Sumangala

ജീവൽ
മരണങ്ങൾക്കിടയിൽ
ഒരു കാലമുണ്ട്.
എങ്ങിനെ ജീവിക്കുമെന്ന് അറിയാത്ത കാലം. 
മരമായി പടർന്ന്,
മണ്ണായി തീരാനുള്ള  ദൂരം. 


മരവിച്ചുറയും മുൻപ് തന്റെ അവസാന തുടിപ്പിലും 
കിളിർക്കാത്ത തളിരിലകളെ 
ചില്ല, സ്വപ്നം കണ്ടു.
തീണ്ടാത്ത ഒരു വസന്തത്തെ   രക്തമുറയുന്ന വേദനയോടെ  നോക്കി.
പിറക്കേണ്ടിയിരുന്നില്ല..! എന്ന ഒറ്റചിന്തയിൽ
അവസാനത്തെ ഇലയും പൊഴിഞ്ഞു .
പ്രാണന്റെ പിടച്ചിലിനെക്കാൾ ഭീതിതമാണ്
മൂല്യമുറ്റ
നഷ്ടങ്ങളുടെ നൊമ്പരത്തിന്.
കാലംതെറ്റി ഗതിമാറിയ വസന്തത്തിന് സ്വപ്നങ്ങളുണ്ടായിരുന്നോ..? 
അതോ, 
കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നോ??
'പ്രാണനാൽ' ഊതിയുരുക്കിയ മാണിക്യത്തിന്  'ഇന്ന്'
വില പേശലിന്റെ വായ്ത്താരികൾ...
അല്ല, 
പടംപൊഴിച്ചു സ്വയം തലതല്ലിതീർന്ന സർപ്പത്തിന് 
ഇനിയെന്ത് അലങ്കാരം..!
വിരിയാത്ത വസന്തവും തിളങ്ങാത്ത മാണിക്യവും 
ഒരോർമ്മപ്പെടുത്തലായി, 
കാലം കഥയറിയാതെ ഒഴുകും... 
സ്വപ്നങ്ങൾക്ക് തണൽ വിരിച്ച്,
ഉറഞ്ഞുണങ്ങിയ ഒരുമരമായി 
ഞാൻ എന്നെ ഇവിടെ അടയാളപ്പെടുത്തും 
എന്നേക്കുമായി.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ