നാടകത്തിന്റെ ചരിത്രം അന്വേഷിക്കുമ്പോൾ പലപ്പോഴും അതു ചെന്നെത്തിനിൽക്കുന്നത് പുരാതന ഗ്രീക്കിലെ ഉർവ്വരതയുടെ അധിദേവതയായ ഡിയോണിസസിന്റെ പ്രീതിക്കായി അവതരിപ്പിക്കപ്പെട്ട ആവിഷ്കാരങ്ങളിലാണ്. ഡിയോണിസസ് ഉത്സവങ്ങളുടെയും, തീയേറ്ററിന്റെയും കൂടി ദേവതയാണ്. യവന സംസ്കാരത്തിന്റെ പിൻതുടർച്ചപോലെ റോമാസാമ്രാജ്യം നാടകത്തെയും മറ്റു കലാവിഷ്കാരങ്ങളെയും വളർത്തി. ഗംഭീരമായ ആംഫി തീയേറ്ററുകൾ ജനസഞ്ചയത്തെ ആഹ്ലാദിപ്പിച്ചു. ഒരുപക്ഷെ ഇനിയും അറിയപ്പെടാത്ത പുരാതന സംസ്കാരങ്ങളിലോ, അറിയപ്പെട്ട ഇതര സംസ്കാരങ്ങളിലെ അറിയപ്പെടാത്ത ഏടുകളിലോ ഇതിനേക്കാൾ പുരാതനമായ ആവിഷ്ക്കാരങ്ങളോ കലാസാംസ്കാരിക മുന്നേറ്റങ്ങളോ ഉണ്ടായിരുന്നതായി കണ്ടുപിടിക്കപ്പെട്ടേക്കാം. ഗുഹാഭിത്തികളിൽ കോറിയിട്ട മൃഗരൂപങ്ങൾ മുതൽ കല മനുഷ്യന്റെ വളർച്ചയുടെ ഭാഗമായിരുന്നു എന്നതാണ് അടിവരയിട്ടു പറയേണ്ടതു്.

ഇവിടെ ഒരു വ്യക്തി തന്റെ ജീവിതത്തിന്റെ ഏറിയ സമവും അദ്ധ്വാനവും സമർപ്പിച്ചിരിക്കുന്നത് കലാപ്രവർത്തനങ്ങൾക്കു വേണ്ടിയാണ്. പ്രവാസത്തിന്റെ പ്രതികൂലമായ സാഹചര്യങ്ങളിൽ ഇതൊരു വെല്ലുവിളിയാണ്. ഒരു വശത്തു കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളും മറുവശത്തു കലാപ്രവർത്തനത്തിന്റെ ഉൾവിളിയും. ഇതു രണ്ടും കൂടി ഒന്നിച്ചു കൊണ്ടുപോകുന്നത് ശ്രമകരമായ അഭ്യാസം തന്നെയാണ്. ആ ബാലൻസിങ് ആക്ട് ആണ് ശശി എസ്‌ കുളമട എന്ന കലാപ്രവർത്തകനെ, നാടക പ്രവർത്തകനെ വ്യത്യസ്തനാക്കുന്നത്. ശക്തവും വിശാലവുമായ സൗഹൃദമാണ് എന്നും അദ്ദേഹത്തിന്റെ കരുത്ത്. 

മലയാളി കുടിയേറ്റ ചരിത്രത്തിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന കിഴക്കൻ ലണ്ടനിലെ മലായളി കലാസാംസ്കാരിക സംഘടനകളിലെ കലാപ്രവർത്തനങ്ങളുടെ നിത്യ സാന്നിധ്യമായി ഇന്നും തുടരുന്ന ശശി എസ്‌ കുളമട ഇതിനോടകം അനേകം നാടകങ്ങൾ സംവിധാനം ചെയ്യുകയും, അഭിനയിക്കുകയും ചെയ്തു കഴിഞ്ഞു, 2008 ൽ അദ്ദേഹം തന്റെ അടുത്ത ചില സുഹൃത്തുക്കളുമായി ചേർന്നുകൊണ്ട് സ്വതന്ത്ര സംരംഭമായി 'കൈരളി സാംസ്കാരിക വേദി'ക്കു തുടക്കം കുറിച്ചു. ഒരു വസന്തത്തിനു ശേഷം അതു 'കേളി' ആയി പരിണമിച്ചു. അടിസ്ഥാനപരമായ കലാകാരന്റെ സ്വാതന്ത്ര്യം അനുഭവിക്കാൻ തനിക്കു പൂർണ്ണ നിയന്ത്രണമുള്ള ഒരു തട്ടകത്തിൽ സാധിക്കും എന്ന വിശ്വാസമായിരുന്നു ഇതിനു പിന്നിൽ എന്നത് സുവ്യക്തമാണ്. വലിയ സംഘടനകൾ പ്രശസ്തരെ സ്റ്റേജിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ, പ്രാഗൽഭ്യമുള്ള പലരും വെറും കാഴ്ചക്കാർ മാത്രമായി മാറാറുണ്ട്. ഇങ്ങനെയുള്ളവരെക്കൂടി കൈ പിടിച്ചു അരങ്ങിലെത്തിക്കാൻ ശശി ശ്രമിച്ചു എന്നതാണ് മുൻപു സൂചിപ്പിച്ച 'സ്വാതന്ത്ര്യ' ത്തിന്റെ ഒരു ലക്ഷ്യപ്രാപ്തി. 2008 മുതൽ കേരളപ്പിറവിയോടനുബന്ധിച്ചു കേളിയുടെ സ്റ്റേജ് ഷോകൾ നടന്നു വരുന്നു. മലയാളികൾക്കിടയിലെ പ്രഗത്ഭരായ കലാ-സാംസ്കാരിക-സാഹിത്യ പ്രവർത്തകർക്ക്  പുരസ്കാരങ്ങൾ നൽകി ആദരിച്ചുവരുന്നു. 

2025 നവംബറിൽ കേളിയുടെ മറ്റൊരു സംരംഭമായി 'ദളം' പുറത്തിറങ്ങുകയാണ്. ഓർമ്മക്കുറിപ്പുകൾ, കഥകൾ, കവിതകൾ എന്നിവയോടൊപ്പം കേളിയുടെ സമ്പൂർണ്ണ ചരിത്രം, ചിത്രങ്ങൾ സഹിതം, ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാരണത്താൽ ഇതൊരു ചരിത്രരേഖകൂടിയാണ്. അതുകൊണ്ടുതന്നെ 'ദളം' ഒരുക്കൂട്ടാൻ സാധിച്ചതിൽ എനിക്ക് അതിയായ സംതൃപ്തിയുണ്ട്. ദളത്തിന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ച എഴുത്തുകാർക്കും, അണിയറ പ്രവർത്തകരായ കരുണാകരൻ പേരാമ്പ്ര, അഭിലാഷ് എന്നിവർക്കും, എഡിറ്റോറിയയിൽ അംഗങ്ങൾക്കും നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു.   

ഇനി ദളം നിങ്ങളിലേക്ക്.

പ്രിയവ്രതൻ 
ചീഫ് എഡിറ്റർ