ഒരു നാടകവും കുറെ ശിഥിലസ്വപ്നങ്ങളും
 
നെറ്റ് കണ്ടു പിടിക്കാത്ത കാലം. ഗ്രാമങ്ങൾ മൂലമൂലാന്തരം ക്ലബുകളേറ്റി മദിക്കും കാലം. നന്ദിയംകോട്ടിൽ യുവശക്തി, പിലാക്കാട്ടിരിയിൽ പൂമ്പാറ്റ, നാഗലശേരിയിൽ സ്പെക്ട്രം. പെരിങ്ങോട് ഭരത്. കലമാത്രം ലഹരിയായ യൗവനം. അമേച്ച്വർ നാടകങ്ങൾ പൂത്തു വിരിഞ്ഞു.  എവിടെയും നാടകോത്സവങ്ങൾ. പാതിരാ വരെ നീളുന്ന റിഹേഴ്സലുകൾ. പകൽ മുഴുവൻ പണി. രാത്രി നാടകം. യൗവനം പുതുകാലത്തെ മാത്രം കിനാവു കണ്ടു.   കറണ്ടില്ലാ ക്ലബുകളിൽ  വലിയ തിരിയിട്ട മണെണ്ണ വിളക്കുകളും പെട്രോമാക്സുകളും  ഫ്ലഡ് ലൈറ്റുകളായി. ക്രിസ്തുവിനും എത്രയോ മുൻമ്പ് ശുദ്രകൻ എന്ന പാവം പിടിച്ച എഴുത്തുകാരൻ എഴുതി എന്ന് പറയുന്ന നാടകം 'മൃശ്ചകടികം'.
 
പഠിപ്പിക്കാൻ പട്ടാമ്പിയിൽ നിന്നും വിജു വർമ്മ നന്ദിയം കോട്ടിൽ എത്തി. തന്റെ വെളുത്ത പുത്തൻ കാറിൽ അദേഹം വന്നിറങ്ങുന്നത് കാണാൻ ഞങ്ങൾ വീട്ടിൽ നിന്ന് മൂത്രമൊഴിക്കാനിറങ്ങി എന്ന വ്യാജേന ക്ലബിലേക്കോടി.
 
കാറ് വന്ന് നിൽക്കുമ്പോഴും ഡോർ തുറക്കുമ്പോഴും വിചിത്രമായ ലൈറ്റുകൾ വണ്ടിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മിന്നി തെളിഞ്ഞു.
ഡോർ അടഞ്ഞു കഴിഞ്ഞാൽ പിന്നെ റിഹേഴ്സൽ കഴിഞ്ഞ് വീണ്ടും വണ്ടിയെടുക്കുന്ന സമയം നോക്കി ഇരുട്ടിൽ
പാമ്പിനേയും പഴുതാരയേയും പേടിക്കാത്ത വീട്ടിൽ നിന്ന് മൂത്രമൊഴിക്കാനോടി..
 
ആ കാറും അതിന്റെ ഡോറും മിന്നിമറയും വെട്ടങ്ങളും വണ്ടി തിരിക്കുന്നതും ഓടിച്ച് പോകുന്നതും സൈലൻസറിൽ നിന്ന് പുറപ്പെടും പുകയും പുകയുടെ മാസ്മരിക മണവും ഞങ്ങളെ ഊർജസ്വലരാക്കി.
 
അതുവരെ ആരും കാണാത്ത അറിയാത്ത രീതിയിലുള്ള വിജു വർമ്മയുടെറിഹേഴ്സൽ ടെക്നിക്കുകൾ. 'റിഹേഴ്സൽ തുടങ്ങുന്നതിന് മുൻപ് അഭിനേതാക്കൾക്ക് വ്യായാമമുറകൾ. അഭിനയിക്കുന്ന എല്ലാവരും വിവിധ കായികാധ്വാനമുള്ള പണിയിൽ ഏർപ്പെടുന്നവരായിരുന്നിട്ടും
 പിന്നെയെന്തിനാണ് ഈ വിധം വ്യായാമം എന്ന് ക്ലബിന്റെ ഉള്ളിലേക്ക് എത്താ ജനൽ കമ്പിയിൽ തൂങ്ങി ഏന്തി വലിഞ്ഞ് നോക്കുമ്പോൾ പ്രായത്തിന് നിരക്കാതെ ചിന്തിച്ചു.
 
മൃശ്ചകടികത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ശകാരനായി അഭിനയിച്ച ശങ്കരേട്ടൻ തിളങ്ങി. യുവശക്തി എന്ന് ബോർഡു വച്ച നാടകവണ്ടി നാടകോത്സവങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചു. സമ്മാനങ്ങൾ വാരിക്കൂട്ടി. ഭാവിയിൽ എല്ലാവരും മികച്ച നടൻമാർ ആകുമെന്നും സിനിമയിലൊക്കെ കാണുമെന്നും സ്വപ്നം കണ്ടു. നാടകത്തിൽ പാട്ടു പാടിയിരുന്ന കല്ല് വെട്ടുകാരൻ രാജേട്ടൻ യേശുദാസിനെ പോലെ വലിയ പാട്ടുകാരനായി വെള്ളമുണ്ടും വെള്ള ജുബയുമിട്ട് ഞങ്ങൾക്ക് മുന്നിലൂടെ കാറിൽ പറക്കുന്നത് കിനാവുണ്ടു. 
 
ഒന്നും സംഭവിച്ചില്ല. ആ കാലം അങ്ങിനെ നിശ്ചലമായി. പലരും ഗൾഫിൽ പോയി. കൽപ്പണിക്കാർ കൽപ്പണിക്കാരായും, മരപ്പണിക്കാർ മരപ്പണിക്കാരായും, സ്വർണ്ണപ്പണിക്കാർ സ്വർണ്ണ പണിക്കാരായും, നാടൻപണിക്കാർ നടൻ പണിക്കാരായും തുടർന്നു. നാടകങ്ങളിൽ പ്രധാന കഥാപാത്രമായി തിളങ്ങിയിരുന്ന മോഹനേട്ടൻ മരണമെന്ന വലിയ വേദിയിലേക്ക് മേക്കപ്പിടാതെ സ്വയം നടന്ന് കയറി.
കാലം മാറി കലയും മാറി.
 
തുടരും... 

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ