ജോജി പോൾ
Story
കപ്പലിന്റെ ഡെക്കിൽനിന്നു നോക്കിയാൽ ചുറ്റും അലകൾ മാത്രമല്ല വെള്ളത്തിനുമുകളിൽ പൊങ്ങിക്കിടക്കുന്ന ഐസ് കട്ടകളും കാണാം. മൈനസ് ഏഴാണു താപനില. കാറ്റുണ്ടെങ്കിലും വലിയതോതിലുള്ള തണുപ്പുള്ളതായി തോന്നിയില്ല. ഒരുപക്ഷേ ശീലമായതുകൊണ്ടാകാം.
വെള്ളത്തിനു മുകളിലെ ഐസ് കട്ടകളെക്കാൾ എത്രയോ മടങ്ങ് കൂടുതലായിരിക്കും താഴേയ്ക്കെന്ന് കേട്ടിട്ടുണ്ട്. അവയിൽ പലതും കപ്പലിനുനേരെ വരികയും എന്നാൽ പതിയെ അകന്നുപോവുകയും ചെയ്യുന്ന കാഴ്ച സുന്ദരമാണ്. അതുകൊണ്ടുതന്നെ എത്ര നോക്കിനിന്നാലും മതിവരില്ല.
തണുപ്പകറ്റാൻ ഒരു പുകവലിച്ചാലോ എന്നു തോന്നി. ശീലമില്ലാത്തതിനാൽ പെട്ടെന്നുതന്നെ വേണ്ടെന്നുവച്ചു. സിഗരറ്റിനേക്കാൾ ഭേദം ഒരു ഡബിൾ ജെഡിയൊ അല്ലെങ്കിൽ മാർട്ടീനിയോ ആയിരിക്കും. കുടിയോ വലിയ ഒന്നുമില്ല, പക്ഷേ ചില ഏകാന്തയാത്രകളിൽ ആരെങ്കിലുമൊക്കെ ചിലപ്പോൾ എന്തെങ്കിലുമൊക്കെ ശീലങ്ങൾ കൂട്ടിനുവേണമെന്നു തോന്നും. വായനയ്ക്കും ഒരു പരിധിയുണ്ട്. അതുകൊണ്ട് കൂടെ കൊണ്ടുവന്ന പുസ്തകങ്ങളെ ഇടയ്ക്കിടെ തുറക്കുകയും പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യും.
ഡെന്മാർക്കിലെ എസ്ബയിലേക്ക് ഇനിയുമേറെ ദൂരമുണ്ട്. ഏകദേശം പതിനാലു മണിക്കൂറോളം ബാക്കി. കപ്പലുകളിൽ അത്താഴത്തിനുള്ള മണിമുഴങ്ങുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നതില്ല. ഡിന്നർ റെഡിയാകുമ്പോൾ വയറ്റിലെ മണിതാനേ മുഴങ്ങും. എണ്ണയിൽ വറുത്തെടുത്ത സോസേജുകളുടെ ഗന്ധം കടൽക്കാറ്റിലലിയുംമുൻപേ ഇങ്ങു ഡെക്കിൽവരെ പരക്കും. ഡൈനിംഗ് ടേബിളിലേയ്ക്കത് തനിയെ വലിച്ചു കൊണ്ടുപോയ്ക്കോളും.
ഡിന്നറിന് ഒരു മുഴുത്ത മെഴുകുതിരിവെട്ടത്തിനു മുൻപിലാണിരുന്നത്. ഏകനായിരിക്കുന്നതു കൊണ്ടാകാം മെഴുകുതിരിനാളം നാണിച്ചു നാണിച്ചു തല താഴ്ത്തിക്കൊണ്ടിരുന്നു. കപ്പലിനു പുറത്തെ കാറ്റോ അലകളോ ഡൈനിംഗ് റൂമിലേയ്ക്ക് എത്തിനോക്കുന്നില്ല. ഡിസംബറിലെ അവസാനത്തെ ആഴ്ചയാണ്. കാറ്റും കോളുംകൊണ്ട് കടലാകെ ഇളകി മറിയേണ്ടതാണ്. പക്ഷേ ഇന്നിപ്പോൾ ഈ മെഴുകുതിരി നാളംപോലെ ശാന്തരാണവർ.
ഈ യാത്രകൊണ്ട് പ്രത്യേകിച്ചൊരു ഉദ്ദേശമില്ല. ക്രിസ്തുമസ് കഴിഞ്ഞുള്ള ദിവസം. യാത്രാ ടിക്കറ്റുകൾക്കെല്ലാം വിലക്കുറവായിരിക്കും. അതുകൊണ്ട് ഹാരിച്ചിൽ നിന്നും എസ്ബയിലേക്കുള്ള കപ്പലിൽ കയറി. പതിനെട്ടുമണിക്കൂര്‍ യാത്ര. തിരിച്ചിതേ കപ്പലിൽത്തന്നെ മടക്കം.
'പത്രാസ്' എന്നോമനപ്പേരുള്ള ഗ്രീക്ക് സ്വീറ്റ് വൈൻ നുണഞ്ഞുകൊണ്ടിരിയ്ക്കുമ്പോൾ ഡെൻമാർക്കിലെ മഞ്ഞുവീഴ്ചയെക്കുറിച്ചോർത്തു. പടക്കപ്പലുകളുമായി യൂറോപ്പ് മുഴുവൻ കീഴടക്കാനെത്തിയിരുന്ന ഡൈയ്നുകളെയും ഓർത്തു. കാര്യം സ്വീറ്റ് വൈനാണെങ്കിലും രണ്ടുമൂന്നു റൗണ്ട് കഴിഞ്ഞാൽ തലപെരുക്കും. എല്ലാവരെയും നോക്കിയൊന്നു പുഞ്ചിരിക്കാൻ തോന്നും.
മുൻപിലിരിക്കുന്ന ജാപ്പനീസ് സുഷിയിലേക്ക് സൂക്ഷിച്ചുനോക്കി. കഴിക്കുമ്പോൾ പറയത്തക്ക രുചിയൊന്നും തോന്നാറില്ല. കപ്പൽയാത്രയിൽ വാരിവലിച്ചു തിന്നാതിരിക്കുന്നതാണു ഭേദം. വലിയതോതിൽ കപ്പലാടുകയാണെങ്കിൽ വലിയവായിൽ വാളുവെയ്ക്കേണ്ടി വരും. പ്രിയപ്പെട്ട കരീബിയൻ ഭക്ഷണത്തിൽ നിന്നും ആവിപറക്കുന്നുണ്ട്. വിവിധതരം കടൽജീവികളെ പുഴുങ്ങിയും വെച്ചിട്ടുണ്ട്. കൂട്ടത്തിൽ ചോറും പരിപ്പുകറിയും കണ്ടു.
നാലാമത്തെ റൗണ്ട് പത്രാസ് ഗ്ളാസ്സിലേയ്ക്കൊഴിച്ചപ്പോഴാണ് മുൻപിൽ വന്നുനിൽക്കുന്ന ഒരു കുടുംബത്തെ കണ്ടത്. ഒഴിഞ്ഞുകിടക്കുന്ന കസേരകളിൽ അനുവാദം ചോദിക്കാതെത്തന്നെ അവരിരുന്നു. രണ്ടു വയസ്സിനു താഴെയുള്ള ഒരു കൈക്കുഞ്ഞും അഞ്ചോ ആറോ വയസ്സിനു താഴെമാത്രം പ്രായമുള്ള വേറെരണ്ടു കുട്ടികളും. പത്രാസിന്റെ പവറായിരിക്കണം അവർക്കൊരു പുഞ്ചിരി സമ്മാനമായി നൽകി.
കപ്പൽ യാത്രയിൽ അവരാദ്യമായിട്ടാണെന്നു തോന്നുന്നു. ചെറിയൊരു പരിഭ്രമം കുടുംബത്തിനുമേൽ കാണുന്നുണ്ട്. കുട്ടികൾ അകാരണമായി ശാന്തരായിരുന്നു. അവർ അച്ചടക്കത്തോടെ നിരന്നിരിക്കുന്ന ഭക്ഷണത്തിലേയ്ക്ക് നോക്കിയിരുന്നു. എന്നാൽ ഗൃഹനാഥൻ മാത്രം ഒരുപാത്രത്തിൽ കുടുംബത്തിനുമൊത്തം ആവശ്യമുള്ള ഭക്ഷണം എടുത്തുകൊണ്ടുവന്നു. രണ്ടു വയസ്സിനുതാഴെയുള്ള കുട്ടിയൊഴികെ ബാക്കിയെല്ലാവരും ഒരേപാത്രത്തിൽ നിന്നുതന്നെ ഭക്ഷിച്ചു.
സംസാരിച്ചവരെ അസ്വസ്ഥരാക്കുന്നതിനേക്കാൾ നല്ലത് അവരുടെ നിശബ്ദതയെ ബഹുമാനിക്കുക എന്നുള്ളതായിരിക്കും. കാലിയായ വൈൻ ഗ്ലാസ്സെടുത്ത് വീണ്ടും പത്രാസ് നിറച്ചു. അഞ്ചാം റൗണ്ട് തുടങ്ങിയപ്പോൾ വയർ കത്താൻ തുടങ്ങി.
വലതുഭാഗത്തെ ടേബിളിനരുകിലിരുന്നൊരു യുവമിഥുനങ്ങൾ ഇടയ്ക്കിടെ ചുംബനങ്ങൾ കൈമാറുന്നുണ്ട്. അവർക്കിടയിൽ നിറച്ച രണ്ട് ഷാംപൈയ്ൻ ഗ്ലാസുകൾ. അതിടയ്ക്കിടെ തുളുമ്പുന്നു. ഒരുപക്ഷേ അവരുടെ ഹൃദയവും ഇതുപോലെ പ്രേമത്താൽ തുടിയ്ക്കുന്നുണ്ടാവും.
പാത്രം കാലിയായപ്പോൾ അയാൾ വീണ്ടുമതേപാത്രത്തിൽ ഭക്ഷണം നിറച്ചുകൊണ്ടുവന്നു. അവർ നാലുപേരും ഒരുമിച്ചതിൽ നിന്നു കഴിയ്ക്കുകയും മതിയായി എന്നരീതിയിൽ തമ്മിൽത്തമ്മിൽ അർത്ഥവത്തായി നോക്കുകയും ചെയ്തു.
ഒരക്ഷരം ഉരിയാടാതെ പെട്ടെന്നവർ തീൻമേശയിൽ നിന്നെണീറ്റു പോയപ്പോൾ എവിടെനിന്നോ ഒരു ശൂന്യതകടന്നുവന്നു.
കപ്പലിലെ ഡൈനിംഗ്റൂമിൽ നിറയെ ആളുകൾ മേശയ്ക്കുചുറ്റിലുമിരുന്ന് ഭക്ഷണം കഴിയ്ക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കാറ്റിലും കോളിനുമിടയിൽ ഒരു ചെറുവഞ്ചിയിൽ കടലിലൊറ്റപ്പെട്ട പോലെ. മുൻപിലിരുന്ന പത്രാസിന്റെ കുപ്പിയിലേയ്ക്കു നോക്കി. ആറാമതൊരെണ്ണം കൂടെ ഒഴിക്കുന്നതായിരിക്കും ഇപ്പോഴുത്തമം എന്നുകരുതി കുപ്പി കൈയിലെടുത്തപ്പോൾ കപ്പലിലെ ഒരു ജോലിക്കാരൻ അരികിലേയ്ക്കുവന്നു.
കണ്ടാൽ മാന്യനും കുലീലനുമായ അയാൾ തന്റെ പ്രൗഢഗംഭീരമായ സ്വരംതാഴ്ത്തി സ്വകാര്യമെന്നവണ്ണം ഭക്ഷണം കഴിച്ചെഴുന്നേറ്റുപോയ കുടുംബത്തെക്കുറിച്ചു തിരക്കി. അവർ കൂട്ടത്തിലുള്ളതല്ലായെന്നും ഇവിടെവെച്ചുമാത്രം കണ്ടുപരിചയമുള്ളവരാണെന്നും പറഞ്ഞപ്പോൾ അയാളുടെ മുഖം വിവർണമായി. അയാൾ ഭവ്യതയോടെ മടങ്ങിപ്പോവുകയും ബഫേടേബിളിനപ്പുറം കാത്തുനിന്നിരുന്ന മറ്റുരണ്ടു ജോലിക്കാരോടെന്തോ രഹസ്യമായി പറയുന്നതും കണ്ടു.
ആറാമത്തെ പത്രാസും കൈയിലെടുത്ത് കുറച്ചുനേരം ഡെക്കിൽപോയി നിൽക്കാമെന്നു കരുതി. വെള്ളച്ചായമടിച്ച ഇരുമ്പുപടികൾ ചവുട്ടിക്കയറി മുകളിലേയ്ക്കു കയറുമ്പോൾ സ്റ്റെയറിനടിയിൽ നിന്നും ഒരല്പം പരുക്കൻ ഭാഷയിലാരോ സംസാരിക്കുന്നതുകേട്ടു. നേരത്തെ സംസാരിച്ച ജോലിക്കാരനും പരിഭ്രമത്തോടെ കുടുംബവുമായി ഭക്ഷണം കഴിച്ചെഴുന്നേറ്റുപോയ ആ മനുഷ്യനുമാണ്.
ഭക്ഷണം കഴിച്ച് തിരിച്ചു റൂമിലേയ്ക്കു കയറാൻ സാധിക്കാതെ വാതിലടഞ്ഞു പോയതിന്റെ കാരണം തിരക്കിയുള്ള തർക്കമാണ്. കപ്പൽ ജോലിക്കാരന്റെ ക്ഷമയോടെയുള്ള സംസാരം തുടർന്നുകൊണ്ടേയിരുന്നു. മൂന്നു കുട്ടികളെയുംകൊണ്ട് അയാളുടെ ഭാര്യ ഇടുങ്ങിയ കോറിഡോറിൽ വിഷാദത്തോടെ നിൽക്കുന്നുണ്ടായിരുന്നു.
കോറിഡോറിന്റെ ഇരുവശങ്ങളിലുമുള്ള റൂമുകളുടെ നമ്പറുകൾ അപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. പന്ത്രണ്ടാം നമ്പറിനു ശേഷം പതിനാലാം നമ്പറാണ്. നിർഭാഗ്യത്തിന്റെ നമ്പറായ പതിമൂന്നിന് ഇവിടെയും സ്ഥാനമില്ല. പക്ഷേ പതിനാറിനുശേഷം പതിനെട്ടാണു കണ്ടത്. പതിനേഴിനേയും ഭാഗ്യക്കേടായാണ് കപ്പലുകാർ കാണുന്നത്. ഇറ്റാലിയൻ നാവികരുടെ കാഴ്ചപ്പാടിൽ പതിനേഴെന്ന നമ്പറിന്റെ അർത്ഥം "ഞാനെന്റെ ജീവിതം ജീവിച്ചുതീർത്തു" എന്നാണ്. അതീ കപ്പലിൽത്തന്നെ ആകാതിരിക്കാനാകണം പതിമൂന്നും പതിനേഴും നമ്പറുകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നത്.
ഡെക്കിലേക്കുള്ള ഇരുമ്പുവാതിലാരൊ ശരിയായി അടയ്ക്കാതിരുന്നതുകൊണ്ട് തണുത്ത കാറ്റ് താഴേയ്ക്ക് അരിച്ചിറങ്ങിക്കൊണ്ടിരുന്നു. കടലിൽ തിരകളിടിക്കുന്ന സ്വരമിപ്പോൾ വ്യക്തമായി കേൾക്കാം. അതിനിടയിൽ "നിങ്ങൾ നാലുപേരും പൈസ കൊടുക്കാതെയാണ് ഭക്ഷണം കഴിച്ചതെന്ന്" കപ്പൽ ജോലിക്കാരൻ പറയുന്നുണ്ട്. അതുകൊണ്ടാണ് അവർ റൂമിന്റെ വാതിൽ ലോക്ക് ചെയ്തതെന്നും.
രണ്ടുവയസ്സിനു താഴെയുള്ള കുട്ടിയുടെ സൗജന്യഭക്ഷണമാണ് തങ്ങളെടുത്തതെന്ന് അയാൾ വാദിച്ചുകൊണ്ടിരുന്നു. കുട്ടികളെയും ചേർത്തുപിടിച്ചാ സ്ത്രീ ഇടനാഴിയിൽ അപ്പോഴും നിൽപ്പുണ്ടായിരുന്നു. അമ്മയോടു ചേർന്നുനിന്ന കുട്ടികൾ ഡെക്കിലേക്കുള്ള കോണിപ്പടിയിലേയ്ക്കാണു നോക്കുന്നത്. തങ്ങളുടെ പിതാവ് തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത് അവരെ ഭയപ്പെടുത്തിയിരിക്കാം. പണംനൽകാതെ ഭക്ഷണം കഴിച്ചതിലുള്ള വിഷമം അവരെ വേട്ടയാടുന്നുണ്ടാകുമോ.
മേലെവന്നു ഡെക്കിൽ നിൽക്കുമ്പോൾ കാറ്റിന്റെ വിലാപം കൂടിയതായി തോന്നി. അവ കടലലകളെ കീറിമുറിച്ചുപായുന്ന കപ്പലിനുനേരെ ശക്തിയായി വീശുകയും കപ്പലിനെ ആട്ടിയുലയ്ക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. രാത്രിയുടെ കനത്ത കരിമ്പടപുതപ്പിനടിയിൽ എവിടെനിന്നൊ ഒരു നീലവെളിച്ചം കടന്നുകൂടിയിരിക്കുന്നു.
താരകങ്ങളില്ലാത്ത ആകാശത്തെ നോക്കി, കൈയിലെ ഗളാസ്സിൽനിന്നും അവസാനത്തെ പത്രാസും നുണഞ്ഞിറക്കി കാറ്റുപാറ്റുന്ന ഈറനുമണിഞ്ഞ് ഡെക്കിലിരുന്നു. ഇനിയൊരേകാന്തയാത്രയ്ക്കില്ലെന്നു ചിന്തിച്ചിരിക്കുമ്പോൾ അയാളടുത്തേയ്ക്കുവന്നു. തുറന്നുപിടിച്ച വാലറ്റിലേക്കയാൾ ക്രെഡിറ്റ് കാർഡിലൊരെണ്ണം അരിശത്തോടെ കുത്തിത്തിരുകുന്നുണ്ടായിരുന്നു.
"മുറിയുടെ ലോക്കിനെന്തോ തകരാറ്. മുറിയുടെ വാതിലൊന്നു തുറന്നുകിട്ടാൻ ജോലിക്കാരോട് ഒച്ചവെയ്ക്കേണ്ടി വന്നു."
മുഖവരയൊന്നും കൂടാതെ ഇത്രയും പറഞ്ഞിട്ടയാൾ കാറ്റിനെതിരെ കൈമറച്ചുപിടിച്ച് ലൈറ്റർ കത്തിച്ചൊരു സിഗരറ്റിനു തീകൊളുത്തി.
ആകാശത്തപ്പോൾമാത്രം മിന്നിയ ഒരു നക്ഷത്രത്തെ നോക്കി പുഞ്ചിരിയ്ക്കാൻ ശ്രമിച്ചെങ്കിലും പത്രാസിന്റെ ലഹരിയ്ക്കു കീഴ്പ്പെട്ടതുകൊണ്ടതിനു കഴിഞ്ഞില്ല.