Dr Shafi Muthalief

കേംബ്രിഡ്ജിൽ വച്ചായിരുന്നു. ഫുൽ ബോൺ എന്ന അവിടുത്തെ ഒരു സ്ഥലത്ത് , ഞാൻ ഇംഗ്ലണ്ടിൽ ആദ്യം എത്തുന്നത് 2001 നവംബറിൽ ആണ്. എന്റെ സ്കൂൾ കാലഘട്ടത്തിൽ നിന്നുള്ള സുഹൃത്ത് സന്തോഷ് അവിടെ വിപ്രോ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്നു. അവൻ അവിടെ ഉണ്ട് എന്ന ധൈര്യത്തിൽ ആയിരുന്നു എന്റെ യാത്ര.

ഫുൽ ബോൺ , ചെറി ഹിന്റൺ എന്നീ സ്ഥലങ്ങൾക്ക് സപ്ലൈ ചെയ്യുന്ന ടെസ്കോ എന്ന സൂപ്പർ സ്റ്റോറിന് അടുത്തായിരുന്നു സന്തോഷ് റൂം ഷെയർ ചെയ്തിരുന്ന 3 ബെഡ് റൂം സെമി ഡിറ്റാച്ച്ഡ് വീട്. മനോഹരമായ ഭംഗിയുള്ള ഒരു ഇംഗ്ലീഷ് വീട്. ഡേവിഡ് എന്ന ഇംഗ്ലീഷ്കാരൻ , കാർലോസ് എന്ന സ്പെയിൻകാരൻ പിന്നെ അധികം അവിടെയൊന്നും  കാണാത്ത ഒരു ഇംഗ്ലീഷ്കാരി മദാമ്മയും , ആയിരുന്നു സന്തോഷിനെ  കൂടാതെ  അവിടെ താമസിച്ചിരുന്നത്. സന്തോഷിന്റെ മുറിയിൽ ഞാനും താമസിച്ചു. വെളുത്ത ഡ്യുവെയ്ക്കടിയിൽ ക്രീം നിറത്തിലുള്ള മുറിയിൽ പുറത്തെ തണുപ്പിൽ നിന്നും രക്ഷപ്പെട്ട് കിടക്കുമ്പോൾ പുതിയ ലോകത്തിന്റെ അപരിചിതത്വത്തിന്റെ തണുപ്പ് എന്റെ മനസ്സിലും ഉണ്ടായിരുന്നു . 


ആൽബർട്ട് മൈക്കേൽ എന്ന പ്രശസ്ത കൺസൾട്ടൻന്റ് സൈക്യാട്രിസ്റ്റ് കേംബ്രിഡ്ജിൽ ആയിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തെ കാണാൻ വേണ്ടി സന്തോഷിനോടൊപ്പം പോയത് ഓർക്കുന്നു. 

സന്തോഷ് കൂൾ ആയിരുന്ന വളരേ ജെനുയിൻ ആയ ആളായിരുന്നു. ഇംഗ്ലണ്ടിൽ തുടരാൻ അവന് ആഗ്രഹമുണ്ടായിരുന്നില്ല. ഞാൻ പോയ ഉടൻ തന്നെ അവൻ ഇംഗ്ലണ്ട് മടുത്ത് നാട്ടിലേക്ക് മടങ്ങാൻ തീരുമാനം എടുത്തു.എന്റെ ഒപ്പം തുടരാൻ ആയില്ലെങ്കിലും ആയിരത്തി ഇരുന്നൂറോളം പൗണ്ട് ടൌണിലെ HSBC യിൽ നിന്നെടുത്ത് എനിക്ക് തന്നിട്ടാണ് അവൻ പോയത്. പ്രതീക്ഷിക്കാത്ത അനവധി തിരിച്ചടികൾ നേരിട്ട  ഒരു കൊല്ലത്തോളമുള്ള എന്റെ ഇംഗ്ലണ്ടിലെ തുടക്കത്തിലെ  പിടിച്ചു നിൽക്കൽ സമരത്തിൽ നിർണ്ണായകം ആയിരുന്നു ആ തുക.

 പാചകം ചെയ്യാൻ അറിയാത്ത സന്തോഷ് എനിക്കായി കഷ്ടപ്പെട്ട് ഉണ്ടക്കിയ ഓംലറ്റ് ഞാൻ ടെസ്കോയിലെ പുളിയില്ലാത്ത തൈര് കൂട്ടി കഴിച്ചു. വിദേശങ്ങളിലെ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച ജ്യൂസിന്റെ സിന്തറ്റിക് സ്വാദ് അദ്ഭുതത്തോടെ അനുഭവിച്ചറിഞ്ഞു. ലോകത്തിലെ ഏറ്റവും ബെസ്റ്റ് ജ്യൂസ് സണ്ണി എന്ന കമ്പനിയുടേത് ആണ് എന്ന് സന്തോഷ് പറഞ്ഞത് ഞാൻ വിശ്വസിച്ച പോലെ അഭിനയിച്ചു. അവന്റെ കൂടെ നാട്ടിലേക്കുള്ള അവന്റെ യാത്രയ്ക്ക് സാധനങ്ങൾ വാങ്ങാൻ കേംബ്രിഡ്ജ് ടൗണിൽ പോകുകയും ആദ്യത്തെ ഹാരി പോട്ടർ സിനിമ കാണുകയും ചെയ്തു. അവന് സന്മാനമായി കമ്പനിയിൽ നിന്ന് ഹാരി പോട്ടർ പുസ്തകവും കൊടുത്തിരുന്നു. അത് അതി മനോഹരമായ ഒറ്റ ഇരുപ്പിന് വായിക്കാവുന്ന ഒരു ഇംഗ്ലീഷ് പുസ്തകം ആണെന്ന് സന്തോഷ് പ്രഖ്യാപിച്ചു. ജീവിതത്തിൽ അന്നു വരെ ഒരു ഇംഗ്ലീഷ് പുസ്തകം ഒറ്റ ഇരുപ്പിന് വായിച്ചിട്ടില്ലാത്ത  ഞാൻ അവനെ ആരാധനയോടേയും അസൂയയോടേയും നോക്കി. ഹാരി പോട്ടർ , ലോർഡ് ഓഫ് ദ റിംഗ് സിനിമകൾ രണ്ടും ആ ക്രിസ്ത്മസ് കാലത്ത് റിലീസായി. ഹോളിവുഡ് സിനിമകളുടെ മുഖഛായ തന്നെ മാറ്റുന്ന ഒരു സിനിമാ കാലമായിരുന്നു അത് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.

അതിനടുത്ത വർഷം ആയിരുന്നു ബോളിവുഡ് ചിത്രമായ ദേവദാസ് ഞാൻ കോവൻട്രിയിൽ വച്ച് സുമനസ്സുക്കളായ എന്റെ ജീവിതത്തിൽ മറക്കാവാനാവാത്ത മുഖങ്ങളായ കുറച്ച് സുഹൃത്തുക്കൾക്കൊപ്പം കണ്ടത്. കുറച്ച് ദിവസങ്ങളെങ്കിലും ഞാൻ ദേവദാസിനെ അനുകരിച്ചുള്ള മാനസികാവസ്ഥയിൽ നടന്നു.

അവന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന കൂട്ടുകാർ അടുത്തു തന്നെ താമസിച്ചിരുന്നു. ഒരു ഗോവക്കാരൻ പണ്ടാരി, പിന്നെ രണ്ടു മലയാളി ആൺകുട്ടികൾ ജോസഫും ആനന്ദും പിന്നെ ഒരു പെൺകുട്ടിയും . 

ക്രിക്കറ്റ് മത്സരം TV യിൽ നടന്നു കൊണ്ടിരുന്ന ഡിസംബറിലെ ദിനങ്ങൾ ഒന്നിൽ  ജോസഫ്  വച്ച കുടം പുളിയിട്ട മീൻ കറി ഞങ്ങൾ ആർത്തിയോടെ  വിഴുങ്ങി .

ക്രിസ്ത്മസ് സമയത്ത്  ചെറി ഹിന്റണിലെ പള്ളിയിൽ രാത്രി കുർബാന കൂടി പാതി രാത്രി ഞാൻ  തിരിച്ചു നടന്നു.

സന്തോഷ് തിരിച്ചു പോയി കഴിഞ്ഞിരുന്നു. ആ രാത്രിയിൽ മൈനസ് ആറോളം തണുപ്പത്ത് താടി പരസ്പരം അടിച്ച് ഞാൻ ഉറച്ച മഞ്ഞിലൂടെ നടന്നു,  അപ്പോഴും വിചിത്രമായി തോന്നിയ  ഒരു വിദേശ രാജ്യത്ത് ഏകനായി അകപ്പെട്ട ഒരാളെ പോലെ അന്റാർട്ടിക്കയിലെ എക്സിമോ തുരുത്തിലാണോ ഞാൻ എന്ന് പോലും എനിക്ക് തോന്നി. ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളാൽ ഞാൻ ഏകനായിരുന്നു. ആ ഏകാന്തത ഇന്നും എന്നെ വിട്ടു പോയിട്ടില്ല. 

സന്തോഷിന്റെ റൂമിൽ തന്നെ എനിക്ക് തൽക്കാലം താമസിക്കാനുള്ള അറേഞ്ച്മെന്റ് ചെയ്തിരുന്നു.

പെട്ടി തുറന്ന് എല്ലാ സാധനങ്ങളും തലങ്ങും വിലങ്ങും  കൂട്ടിയിട്ട മുറിയിൽ അലങ്കോലമില്ലാതെ സ്ഥിരമായി ഉണ്ടായിരുന്നത് എന്റെ മനസ്സിലെ ഒറ്റപ്പെടൽ മാത്രമായിരുന്നു.

ചെറി ഹിന്റണിൽ നിന്ന് കേംബ്രിഡ്ജ് ടൗൺ സെന്റർ വരെ നടക്കുകയും അവിടുത്തെ ലൈബ്രറിയിൽ ഇരുന്ന് സൈക്യാട്രി ബുക്കുകൾ വായിക്കുകയും ചെയ്ത് ഞാൻ സമയം തള്ളി നീക്കി. 

സ്വതവേ റിച്ച് ആയ കേംബ്രിഡ്ജിൽ കണ്ട ഭിക്ഷക്കാരി എന്നെ അദ്ഭുതപ്പെടുത്തി. മഞ്ഞും മഴയും  പെയ്തു കൊണ്ടിരുന്ന ഇരുണ്ട ദിനത്തിൽ അവരുടെ കയ്യിലുള്ള പെൺകുഞ്ഞിന്റെ സുരക്ഷ എന്നെ അലോസരപ്പെടുത്തുകയും പോക്കറ്റിൽ ഉണ്ടായിരുന്ന 25 പൗണ്ട് അവർക്ക് ഇടുത്ത് നൽകുകയും ചെയ്തു. ഇല്ലായ്മയിൽ ആണല്ലോ നാം ഏറ്റവും ധാരാളികൾ ആകുന്നത്. അത്രയും നന്മയും ഹൃദയ വിശാലതയും പിന്നീട് ഒരിക്കലും എനിക്ക് ഉണ്ടായിട്ടില്ല.

ചെറി ഹിന്റണിലും ഉണ്ടായിരുന്നു ഒരു ലോക്കൽ ലൈബ്രറി. പക്ഷേ തീ പിടിച്ച മനസ്സുമായി നടന്നിരുന്നത് കൊണ്ട് ഇംഗ്ലീഷ് നോവലുകളോ കഥകളോ വായിക്കാനുള്ള മൂഡില്ലായിരുന്നു . വെറുതെ അവിടെ പോയിരുന്ന് പേജുകൾ മറിച്ച് കൊണ്ട് ചിന്തകളിൽ ആഴും . 

അൽ അമീൻ എന്ന ഒരു ബംഗ്ലാദേശി കട കേംബ്രിഡ്ജിൽ ഉണ്ടായിരുന്നു. അവിടെ പലതും കിട്ടുമെങ്കിലും നമ്മുടെ കുത്തരിച്ചോറിന്റെ അരിയൊന്നും കിട്ടില്ല.

അതു കൊണ്ട് ഞാൻ ഒരു ദിവസം ലണ്ടനിലെ ഈസ്റ്റ് ഹാമിൽ ട്രെയിനിൽ പോയി. പിന്നീട്  എപ്പോൾ പോകാൻ പറ്റും എന്ന് അറിയാത്തതിനാൽ ഒരു 5kg യോ 10 kg യോ ചാക്ക് അരി വാങ്ങി. ഒരു നാരങ്ങാ അച്ചാറിന്റെ കുപ്പിയും. മൈക്രോ വേവിൽ ഇത് ഒരു ഗ്ലാസ്സ് ബൗളിൽ കുക്ക് ചെയ്തതെന്ന് വരുത്തി , ചുവപ്പ് നിറം നൽകാൻ മുക്കിയ പെയിന്റ് ഇളകിയത് പോലുള്ള കഞ്ഞി വെള്ളത്തോടെ തന്നെ അതിൽ ടെസ്കോ തൈരും ഒഴിച്ച് നാരങ്ങാ അച്ചാറും കൂട്ടി കഴിക്കുക എന്നത് ദിവസം രണ്ട് നേരം ചെയ്ത് ഞാൻ വിശപ്പ് പിടിച്ച് നിർത്തി. പുറത്ത് ഇറങ്ങാൻ തോന്നാത്ത വിരസമായ വെളുത്ത ലോകം എന്നെ കാത്ത് നിവർന്നു കിടന്നിരുന്നു.

വല്ലാതെ രുചി മടുക്കുമ്പോൾ ഞാൻ സന്തോഷ് കാണിച്ചു തന്ന ട്രിക്ക് പുറത്തെടുക്കും . ഓംലറ്റ് എന്ന പേരിലുള്ള ഒരു സംഭവം ഉണ്ടാക്കൽ.