ബീനാ റോയ്
Poetry
അത്രയൊന്നും പരിചയമില്ലാത്ത ഒരാൾ
ഒരു പുതിയ കച്ചവടത്തിൽ
ഏർപ്പെടുന്നു.
പ്രേമത്തിൻ മോഹകോട്ടിങ്ങ് പുരട്ടി
തട്ടുകളിൽ നിരത്തിയ
പല നിറത്തിലുള്ള ഡാർട്ടുകൾ.
ഏറ്
കൈത്തഴക്കം വേണ്ട
പ്രവൃത്തിയാണ്.
ഏറുദൂരം
കൃത്യമായിരിക്കണം,
ലക്ഷ്യത്തിനായുള്ള
അക്ഷീണയത്നം വേണം.
അങ്ങിനെയൊരുനാൾ,
സമ്മാനം നേടുവാൻ ഉറച്ച്
എത്തിയ ഒരാളുടെ ഊഴം!
ഉന്നം കൃത്യം,
ഹൃദയത്തിന്റെ നാല് അറകളെ
വേർതിരിക്കുന്ന സെപ്റ്റം.
ധമനികളിലേക്ക് രക്തം
പകർന്ന്
ഹൃദയം വിശ്രമിക്കുന്ന ആ നിമിഷം.
ഒരു പ്രവൃത്തിക്ക്
തിരഞ്ഞെടുക്കുന്ന സമയമാണ്
അതിന്റെ ഭാവി നിശ്ചയിക്കുന്നത്
എന്ന് അറിയുന്ന കൗശലം.
സമ്മാനിതൻ
അടുത്ത ഫെയർഗ്രൗണ്ട്
തേടി നടക്കവേ,
ലക്ഷ്യത്തിൽ തറച്ച ഡാർട്ട്
വലിച്ചൂരാനാവാതെ,
ഏകസമ്പാദ്യമായ ഹൃദയവും പേറി
പാവം വ്യാപാരി!