രശ്മി പ്രകാശ്

ജീവിച്ചിരിക്കുമ്പോൾ തന്നെ
ചിലപ്പോഴൊക്കെ പുനർജ്ജനിക്കാറുണ്ട് ഞാൻ.
നിന്നെ മാത്രം ചുറ്റിപ്പിടിച്ച്
ഓർമ്മയുടെ നുറുങ്ങുവെട്ടത്തിൽ
ഒന്ന് മുങ്ങി നിവർന്നു.


നിന്റെ ഗന്ധമുള്ള ഒന്നരയും മുണ്ടും.
ഉടലാകെ പൊതിഞ്ഞൂർന്നു വീണ
മഞ്ഞുപോലൊരു തണുപ്പ്.
നിറവും രൂപവും മാറുന്ന
ഗന്ധർവൻ പ്രകാശവേഗത്തിൽ
ഘടികാരമണിയെ തടുത്തു വെച്ചു.
നിന്റെ ഗന്ധം തങ്ങിനിൽക്കുന്ന
മുറിയുടെ ഇരുട്ടിൽ പകൽവെളിച്ചം
മറഞ്ഞിരുന്നു.
മിഴികൾ പായുന്നിടത്തെല്ലാം
നിന്റെ നിഴൽപ്പാടുകൾ.
ഫിൽറ്റർ കോഫിയുടെ ഒഴിഞ്ഞ
ഓട്ടു ടംബ്ലർ വീണ്ടും നിന്നെയോർമിപ്പിച്ചു.
മട്ടിപ്പാൽ മണമുള്ള കിടക്കവിരിയിൽ,
ആളൊഴിഞ്ഞ ചാരുകസേരയിൽ,
വഴുക്കൽവീണ കുളപ്പടവിലൊക്കെ
നിന്റെ ഓർമയുടെ കൈപിടിച്ചു
പതിയെ നടക്കുമ്പോൾ,
പളുങ്കുടയും പോലെ നിന്റെ
ശബ്ദം എന്നെ പുനർജ്ജനിപ്പിച്ചു.
വീണ്ടുമൊരു കാത്തിരിപ്പിന്റെ
പകലിരവുകൾ.
എത്രയോ അതിരാത്രങ്ങൾ.