ജിജി അനിൽ
ചിറകൊടിഞ്ഞ 
ആകാശത്തിനു കീഴിൽ 
ഒരു പക്ഷിയുടെ 
പൊൻതൂവൽ
ആളൊഴിഞ്ഞ
മേഘക്കെട്ടുകൾക്കിടയിൽ 
നിലവിളിയുടെ ശബ്ദം 
ഭൂമിപെണ്ണിന്റെ 
നാഭിയെ 
ഇക്കിളിയാക്കുന്ന
മഴത്തുള്ളികൾ 
പകലോന്റെ വെളിച്ചത്തിൽ 
കൂടുവിട്ട് എവിടേയ്‌ക്കോ 
പറന്നുപോകുന്ന
പറവകൾ 
മുറ്റത്തെ 
മന്ദാരാപൂവിതളുകളിൽ 
ഉമ്മവയ്ക്കുന്ന 
തണുത്ത കാറ്റ് 
ഇലകൾ കൊഴിഞ്ഞ
മേപ്പിൾമരങ്ങൾക്ക് മേലെ 
സ്വപ്നങ്ങൾകൊണ്ടൊരു 
മഴവില്ല് 
ഉടൽ നനച്ചെത്തിയ മഴ 
കവിതക്കെട്ടുകളെ 
വകഞ്ഞുമാറ്റി 
ആർത്തിയോടെ 
ചുംബിച്ചു 
ദാഹമകറ്റുന്നു
നനഞ്ഞൊട്ടിയ 
കടലാസ്സുതോണികൾ 
പുഴ നീന്തിക്കടക്കാൻ 
ശ്രമിക്കുന്നു 
നോക്കു,
ഒരുവൾ നഗ്നതയെ 
പുതച്ചുറങ്ങുന്നു
നിശബ്ദമായ്!
     ✍️ജിജി അനിൽ