
വി. മുരളീധരൻ
1971 കാലം ഞാൻ ശിവഗിരി സ്കൂളിൽ ഒമ്പതാം ക്‌ളാസിൽ പഠിക്കുന്ന കാലം. നാടകാഭിനയം എന്റെ സിരകളിൽ ഉണ്ടായിരുന്നതുകൊണ്ടാവാം സ്‌കൂൾ കലോത്സവത്തിൽ "ചിറകറ്റ മാലാഖ" എന്ന ഏകാങ്ക നാടകത്തിൽ ഞാൻ അഭിനയിച്ചത്. ആശാൻ മെമ്മോറിയൽ സ്കൂളിൽ സംവിധാന സഹായി പ്രവർത്തിക്കുകയും, പ്രധാന വേഷം ചെയ്യുകയും അതിലൂടെ ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടുകയും ചെയ്തു.
ഉള്ളിൽ നിറയെ നാടകാഭിനിവേശവും, കുറച്ചു വീട്ടുകാര്യങ്ങളും, ഏറ്റവും കുറച്ചു പഠിത്തവുമായി കഴിയുന്ന കാലത്താണ് അച്ഛൻ ലണ്ടനിൽ നിന്നും അവധിക്ക് വരികയും ലണ്ടൻ ജീവിതത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തത്. നല്ല വൃത്തിയുള്ള സ്ഥലം, ഓഫീസുകളിൽ എല്ലാ കാര്യങ്ങളും കൃത്യമായും നിയമപരമായും നടക്കുന്നു, കൈക്കൂലി ഇല്ല, ഫാക്ടറികളിൽ ജോലി കിട്ടാൻ എളുപ്പം, ക്ലറിക്കൽ ജോലിയേക്കാളും ശമ്പളം, ഏത് ജോലി ചെയ്യുന്നവരോടും എല്ലാവർക്കും പരസ്പര ബഹുമാനം, പ്രൊഫഷണൽ ജോലി ചെയ്യുന്നവർക്കും ഓഫീസിലെ ഉയർന്ന ജോലി ചെയ്യുന്നവർക്കും മാത്രമേ ഫാക്ടറി ജോലി ചെയ്യുന്നവരെ ക്കാളും ശമ്പളമുള്ളൂ, വാഹനങ്ങൾ നിയമം പാലിച്ചാണ് ഓടിക്കുന്നത്, ഹോൺ അടിക്കാറേയില്ല, തണുപ്പ് അഞ്ചാറു മാസം കാഠിന്യമുള്ളതാണ്, മഞ്ഞു ചിലപ്പോൾ പെയ്യും, നടക്കുമ്പോൾ ചിലപ്പോൾ വീഴും, വെള്ളക്കാർ പൊതുവേ സ്നേഹത്തോടെയാണ് പെരുമാറുന്നത്, സമരങ്ങൾ വിരളം. അങ്ങനെ പോയി ആ വിവരണം.
ഒരു മാസം കഴിഞ്ഞ് അച്ഛൻ തിരികെ പോയി. എനിക്ക് മനസ്സ് നിറയെ ലണ്ടൻ മോഹം. ഞാൻ അച്ഛന് ഒരു കത്ത് എഴുതി. എനിക്കും ലണ്ടനിൽ വരണം!
പഠിച്ച് ഒരു ഡിഗ്രി എടുക്കുക, എന്നിട്ട് നമുക്ക് ആലോചിക്കാം എന്നായിരുന്നു അച്ഛൻ്റെ മറുപടി. നിരാശ തോന്നി. കുറെ കത്തുകൾക്ക് ശേഷം അച്ഛൻ സമ്മതം മൂളി.
എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല. ഇനി പഠിക്കേണ്ടല്ലോ എന്നോർത്തപ്പോൾ സന്തോഷം വർദ്ധിച്ചു. എൻ്റെ മൂത്ത സഹോദരൻ ഗോപിദാസ് MBBS ന് പഠിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് അമ്മയും ഞാനും ഇളയ സഹോദരൻ ഗിരിധരനും സഹോദരി അനിതയും കൂടി 1973 മെയ് മാസം ലണ്ടനിൽ എത്തി.
ലണ്ടൻ എയർപ്പോട്ടിലെത്തുമ്പോഴുള്ള കാര്യത്തെക്കുറിച്ച് എനിക്ക് വ്യാകുലത ഉണ്ടായിരുന്നു. ഇമിഗ്രേഷൻ, വൈദ്യ പരിശോധന, കസ്റ്റംസ് എന്നിവ തരണം ചെയ്യണം. കൂടാതെ അച്ഛൻ എയർപോർട്ടിൽ വന്നില്ലെങ്കിലോ എന്നൊക്കെ ഭയപ്പെട്ടു. അവിടെ എത്തിയപ്പോൾ എമിഗ്രേഷൻ ഓഫീസർ ചോദിച്ച ചോദ്യങ്ങൾക്ക് ഒരു വിധം മറുപടി പറഞ്ഞു. എല്ലാപേരുടെയും മെഡിക്കൽ ഫോം പൂരിപ്പിച്ചു. എല്ലാം കഴിഞ്ഞ് പെട്ടിയുമെടുത്ത് ഇറങ്ങിയപ്പോൾ അതാ അച്ഛൻ നിൽക്കുന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. അച്ഛൻ ഞങ്ങളെയും കൂട്ടി ശ്രീ ദേവദാസപണിക്കരുടെ വീട്ടിലെത്തി. അദ്ദേഹം എൻ്റെ കൊച്ചപ്പൻ കൂടിയായിരുന്നു. അവരുടെ വീട്ടിൽ താമസിച്ചിരുന്ന കൃഷ്ണൻകുട്ടി അങ്കിൾ, ശ്രീരാമൻ അങ്കിൾ, നടരാജൻ അങ്കിൾ, രാജൻ അങ്കിൾ എന്നിവരെ മാറ്റി ഞങ്ങൾക്കായി രണ്ടു മുറികൾ തന്നു. കൊച്ചപ്പൻ ഒറ്റയ്ക്കായിരുന്നു അവിടെ താമസം. ഒരു മുറിയിൽ ശ്രീ വക്കം ബാബു അണ്ണനും കുടുംബവും താമസിച്ചിരുന്നു. അച്ഛൻ കാര്യങ്ങളൊക്കെ വിശദീകരിച്ചു തന്നു. അന്ന് ഈസ്റ്റ് ഹാമിൽ എൽ.സി.എസ് എന്ന ഒരു വലിയ കടയുണ്ടായിരുന്നു. അവിടെ കൊണ്ടുപോയി ഞങ്ങൾക്ക് വസ്ത്രങ്ങളൊക്കെ വാങ്ങി തന്നു. ബാബു അണ്ണനും ഞാനും വലിയ കമ്പനിയായി. അണ്ണൻ്റെ കൂടെയാണ് ഞാൻ ഷോപ്പിങ്ങിനു പോയിരുന്നത്. അങ്ങനെ കടകളൊക്കെ മനസ്സിലാക്കി. ഒരു സേഫ് വേ സ്റ്റോർ, വുഡ് വേർത്ത്, ബ്രിട്ടീഷ് ഹോം സ്റ്റോർ, സി ആൻ്റ് എ എന്നിവയായിരുന്നു പ്രധാന കടകൾ. ഈ കടകൾ ഞായറാഴ്ച തുറക്കില്ലായിരുന്നു. ശനിയാഴ്ച അഞ്ചുമണി കഴിഞ്ഞാൽ ഈ കടകൾ അടയ്ക്കും. ശനിയാഴ്ച ദിവസമാണ് മിക്കവരും ഷോപ്പിങ്ങിനിറങ്ങുന്നത്. നാട്ടിലെ സാധനങ്ങൾ, പച്ചക്കറി, പൊടിവർഗ്ഗങ്ങൾ മുതലായവ കിട്ടുന്ന കടകൾ, കാതറിനിലെ കാശ്മീരി സ്റ്റോർ, മാഹിൽ സ്റ്റോർ, ബാർക്കിംഗ് എന്നിവയായിരുന്നു. ചാക്കിലെ അരിയും ഉള്ളിയും മിക്കവാറും ഇവിടെ നിന്നായിരുന്നു വാങ്ങിയിരുന്നത്.
അന്ന് വളരെ കുറച്ചു മലയാളികളെ ലണ്ടനിൽ ഉണ്ടായിരുന്നുള്ളൂ. മിക്കവരും സിംഗപ്പൂരിൽ നിന്ന് വന്നവരായിരുന്നു. ഭൂരിഭാഗം പേരും താമസിച്ചിരുന്നത് ഈസ്റ്റ് ഹാമിൽ ആയിരുന്നു. നല്ലൊരു ഭാഗം കൊയിഡോണിലും വളരെ കുറച്ചുപേർ സൗത്താളിലും ഓക്സ്ഫോർഡിലും താമസിച്ചിരുന്നു. സ്വന്തമായി വീടുള്ളവർ വളരെ വിരളം, മിക്കവരും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നോർത്ത് ഇന്ത്യൻസിന്റെ വീടുകളിൽ മുറി വാടകയ്കടുത്തു രണ്ടുപേർ ഒരു മുറിയിൽ എന്ന നിലയിലാണ് മിക്കവരും താമസിച്ചിരുന്നത്. കുടുംബമായി താമസിച്ചിരുന്നവർ വളരെ കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്. അടുക്കളയിൽ പ്രവേശനം നിശ്ചിത സമയം മാത്രം. അതുപോലെ ടോയ്‌ലറ്റിലും ബാത്റൂമിലും നിശ്ചിത സമയം മാത്രം. മിക്കവരും പബ്ലിക് ബാത്റൂമിൽ ആയിരിക്കും കുളിക്കുന്നത്. അതും ആഴ്ചയിൽ ഒരിക്കൽ മാത്രം. തുണി കഴുകാൻ മിക്ക വീടുകളിലും അനുവാദം ഇല്ലായിരുന്നു. പബ്ലിക്ക് ലോൺട്രികളായിരുന്നു ശരണം. വിസിറ്റേഴ്സിന് ചില വീടുകളിൽ പ്രവേശന അനുമതി ഇല്ലായിരുന്നു. ചില വീടുകളിൽ കുറഞ്ഞ സമയം അനുവദിച്ചിരുന്നു. അതും നിശബ്ദത പാലിക്കണം. കുടുംബമായി താമസിച്ചിരുന്ന ചിലർ പല പീഡനങ്ങളും അനുഭവിച്ചിരുന്നു. വാടകക്കാരുടെ സാധനങ്ങൾ വീട്ടുടമസ്ഥൻ വാരി റോഡിലെറിഞ്ഞിട്ടുണ്ട്. ഇവിടെയാണ് ശ്രീ.ദേവദാസ് പണിക്കരുടെ സാമൂഹിക സേവനം പലർക്കും അനുഗ്രഹമായത്. അദ്ദേഹം ഒരു ബസ് കണ്ടക്ടർ ആയിരുന്നു. അദ്ദേഹം ജോലി വിട്ടു വരുന്നതും കാത്ത് ആളുകൾ ക്യൂ നിൽക്കുമായിരുന്നു. അദ്ദേഹം വന്നു കഴിഞ്ഞാൽ ഓരോരുത്തരെയായി കാണുകയും അവരുടെ പ്രശ്നങ്ങൾ ആരായുകയും അതിനു പരിഹാരം കാണുകയും ചെയ്തിരുന്നു. നല്ലൊരു ടൈപ്പിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. സോഷ്യൽ സെക്യൂരിറ്റി , ടാക്സ് ഓഫീസ്, ഹൗസിംഗ്, ഹോം ഓഫീസ്, മുതലായ വിഷയങ്ങളിൽ സഹായിക്കുക, നാട്ടിൽ നിന്നും ഫാമിലിയെ വരുത്തുന്നതിനുള്ള എഴുത്തു കുത്തുകൾ ചെയ്യുക, വിവാഹ വിസ അപ്ലിക്കേഷൻ തയാറാക്കുക എന്നിങ്ങനെയുള്ള വിഷയങ്ങളിൽ എല്ലാവരെയും സഹായിക്കുമായിരുന്നു.
വാടകയ്ക്ക് താമസിക്കുന്നവരുടെ പ്രശ്നപരിഹാരത്തിനു അദ്ദേഹം പോലീസുമായും ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകൾ നന്നായി സംസാരിക്കാനും എഴുതുവാൻ കഴിവുണ്ടായിരുന്നു. തമിഴിൽ ചിലർക്ക് നാട്ടിലേക്ക് കത്തുകൾ എഴുതി കൊടുത്തിരുന്നു. ഈ സേവനങ്ങൾക്ക് ഒന്നും അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നില്ല. സാം ട്രാവൽസിന്റെ ഒരു സബ് ഏജൻറ് കൂടിയായിരുന്നു അദ്ദേഹം. മിക്ക മലയാളികളും അദ്ദേഹത്തിൽ നിന്നായിരുന്നു ആദ്യകാലത്ത് ടിക്കറ്റുകൾ വാങ്ങിയിരുന്നത്. രണ്ടു വർഷം ആ വീട്ടിൽ ഞങ്ങൾ താമസിച്ചു, കൊച്ചച്ഛൻ ഇല്ലാത്തപ്പോൾ ഫോൺ അറ്റൻഡ് ചെയ്യുക, വരുന്നവരിൽ നിന്നും മെസ്സേജ് എടുക്കുക എന്നിവ എൻ്റെ ജോലിയായിരുന്നു. അന്നുള്ള മിക്ക മലയാളികളെയും എനിക്ക് പരിചയപ്പെടാൻ ഇത് ഒരു അവസരമായി. കൂടാതെ എൻ്റെ അച്ഛൻ ശ്രീ. വിദ്യാധരൻ സുപരിചിതനും ബഹുമാനിതനും ആയിരുന്നു. അതിനാൽ എന്നോട് എല്ലാവരും വളരെ സ്നേഹത്തോടുകൂടി പെരുമാറിയിരുന്നത്.
ആ സപ്തംബർ മാസത്തിൽ ഈസ്റ്റ് ഹാം കോളേജിൽ ഞാൻ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നു. സുഹൃത്തായ സുഭാഷിൻ്റെ അച്ഛൻ സദാശിവൻ അങ്കിൾ എന്നെ എഡുക്കേഷൻ ഓഫീസില്‍ കൊണ്ടുപോയി സ്കൂൾ വെയ്റ്റിംഗ് ലിസ്റ്റിൽ ചേർത്തു. നവംബർ മാസത്തിൽ കാനിംഗ് ടൗണിലെ ട്രിനിറ്റി സ്കൂളിൽ അഡ്മിഷൻ കിട്ടി. ആദ്യത്തെ രണ്ട് മാസം എന്നെയും അതുപോലെ പുറംരാജ്യങ്ങളിൽ നിന്നും വന്ന മറ്റ് ഏഴ് കുട്ടികളെയും കൂടി ഒരു സ്പെഷ്യൽ ക്ലാസിൽ ഇരുത്തി. മിസ്റ്റർ സിവിൽ എന്ന ഇന്ത്യയിൽ ബ്രിട്ടീഷ് ആർമിയിൽ ജോലിയുണ്ടായിരുന്ന ടീച്ചർ എല്ലാ വിഷയങ്ങളുടെയും അടിസ്ഥാനങ്ങൾ പഠിപ്പിച്ചു. പഠിക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലാതെ ലണ്ടനിൽ വന്ന ഞാൻ നാട്ടിൽ പഠിച്ചതെല്ലാം പാടെ മറന്നിരുന്നു. ജനുവരിയിൽ പ്രോപ്പർ ഫിഫ്ത്ത് ഫോം ക്ലാസിലേക്ക് മാറ്റി. ഞാൻ ശരിക്കും 'സ്ട്രഗിൾ' ചെയ്തു, കാരണം ഇവിടുത്തെ സിലബസും നാട്ടിൽ പഠിച്ചതും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ജൂണിൽ സി. എസ്. ഇ പരീക്ഷ എഴുതി. ശരിക്കും 'ഒ 'ലെവൽ ആണ് മിടുക്കരായ കുട്ടികൾ എഴുതുന്നത്. കണക്കിൽ ഗ്രേഡ് വൺ കിട്ടി. അടുത്തവർഷം സിക്സ്ത് ഫോമിൽ ചേർന്നു. ഒരു വർഷ ഒ' ലവൽകോഴ്സ് ചെയ്തു. കണക്കിൽ എ' ഗ്രേഡ് കിട്ടി. പിന്നെ രണ്ടു വർഷത്തെ എ' ലവൽ കോഴ്സ് ചെയ്തു. പ്യൂയർ മാത്ത്സ് ( pure maths)അപ്ലൈഡ് മാത്ത്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ പരീക്ഷ എഴുതി. ആദ്യ രണ്ട് വിഷയങ്ങളും എ' ഗ്രേഡോടു കൂടി പാസായി. ആ സ്കൂളിൽ ആദ്യമായാണ് അപ്ലൈഡ് മാത്ത്സിൽ ഒരു കുട്ടിക്ക് എ' ഗ്രേഡ് കിട്ടുന്നത്. തുടർപഠനത്തിന് ലോകപ്രശസ്തമായ ഇംപീരിയൽ കോളേജിൽ കണക്കിന് അഡ്മിഷൻ കിട്ടി. 1980 ൽ കണക്കിൽ ഓണേഴ്സ് ബിരുദവും 81 ൽ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ എം.എസ്.സി ബിരുദവും നേടി. യൂ .സി. എൽ ലെ സെക്കൻഡ് എം.എസ്. സി ബാച്ചിലായിരുന്നു ഞാൻ. പേഴ്സണൽ കമ്പ്യൂട്ടർ പോലും ഇല്ലാതിരുന്ന ഒരു കാലം!
ഞാൻ ലണ്ടനിൽ വന്ന കാലത്ത് രാത്രി പുറത്തു പോകുന്നത് വളരെ വിരളമായിരുന്നു. കാരണം വംശീയ ആക്രമണങ്ങൾ കൂടുതൽ ഉണ്ടായിരുന്ന കാലമായിരുന്നു അത്. ഇന്ത്യക്കാരെ കണ്ടാൽ ചില തല്ലിപ്പൊളി പിള്ളേർ പാക്കി എന്ന് വിളിക്കും. പല മലയാളികളും ഉപദ്രവങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളുകൾ സുരക്ഷിതമല്ലായിരുന്നു. ഇന്ത്യക്കാർ മിക്കപ്പോഴും ഒരുമിച്ച് നിൽക്കുന്നതുകൊണ്ട് ഉപദ്രവങ്ങൾ കുറവായിരുന്നു. എങ്കിലും ഒറ്റയ്ക്ക് വെള്ളക്കാരുടെ ഗ്യാങ്ങിൽ പെട്ടാൽ പണി പാളും.
കൊച്ചപ്പന്റെ വീട്ടിൽ താമസിക്കുന്ന കാലത്ത് ഞാനും ബാസു അണ്ണനും ചേർന്ന് നാട്ടിൽ നിന്ന് കഥാപ്രസംഗങ്ങളും സിനിമാഗാനങ്ങളും വരുത്തുമായിരുന്നു. എൻ്റെ കസിൻ ശ്രീകുമാർ ആണ് പലപ്പോഴും അവ ശേഖരിച്ച് നാട്ടിൽ നിന്നും വരുന്നവരുടെ കയ്യിൽ കൊടുത്തു വിട്ടിരുന്നത്. ഞങ്ങൾ സൗജന്യമായി പകർത്തി മലയാളികൾക്ക് കൊടുക്കുമായിരുന്നു. അവർക്ക് വിശ്രമ സമയങ്ങളിലെ പ്രധാന വിനോദം ആയിരുന്നു ഇത്. രണ്ടുമൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ പലരും കുടുംബങ്ങളെ വരുത്തുവാൻ തുടങ്ങി. ചിലർ വീടുവാങ്ങാൻ തുടങ്ങി. ഞങ്ങൾ വന്ന കാലത്ത് വീടിന് വില ഏകദേശം 500 പൗണ്ട് ആയിരുന്നു. ആ കാലത്ത് കുട്ടികൾക്ക് ട്യൂഷൻ നൽകാൻ ആരും ഉണ്ടായിരുന്നില്ല. ആദ്യം മുതലെ എന്റെ സഹോദരൻ ഗിരിധറിനെയും സുഭാഷിനെയും ഞാൻ കണക്കു പഠിപ്പിക്കുമായിരുന്നു. യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയം മുതൽ കൂടുതൽ കുട്ടികളെ ചർച്ചിലെ മുറികൾ വാടകയ്ക്കെടുത്ത് ഞാനും ശ്രീ രവീന്ദ്രനും ശ്രീ.ആനന്ദനും പഠിപ്പിക്കുമായിരുന്നു. ഞാൻ എ ലവൽവരെ പഠിപ്പിച്ചു. കൂടാതെ വാരാന്ത്യങ്ങളിലും ക്ലാസ്സെടുത്തു. ഞാൻ പഠിപ്പിച്ചവരിൽ മിക്കവരും ബിരുദധാരികൾ ആയിത്തീർന്നതിൽ അഭിമാനിക്കുന്നു.
ഞാൻ വന്ന കാലത്ത് മിക്ക മലയാളികളും ഫോർഡ്, ടി. സി.എൽ, പോർട്ട് ലാൻഡ് എന്നീ കമ്പനികളിലായിരുന്നു ജോലി ചെയ്തിരുന്നത്. പഠിക്കുന്ന കാലത്ത് എനിക്ക് സോഷ്യൽ ലൈഫ് കുറവായിരുന്നു. വെസ്റ്റ് കോസ്റ്റിൽ ഗംഗാധരൻ മാമൻ്റെ വീട്ടിൽ പോകുമായിരുന്നു. രുഗ്മിണി അപ്പച്ചിക്കും മാമനും എന്നോട് വലിയ കാര്യമായിരുന്നു. എനിക്ക് നരേന്ദ്രനുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. ഞങ്ങളാണ് ആദ്യമായി യൂണിവേഴ്സിറ്റിയിൽ ചേർന്ന മലയാളികൾ. ശ്രീധരൻ മാമൻ വഴി പോർട്ട് ലാൻഡിൽ മൂന്നര ആഴ്ച ജോലി ചെയ്ത ശമ്പളം ഉപയോഗിച്ച് നാട്ടിൽ പന്ത്രണ്ട് സെൻറ് സ്ഥലം വാങ്ങി. ഇതാണ് എൻ്റെ നാട്ടിലെ ഏക സമ്പാദ്യം. ഡിഗ്രിക്ക് പഠിച്ചപ്പോൾ ടവർ ഹാംലെറ്റ് കൗൺസിലിൽ വേനൽ അവധിക്കാലത്തു ഒരു ജോലി കിട്ടി. അടുത്ത വർഷം മുതൽ സുഭാഷിനെയും ഗിരിധരനെയും ഞാൻ അവിടെ ജോലിക്ക് കയറ്റി. അക്കാലത്തു ധാരാളം മലയാളികളെ പലരീതിയിൽ സഹായിച്ചിട്ടുണ്ട്.
ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുമ്പോഴാണ് ശ്രീനാരായണ ഗുരു മിഷൻ സ്ഥാപിതമാകുന്നത്. അതിൻറെ ഫൗണ്ടിംഗ് കമ്മിറ്റിയിൽ എന്നെയും ചേർത്തു. പഠനം കഴിഞ്ഞതിനു ശേഷം അസിസ്റ്റൻറ് സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ, ഇനാഗുറേഷൻ കമ്മിറ്റി ചെയർമാൻ, സ്പെഷ്യൽ സോവനീർ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ബിൽഡിംഗ് ഇനാഗുറേഷൻ വരെയുള്ള 10 വർഷം ആ പ്രോജക്ടിന് നേതൃത്വംനൽകി. അതിനു മുൻപ് വാങ്ങിയ കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾക്ക് നേതൃത്വം നൽകി.
ആദ്യകാലത്ത് കൈരളി കലാസമിതി എന്ന സംഘടന നിരവധി നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ സെക്രട്ടറി ശ്രീ. ദേവദാസ് പണിക്കരായി രുന്നു. 1980 മുതൽ അവരുടെ നാടകങ്ങളിൽ ഞാനും അഭിനയിക്കാൻ തുടങ്ങി. പിന്നെ വി.കെ. അങ്കിളിൻ്റെ സഹായത്തോടെ മിഷനിലും നിരവധി നാടകങ്ങൾ അവതരിപ്പിച്ചു. കൂടാതെ ഞാൻ ലണ്ടൻ മലയാളി ജീവിതത്തെ ആസ്പദമാക്കി മിഷൻ ഹാളിൽ പ്രഹസനങ്ങൾ അവതരിപ്പിരുന്നു. സീനിയർ ഐ.ടി. പ്രോജക്ട് മാനേജരായി 2020ൽ വിരമിച്ചു.
ഇപ്പോൾ MAUK, കൊച്ചിൻ കലാഭവൻ ലണ്ടൻ തുടങ്ങിയവയുടെ നാടകത്തിൽ അഭിനയിക്കുന്നു.നിരവധി ഇംഗ്ലീഷ് ഷോർട്ട് ഫിലിം, ഫീച്ചർ ഫിലിം, കൊമേഴ്സ്യൽസ്, മ്യൂസിക് വീഡിയോസ് എന്നിവയിലും ശശിനായർ നിർമിച്ച അനന്തപുരം ഡയരീസ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. നീണ്ട 52 വർഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ലണ്ടനിൽ വരാൻ സാധിച്ചതിൽ, അച്ഛൻ വരുത്തിയതിന്റെ പേരിൽ ജീവിതം പ്രതീക്ഷയ്ക്കുമപ്പുറത്തേക്ക് മാറിമറഞ്ഞു. പലരും അതിനുശേഷം കുടുംബങ്ങളെ വരുത്താൻ തീരുമാനിച്ചു. ആദ്യ തലമുറയിലുള്ളവരെ പലവിധത്തിൽ സഹായിക്കാനും അവരുടെ സ്വപ്നമായ മിഷൻ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം കൊടുക്കാനും സാധിച്ചു. ആദ്യമായി യൂണിവേഴ്സിറ്റിയിൽ പഠിച്ചത് രണ്ടാം തലമുറയിലെ പലർക്കും പഠിക്കുവാൻ താല്പര്യം ജനിക്കുന്നതിനും കാരണമായി. കൂടാതെ ധാരാളം പേരെ ട്യൂഷൻ വഴി ഉയർത്തുവാനുംസാധിച്ചു എന്നോർക്കുമ്പോൾ മനസ്സിൽ അഭിമാനവും സന്തോഷവുമുണ്ട്. എൻ്റെ അച്ഛനേയും അമ്മയേയും, വാസുദേവൻ അപ്പൂപ്പ, മിഷൻ്റെ ആദ്യ ജനറൽ സെക്രട്ടറി ശ്രീ രവീന്ദ്രൻ, ആദ്യ പ്രസിഡൻറ് ശ്രീ കെ ടി .വി ശ്രീധരൻ, മിഷൻ്റെ ലീഡിങ് സ്ഥാപകൻ ശ്രീ വി.കെ നാരായണൻ എന്നിവരെ സ്നേഹപൂർവ്വം സ്മരിക്കുകയും അവരുടെ ആത്മാവിന് നിത്യശാന്തി നേടുകയും ചെയ്യുന്നു.
Original corrected
വി. മുരളീധരൻ
1971 കാലം ഞാൻ ശിവഗിരി സ്കൂളിൽ ഒമ്പതാം ക്ലാസ് പഠനം ആരംഭിച്ചു. പഠിത്തത്തിൽ ശ്രദ്ധ വളരെ കുറവായിരുന്നു, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ കലോത്സവത്തിലെ നാടക മത്സരത്തിൽ ഒരു ഏകാങ്കനാടകം അവതരിപ്പിച്ചു. എൻ്റെ ക്ലാസ്മേറ്റ് ദിനേശാണ് നേതൃത്വം നൽകിയത് ശ്രീ. രവി എന്ന ദിനേശിന്റെ സുഹൃത്താണ് "ചിറകറ്റ മാലാഖ" എന്ന നാടകം രചിച്ചതും സംവിധാനം നിർവഹിച്ചതും.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആശാൻ മെമ്മോറിയൽ സ്കൂളിൽ എൻ്റെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിക്കുകയും അതിലെ പ്രധാന വേഷം ഞാൻ അഭിനയിക്കുകയും ചെയ്തിരുന്നു. തന്മൂലം ഈ നാടകത്തിലെ പ്രധാന വേഷം എനിക്ക് കിട്ടി. ആദ്യത്തെ റിഹേഴ്സൽ കണ്ട് വളരെ ഇഷ്ടപ്പെട്ട സംവിധായകൻ അദ്ദേഹമില്ലാത്തപ്പോൾ സംവിധാന ചുമതല കൂടി എന്നെ ഏൽപ്പിച്ചു. മത്സരത്തിൽ ഞങ്ങളുടെ നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും എനിക്ക് ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടുകയും ചെയ്തു. അന്നുമുതൽ നാടകാഭിനയത്തോടുള്ള അഭിനിവേശം വളർന്നു.
വീട്ടിലെ കൃഷിപ്പണികളിലും കുടുംബ ക്ഷേത്രത്തിലെ വൈകുന്നേരത്തെ വിളക്കുകൊളുത്തൽ, ശാന്തിയെ സഹായിക്കുക, ഉത്സവകമ്മിറ്റി അംഗം ലൈബ്രറിയിലെ കമ്മിറ്റി അംഗം, നോവൽ വായന സിനിമ കാണൽ മുതലായ കാര്യങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധ. പുറമേ നാടകാഭിനയവും. ഇങ്ങനെയിരിക്കെ അച്ഛൻ ലണ്ടനിൽ നിന്നും അവധിക്ക് വരികയും ലണ്ടൻ ജീവിതത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. നല്ല വൃത്തിയുള്ള സ്ഥലം, ഓഫീസുകളിൽ എല്ലാ കാര്യങ്ങളും കൃത്യമായും നിയമപരമായും നടക്കുന്നു, കൈക്കൂലി ഇല്ല, ഫാക്ടറികളിൽ ജോലി കിട്ടാൻ എളുപ്പം, ക്ലറിക്കൽജോലിയേക്കാളും ശമ്പളം, ഏത് ജോലി ചെയ്യുന്നവരോടും എല്ലാവർക്കും പരസ്പര ബഹുമാനം, പ്രൊഫഷണൽ ജോലി ചെയ്യുന്നവർക്കും ഓഫീസിലെ ഉയർന്ന ജോലി ചെയ്യുന്നവർക്കും മാത്രമേ ഫാക്ടറി ജോലി ചെയ്യുന്നവരെ ക്കാളും ശമ്പളമുള്ളൂ, വാഹനങ്ങൾ നിയമം പാലിച്ചാണ് ഓടിക്കുന്നത്, ഹോൺ അടിക്കാറേയില്ല, തണുപ്പ് അഞ്ചാറു മാസം കാഠിന്യമുള്ളതാണ്, മഞ്ഞു ചിലപ്പോൾ പെയ്യും, നടക്കുമ്പോൾ ചിലപ്പോൾ വീഴും, വെള്ളക്കാർ പൊതുവേ സ്നേഹത്തോടെയാണ് പെരുമാറുന്നത്, സമരങ്ങൾ വിരളം. അങ്ങനെ പോയി ആ വിവരണം.
ഒരു മാസം കഴിഞ്ഞ് അച്ഛൻ തിരികെ പോയി എനിക്ക് മനസ്സ് നിറയെ ലണ്ടൻ മോഹം. ഞാൻ അച്ഛന് ഒരു കത്ത് എഴുതി. എനിക്കും ലണ്ടനിൽ വരണം!പഠിച്ച് ഒരു ഡിഗ്രി എടുക്കുക, എന്നിട്ട് നമുക്ക് ആലോചിക്കാം എന്നായിരുന്നു അച്ഛൻ്റെ മറുപടി. നിരാശ തോന്നി. അച്ഛന് ഒരു നീണ്ട മറുപടി എഴുതി ഒരു ഡിഗ്രി എടുക്കണമെങ്കിൽ ഇനിയും ഏഴുവർഷം പഠിക്കണം, ജോലി കിട്ടാൻ വർഷങ്ങൾ കാത്തിരിക്കണം, ജോലി കിട്ടിയാൽ തന്നെ ശമ്പളം കുറവ്. ഇപ്പോൾ അവിടെ വന്നാൽ 16 വയസ്സാകുമ്പോൾ ജോലിയിൽ പ്രവേശിക്കാം, പത്തുവർഷം ഫാക്ടറിയിൽ ജോലിചെയ്ത് മിച്ചം പിടിക്കുന്ന കാശുണ്ടാക്കാൻ നാട്ടിൽ ജീവിതകാലം മുഴുവൻ ജോലി ചെയ്യണം. പത്തുവർഷം കഴിഞ്ഞ് നാട്ടിൽ വന്ന് സുഖമായി ജീവിക്കാം.
മറുപടി വന്നു, അച്ഛൻ്റെ നിലപാടിൽ മാറ്റമില്ല! കാരണം അച്ഛന് ഞാൻ ഒരു ഡിഗ്രി എടുത്തു കാണാൻ മോഹം. ഒരു കത്ത് കൂടി അയച്ചു. വളരെ ഉറച്ച നിലപാടായിരുന്നു എൻ്റെ കത്തിൽ. പത്താം ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന പ്ലാനില്ല, ലണ്ടനിൽ കൊണ്ട് വന്നില്ലെങ്കിൽ ഞാൻ കയറി പേർഷ്യയിൽ പോകും. ആയിടെ സുരേഷ് സുകുമാരനെ കാണുകയും അവൻ കുടുംബസമേതം ലണ്ടനിൽ പോകുന്നതായി എന്നോട് പറഞ്ഞതായും എൻ്റെ കത്തിൽ സൂചിപ്പിച്ചു. മറുപടി വന്നു. പാസ്പോർട്ടിന് അപേക്ഷിക്കു. ൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല. ഇനി പഠിക്കേണ്ടല്ലോ എന്നോർത്തപ്പോൾ സന്തോഷം വർദ്ധിച്ചു. എൻ്റെ മൂത്ത സഹോദരൻ ഗോപിദാസ് MBBS ന് പഠിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് അമ്മയും ഞാനും ഇളയ സഹോദരൻ ഗിരിധരനും സഹോദരി അനിതയും കൂടി പാസ്പോർട്ടിന് അപേക്ഷിച്ചു. പാസ്പോർട്ട് കിട്ടുന്നതിന് കാലതാമസം വന്നു. ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ കിട്ടാൻ വൈകി. അച്ഛൻ ഞങ്ങളെ വരുത്താൻ തീരുമാനിച്ച വിവരം ഗഗാരിൻമാമൻ അറിയുകയും മാമൻ്റെ കുടുംബത്തെയും വരുത്താൻ തീരുമാനിച്ചു. അവർക്ക് വേഗത്തിൽ പാസ്പോർട്ടും വിസയും കിട്ടി. 1972 സെപ്റ്റംബറിൽ അവർ ലണ്ടനിലേക്ക് പോയി. ഞങ്ങൾക്ക് വിസ കിട്ടുന്നതിന് കാലതാമസം ഉണ്ടായി.1973 മെയ് മാസം ഞങ്ങൾ ലണ്ടനിലേക്ക് തിരിച്ചു. കൂടെ സുഹൃത്ത് ശ്രീ സദാശിവൻ അങ്കിളിന്റെ മകൻ സുഭാഷ് സദാശിവനും കുടുംബവും ഉണ്ടായിരുന്നു.
ലണ്ടൻ എയർപ്പോട്ടിലെത്തുമ്പോഴുള്ള കാര്യത്തെക്കുറിച്ച് എനിക്ക് വ്യാകുലത ഉണ്ടായിരുന്നു. ഇമിഗ്രേഷൻ, വൈദ്യ പരിശോധന, കസ്റ്റംസ് എന്നിവ തരണം ചെയ്യണം. കൂടാതെ അച്ഛൻ എയർപോർട്ടിൽ വന്നില്ലെങ്കിലോ എന്നൊക്കെ ഭയപ്പെട്ടു. അവിടെ എത്തിയപ്പോൾ എമിഗ്രേഷൻ ഓഫീസർ ചോദിച്ച ചോദ്യങ്ങൾക്ക് ഒരു വിധം മറുപടി പറഞ്ഞു. എല്ലാപേരുടെയും മെഡിക്കൽ ഫോം പൂരിപ്പിച്ചു. എല്ലാം കഴിഞ്ഞ് പെട്ടിയുമെടുത്ത് ഇറങ്ങിയപ്പോൾ അതാ അച്ഛൻ നിൽക്കുന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. അച്ഛൻ ഞങ്ങളെയും കൂട്ടി ശ്രീ ദേവദാസപണിക്കരുടെ വീട്ടിലെത്തി. അദ്ദേഹം എൻ്റെ കൊച്ചപ്പൻ കൂടിയായിരുന്നു. അവരുടെ വീട്ടിൽ താമസിച്ചിരുന്ന കൃഷ്ണൻകുട്ടി അങ്കിൾ, ശ്രീരാമൻ അങ്കിൾ, നടരാജൻ അങ്കിൾ, രാജൻ അങ്കിൾ എന്നിവരെ മാറ്റി ഞങ്ങൾക്കായി രണ്ടു മുറികൾ തന്നു. കൊച്ചപ്പൻ ഒറ്റയ്ക്കായിരുന്നു അവിടെ താമസം. ഒരു മുറിയിൽ ശ്രീ വക്കം ബാബു അണ്ണനും കുടുംബവും താമസിച്ചിരുന്നു. അച്ഛൻ കാര്യങ്ങളൊക്കെ വിശദീകരിച്ചു തന്നു. അന്ന് ഈസ്റ്റ് ഹാമിൽ എൽ.സി.എസ് എന്ന ഒരു വലിയ കടയുണ്ടായിരുന്നു. അവിടെ കൊണ്ടുപോയി ഞങ്ങൾക്ക് വസ്ത്രങ്ങളൊക്കെ വാങ്ങി തന്നു. ബാബു അണ്ണനും ഞാനും വലിയ കമ്പനിയായി. അണ്ണൻ്റെ കൂടെയാണ് ഞാൻ ഷോപ്പിങ്ങിനു പോയിരുന്നത്. അങ്ങനെ കടകളൊക്കെ മനസ്സിലാക്കി. ഒരു സേഫ് വേ സ്റ്റോർ, വുഡ് വേർത്ത്, ബ്രിട്ടീഷ് ഹോം സ്റ്റോർ, സി ആൻ്റ് എ എന്നിവയായിരുന്നു പ്രധാന കടകൾ. ഈ കടകൾ ഞായറാഴ്ച തുറക്കില്ലായിരുന്നു. ശനിയാഴ്ച അഞ്ചുമണി കഴിഞ്ഞാൽ ഈ കടകൾ അടയ്ക്കും. ശനിയാഴ്ച ദിവസമാണ് മിക്കവരും ഷോപ്പിങ്ങിനിറങ്ങുന്നത്. നാട്ടിലെ സാധനങ്ങൾ, പച്ചക്കറി, പൊടിവർഗ്ഗങ്ങൾ മുതലായവ കിട്ടുന്ന കടകൾ, കാതറിനിലെ കാശ്മീരി സ്റ്റോർ, മാഹിൽ സ്റ്റോർ, ബാർക്കിംഗ് എന്നിവയായിരുന്നു.
ചാക്കിലെ അരിയും ഉള്ളിയും മിക്കവാറും ഇവിടെ നിന്നായിരുന്നു വാങ്ങിയിരുന്നത്. അന്ന് വളരെ കുറച്ചു മലയാളികളെ ലണ്ടനിൽ ഉണ്ടായിരുന്നുള്ളൂ. മിക്കവരും സിംഗപ്പൂരിൽ നിന്ന് വന്നവരായിരുന്നു. ഭൂരിഭാഗം പേരും താമസിച്ചിരുന്നത് ഈസ്റ്റ് ഹാമിൽ ആയിരുന്നു. നല്ലൊരു ഭാഗം കൊയിഡോണിലും വളരെ കുറച്ചുപേർ സൗത്താളിലും ഓക്സ്ഫോർഡിലും താമസിച്ചിരുന്നു. സ്വന്തമായി വീടുള്ളവർ വളരെ വിരളം, മിക്കവരും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നോർത്ത് ഇന്ത്യൻസിന്റെ വീടുകളിൽ മുറി വാടകയ്കടുത്തു രണ്ടുപേർ ഒരു മുറിയിൽ എന്ന നിലയിലാണ് മിക്കവരും താമസിച്ചിരുന്നത്. കുടുംബമായി താമസിച്ചിരുന്നവർ വളരെ കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്. അടുക്കളയിൽ പ്രവേശനം നിശ്ചിത സമയം മാത്രം, അതുപോലെ ടോയ്‌ലറ്റിലും ബാത്റൂമിലും നിശ്ചിത സമയം മാത്രം. മിക്കവരും പബ്ലിക് ബാത്റൂമിൽ ആയിരിക്കും കുളിക്കുന്നത്. അതും ആഴ്ചയിൽ ഒരിക്കൽ മാത്രം. തുണി കഴുകാൻ മിക്ക വീടുകളിലും അനുവാദം ഇല്ലായിരുന്നു. പബ്ലിക്ക് ലോൺട്രികളായിരുന്നു ശരണം.വിസിറ്റേഴ്സിന് ചില വീടുകളിൽ പ്രവേശന അനുമതി ഇല്ലായിരുന്നു. ചില വീടുകളിൽ കുറഞ്ഞ സമയം അനുവദിച്ചിരുന്നു. അതും നിശബ്ദത പാലിക്കണം. കുടുംബമായി താമസിച്ചിരുന്ന ചിലർ പല പീഡനങ്ങളും അനുഭവിക്കേണ്ടിവന്നു. ചിലരുടെ സാധനങ്ങൾ വാരി റോഡിലെറിഞ്ഞിട്ടുണ്ട്. ഇവിടെയാണ് ശ്രീ.ദേവദാസ് പണിക്കരുടെ സാമൂഹിക സേവനം പലർക്കും അനുഗ്രഹമായത് അദ്ദേഹം ഒരു ബസ് കണ്ടക്ടർ ആയിരുന്നു. അദ്ദേഹം ജോലി വിട്ടു വരുന്നതും കാത്ത് ആളുകൾ ക്യൂ നിൽക്കുമായിരുന്നു. അദ്ദേഹം വന്നു കഴിഞ്ഞാൽ ഓരോരുത്തരെയായി കാണുകയും അവരുടെ പ്രശ്നങ്ങൾ ആരായുകയും അതിനു പരിഹാരം കാണുകയും ചെയ്തിരുന്നു. നല്ലൊരു ടൈപ്പിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. സോഷ്യൽ സെക്യൂരിറ്റി , ടാക്സ് ഓഫീസ്, ഹൗസിംഗ്, ഹോം ഓഫീസ്, മുതലായ വിഷയങ്ങളിൽ സഹായിക്കുക, നാട്ടിൽ നിന്നും ഫാമിലിയെ വരുത്തുന്നതിനുള്ള എഴുത്തു കുത്തുകൾ, കല്യാണ വിസ അപ്ലിക്കേഷൻ തയാറാക്കുക എന്നിങ്ങനെയുള്ള വിഷയങ്ങളിൽ എല്ലാവരെയും സഹായിക്കുമായിരുന്നു.
പുറമേ വാടകയ്ക്ക് താമസിക്കുന്നവരുടെ പ്രശ്നപരിഹാരത്തിൽ പോലീസുമായും സഹായങ്ങൾ തേടിയിരുന്നു. അദ്ദേഹത്തിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകൾ നന്നായി സംസാരിക്കാനും എഴുതുവാൻ കഴിവുണ്ടായിരുന്നു. തമിഴിൽ ചിലർക്ക് നാട്ടിലേക്ക് കത്തുകൾ എഴുതി കൊടുത്തിരുന്നു.ഈ സേവനങ്ങൾക്ക് ഒന്നും അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നില്ല. സാം ട്രാവൽസിന്റെ ഒരു സബ് ഏജൻറ് കൂടിയായിരുന്നു അദ്ദേഹം. മിക്ക മലയാളികളും അദ്ദേഹത്തിൽ നിന്നായിരുന്നു ആദ്യകാലത്ത് ടിക്കറ്റുകൾ വാങ്ങിയിരുന്നത്. രണ്ടുവർഷം ആ വീട്ടിൽ ഞങ്ങൾ താമസിച്ചു, കൊച്ചച്ഛൻ ഇല്ലാത്തപ്പോൾ ഫോൺ അറ്റൻഡ് ചെയ്യുക, വരുന്നവരിൽ നിന്നും മെസ്സേജ് എടുക്കുക എന്നിവ എൻ്റെ ജോലിയായിരുന്നു. അന്നുള്ള മിക്ക മലയാളികളെയും എനിക്ക് പരിചയപ്പെടാൻ ഇത് ഒരു അവസരമായി. കൂടാതെ എൻ്റെ അച്ഛൻ ശ്രീ. വിദ്യാധരൻ എല്ലാവർക്കും സുപരിചിതനും ആയിരുന്നു ഒപ്പം ബഹുമാനിതനും ആയിരുന്നു. അതിനാൽ എന്നോട് എല്ലാവരും വളരെ സ്നേഹത്തോടുകൂടി പെരുമാറിയിരുന്നത്.
ആ സപ്തംബർ മാസത്തിൽ ഈസ്റ്റ് ഹാം കോളേജിൽ ഞാൻ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നു. സുഭാഷിൻ്റെ അച്ഛൻ സദാശിവൻ അങ്കിൾ എന്നെ എഡുക്കേഷൻ ഓഫീസില്‍ കൊണ്ടുപോയി സ്കൂൾ വെയ്റ്റിംഗ് ലിസ്റ്റിൽ ചേർത്തു. നവംബർ മാസത്തിൽ കാനിംഗ് ടൗണിലെ ട്രിനിറ്റി സ്കൂളിൽ അഡ്മിഷൻ കിട്ടി. സദാശിവൻ അങ്കിൾ എന്നെ അവിടെ ചേർത്തു, എന്നിട്ട് എന്നോട് പറഞ്ഞു; 'സുഭാഷിന്റെ പഠന കാര്യത്തിൽ എന്റെ ശ്രദ്ധ വേണമെന്ന് ' ആദ്യത്തെ രണ്ട് മാസം എന്നെയും അതുപോലെ പുറംരാജ്യങ്ങളിൽ നിന്നും വന്ന മറ്റ് ഏഴ് കുട്ടികളെയും കൂടി ഒരു സ്പെഷ്യൽ ക്ലാസിൽ ഇരുത്തി. മിസ്റ്റർ സിവിൽ എന്ന ഇന്ത്യയിൽ ബ്രിട്ടീഷ് ആർമിയിൽ ജോലിയുണ്ടായിരുന്ന ടീച്ചർ എല്ലാ വിഷയങ്ങളുടെയും അടിസ്ഥാനങ്ങൾ പഠിപ്പിച്ചു. പഠിക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലാതെ ലണ്ടനിൽ വന്ന ഞാൻ നാട്ടിൽ പഠിച്ചതെല്ലാം പാടെ മറന്നിരുന്നു. ജനുവരിയിൽ പ്രോപ്പർ ഫിഫ്ത്ത് ഫോം ക്ലാസിലേക്ക് മാറ്റി. ഞാൻ ശരിക്കും 'സ്ട്രഗിൾ' ചെയ്തു, കാരണം ഇവിടുത്തെ സിലബസും നാട്ടിൽ പഠിച്ചതും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ജൂണിൽ സി. എസ്. ഇ പരീക്ഷ എഴുതി. ശരിക്കും 'ഒ 'ലെവൽ ആണ് മിടുക്കരായ കുട്ടികൾ എഴുതുന്നത്. കണക്കിൽ ഗ്രേഡ് വൺ കിട്ടി. അടുത്തവർഷം സിക്സ്ത് ഫോമിൽ ചേർന്നു. ഒരു വർഷ ഒ' ലവൽകോഴ്സ് ചെയ്തു. കണക്കിൽ എ' ഗ്രേഡ് കിട്ടി പിന്നെ രണ്ടു വർഷത്തെ എ' ലവൽ കോഴ്സ് ചെയ്തു. പ്യൂയർ മാത്ത്സ് ( pure maths)അപ്ലൈഡ് മാത്ത്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ പരീക്ഷ എഴുതി. ആദ്യ രണ്ട് വിഷയങ്ങളും എ' ഗ്രേഡോടു കൂടി പാസായി. ആ സ്കൂളിൽ ആദ്യമായാണ് അപ്ലൈഡ് മാത്ത്സിൽ ഒരു കുട്ടിക്ക് എ' ഗ്രേഡ് കിട്ടുന്നത്. തുടർപഠനത്തിന് ലോകപ്രശസ്തമായ ഇംപീരിയൽ കോളേജിൽ കണക്കിന് അഡ്മിഷൻ കിട്ടി. 1980 ൽ കണക്കിൽ ഓണേഴ്സ് ബിരുദവും 81 ൽ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ എം.എസ്.സി ബിരുദവും നേടി. യൂ .സി. എൽ ലെ സെക്കൻഡ് എം.എസ്. സി ബാച്ചിലായിരുന്നു ഞാൻ. പി.സി പോലും ഇല്ലാതിരുന്ന ഒരു കാലം.
ഞാൻ ലണ്ടനിൽ വന്ന കാലത്ത് രാത്രി വെളിയിൽ പോകുന്നത് വളരെ വിരളമായിരുന്നു. കാരണം വംശീയ ആക്രമണങ്ങൾ കൂടുതൽ ഉണ്ടായിരുന്ന കാലമായിരുന്നു അത്. ഇന്ത്യക്കാരെ കണ്ടാൽ ചില തല്ലിപ്പൊളി പിള്ളേർ പാക്കി എന്ന് വിളിക്കും. പല മലയാളികളും ഉപദ്രവങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളിൽ നൂറ് ശതമാനം സുരക്ഷിതമല്ലായിരുന്നു. ഇന്ത്യക്കാർ മിക്കപ്പോഴും ഒരുമിച്ച് നിൽക്കുന്നതുകൊണ്ട് ഉപദ്രവങ്ങൾ കുറവായിരുന്നു. എന്നാലും ഒറ്റയ്ക്ക് അവരുടെ ഗ്യാങ്ങിൽ പെട്ടാൽ പണി പാളും. കൊച്ചപ്പന്റെ വീട്ടിൽ താമസിക്കുന്ന കാലത്ത് ഞാനും ബാസു അണ്ണനും ചേർന്ന് നാട്ടിൽ നിന്ന് കഥാപ്രസംഗങ്ങളും സിനിമാഗാനങ്ങളും വരുത്തുമായിരുന്നു. എൻ്റെ കസിൻ ശ്രീകുമാർ ആണ് പലപ്പോഴും ശേഖരിച്ച് നാട്ടിൽ നിന്നും വരുന്നവരുടെ കയ്യിൽ കൊടുത്തു വിട്ടിരുന്നത്. ഞങ്ങൾ സൗജന്യമായി പകർത്തി മലയാളികൾക്ക് കൊടുക്കുമായിരുന്നു. അവർക്ക് വിശ്രമ സമയങ്ങളിലെ പ്രധാന വിനോദം ആയിരുന്നു. രണ്ടുമൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ പലരും കുടുംബങ്ങളെ വരുത്തുവാൻ തുടങ്ങി. ചിലർ വീടുവാങ്ങാൻ തുടങ്ങി. ഞങ്ങൾ വന്ന കാലത്ത് വീടിന് 500 പൗണ്ട് ആണ് വില. ആ കാലത്ത് കുട്ടികൾക്ക് ട്യൂഷൻ നൽകാൻ ആരും ഉണ്ടായിരുന്നില്ല. ആദ്യം മുതലെ എന്റെ സഹോദരൻ ഗിരിധറിനെയും സുഭാഷിനെയും വീട്ടിൽ കണക്കു പഠിപ്പിക്കുമായിരുന്നു ഞാൻ. യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയം മുതൽ കൂടുതൽ കുട്ടികളെ ചർച്ചിലെ മുറികൾ വാടകയ്ക്കെടുത്ത് ഞാനും ശ്രീ രവീന്ദ്രനും ശ്രീ.ആനന്ദനും പഠിപ്പിക്കുമായിരുന്നു. ഞാൻ എ ലവൽവരെ പഠിപ്പിച്ചു .കൂടാതെ വാരാന്ത്യങ്ങളിലും ക്ലാസ്സെടുത്തു. ഞാൻ പഠിപ്പിച്ചവരിൽ മിക്കവരും ബിരുദധാരികൾ ആയിത്തീർന്നതിൽ ഞാൻ അഭിമാനിക്കുന്നു.
ഞാൻ വന്ന കാലത്ത് മിക്ക മലയാളികളും ഫോർഡ്, ടി. സി.എൽ, പോർട്ട് ലാൻഡ് എന്നീ കമ്പനികളിലായിരുന്നു ജോലി ചെയ്തിരുന്നത്. പഠിക്കുന്ന കാലത്ത് എനിക്ക് സോഷ്യൽ ലൈഫ് കുറവായിരുന്നു. വെസ്റ്റ് കോസ്റ്റിൽ ഗംഗാധരൻ മാമൻ്റെ വീട്ടിൽ പോകുമായിരുന്നു. രുഗ്മിണി അപ്പച്ചിക്കും മാമനും എന്നോട് വലിയ കാര്യമായിരുന്നു. എനിക്ക് നരേന്ദ്രനുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. ഞങ്ങളാണ് ആദ്യമായി യൂണിവേഴ്സിറ്റിയിൽ ചേർന്ന മലയാളികൾ. ശ്രീധരൻ മാമൻ വഴി പോർട്ട് ലാൻഡിൽ മൂന്നര ആഴ്ച ജോലി ചെയ്ത ശമ്പളം ഉപയോഗിച്ച് നാട്ടിൽ പന്ത്രണ്ട് സെൻറ് സ്ഥലം വാങ്ങി. ഇതാണ് എൻ്റെ നാട്ടിലെ ഏക സമ്പാദ്യം. ഡിഗ്രിക്ക് പഠിച്ചപ്പോൾ ടവർ ഹാംലെറ്റ് കൗൺസിലിൽ സമ്മർ ഹോൾഡേഴ്സിൽ ജോലി കിട്ടി. അടുത്ത വർഷം മുതൽ സുഭാഷിനെയും ഗിരിധരനെയും ഞാൻ അവിടെ ജോലിക്ക് കയറ്റി. ധാരാളം മലയാളികളെ പലരീതിയിൽ സഹായിച്ചു.
ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുമ്പോഴാണ് ശ്രീനാരായണ ഗുരു മിഷൻ സ്ഥാപിതമാകുന്നത്. അതിൻറെ ഫൗണ്ടിംഗ് കമ്മിറ്റിയിൽ എന്നെയും ചേർത്തു. പഠനം കഴിഞ്ഞതിനു ശേഷം അസിസ്റ്റൻറ് സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ, ഇനാഗുറേഷൻ കമ്മിറ്റി ചെയർമാൻ, സ്പെഷ്യൽ സോവനീർ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ബിൽഡിംഗ് ഇനാഗുറേഷൻ വരെയുള്ള 10 വർഷം ആ പ്രോജക്ടിന് നേതൃത്വംനൽകി. അതിനു മുൻപ് വാങ്ങിയ കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾക്ക് നേതൃത്വം നൽകി. ഞാൻ യൂണിവേഴ്സിറ്റിയിൽ പോകാൻ തുടങ്ങിയ അന്നുമുതൽ ഞാൻ അപ്പൂപ്പ എന്ന് വിളിക്കുന്ന ശ്രീ വാസുദേവൻ സാറിന് എന്നോട് വലിയ കാര്യമായിരുന്നു. അവരുടെ എല്ലാ എഴുത്തു കുത്തുകൾക്കും കുട്ടികളെ പഠിപ്പിക്കുന്നതിനും ഞാൻ സഹായിച്ചു, മരിക്കുന്നതുവരെ ആ സ്നേഹബന്ധം നിലനിന്നു.
ആദ്യകാലത്ത് കൈരളി കലാസമിതി എന്ന സംഘടന നിരവധി നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ സെക്രട്ടറി ശ്രീ. ദേവദാസ് പണിക്കരായി രുന്നു. 1980 മുതൽ അവരുടെ നാടകങ്ങളിൽ ഞാനും അഭിനയിക്കാൻ തുടങ്ങി. പിന്നെ വി.കെ. അങ്കിളിൻ്റെ സഹായത്തോടെ മിഷനിലും നിരവധി നാടകങ്ങൾ അവതരിപ്പിച്ചു. കൂടാതെ ഞാൻ ലണ്ടൻ മലയാളി ജീവിതത്തെ ആസ്പദമാക്കി മിഷൻ ഹാളിൽ പ്രഹസനങ്ങൾ അവതരിപ്പിച്ചു. സീനിയർ ഐ.ടി. പ്രോജക്ട് മാനേജരായി 2020ൽ വിരമിച്ചു.
ഇപ്പോൾ MAUK, കൊച്ചിൻ കലാഭവൻ ലണ്ടൻ തുടങ്ങിയവയുടെ നാടകത്തിൽ അഭിനയിക്കുന്നു.നിരവധി ഇംഗ്ലീഷ് ഷോർട്ട് ഫിലിം, ഫീച്ചർ ഫിലിം, കൊമേഴ്സ്യൽസ്, മ്യൂസിക് വീഡിയോസ് എന്നിവയിലും ശശിനായർ നിർമിച്ച അനന്തപുരം ഡയരീസ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. നീണ്ട 52 വർഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ലണ്ടനിൽ വരാൻ സാധിച്ചതിൽ, അച്ഛൻ വരുത്തിയതിന്റെ പേരിൽ ജീവിതം പ്രതീക്ഷയ്ക്കുമപ്പുറത്തേക്ക് മാറിമറഞ്ഞു. പലരും അതിനുശേഷം കുടുംബങ്ങളെ വരുത്താൻ തീരുമാനിച്ചു. ആദ്യ തലമുറയിലുള്ളവരെ പലവിധത്തിൽ സഹായിക്കാനും അവരുടെ സ്വപ്നമായ മിഷൻ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം കൊടുക്കാൻ സാധിച്ചു. ആദ്യമായി യൂണിവേഴ്സിറ്റിയിൽ പഠിച്ചത് രണ്ടാം തലമുറയിലെ പലർക്കും പഠിക്കുവാൻ താല്പര്യം ജനിക്കുന്നതിനും കൂടാതെ ധാരാളം പേരെ ട്യൂഷൻ വഴി ഉയർത്തുവാനുംസാധിച്ചു എന്നോർക്കുമ്പോൾ മനസ്സിൽ അഭിമാനവും സന്തോഷവുമുണ്ട്. എൻ്റെ അച്ഛനേയും അമ്മയേയും, വാസുദേവൻ അപ്പൂപ്പ, മിഷൻ്റെ ആദ്യ ജനറൽ സെക്രട്ടറി ശ്രീ രവീന്ദ്രൻ, ആദ്യ പ്രസിഡൻറ് ശ്രീ കെ ടി .വി ശ്രീധരൻ, മിഷൻ്റെ ലീഡിങ് സ്ഥാപകൻ ശ്രീ വി.കെ നാരായണൻ എന്നിവരെ സ്നേഹപൂർവ്വം സ്മരിക്കുകയും അവരുടെ ആത്മാവിന് നിത്യശാന്തി നേടുകയും ചെയ്യുന്നു.