
Ajith Paliath
പട്ടണത്തിന്റെ തിരക്കുകളിൽ നിന്ന് മാറിയുള്ള ശാന്തമായ ഒരിടത്താണ് ആ സെമിത്തേരി സ്ഥിതിചെയ്യുന്നത്. അതിനുള്ളിലെ വഴികളുടെ ഓരങ്ങളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന സിക്കമൂർ മരങ്ങൾക്കും ആ സെമിത്തേരിയോളം പ്രായമുണ്ട്. പച്ചപായൽ പടർന്നുകയറിയ ഒരു കത്തീഡ്രലിന്റെ പ്രതീതി അവയ്ക്കു നൽകി. ഇടവിടാതെ ആ മരങ്ങളുടെ ഇലകളെ തലോടി കടന്നുപോകുന്ന കാറ്റിന്റെ മർമ്മരശബ്ദങ്ങളാൽ മുഖരിതമായിരുന്നു ആ പ്രദേശം മുഴുവനും.
തന്റെ പ്രിയപ്പെട്ട എലനോറിനെ കാണാനായി തണൽ പാകിയ സിമിത്തേരിയുടെ വഴിയിലൂടെ സാം പതിയെ നടന്നു. തലയിൽ ഒരു തൊപ്പിയും തുന്നലിന്റെ കെട്ടഴിയാൻ തുടങ്ങുന്ന ഒരു കോട്ടും കയ്യിൽ ലാവണ്ടർ ചെടികളിൽ നിന്ന് മുറിച്ചെടുത്ത പൂക്കളുടെ ചെറിയ ഒരു കുലയുമുണ്ട്. അയാളുടെ പ്രിയതമ എലനോർ വളർത്തിയതായിരുന്നു ലാവണ്ടർ. അവിടുള്ള കാവൽക്കാരൻ സാമിനെ കണ്ടു ചെറുതായി തല കുമ്പിട്ട് പുഞ്ചിരിച്ചു. ലാവണ്ടർ പൂക്കളുടെ സുഗന്ധം അവിടെങ്ങും പരന്നു .
സാമും എലനോറും വിവാഹിതരായിട്ട് നാല്പത് വർഷത്തിലേറെയായിരുന്നു. വിവാഹം കഴിഞ്ഞ അന്നുമുതൽ ഓരോ ദിവസം കഴിയുന്തോറും അവരുടെ പ്രണയം ശക്തമായിക്കൊണ്ടിരുന്നു. അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു എലനോറിന് സാം . എലനോർ താമസിച്ചിരുന്ന തെരുവിലെ പത്രക്കടയിൽ പേപ്പർ ബോയ് ആയിരുന്ന സാമിനെ പരിചയപ്പെടുന്നത് ഒരിക്കൽ പത്രം വിതരണം ചെയ്യുന്നതിനിടയിലാണ് .
അതി സുന്ദരിയായിരുന്നു എലനോർ. ഒരു ദിവസം രാവിലെ വീടിന്റെ മുന്നിലെ ചെറിയ പൂന്തോട്ടത്തിൽ നിന്ന് ലാവണ്ടർ പൂക്കളുടെ കുലകൾ അടർത്തിയെടുക്കുമ്പോഴായിരുന്നു സാം പത്രമിടാൻ അതുവഴി വന്നത് . എലാനോറിനെ കണ്ടു സാം ഒന്ന് പുഞ്ചിരിച്ചു. ആദ്യകാഴ്ചയിൽ തോന്നിയ കൗതുകം അവളുടെ മനസ്സിൽ പ്രണയമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല. ദിവസവും പേപ്പർ ബോയ് സാമിനെ കണ്ടുകണ്ടു അവൾ പോലുമറിയാതെ അവളുടെ ഹൃദയത്തിൽ സാം കയറിക്കൂടി.
സുന്ദരിയായിരുന്നെങ്കിലും സാമിനെ കാണുവാൻ എന്നും വാതിൽക്കൽ വരുന്നതിനു മുൻപ് അവൾ അണിഞ്ഞൊരുങ്ങുമായിരുന്നു. എന്തായിരുന്നു അവളെ സാമിലേക്കു അടുപ്പിച്ചതെന്നു പലപ്പോഴും സാം ചോദിച്ചിട്ടുണ്ട്. എന്നാൽ മറുപടിയായി ഒരു ചെറുചിരി മാത്രം എലനോർ നൽകും. അവരുടെ ജീവിതം അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്നേഹം കൊണ്ടുള്ള സമർപ്പണമായിരുന്നു.
നന്നായി വായിക്കുമായിരുന്നു എലനോർ. കവിതകളായിരുന്നു അവൾക്കു പ്രിയപ്പെട്ടത്. ഒപ്പം ഫ്രാങ്ക് സിനാട്രയുടെ പാട്ടുകളും അവൾക്കിഷ്ട്ടമായിരുന്നു. പെട്ടെന്നുള്ള അസുഖം മൂലമാണ് സാമിന് തന്റെ പ്രിയപ്പെട്ട എലനോറെ നഷ്ടപ്പെട്ടത്. അവൾ ഈ ലോകം വിട്ടുപോയപ്പോൾ, അവന്റെ ഒരു ഭാഗം അവളോടൊപ്പം പോയപോലെ തോന്നി.
സാമുവലിന്റെ സിമിത്തേരി ദിനചര്യ ആരംഭിച്ചത് എലനോറിന്റെ ശവസംസ്‌കാരം കഴിഞ്ഞ പിറ്റേ ദിവസം മുതലാണ്. എന്നും രാവിലെ തന്റെ കോട്ടുമിട്ട് സ്ഥിരം വഴിയിലൂടെ സിമിത്തേരിയിലേക്ക് നടക്കും. അയാൾ കല്ലറയ്ക്കരികിൽ ചെന്ന് കൈകൾ കോർത്ത് പിടിച്ചു അവൾ ഇപ്പോഴും അവിടെയുണ്ടെന്ന മട്ടിൽ എലനോറിനോട് സംസാരിക്കും.
അവരുടെ ജീവിതത്തിലെ കഥകൾ - ആദ്യ കണ്ടുമുട്ടൽ, ഡേറ്റിംഗ്, കളിചിരികൾ , വളർത്തുപൂച്ച ബെല്ലോയുടെ മരണത്തിൽ അവൾ കരഞ്ഞതും ഭക്ഷണം കഴിക്കാതെ ഒരു ദിവസം ഇരുന്നതും തുടങ്ങി പലതും ആ സംസാരത്തിൽ പങ്കുവെക്കും. ചിലപ്പോൾ അവൻ അവളുടെ പ്രിയപ്പെട്ട കവിതകൾ വായിക്കുകയോ അവർക്കു ഇഷ്ട്ടമുണ്ടായിരുന്ന സിനാട്രയുടെ പഴയ ഗാനങ്ങൾ പാടുകയോ ചെയ്യും.
അവിടെ വന്നിരുന്ന മറ്റ് സന്ദർശകർ സാമിനെ ദൂരെ നിന്ന് ശ്രദ്ധിച്ചിരുന്നു. അവരുടെ നോട്ടങ്ങളിൽ ജിജ്ഞാസയും ഒപ്പം സഹതാപവും നിറഞ്ഞു നിന്നു. എന്തുകൊണ്ടാണ് അയാൾ വീണ്ടും വീണ്ടും വരുന്നത് എന്ന് അവർ ചിന്തിച്ചു. ചിലർ അദ്ദേഹത്തിന് ഭ്രാന്താണെന്ന് പറയുന്നുണ്ടായിരുന്നു. മറ്റുള്ളവർ അദ്ദേഹത്തിന്റെ ഭാര്യയോടുള്ള ആഴമായ സ്നേഹത്തെ പ്രശംസിച്ചു.
പക്ഷേ സാം ഇതൊന്നും ശ്രദ്ധിക്കുന്നേയില്ലയിരുന്നു. മറ്റൊരു ലോകത്തായിരുന്നു അയാൾ. മർമ്മരമിടന്ന ഇലകളിൽ എലനോറിന്റെ സാന്നിധ്യവും, കാറ്റിൽ അവളുടെ ശബ്ദവും അനുഭവിക്കുകയായിരുന്നു സാം . ആ സിമിത്തേരി അയാൾക്ക് പവിത്രമായ ഇടമായി മാറി. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഇടയിലുള്ള പാവനമായ ഇടം.
മഞ്ഞുതുള്ളികൾ നിറഞ്ഞുനിന്ന ഒരു തണുത്ത ശൈത്യകാല പ്രഭാതത്തിൽ, മറ്റൊരു കല്ലറയുടെ സമീപം ഒരു യുവതി നിൽക്കുന്നത് സാം കണ്ടു. അവൾ കരയുകയായിരുന്നു. സാം അവളുടെ അടുത്തേക്ക് പതുക്കെ വന്നു. “ആരെങ്കിലും?” അയാൾ ചോദിച്ചു.
കണ്ണുനീർ തുടച്ചുകൊണ്ട് ആ സ്ത്രീ തലയാട്ടി. “എന്റെ ഭർത്താവ്....! ഇപ്പോൾ ഒരു വർഷമായി. പക്ഷേ വേർപാടിന്റെ വേദന മാറുന്നില്ല.”
സാമിന് മനസ്സിലായി. “വരൂ,” അയാൾ പറഞ്ഞു, അവളെ എലനോറിന്റെ കല്ലറയിലേക്ക് കൊണ്ടുപോയി. അവിടെ ഉള്ള ഒരു മാർബിൾ കല്ലിൽ അവർ രണ്ടുപേരും ഇരുന്നു. “അയാളെക്കുറിച്ച് പറയൂ.”
അവർ അവരുടെ ഭർത്താവിനെക്കുറിച്ചും അവർക്കിടയിലെ ചിരിയുടെയും പ്രണയത്തിന്റെയും ഒപ്പം അവളുടെ വേദനകളെക്കുറിച്ചും സംസാരിച്ചു. സാമിന്റെ സാന്നിധ്യത്തിൽ അവർ ആശ്വാസം കണ്ടെത്തുകയായിരുന്നു. അവളെ ആശ്വസിപ്പിക്കുവാൻ അയാൾ കൂടെ നിന്നു.
സാം പിന്നീട് എലനോറിനെ ഒറ്റയ്ക്ക് സന്ദർശിച്ചില്ല. വേർപാടിന്റെ വേദന അനുഭവിക്കുന്ന മറ്റുള്ളവർക്ക് അയാൾ ഒരു നിശബ്ദ കൂട്ടാളിയായി മാറുകയായിരുന്നു.. സ്നേഹം ഒരിക്കലും മരിക്കുന്നില്ലെന്ന് അവരെ ഓർമ്മിപ്പിച്ചു.
വർഷങ്ങൾ കടന്നുപോകുന്തോറും സാമിന്റെ ആരോഗ്യം ക്ഷയിച്ചു. താൻ തന്റെ ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് നീങ്ങുകയാണെന്നു അയാൾക്ക് മനസ്സിലായി. അതിന്റെ പ്രത്യക്ഷ ലക്ഷണങ്ങൾ അയാളിൽ കാണാൻ തുടങ്ങി. സെമിത്തേരിയിലേക്കുള്ള സാമിന്റെ സന്ദർശനങ്ങൾ കുറഞ്ഞു വന്നു. ചുവടുകൾ മന്ദഗതിയിലായി. എങ്കിലും തന്റെ പ്രിയതമയെ അയാൾ മറന്നില്ല.
ഒരു പ്രഭാതത്തിൽ എലനോറിന്റെ കല്ലറയുടെ അടുക്കൽ നിന്ന് അയാൾ പതുക്കെ പറഞ്ഞു. "വയ്യാതായിരിക്കുന്നടോ...! ഇനി എത്ര നാൾ എന്നറിയില്ല. ഞാനും ഉടനെ തന്റെയടുത്തേക്ക് വരും. " അതുവരെ, ഞാൻ നമ്മുടെ പ്രണയത്തെ സജീവമായി തന്നെ നിലനിർത്തും." സിക്കമൂർ മരങ്ങൾക്കിടയിലൂടെ വിരിഞ്ഞുവന്ന സൂര്യന്റെ പ്രകാശരശ്മികൾ അയാളുടെ മുഖത്ത് വീണപ്പോൾ പതുക്കെ മുഖമുയർത്തി അതിനെ നോക്കി പുഞ്ചിരിച്ചു.
സാം തന്റെ തീർത്ഥാടനം തുടർന്നു കൊണ്ടേയിരുന്നു. പകൽ വെളിച്ചം മങ്ങുന്നത് വരെ അയാൾ എലനോറിനോട് പറയുന്ന പ്രണയകഥകൾ കേൾക്കാൻ സിക്കമൂർ മരങ്ങൾ കാത്തു കൂർപ്പിക്കുന്നുണ്ടായിരുന്നു. അവയെല്ലാം അവിടെ വിശ്രമിക്കുന്ന എല്ലാ ആത്മാക്കളുടെ പ്രണയകഥയുമായി പ്രകൃതി ഇഴചേർത്തു. മരണത്തിനപ്പുറം പോലും കാല്പ്പനിക വസന്തമായ അനശ്വരപ്രണയത്തിന്റെ നിലനിൽക്കുന്ന തെളിവായി അത് മാറി...