ലാലു പിള്ള 

പത്താം ക്ലാസ് കഴിഞ്ഞു പ്രീ-ഡിഗ്രിക്ക്  പഠിക്കുമ്പോൾ ആണ്, കൂട്ടുകാരനും നാട്ടുകാരനുമായ ബിജിലാലിൻറെ ബന്ധുവിന്റെ വീട്ടിൽ നിന്നും "ഡിസ്കോ ഡാൻസർ" എന്ന സിനിമ വീഡിയോ കാസ്സറ്റിൽ കണ്ടത്. 83-84 കാലഘട്ടത്തിൽ TV യും VCR ഉം ഒരു വീട്ടിൽ ഉണ്ടെന്നുവച്ചാൽ ഇന്നത്തെ ഏകദേശം മെഴ്‌സിഡസ് S ക്ലാസ് വീട്ടിലുള്ളതിനു  തുല്യം.

സിനിമ കണ്ടു, മിഥുന്റെ ഡാൻസ് കണ്ടു, പിന്നെ ഞാനൊരു മിഥുനാവാനങ്ങു  തീരുമാനിച്ചു. മിഥുനെപോലെ കൃതാവ് അൽപ്പം പോലും താഴോട്ട്  വയ്ക്കാതെ ഷേവ് ചെയ്യുക, മുടി സെന്റർ വച്ച് വകുപ്പിട്ടു രണ്ടു സൈഡിലേക്കും ചീകുക, തിളങ്ങുന്ന ഷർട്ടുകൾ ഇടുക എന്ന് വേണ്ട, നടപ്പിലും ഇരിപ്പിലും ഒക്കെ ഞാൻ മിഥുനെ അനുകരിച്ചു.  ഞാനൊരു മിഥുനാണെന്ന്  സ്വയമങ്ങു തീരുമാനിച്ചു.  എന്റെ അന്നത്തെ രൂപം വച്ച് മിഥുനെങ്ങാനും ഇതറിഞ്ഞിരുന്നുവെങ്കിൽ ഇതെഴുതാൻ ഞാൻ കാണില്ലായിരുന്നു എന്ന് വിനയത്തോടെ  പറഞ്ഞു കൊള്ളട്ടെ.

കോളേജ് ക്ലാസുകൾ മുഴുവനും കട്ട് ചെയ്തു പബ്ലിക് ലൈബ്രറിയിൽ പോയി "സ്റ്റാർ ഡസ്റ്റ് "സ്റ്റാർ ആൻഡ് സ്റ്റൈൽ"  എന്നീ  മാസികകളിലെ മിഥുനെകുറിച്ചെഴെത്തിയ എല്ലാ കാര്യങ്ങളും വായിക്കുക,  വീട്ടിൽ നിന്നും ഉച്ചക്ക്  എന്തെങ്കിലും വാങ്ങി കഴിക്കാൻ തരുന്ന പൈസ നേരെ തീയേറ്ററിൽ കൊടുത്തു ഏറ്റവും മുന്നിലുള്ള സീറ്റിൽ ഇരുന്നു മിഥുന്റെ  എല്ലാ സിനിമകളും ഒന്നൊഴിയാതെ കാണുക തുടങ്ങിയ കലാപരിപാടികൾ നടന്നുകൊണ്ടേയിരുന്നു. ഇഷ്ട നടിയായ ശ്രീദേവിയെ മിഥുൻ കല്യാണം കഴിക്കാൻ ഞാനൊരുപാട് നേർച്ചകൾ നേർന്നിട്ടുണ്ട്.

അക്കാലത്തു കേരളത്തിലൊന്നും ഒരു നടനും ഫാൻസ്‌ അസോസിയേഷനുകൾ ഉണ്ടായിരുന്നില്ല.  ഈ ഒരു കാരണം കൊണ്ട് മാത്രം  ജീവിച്ചിരിക്കുന്ന ഒരാളാണ് ഞാൻ. മിഥുന് അന്ന് ഫാൻസ്‌ അസോസിയേഷൻ ഉണ്ടായിരുന്നെങ്കിൽ "ഡാൻസ് ഡാൻസ്" എന്ന സിനിമയൊക്കെ ഇറങ്ങുമ്പോൾ മിഥുൻറെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ മുകളിൽ കയറി ഏണിയിൽ നിന്നും വീണു നടുവൊടിഞ്ഞു പടമായേനെ. ആരാധന മൂത്തു മിഥുന്റെ "കരാട്ടെ" എന്ന സിനിമ, Bsc 2nd ഇയർ കെമിസ്ട്രി പരീക്ഷയുടെ തലേന്ന്    കൈലി ഉടുത്തു തിരുവന്തപുരത്തു പോയി കണ്ടിട്ടുണ്ട്.  കൈലിയുടുക്കാൻ കാരണം  പാന്റ്സിട്ടാൽ ഇവൻ എവിടെയോ പുറത്തു പോകുന്നു എന്ന് മനസ്സിലാക്കി 'അമ്മ പൊക്കും. 

Bsc യ്ക്കും, MA യ്ക്കും ഒക്കെ മിഥുൻ എന്നിൽ സംഹാരതാണ്ഡവമാടിക്കൊണ്ടേയിരുന്നു. 1991 ആഗസ്റ്റിൽ ഞാൻ അബുദാബിയിൽ എത്തി, ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയിട്ടും മിഥുനെ വിട്ടില്ല. ജോലിയൊന്നും കിട്ടാതിരുന്ന    ഞാൻ എട്ടു, ഒൻപതു, പത്തു തുടങ്ങിയ ക്ലാസ്സുകളിലെ കുട്ടികൾക്ക്, മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ ട്യൂഷൻ എടുക്കാൻ തുടങ്ങി, അങ്ങനെ കയ്യിൽ കാശുവരാനും തുടങ്ങി. പിറ്റേന്ന് പഠിപ്പിക്കേണ്ട  കാര്യങ്ങൾ ഞാൻ തലേന്ന് രണ്ടു ഗൈഡുകളിൽ നിന്നും നന്നായി പഠിക്കും, എന്നിട്ടു പോയി പഠിപ്പിക്കും. കുട്ടികളെ ഒരുവിധം വിരട്ടിയാണ് പഠിപ്പിക്കുന്നത് കാരണം അങ്ങോട്ട് പഠിപ്പിക്കുന്നത് അവർ കേൾക്കുന്നതല്ലാതെ എന്നെ കുഴപ്പിക്കുന്ന ഒരു ചോദ്യം ഒരാളും  ഇങ്ങോട്ടു ചോദിക്കാൻ പാടില്ല, കാരണം,  ഈ പഠിച്ചിരിക്കുന്നതല്ലാതെ എന്തെങ്കിലും ഒന്ന് ചോദിച്ചാൽ ഞാൻ പെട്ടത് തന്നെ. ഇത് നന്നായറിയാവുന്ന ഞാൻ കഠിനഹൃദയനും കർക്കശക്കാരനുമായ ഒരു അധ്യാപകനായി അവരുടെ മുന്നിൽ അവതരിച്ചു.  ദിവസങ്ങൾ കടന്നുപോയി എന്റെ മാർക്കറ്റ് വാല്യൂ വല്ലാതങ്ങു കൂടി,  ഞാൻ  ചോദിക്കുന്നതായി എന്റെ  ട്യൂഷൻ പ്രതിഫലം. 'മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവാ'യി ഞാൻ വിലസി, ഈ അവസരത്തിലും മിഥുനെ വിട്ടില്ല.  എല്ലാ ദിവസവും കാലത്തൊന്ന്  വൈകിട്ടൊന്ന്  എന്ന രീതിയിൽ ഞാൻ ഓരോ മിഥുൻ സിനിമ കണ്ടുകൊണ്ടേയിരുന്നു. മാത്രമല്ല മിഥുന്റെ സിനിമ കണ്ടിട്ടില്ലാത്ത, മിഥുനെ  കുറിച്ച് അധികം കേട്ടിട്ടില്ലാത്ത  റൂമിൽ കൂടെ താമസിക്കുന്നവരെ ഒരു ലോഡ് പുച്ഛം വച്ച് നോക്കാനും പെരുമാറാനുമൊക്കെ  തുടങ്ങി

1991 -92 കാലഘട്ടത്തിൽ ഗൾഫിൽ അറബിക് TV  ചാനൽസ് മാത്രമേയുള്ളൂ.  ദിവസം നാലു മണിക്കൂർ ഹിന്ദി റേഡിയോ പ്രോഗ്രാം ഉണ്ട്.  ഗൾഫിലുള്ള  കുഞ്ഞുകുട്ടി ആബാലവൃദ്ധം ജനങ്ങളും ഈ റേഡിയോ കേൾക്കും നാട്ടിലെ വിശേഷങ്ങൾ അറിയാനും കൂടാതെ  ഹിന്ദി പാട്ടുകൾ കേൾക്കാനും. അങ്ങനെ ഇരിക്കെ 1992 മാർച്ച്  മാസത്തിൽ മിഥുൻ ചക്രവർത്തിയയുടെ ഒരു സ്റ്റേജ് ഷോ വരുന്നു എന്ന് ഒരു റേഡിയോ അനൗൺസ്‌മെന്റ് വരുന്നു.  "ഐ ആം എ ഡിസ്കോ ഡാൻസർ" എന്നാണ്  പ്രോഗ്രാമിന്റെ പേര്.  ദുബായിൽ,  അൽ നാസർ ലെഷർ ലാൻഡ് എന്ന സ്റ്റേജിലാണ് പ്രോഗ്രാം.   കേട്ട് ഞാൻ ബോധംകെട്ടു വീണില്ലന്നേയുള്ളൂ;  ഇതാ എന്റെ വീര പുരുഷനെ, എന്റെ ആരാധനാ മൂർത്തിയെ, അഭ്രപാളിയിലെ ദൈവത്തെ   നേരിട്ട് കാണാൻ ഒരവസരം. ഞാൻ തീരുമാനമെടുത്തു,   എന്ത് വന്നാലും പോയിരിക്കും ഈ പ്രോഗ്രാമിന്.

പോകാൻ ഞാനങ്ങു തീരുമാനിച്ചെങ്കിലും അത് അത്ര എളുപ്പമായിരുന്നില്ല. ഞാൻ എന്ന 22 കാരൻ വഴിതെറ്റാതിരിക്കാൻ റൂമിൽ  അളിയൻ പറഞ്ഞു ഏൽപ്പിച്ചിട്ടുള്ള ഒരു കണ്ണൂർക്കാരൻ ലോക്കൽ ഗാർഡിയൻ,  പേര് പങ്കൻ ചേട്ടൻ,
കടമ്പ  ഒന്ന്-നാട്ടിൽ നിന്നും വന്നിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ,  അബുദാബി പോലും ശരിക്കറിയില്ല, പിന്നെ ദുബായ് എന്ന മഹാനഗരത്തിന്റെ  കാര്യം പറയണ്ടല്ലോ. 
കടമ്പ രണ്ട്. ജോലികിട്ടാതെ സ്റ്റേജ് ഷോ കാണാൻ പോയി എന്നറിഞ്ഞാൽ അവിടുത്തെ മലയാളി സമൂഹം മൊത്തം എന്നെ കുരിശ്ശിൽ കയറ്റി മൂന്നു ആണിയടിക്കും .
കടമ്പ മൂന്ന്- ഒരു കിലോമീറ്റർ അപ്പുറം വസിക്കുന്ന അളിയനോ ചേച്ചിയോ അറിഞ്ഞാൽ എന്നെ വെട്ടിനുറുക്കും . കടമ്പ നാല്- ഇതുമാത്രമോ,  മുറി ഇംഗ്ലീഷ് അല്ലാതെ ഹിന്ദി, അറബിക് ഇവയൊന്നും ലവലേശം അറിയില്ല അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കടമ്പകൾ, പക്ഷെ ഞാനുണ്ടോ വിട്ടുകൊടുക്കുന്നു, രണ്ടും കൽപ്പിച്ചു പോകാൻ തീരുമാനിച്ചു. 

അൽപ്പം സെന്റിമെന്റ്സുമായി ഞാൻ പങ്കൻചേട്ടനെ  സമീപിച്ചു,  ആ തൃപ്പാദങ്ങളിൽ വീണു, ഈ നിമിഷത്തിനു വേണ്ടിയാണു ഞാൻ ജനിച്ചതെന്നും ജീവിച്ചിരിക്കുന്നതെന്നും പറഞ്ഞു, പങ്കൻചേട്ടൻ വീണു;  നമ്മൾ രണ്ടും മാത്രമറിഞ്ഞാൽ മതി എന്ന വാക്കിന്മേൽ പോകാൻ അനുവദിച്ചു.  രണ്ടു ഫുൾ സൈസ് പേപ്പറിൽ കയറേണ്ട സ്ഥലം, ഇറങ്ങേണ്ട സ്ഥലം,  ഹിന്ദിയിൽ എന്ത് പറയണം, എന്ത് പറയരുത് തുടങ്ങി പങ്കൻ ചേട്ടൻ തന്ന ക്ലാസ് അപ്പടി  എഴുതി വച്ചു. കൂടാതെ ഈ ഷോയ്ക്കു വേണ്ടി മാത്രം ഒരു ബാഗ്ഗി ജീൻസ്, മിഥുൻ ഇടുന്ന പോലുള്ള ഒരുപളപളാ തിളങ്ങുന്ന  ടീഷർട് ഒക്കെ വാങ്ങി. ഇതൊക്കെ ഇട്ടു ഞാൻ റൂമിൽ നിന്നും കാലത്തു ഒരു ഒൻപതു മണിക്ക് ഇറങ്ങി.

ഷോ വ്യാഴാഴ്ച വൈകിട്ട് 7 മണിക്കാണ്, അക്കാലത്തെ ദുബായിലെ വാരാന്ത്യം വ്യാഴം പകുതിയും വെള്ളിയുമാണ്. ഇന്നത്തെ ന്യൂജൻ വേർഡ് കടമെടുത്താൽ ഒരു മലങ്കൾട്ട് സ്റ്റൈലിൽ ഡ്രസ്സ് ചെയ്തു, അബുദാബി സ്റ്റാൻഡിൽ നിൽക്കുന്ന എന്നെ പ്രായഭേദമന്യേ, രാജ്യഭേദമന്യേ ആളുകൾ പലവട്ടം നോക്കുന്നുണ്ട്, പക്ഷെ എനിക്കതൊരു വിഷയമേ ആയിരുന്നില്ല. ഇവനൊന്നും മിഥുനെ അറിയാത്തതു എന്റെ കുഴപ്പമല്ലല്ലോ ഇതായിരുന്നു ലൈൻ,

ഒരു പാകിസ്താനി ഓടിക്കുന്ന, എ.സി  ഇടാത്ത  ഷെയറിങ്  ടാക്സിയിൽ ഞാൻ കയറി. മൊത്തം 4 പേരാണ് യാത്രക്കാർ, ബാക്കിലത്തെ  സീറ്റിൽ രണ്ടു പാകിസ്ഥാനികൾ എന്നെ നിർബന്ധിച്ചു നടുക്കിരുത്തി.  എന്നോടുള്ള ബഹുമാനവും സ്നേഹവും കണ്ടു ഞാൻ അമ്പരന്നു, ഇവർ എത്രയോ നല്ല മനുഷ്യർ എന്ന് ഞാൻ വിചാരിച്ചു, ഇന്ത്യ- പാക് ബന്ധത്തിൻറെ നന്മയിൽ പൂത്ത ഈ അനുഭവം നാടുതോറും പറഞ്ഞു പരത്താൻ ഞാനങ്ങു തീരുമാനിച്ചു. വണ്ടിയോടി തുടങ്ങിയപ്പോൾ ഒരു കാര്യം മനിസ്സിലായി, സൈഡിലെ രണ്ടുപേരും വിൻഡോ താഴ്ത്തി നല്ലരീതിയിൽ കാറ്റുകൊള്ളുന്നു,  നടുക്കിരിക്കുന്ന ഞാൻ വിയർത്തു കുളിക്കുന്നു, വിയർപ്പിൽ മിഥുന്റെ ടീ ഷർട്ട് എന്റെ ദേഹത്ത് ഒട്ടിപ്പിടിക്കുന്നു. സാർവദേശീയതയുടെ പുത്തൻ കഥ പറയാനിരുന്ന ഞാൻ ആ ചാപ്റ്റർ അപ്പോൾ തന്നെ അടച്ചു വക്കുന്നു പകരം  ഒരു പട്ടാണി ചതിയുടെ കഥ എന്ന പുതിയ അദ്ധ്യായം  തുറക്കുന്നു, കാർ മുന്നോട്ടു നീങ്ങുന്നു,  ജീവിതത്തിൽ ആദ്യമായി മരുഭൂമിയും ഒട്ടകങ്ങളെയുമൊക്കെ കാണുന്നു

ഒരു പതിനൊന്നര  മണിക്ക് ഞാൻ ദെയ്‌റ  (Deira) സിനിമയുടെ മുന്നിൽ ഇറങ്ങി,  ആദ്യമായി ദുബായ് കാണുന്ന കൗതുകം,  എങ്ങും മലയാളം മാത്രം അവിടെ ഇവിടെ അല്പം ഹിന്ദിയും ഓടുന്നുണ്ട്,  അമ്പതു ഫിൽസ്  ചായ, ഒരു ദിർഹം പൊറോട്ട - ഓംലറ്റ് സാൻഡ്‌വിച് ഇങ്ങനെ പോകുന്നു ഭക്ഷണത്തിന്റെ റേറ്റ്.  ഇവയെല്ലാം അബുദാബിയെക്കാൾ  വളരെ വിലക്കുറവ്.  മൊത്തത്തിൽ കൊല്ലം  ചാമക്കട  ഭാഗത്തു നിൽക്കുന്ന ഒരു ഫീൽ. ദുബായ് അങ്ങ് "ക്ഷ" പിടിച്ചു. സമയം പാഴാക്കിയില്ല,  മിഥുൻ UAE യിൽ ആദ്യമായി പെർഫോം ചെയ്യുന്നത് കൊണ്ട് ഗംഭീര തിരക്കായിരിക്കും എന്നറിയാവുന്ന  ഞാൻ   പെട്ടെന്ന് ഒരു മലയാളിയുടെ ടാക്സിയിൽ കയറി ഏകദേശം ഉച്ചക്ക് 12.30 ആയിക്കാണും, അൽ- നാസർ ലെഷർ ലാൻഡിൽ വന്നു,  

ഗേറ്റ് പൂട്ടിക്കിടക്കുന്നു.  മിഥുൻ ഫാൻസ്‌ എല്ലാം ഏതാനും മണിക്കൂറിൽ എത്തും, ഇവിടം ജനസാഗരമാകും എന്നൊക്കെ ചിന്തിച്ചു ഞാൻ അൽപ്പം മുന്നോട്ടു നീങ്ങി ഒരു ഗ്രോസറി ഷോപ്പിന്റെ തണലിൽ ചേർന്ന് നിന്നു. മാർച്ച് മാസം ആണെങ്കിലും സാമാന്യം നല്ല ചൂടുണ്ട്,  കൂടാതെ ഒരേ നിൽപ്പും, ഞാൻ തളർന്നു തുടങ്ങി. സമയം 5.30 PM,  ഓഡിറ്റോറിയത്തിൻറെ ഗേറ്റ് തുറന്നു, ഞാൻ ഓടി അകത്തു കയറി,    ടിക്കറ്റ് കൌണ്ടർ കണ്ടുപിടിച്ചു ഒരു ടിക്കറ്റ് എടുത്തു, അപ്പോഴും എന്നെയും ചേർത്ത്  ഒരു 10 പേർ മാത്രമേയുള്ളൂ. വരും,മിഥുൻ ആരാധകർ ഉടനിവിടെത്തും,  ഇവിടം ഇളകി മറിയും ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടേയിരുന്നു.

സമയം 7 PM, ഹാളിൽ മൊത്തം ഒരു പത്തു നൂറ്റമ്പതു പേർ,  ഷോ അപ്പോഴും തുടങ്ങിയിട്ടില്ല.  VIP സീറ്റിൽ കുറച്ചു പേർ, പിന്നെ ഗാലറിയിൽ കുറച്ചു പേർ.  ആ വലിയ ഹാളിൽ ഇവർക്കിടയിൽ ഞങ്ങൾ ഒരഞ്ചു പേർ.  ഓടിയൻസ് കപ്പാസിറ്റി കണ്ടു എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത  വിഷമം. 7.45  PM, പതുക്കെ അവർ തുടങ്ങി, മിഥുൻ വന്നു ഡാൻസ് ചെയ്തു.കൂടെ വർഷ ഉത്‍ഗോക്കറും അയേഷ ജുൽകയും ഒക്കെ ഡാൻസ് ചെയ്യുന്നുണ്ട്. പക്ഷെ പരിപാടി പെറ്റതള്ള സഹിക്കില്ല, അറുബോർ, എന്നാലും എന്നിലെ മിഥുൻ ഫാൻ, ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല പരിപാടിയാണിത്  എന്ന് എന്നോട് നിരന്തരം കള്ളം പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ ഭാഗത്തെ സെക്യൂരിറ്റികാരനെ ഞാൻ അങ്ങോട്ട്  കയറി പരിചയപ്പെട്ടു, ഒരു വർക്കലക്കാരൻ, അയാളോട്  അബുദാബി കാര്യങ്ങൾ വച്ച് കാച്ചി,  മിഥുനെ ഒന്ന് നേരിട്ട് അടുത്ത്  കാണണം എന്ന   അഭ്യർത്ഥന മാനിച്ചു എന്നെ  അയാൾ  VIP റോയിൽ ഇരുത്തി, കാരണം 75 % VIP സീറ്റ്സും കാലിയാണ്.

നിരാശ, വിഷമം, വിശപ്പു, ദാഹം, ക്ഷീണം  ഇവയൊക്കെ എന്നിൽ നിറഞ്ഞു നിൽക്കുന്നു.  ഷോ തീർന്നയുടൻ  അടുത്ത ടാക്സിയിൽ ദെയ്‌റ ടാക്സി സ്റ്റാൻഡിൽ എത്തുമ്പോൾ സമയം രാത്രി 11.30,  എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു വാർത്ത അറിഞ്ഞു, അബുദാബിയിലേക്കുള്ള അവസാന ടാക്സി 10.30 നു പോയി എന്ന്. അടുത്തുകണ്ട മലയാളി കടക്കാരനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു,  പേടിക്കണ്ട,  പ്രൈവറ്റ് കാറുകൾ ഇഷ്ടംപോലെ വന്നു ആളെടുക്കും എന്ന്. സമയം കടന്നു പോകുന്നു,  പ്രൈവറ്റ് കാറുകൾ ഒന്നും തന്നെ വരുന്നില്ല, കയ്യിൽ എല്ലാം കൂടി ഒരു 100 ദിർഹം വരും, വലുതായൊന്നും  കഴിച്ചിട്ടില്ല,  നേരം പുലർന്നിട്ടാകെ   ഒരു പൊറോട്ട സാൻഡ്  വിച്ചും രണ്ടു ചായയും മാത്രമാണ് കഴിച്ചത്. മലയാളി കടക്കാരനും കടപൂട്ടി പോയി. മാത്രമല്ല,  ടാക്സി സ്റ്റാൻഡിലെ എല്ലാ ലൈറ്റുകളും ഓഫ് ആക്കി. ആകെയുള്ള ഒരു ലൈറ്റിന്റെ  അടിയിൽ ഞാൻ തറയിൽ ഇരുന്നു. മൈതാനം പോലെ കിടക്കുന്ന ദെയ്‌റ ടാക്സി സ്റ്റാൻഡിൽ ഞാൻ ഒരാൾ മാത്രം. അൽപ്പം ദൂരെ ധാരാളം ബസ്സുകൾ സ്റ്റാൻഡിൽ ഒതുക്കിയിട്ടിട്ടുണ്ട്.  മറ്റു വാഹനങ്ങളൊന്നും തന്നെ വരുകയോ പോവുകയോ ചെയ്യുന്നില്ല. പങ്കൻ  ചേട്ടനെ ഒന്ന് വിളിക്കാൻ എന്റെ കയ്യിൽ കോയിൻ ഇല്ല,  ചേഞ്ച് വാങ്ങാൻ എല്ലാ കടകളും അടച്ചുപോയി. സമയം പോകുംതോറും ചേട്ടൻ ഞാൻ എത്താറായ സമയമായിട്ടും ഒരു ഫോൺ കാൾ പോലുമില്ലാത്തതിനാൽ വീട്ടുകാരെ വിളിച്ചു പറയുമോ എന്നുള്ള ഭയം വേറെ.

മിഥുനോടുള്ള കടുത്ത ആരാധന നിമിത്തം, ഷോ കാണാൻ എടുത്ത തീരുമത്തെ  എന്തുകൊണ്ടോ അപ്പോഴും തള്ളിപ്പറയാൻ ഞാൻ തയ്യാറായിരുന്നില്ല. അറിയാത്ത നാട്,  വളരെക്കുറച്ചു മാത്രം ലോക പരിചയം, പിന്നെ പൊതുവെ എന്നെകണ്ടാലുള്ള ഒരു കള്ള ലക്ഷണം, ഇതൊക്കെ ഇങ്ങനെ ഒരവസരത്തിൽ   എന്റെ ശത്രുക്കളാകും എന്ന് വ്യക്തമായി അറിയാവുന്ന ഞാൻ    "അർജുനൻ ഫൽഗുനൻ പാർത്ഥൻ  വിജയനും വിശ്രുതമായ പേർ പിന്നെ കിരീടിയും" എന്ന് ധൈര്യം കിട്ടാൻ സാമാന്യം ഉറക്കെ തന്നെ ചൊല്ലുന്നു. ഞാൻ ധൈര്യവാനാണ് എന്ന എന്റെ ധാർഷ്ട്യത്തിന്  നേരെ വന്ന ഒരു സ്‌കഡ് മിസൈൽ പോലെ തോന്നി എനിക്കീ സംഭവവും ആ രാത്രിയും.

പെട്ടെന്ന് ഒരു പോലീസ് കാർ എൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, പോലീസ്‌കാരൻ അറബിക്കിൽ  "താൽ" എന്ന വാക്കിനോടൊപ്പം കൈ കൊണ്ട് ആംഗ്യം കൂടി കാണിച്ചതുകൊണ്ടു എന്നെ വിളിച്ചതാണെന്നു മനസ്സിലാക്കി ഞാൻ അടുത്തേക്ക് ചെന്നു.  എന്തിനിവിടെ ഇരിക്കുന്നു എന്ന്  ആദ്യം അറബിക്കിൽ ചോദിച്ചു. എനിക്ക് സ്റ്റേഷൻ പിടിക്കുന്നില്ല എന്ന് മനസ്സിലാക്കി, ഹിന്ദിയിൽ ചോദിച്ചു,  അതിലും രക്ഷയില്ല എന്ന് കണ്ടപ്പോൾ   അവസാനം അയാൾ അയാളുടെ മുറി ഇംഗ്ളീഷിൽ ചോദിച്ചു. വിറയ്ക്കുന്ന സ്വരത്തിൽ മിഥുൻ സംഭവം എല്ലാം ഞാൻ  എൻ്റെ മുറി ഇംഗ്ളീഷിൽ അങ്ങോട്ട് പറഞ്ഞു.

ഇവിടെ ഇരിക്കാൻ ഒക്കില്ല അത് നിയമവിരുദ്ധമാണെന്നു  പറഞ്ഞു, കാറിൽ കയറ്റി എന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോകാൻ തുടങ്ങി. വീര, ശൂര, ധീര പരാക്രമിയായ ഞാൻ അവരെ  സധൈര്യം, സാകൂതം, നെഞ്ചു വിരിച്ചുനിന്നു നേരിട്ടു  എന്നൊന്നും പറയുന്നില്ല. എനിക്ക് ചുറ്റും ഭൂമി കറങ്ങി, അന്നത്തെ കാലത്തു ഗൾഫിലെ പോലീസ് സ്റ്റേഷനിൽ എന്തിനു കയറിയാലും പുറത്തിറങ്ങിയിട്ടേ  ഇറങ്ങി എന്ന് പറയാൻ കഴിയൂ.  ഇത് കൃത്യമായി അറിയാവുന്ന ഞാൻ, എന്റെ മാനാഭിമാനങ്ങളെ എല്ലാം കപ്പൽ കയറ്റി വിട്ടു, എന്നിട്ടു ഞാനവരുടെ കാലിൽ വീണു  കേണപേക്ഷിച്ചു.  അവർ അടുക്കുന്ന ലക്ഷണമില്ല,  ഞാൻ വീണ്ടും വീണ്ടും അപേക്ഷിക്കുന്നു, അവസാനം എന്റെ ദൈന്യത കണ്ടു അവർ രണ്ടു പേരും ഒന്ന് താഴ്ന്നുവന്നു,  കോമ്പ്ര മൈസ്‌  എന്ന നിലയിൽ അടുത്തുള്ള  ഒരു ഹോട്ടൽ ചൂണ്ടി കാട്ടി അവിടെ പോയി  റൂം എടുക്കാൻ പറഞ്ഞു.  പെട്ടെന്ന് ഞാൻ എന്റെ പേഴ്‌സ് എടുത്തു എന്റെ സാമ്പത്തിക നില അവരുടെ മുന്നിൽ തുറന്നു കാട്ടി.  കൂടാതെ പാന്റ്സിന്റെ രണ്ടു പോക്കറ്റും എടുത്തു പുറത്തിട്ടു, ഞാൻ ഒരു നികാരഗ്വ പാർട്ടി ആണെന്നും ഈ തറയിൽ കിടക്കാനുള്ള സാമ്പത്തിക സ്ഥിതി അല്ലാതെ മറ്റൊന്നും എന്റെ കയ്യിൽ ഇല്ലെന്നും ആണയിട്ടു പറഞ്ഞു. കുറെ നേരം അവർ ഒന്നും മിണ്ടിയില്ല.   അപ്പോൾ സമയം രാത്രി 2.30 കഴിഞ്ഞു കാണും  ഇനി മൂന്നു മണിക്കൂറിന്റെ കാര്യമേ ഉള്ളൂ സർ,  ആദ്യ ടാക്സിയിൽ ഞാൻ  കയറി പൊയ്ക്കോളാം ഇങ്ങനെ ഒക്കെ പറഞ്ഞു ഞാൻ അവരെ കൺവിൻസ് ചെയ്യാൻ  നിരന്തരം ശ്രമിച്ചു.  അവസാനം എന്റെ ഐഡന്റിറ്റി കാർഡ് ഡീറ്റെയിൽസ് അവർ എഴുതിയെടുത്തു, പിന്നെ എന്ത് കഴിച്ചു എന്ന് ചോദിച്ചു,  ഒന്നും  കഴിച്ചില്ല എന്ന് പറഞ്ഞപ്പോൾ, എനിക്ക് അവരുടെ ഫ്ലാസ്കിൽ നിന്നും ഒരു കപ്പ് സുലൈമാനി (ബ്ലാക്ക് ടീ) തന്നു.  അവരുടെ അനുകമ്പയിൽ പിടിച്ചു കയറി ഞാൻ മാക്സിമം മുതലെടുക്കാൻ തീരുമാനിച്ചു. ഞാൻ പറഞ്ഞു,  അത്യാവശ്യമായി  ഒരു ഫോൺ ചെയ്യണം,  ചേഞ്ച് ഇല്ല, ഒരു  10 ദിര്ഹത്തിനു ചേഞ്ച് ഉണ്ടോ സർ  എന്ന് ചോദിച്ചു, എന്നെ അടിമുടി ഒന്ന് നോക്കിയിട്ടു, അതിലൊരാൾ എനിക്ക് ഒരു ദിർഹം ഫ്രീ ആയി  തന്നു (ഇന്നത്തെ 23 രൂപ).  അവരുടെ മുന്നിൽ വച്ച് തന്നെ ഞാൻ പങ്കൻ ചേട്ടനെ ഫോൺ ചെയ്തു ഞാൻ സേഫ് ആണ് എന്ന് പറഞ്ഞു. ആ സംഭവ ബഹുലമായ രാത്രി കഴിഞ്ഞു  രാവിലെ ഒരു 7.30 നോട്  അടിപ്പിച്ചു ഞാൻ റൂമിൽ വന്നു.

വർഷം 2014, എൻ്റെ ഒരു ഗ്ലോബൽ മീറ്റ് ചെക്ക് റിപ്പബ്ലിക്കിലെ, പ്രാഗ് എന്ന സ്ഥലത്തു നടക്കുന്നു, റഷ്യയിൽ നിന്നും വന്ന മറീന എന്ന  കുട്ടി അവരുടെ സോവിയറ്റ് യൂണിയൻ ദിനങ്ങളുടെ കാര്യങ്ങൾ പറഞ്ഞു.  ഇംഗ്ലീഷ് സിനിമകൾ റഷ്യയിൽ ബാൻ ചെയ്തിരുന്നകാലം,  BBC ഉൾപ്പടെയുള്ള മാധ്യമങ്ങൾ നിരോധിച്ചിരുന്നു കാലം, റഷ്യക്കാരുടെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ആയിരുന്നത്രേ ഇന്ത്യൻ സിനിമകൾ.  കൂട്ടത്തിൽ ഒന്ന് കൂടി പറഞ്ഞു, അവളുടെ  അമ്മ ഒരു ഹാർഡ് കോർ മിഥുൻ ഫാൻ ആയിരുന്നത്രേ, ഡിസ്കോ ഡാൻസർ അമ്പതു തവണ കണ്ടു എന്ന് പറഞ്ഞു അവൾ എന്നെ നോക്കി "ജിമ്മി ജിമ്മി ജിമ്മി ആജാ ആജാ ആജാ" എന്ന് പാടി,  പെട്ടെന്ന് ഒരു ഇരുപത്തിരണ്ടുകാരൻ  ഭയന്ന് വിറച്ചു ഒരു വലിയ ബസ്റ്റാന്റിൽ ഒറ്റയ്ക്ക് ഒരു ലൈറ്റിന്റെ വെട്ടത്തിൽ തറയിൽ ഇരിക്കുന്നത് എനിക്കോർമ്മ വന്നു, തൊട്ടുമുന്നിൽ വന്നു നിൽക്കുന്ന ഒരു പോലീസ് കാറും.

ലാലു പിള്ള 
ട്രെയിൻ ടെക്നോളോജിസ് 
ഡബ്ലിൻ.