
ഡോ: പ്രിയ കെ എസ്
രാത്രിയിൽ പ്രതീക്ഷിക്കാതെ വന്നുചേർന്ന വേനൽ മഴ. കുംഭമാസത്തിലെ ആ പ്രഭാതത്തിൽ ചൂടിന് അല്പം ശമനം കിട്ടിയതുപോലെ സ്നേഹലതയ്ക്ക് തോന്നി. തലേന്നാൾ ചൂടിന്റെ കാഠിന്യത്താൽ ഞെരിപിരി കൊണ്ട് കിടന്നപ്പോൾപോലും ജനൽ തുറന്നിടാൻ കൂട്ടാക്കിയില്ല.
വൈകുന്നേരം യാത്ര പോകേണ്ടി വന്നതിനാൽ ഭർത്താവ് പിറ്റേന്ന് മാത്രമേ എത്തുകയുള്ളൂ എന്ന ചിന്ത വല്ലാത്ത ഭയം ഉണ്ടാക്കി. ആരെങ്കിലും വന്ന് ജനാല വഴി കഴുത്തു ഞെരിച്ചു കൊന്നാലോ? അടുത്തയിടെ കറുത്ത ചായം തേച്ചു രൂപം മാറി ആക്രമിക്കുന്ന റിപ്പർമാരെ കുറിച്ചുള്ള ചിന്ത കൂടുതൽ പേടിപ്പെടുത്തി. ഉറക്കം വരാതെ കട്ടിലിൽ കിടന്നപ്പോൾ ഓരോന്നായി ചിന്തകൾ തന്നെ കടന്നാക്രമണം നടത്തി. ഇടയ്ക്ക് എപ്പോഴോ ശീതക്കാറ്റിന്റെ മണം മുറിയിലേക്ക് എത്തി. രാവിലെ ഉറക്കം എണീറ്റ് വടക്കേ വരാന്തയിലേക്ക് നോക്കിയപ്പോഴാണ് തലേരാത്രിയിൽ കനത്ത മഴയാണ് പെയ്തതെന്ന് മനസ്സിലായത്. സൂര്യൻ ഉദിച്ചുപൊങ്ങിയപ്പോൾ ഇലകളിൽ തങ്ങിനിന്ന മഴത്തുള്ളികൾ മൂക്കുത്തി പോലെ തിളങ്ങി. കുംഭത്തിൽ മഴപെയ്താൽ കുപ്പയും പൊന്നാകുമെന്നാണ് അപ്പോൾ അവൾ ഓർത്തത്. അടുത്തിടെയായി ഓർമ്മകൾ തന്നെ വല്ലാതെ അലോസരപ്പെടുത്തുകയാണ്. ഏത് സമയവും കോമാളിവേഷം കെട്ടി ഓർമ്മകൾ കയറിവരുന്നു. ഓർമ്മകൾക്കും തന്നെ കൂടുതൽ കൂടുതൽ നോവിക്കാനാണ് കൗതുകം.
എറണാകുളത്ത് പഠിക്കുന്ന ഏക മകളെ നാലുദിവസത്തെ അവധിക്ക് വിളിച്ചു കൊണ്ടു വരാൻ പോയിരിക്കുകയാണ് അവളുടെ അച്ഛൻ. തനിയെ വന്നു കൊള്ളാമെന്ന് മകൾ പറഞ്ഞിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. മകളുടെ സുരക്ഷയ്ക്ക് അപ്പുറം മറ്റെന്തെങ്കിലും യാത്രയ്ക്ക് ഉണ്ടോ? സംശയങ്ങൾ അടുത്തിടയായി വെറുതെ കടന്നുവരുന്നു. അല്ലെങ്കിൽ തന്നെ സ്ത്രീയുടെ ജീവിതത്തിൽ സംശയങ്ങൾക്കോ ചോദ്യത്തിനോ എന്ത് പ്രസക്തിയാണ്. തന്റേടം കാണിക്കാതെ, വീട്ടുകാര്യങ്ങൾ നോക്കി, ഭർത്താവിനെ ശുശ്രൂക്ഷിച്ച്, അടങ്ങിയൊതുങ്ങി കുടുംബിനിയായി കഴിയണമെന്നാണ് കുടുംബ വിശ്വാസം. നല്ല സമൂഹത്തിന് അതാണ് നല്ലതെന്ന് അടുത്തിടെ അമ്പലത്തിൽ വന്ന സനാതന സൽസംഗ ഗുരുവും ആവർത്തിക്കുന്നത് കേട്ടു. അങ്ങനെ നോക്കുമ്പോൾ താനല്ലേ മാതൃകാകുടുംബിനി എന്ന് തോന്നാതെയിരുന്നില്ല.
വീടിനു തൊട്ടടുത്തുള്ള ദേവീക്ഷേത്രത്തിലെ ഉത്സവം തുടങ്ങിക്കഴിഞ്ഞു. കുംഭഭരണി ഉത്സവം പ്രസിദ്ധമാണ്. എത്ര ദൂരെയായാലും പാട്ട് തുടങ്ങി കഴിഞ്ഞാൽ ഉത്സവം കഴിഞ്ഞു മാത്രമേ വീട്ടിന് പുറത്തുപോകാൻ പാടുള്ളൂ. വളരെ പണ്ടേ ദേശകാരണവന്മാർ പറഞ്ഞുവച്ചിരിക്കുന്ന നിയമമാണ്. തോറ്റംപാട്ട് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഞങ്ങളുടെത്. വിശ്വാസികൾ വിരുന്നുകാരോട് പറയും “നാട്ടിലെ അധിദേവതയാണ്. പാട്ട് തുടങ്ങുന്നതിന് മുമ്പേ എല്ലായിടവും വെടിപ്പാക്കി ഇടണം. വരുത്തുപോക്ക് പാടില്ല. ദേവിയെ കുടിയിരുത്തിക്കഴിഞ്ഞാൽ ഏഴു ദിവസവും ചുറ്റുവട്ടത്തുള്ളവർ അമ്പലമുറ്റത്ത് കാണണം. ആ ദിവസങ്ങളിൽ ദേവി ചൈതന്യം ഉച്ചസ്ഥായിലാണ്. ആര് എന്ത് അപേക്ഷിച്ചാലും ഉപേക്ഷിക്കില്ല. കുടുംബത്തുള്ളവർ ആരെങ്കിലും മനപ്പൂർവ്വം മാറി നിന്നാൽ ആപത്ത് തീർച്ചയാണ്. സ്നേഹലതയുടെ ഉള്ളിലും ഈ മുതിർന്നവരുടെ വാക്കുകൾ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ഡിഗ്രി പാസായപ്പോൾ മുതൽ എത്രയെത്ര കല്യാണാലോചനകളാണ് മകൾക്ക് വന്നത്. പക്ഷേ അവൾ കൂട്ടാക്കണ്ടേ. വീണ്ടും പഠിക്കണമത്രേ.
“ഇവിടെ ആരുമില്ലേ …വീട്ടാരേ” ഗേറ്റിൽ പടപടാ തട്ടുന്ന ശബ്ദം കേട്ടുകൊണ്ടാണ് സ്നേഹലത ചിന്തയിൽ നിന്ന് ഉണർന്നത്. “ഇതാരാ ഇപ്പൊ വീട്ടിൽ വന്നു മുട്ടാൻ” കൗതുകത്തോടെയും, ആശങ്കയോടെയും അവൾ കിഴക്കുവശത്തേക്ക് ചെന്നു. ആ.. ഇതാരാ ഭാഗ്യലക്ഷ്മിയോ കണ്ടിട്ട് കുറേ കാലമായല്ലോ… ഒരുതരത്തിൽ നിന്നെ കണ്ടത് ഭാഗ്യമായി”.
രണ്ടാളും വടക്കിനി തിണ്ണയിലേക്ക് കയറിയിരുന്നു. എന്നാണ് അവസാനമായി ഭാഗ്യലക്ഷ്മിയെ കണ്ടത് . ഓർത്തെടുക്കാൻ നോക്കി. കഴിഞ്ഞ ഉത്സവത്തിന്റെ തലേന്നാൾ സന്ധ്യയ്ക്ക് അവൾ കയറിവന്നത് ഓർമ്മയിൽ തികട്ടി. അന്ന് മകളാണ് പറഞ്ഞത് “അമ്മയുടെ ഭാഗ്യലക്ഷ്മി പുറത്ത് കുത്തി ഇരിപ്പുണ്ട്” വീട്ടിലും നാട്ടിലുമു ള്ളവർ ഭാഗ്യലച്ചിമി എന്നാണ് വിളിക്കാറ്. അതിൽ പരിഭവവും വയ്ക്കാറില്ല. സമപ്രായമാണെങ്കിലും സ്നേഹ ക്കൊച്ചേ എന്ന് മാത്രമേ തന്നെ വിളിക്കാറുള്ളൂ. അതാണ് ശീലം. ശീലം ആണല്ലോ ആചാരങ്ങളുടെ കാതൽ. തനിക്ക് ലക്ഷ്മിയെ എങ്ങനെ മറക്കാൻ കഴിയും. വളരെ വേഗം ഓർമ്മകളുടെ ചാകരയുണ്ടായി. അവിടെ ഓർമ്മ തുണ്ടുകളായി വരാലുകൾ പോലെ കൂട്ടം ചേർന്നു. അന്നു തനിക്ക് പതിനെട്ട് വയസ്സ് പ്രായം. കൃഷിക്കാരനായ രാമൻ പണിക്കൻ്റെ കൂടെ ചിലുചില ചിരിക്കുന്ന ലക്ഷ്മിയും വീട്ടിൽ വരും. വന്നാലുടൻ അമ്മയെ സഹായിക്കും. എന്നോടൊപ്പം കളി തമാശ പറയും. ജോലിക്കാർക്ക് പ്രാതൽ കൊണ്ടുപോകാനും അമ്മയോടൊപ്പം കൂടും. വീട്ടിൽനിന്ന് രണ്ടര മൈൽ ദൂരെയുള്ള കടലുകാണാക്കുന്നിലാണ് അവളുടെ വീട്. വീട് എന്ന് പറയാമോ? ലക്ഷംവീട് കോളനിയിൽ സർക്കാർ കൊടുത്ത വീട്ടിലാണ് താമസം. ഒരുനാൾ രാമൻ പണിക്കനെ വിളിക്കാൻ പോയപ്പോൾ താനും അമ്മയോടൊപ്പം കൂട്ട് പോയി. ആ കുന്നിന്റെ ഏറ്റവും മുകളിൽ കയറിയാൽ കടലു കാണാമത്രേ. ലക്ഷ്മി തന്നെയാണ് മുകളിൽ തന്നെയും കൂട്ടി കൊണ്ടുപോയത്. ദൂരെ കാണുന്നതാണ് കടൽ എന്ന് അവൾ പറഞ്ഞു. അതുവരെ താൻ കടൽ കണ്ടിരുന്നില്ല. അന്ന് കടല് കണ്ടെന്ന് പറഞ്ഞെങ്കിലും തനിക്ക് ഒന്നും മനസ്സിലായില്ല. ആകെ ഒരു പേടി തോന്നി. ദൂരെ മേഘക്കീറുകൾ ഭൂമിയുമായി തട്ടുന്ന ഭാഗത്ത് പുക പോലെ തോന്നി. അതായിരിക്കാം കടൽ എന്നു കരുതി. കുത്തനെയുള്ള മലയടിവാരം കണ്ടു താൻ പേടിച്ചപ്പോൾ ലക്ഷ്മി തന്നെ ചുറ്റിപ്പിടിച്ചു. ചീവീടുകളുടെ കരച്ചിലും, പട്ടികളുടെ കുരയുമൊക്കെ തന്നെ വല്ലാതെ നോവിച്ചു. ആകപ്പാടെ ഒരു പന്തിയില്ലായ്മ തോന്നി. “സ്നേഹ കൊച്ചിന് സ്കൂളിൽ ഒരുപാട് കഥ പറഞ്ഞു തരുമോ”? മടങ്ങി വരുമ്പോൾ വിടർന്ന മിഴിയോടെ ലക്ഷ്മി ചോദിച്ചു. “ഓ …” തലയാട്ടുക മാത്രമേ ചെയ്തുള്ളൂ. വരുന്ന വഴിയിൽ അമ്മയോട് “അമ്മേ …ഭാഗ്യലക്ഷ്മിയെ സ്കൂളിൽ വിടാത്തത് എന്തേ “. അമ്മ നീട്ടി മൂളിയിട്ട് ഇങ്ങനെ പറഞ്ഞു “വേണ്ടാധീനങ്ങൾ ഒന്നും ചോദിക്കേണ്ട. ഇവറ്റകളൊക്കെ സ്കൂളിൽ പോയാൽ പിന്നെ ആര് പണിയെടുക്കും”. പിന്നീട് ഒന്നും പറയാതെ ഇരുവരും വീട്ടിൽ തിരിച്ചെത്തി. ഡിഗ്രി ക്ലാസുകളിൽ പഠിക്കുമ്പോഴാണ് ആചാര നൂലുകളുടെ പൊള്ളത്തരങ്ങൾ ബോധ്യമായത്. വർഗ്ഗബോധം വരുന്നത് വിദ്യാഭ്യാസത്തിലൂടെ എന്ന് മനസ്സിലായപ്പോൾ അമ്മ പറഞ്ഞതിന്റെ മനസ്സിലിരിപ്പ് തിരിച്ചറിയാനായി. പണിയെടുക്കാൻ ആളെ കിട്ടുക പ്രയാസമില്ല. പക്ഷേ ജന്മിത്വത്തെ താങ്ങി നിർത്താൻ രാമപ്പണിക്കന്മാർ ഉണ്ടാകില്ല എന്നതായിരുന്നു അമ്മയുടെ മനസ്സിലിരിപ്പ് എന്ന് താൻ ഇന്ന് തിരിച്ചറിയുന്നു. സ്വദേശാഭിമാനി രാമകൃഷ്ണൻമാർ അമ്മയുടെ പക്ഷത്താണല്ലോ നിലയുറപ്പിച്ചിരുന്നത് എന്ന് ചിന്തിച്ചപ്പോൾ ചരിത്ര നായകന്മാരോടും പുച്ഛം തോന്നി.
ലക്ഷ്മിയുടെ വീട്ടിൽ പിന്നീട് രണ്ടുപ്രാവശ്യം കൂടി മാത്രമേ പോയിട്ടുള്ളൂ എന്ന് അവൾ ഓർത്തു. അവളുടെ കല്യാണത്തിനും പിന്നെ രാമൻ പണിക്കൻ മരിച്ചപ്പോഴും. പോകാൻ ഭയമായിരുന്നു എന്നതാണ് സത്യം. അന്ന് ആ മലയടിവാരം കണ്ട് താൻ ഭയപ്പെട്ടു പോയത് ജീവിതത്തിൽ ഉടനീളം കൊണ്ടുനടന്നു. അല്ലെങ്കിൽ തന്നെ ഭയം എന്നും എൻ്റെ കൂടെപ്പിറപ്പ് ആയിരുന്നു. മീൻകാരൻ കറുപ്പായി സൈക്കിളിൽ ബെല്ലടിച്ചപ്പോഴാണ് താൻ അത്രയും നേരം എന്തെടുക്കുകയായിരുന്നു എന്ന ചിന്തയുണ്ടായത്. തോറ്റംപാട്ട് തുടങ്ങിക്കഴിഞ്ഞാൽ പരിസരവാസികൾ മീൻ വാങ്ങാറില്ല. കറുപ്പായിയെ മീൻ വാങ്ങാതെ തന്ത്രത്തിൽ പറഞ്ഞു വിട്ടു. “ഇന്നലെ ഉറങ്ങിയില്ലേ?... ഞാനിവിടെ ഇരുന്ന് ഓരോന്ന് ചോദിക്കുമ്പോൾ മറുപടി കാണാഞ്ഞ് നോക്കുമ്പോൾ ഇരുന്നുറങ്ങുന്നു.”
“എങ്ങനെ ഉറങ്ങാനാണ് എപ്പോഴും ആധിയാണ് ഉള്ളിൽ” “ഒക്കെ എനിക്ക് അറിയില്ലേ കുഞ്ഞേ…” ആ കണ്ണുകളിലേക്ക് ലക്ഷ്മി നോക്കി. സ്നേഹലതയുടെ ഉള്ളിൽ ഓർമ്മകളുടെ വേലിയേറ്റം ഉണ്ടായി. അന്ന് ഒരു തുണ്ട് കയറിൽ ജീവനും മരണവുമായി പിടഞ്ഞപ്പോൾ ലക്ഷ്മി കണ്ടില്ലായിരുന്നെങ്കിൽ താൻ ഉണ്ടാകുമായിരുന്നില്ല. പ്രീഡിഗ്രി ഫസ്റ്റ് ക്ലാസോടെ പാസായത് അറിഞ്ഞു താൻ തുള്ളി ചാടുമ്പോഴാണ് അശനിപാദം പോലെ കല്യാണ ആലോചനകൾ വരാൻ തുടങ്ങിയത്. ഡിഗ്രിക്ക് പോകാനുള്ള സ്വപ്നങ്ങളിൽ താൻ കിലുക്കാംപെട്ടിയായി നടക്കുന്ന കാലം. വീട്ടിലുള്ളവർക്ക് കെട്ടിച്ചുവിടാൻ ആയിരുന്നു താൽപര്യം. ഒന്നിനെയും എതിർക്കാനാകാതെ തൻ്റെ വിദ്യാഭ്യാസ മോഹം പൂട്ടിവച്ചു. ഡിഗ്രിക്ക് പോകാനാണ് ഇഷ്ടം എന്ന് പറഞ്ഞത് ആരും ശ്രദ്ധിച്ചത് തന്നേയില്ല. ഒരുനാൾ അമ്മാവൻ മുറിയിലേക്ക് കടന്നു വന്നു ഉഗ്രശാസനം മുഴക്കിയത് ഇപ്പോഴും എന്റെ ചെവിയിൽ ഉണ്ട്. “നിൻ്റെ തോന്ന്യാസം ഒന്നും ഈ കാവുമ്പാട്ട് തറവാട്ടിൽ നടക്കില്ല. പെൺകുട്ടികൾ പ്രായമായാൽ ഇവിടെ ആരും മൂലയ്ക്കിരുത്തില്ല. തറവാട്ടിന് ദോഷമാണ്. കറുത്ത നിറം ആണെങ്കിലും നിന്നെ കെട്ടാൻ വരുന്ന ചെക്കന് എന്തു കുറവാണുള്ളത്. പോരാത്തതിന് സർക്കാർ ജോലിയും ഉണ്ട്. നിസ്സാര ജോലിയാണോ? ആർടിഒ ഓഫീസിൽ അല്ലേ ജോലി. ശമ്പളത്തേക്കാൾ കുമ്പളം കിട്ടും. ജോലിക്ക് ഒരു ദോഷവും ഇല്ല. വിദ്യാഭ്യാസം ഇല്ലെങ്കിൽ എന്ത… തറവാടി അല്ലേ. ഞങ്ങൾ ആണുങ്ങൾ ഈ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. നിൻ്റെ പഠിത്തമൊക്കെ മതി. ഇവിടെ പെണ്ണുങ്ങൾ ആരും ജോലിക്ക് പോകേണ്ട ഗതികേടില്ല. അടങ്ങി ഒതുങ്ങി ജീവിക്കേണ്ടവളാണ് പെണ്ണ്. വെറുതെ കൈക്ക് മിനക്കേട് ഉണ്ടാക്കരുത് പറഞ്ഞേക്കാം”. മോളോട് നന്നായി പഠിക്കാൻ ഉപദേശിച്ച അമ്മയും ഒടുവിൽ കാലുമാറി. പെൺകുട്ടികൾ ഇത്രയൊക്കെ പഠിച്ചത് മതിയെന്നായി. പത്തു പോലും പാസാകാത്ത ആ വികൃത രൂപിയെ കിമ്പളത്തിന്റെ ബലത്തിൽ അമ്മപോലും ഇഷ്ടപ്പെട്ടു. കല്യാണത്തിന് മൂന്നുനാൾ മുമ്പ് സന്ധ്യയുടെ മറവിൽ ഒരു തുണ്ട് കയറുമായി ആത്മഹത്യയ്ക്ക് ഒരുങ്ങിയ തന്നെ അതുവഴി വന്ന ഭാഗ്യലക്ഷ്മിയാണ് തടഞ്ഞത് . അന്ന് താൻ അവളെ മനസ്സാ ശപിച്ചു. വർഷങ്ങൾ പലതവണ ഋതുക്കൾ കൈമാറി. നാല് പ്രസവിച്ചുവെങ്കിലും ആദ്യ മൂന്നെണ്ണവും അല്പായിസുകളായിരുന്നു. ദാമ്പത്യത്തോടുള്ള വിരക്തിയുടെ ആ നാളുകൾ എൻ്റെ മനസ്സ് ശുദ്ധമല്ലാത്തതാണ് സന്താനഭാഗ്യം ഇല്ലാതെ പോകുന്നതെന്ന് വീട്ടിലുള്ളവർ പറയുന്നത് എത്രയോ തവണ ഈ കാതുകൾ കേട്ടിരിക്കുന്നു. നാലാമത് പ്രസവിച്ച മകളെ എന്തുകൊണ്ടോ തനിക്ക് വല്ലാത്തൊരു അടുപ്പം തോന്നി. പിന്നെ അവൾക്ക് വേണ്ടിയായി തൻ്റെ ജീവിതം. ഇതിനിടയിൽ ഭർത്താവിനു പലയിടത്തും ജാരസന്തതികൾ ഉണ്ടെന്ന് കേട്ടറിഞ്ഞു. കാര്യമായി എടുത്തില്ല. മോളുടെ ഏത് അഭിപ്രായത്തിനും താൻ കൂട്ടുനിന്നു. അമ്മയുടെ കാതിൽ എത്തിയപ്പോൾ മുറപോലെ സാരോപദേശം കിട്ടി “നമ്മൾ പെണ്ണുങ്ങൾ പലതും കണ്ടില്ല എന്ന് നടിക്കണം. സീതയുടെ ജന്മങ്ങളാണ് നാം. ആണുങ്ങൾ കുളിച്ചു വസ്ത്രം മാറുമ്പോൾ തീരുന്ന പാപങ്ങളെ ഉള്ളൂ.” സ്നേഹലതയിൽ ഓർമ്മകളുടെ തിരമാലകൾ തള്ളിവന്നു. മകൾ പത്താം ക്ലാസ് പാസായതോടെ തുടർ പഠനത്തിന് കോൺവെന്റിലാക്കി. കല്യാണ ആലോചനകൾ വരുന്നുണ്ട്. മുഖത്ത് നോക്കി സംസാരിക്കാൻ കഴിയുന്ന ചെറുക്കനെ മതിയെന്ന് ഒരു നിബന്ധനയേ അവൾക്കുള്ളൂ. പെണ്ണുകാണാൻ വന്ന പയ്യന്മാരോട് “ഒരു ഭാര്യയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്” എന്ന ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു. ഉത്തരമില്ലാതെ വന്നവർ മടങ്ങി. “സ്നേഹക്കൊച്ച് എന്നെ വീണ്ടും ശപിക്കാനുള്ള പുറപ്പാടാണോ. ഈ മൗനം കണ്ട് എനിക്ക് പേടിയാവുന്നു”. അന്ന് ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച അലോഹ്യം ഇപ്പോഴും തീർന്നു കാണില്ല എന്ന് ലക്ഷ്മി കരുതിക്കാനുമോ? ഒരു വിടർന്ന ചിരിയോടെ സ്നേഹലത അവളെ കെട്ടിപ്പിടിച്ചു “നീ എൻ്റെ ഭാഗ്യലക്ഷ്മി അല്ലേ… ജീവിതം തിരികെ തന്നവൾ. തന്റേടമുള്ള ഒരു മകൾ എനിക്കുണ്ട്. അവൾ വലുതായതിൽ പിന്നെ അവളുടെ അച്ഛൻ ഈ വീട്ടിൽ കയർത്ത് സംസാരിച്ചിട്ടില്ല. മദ്യപിക്കാൻ കൂട്ടാക്കിയിട്ടില്ല. അവളുടെ നോട്ടത്തിനു മുന്നിൽ അയാൾ പതറുകയാണ്. ഞാൻ ആ മുഖത്ത് നോക്കാറുതന്നെയില്ല. കേവലം ഈ വീട്ടിലെ ഒരു പ്രതിഷ്ഠ മാത്രമാണ് അയാൾ.
ജാതിഭേദമില്ലാതെ കാലങ്ങളെ ഏറെ നേരം അവർ താലോലിച്ചിരുന്നു. ഘടികാര കാലത്തെ അവർ കയ്യിലിട്ട് അമ്മാനമാടി. ഇരുകൈകളിൽനിന്ന് മറുകൈകളിലേക്ക് സമയത്തെ അമ്മാനമാടി. നിലച്ച വാച്ച് പോലെ ഘടികാര സമയത്തെ അവർ നിശബ്ദമാക്കി. പിന്നീട് സമയത്തെ ഇടത്തോട്ടും വലത്തോട്ടും കശക്കി എറിഞ്ഞു. തോറ്റൻ പാട്ടിലെ കണ്ണകിയായും വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയായും അവർ രൂപം പ്രാപിച്ചു. ക്ഷേത്രത്തിൽ നിന്ന് ഉയരുന്ന തോറ്റംപാട്ടിൽ അവർ പടർന്നു കയറി. “ലക്ഷ്മി നീ എൻ്റെ ഭാഗ്യലക്ഷ്മി” എന്ന് ഉറക്കെയുറക്കെ സ്നേഹലത ഉരുവിട്ടുകൊണ്ടേയിരുന്നു.