സാധാരണക്കാർക്ക് ആഗ്രഹങ്ങൾ ഇല്ലെങ്കിൽ ജീവിതമില്ലല്ലോ.
ഈ ജോലി കിട്ടുമെന്ന പ്രതീക്ഷയുടെ കണക്കുകളിലാണ് പാവം അച്ഛനും അമ്മയും കടക്കാരെ നേരിടാൻ ഒരുങ്ങിയിരിക്കുന്നത്. പക്ഷേ, കമ്പനിക്കാവശ്യം അവരുടെ പരസ്യത്തിലെ മോഡലുകളെപ്പോലെ ശരീരസൗന്ദര്യമുള്ളവരെയാണെന്ന് അവർ പറയാതെ പറഞ്ഞു.
പുലർച്ചെ നാലുമണിക്കാണ് നാട്ടിലേക്ക് ട്രെയിൻ. തീരുമാനമെടുക്കാൻ ഇനിയും ഏറെ സമയമുണ്ട്. മുന്നിലെ ഇരുട്ടുനിറഞ്ഞ പാതയിലൂടെ ഇപ്പോൾ സഞ്ചരിക്കുന്നത് നിഴലുകളാണ്. തന്നെപ്പോലെ മുഖം നഷ്ടപ്പെട്ടവർ. ജീവിതത്തിന് അർത്ഥമില്ലാതാകുമ്പോഴാണോ ആളുകൾ മരണത്തെ വരിക്കുന്നത്? അച്ഛച്ഛൻ പറഞ്ഞ ഒരു കഥയുണ്ട്, ഏഴാം കടലിനക്കരെ മുത്തുവാരാൻ പോയ മുക്കുവന്റെ കഥ. ഓരോ തവണ പരാജയപ്പെട്ടപ്പോഴും എല്ലാവരും അയാളെ കളിയാക്കി. അയാൾ തളർന്നില്ല. ഒടുവിൽ ഏഴാം തവണ അയാൾ പോയി മുത്തുമായി വന്നു. ഇപ്പോൾ താനാണ് ആ മുക്കുവൻ. പക്ഷേ തനിക്ക് വാരാൻ മുത്തുകളുണ്ടെന്നോ, ഉണ്ടെങ്കിൽ അതെവിടെയാണെന്നോ അറിയില്ല.
മങ്ങിയ വെളിച്ചത്തിൽ, ആളൊഴിഞ്ഞ ആ ബെഞ്ചിൽ ഏറെ നേരമായി ശൂന്യതയിലേക്ക് നോക്കി ഇരിക്കുന്നത് കണ്ടിട്ടാകണം, ആരൊക്കെയോ മാറിനിന്ന് നോക്കുന്നുണ്ടായിരുന്നു. ആ നോട്ടങ്ങൾ തന്റെ ചിന്തകളുടെ ലോകത്തെ അസ്വസ്ഥമാക്കുന്നു എന്ന് തോന്നിയപ്പോൾ മാനവ് പതുക്കെ എഴുന്നേറ്റു. മുന്നിൽ ഇരുൾ മൂടിക്കിടന്ന വിജനമായ പാത. അല്പം മുന്നോട്ടു ചെന്നാൽ നടുക്ക് കാസ്റ്റ്അയേണിൽ തീർത്ത മനോഹരമായ വിളക്കുകാലുള്ള ജംഗ്ഷൻ. വലതുഭാഗത്ത് അനന്തതയിലേക്ക് നീളുന്നതുപോലെ വിശാലമായ റോഡ്. ഇടതുഭാഗത്ത് നിറയെ വെളിച്ചവും ബുദ്ധനെ കാണാനുള്ള ബോട്ട് സർവീസുമുള്ള സ്ഥലം. ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം മാനവ് ഉറച്ച ചുവടുകളോടെ, വിവിധ നിറങ്ങളുള്ള വെളിച്ചത്തിൽ ശാന്തത ഒളിപ്പിച്ച ചിരിയുമായി തല ഉയർത്തി നില്ക്കുന്ന ബുദ്ധന്റെ അരികിലേക്ക് നടന്നു.


