
മോഹൻദാസ് പകൽക്കുറി
കനകത്തൂലികയാലെഴുതിയെഴുതി
കവികളും കാഥികരുമൊരുമയായെന്നും
കലാകാരന്മാർ നല്ല കാവ്യസാധകരും
കവികുലപരശതം ഗുരുക്കന്മാരിവിടെ
കരഗതമായിടും പരകോടി വരികൾ
കാവ്യശകലങ്ങളാം കാവ്യശലഭങ്ങൾ
കളിയായ്കളിവീടായ്കലയുമായിവിടെ
കണ്ണിന് കണിയായും കണ്ണുനീരായും
കുഞ്ഞിനു കുളിരായും തളിരൊളിയായും
കവിതയായ്കാവ്യമായീ ക്കൈരളിയെന്നും
പദമായ് പദവിയായ് പാദംഗമായ് പണമായ്
പത്തരമാറ്റേറും പൊൻപണ്ടഭാണ്ഡമായ്
പ്രസംഗമായ് പ്രബന്ധമായ് പ്രചണ്ഡമായെന്നും
പ്രകാശമായ് പ്രവാഹമായ് പ്രദാനമായിവിടെ
പ്രതീകമായ് പ്രപഞ്ചമായി ക്കൈരളിനിത്യം
മുത്തായി മുക്തിയായാമോദമായും
മോഹമായ് ദാഹമായ് പ്രതീക്ഷയായെന്നും
പ്രേമമായ് പ്രണയമായ് പ്രതീകമായിവിടെ
കാമമായ് കദനമായ് കരുണയായ് മേവും
ചിത്തമായ് ചിന്തയായ് ശിലയായി ശീലമായ്
ചിരിയായ് ചിലമ്പായ് ചെരാതായനന്തം...
അലിവായറിവായഗ്നിയായഴകായ്,
അരങ്ങായഴലായഹന്തയായന്ത്യമായ്
ആശയായാവേശമായാഹ്ലാദമായും,
അലയാഴിയായലയൊലിയായാരവമായി
അർക്കനായസ്തമയപ്രഭാവമായ് ഭൂവിൽ
അന്തിയായരുണാഭമി ക്കൈരളിവാഴും
സത്യമായ് സഹനമായനശ്വരസ്നേഹമായ്
സ്വാന്തമായ് സാന്ത്വനമായ് ചേതനയായിവിടെ
ഋതമായ് ഋണമായ് ഋജുവായ് ഋഷിയായ്
ഋക്കായി ഋഗ്വേദമായ് ഋഷിവാടഭംഗിയും,
കേരമായ് കേരത്തിൻ ഹരിതാഭവുമായി,
വിവിധകലാകേദാരസുരഭില ദളമായ്
മലനാടിൻമഹിമയെഴുമിക്കൈരളിയിവിടെ.