Poetry
വിജി സുഭാഷ്, റാസൽഖൈമ
ഇരയെന്നിവൾക്കാരു പേരു നൽകി
ഇവൾ ഇരവിൻ്റെ പുത്രിയാണെന്നൊ?
ഇരുൾവീണവീഥിയിലിടറുന്ന മനവുമായ്
ഇഴയുന്ന ആത്മാക്കളേറെ.
കാമക്കഴുകൻ്റെ നെറികെട്ട കണ്ണുകൾ
അമരുന്നു പെണ്ണിന്നുടലിലായി,
മാലിന്യമുള്ളിൽ നിറയ്ക്കുന്ന ചിന്തയാൽ
കർമ്മങ്ങൾ നീചമാകുന്നു.
കനിവിനായുഴലുന്ന അഴലിൻ്റെ നിഴലുകൾ
നേരിൻ നിലാവെട്ടം കൊതിക്കെ,
പിച്ചിയെറിയുന്ന മാനാഭിമാനത്തിൻ
കഥകൾ വിളമ്പുന്നു മാധ്യമങ്ങൾ.
പെണ്ണു പിഴച്ചെന്ന ശബ്ദമുയർത്താതെ
കനവുകൾ തല്ലിക്കൊഴിച്ചിടാതെ,
പേരും മുഖവും മറച്ചുപിടിക്കാതെ
നാരിതൻ മാനം കാത്തിടേണം.
വേട്ടയാടാതെന്നും കാവലാകാം
കരുതലായെന്നും ചാരെ നിൽക്കാം
സോദരി നിന്നോട് മാപ്പു ചോദിക്കുന്നു
ഇരയെന്നപേരും നമുക്കുവേണ്ട !