Bajish Sidhadhan

ഉച്ചവെയിൽ തിളയ്ക്കുന്ന 
വേനൽ പാടത്തിനപ്പുറം 
മഴ കാത്തു നിൽപ്പുണ്ടെന്ന് 
കാറ്റിന്റെ അറിയിപ്പ് വന്നു.

ഇടവഴിയിലൂടോടിയെത്തി 
മഞ്ചാടികാവും കടന്ന് 
വയൽപരപ്പിനിപ്പുറം 
പൊള്ളുന്ന പാദങ്ങളാൽ 
കിതപ്പോടെ നിൽക്കെ 
ഒരു മിന്നായം പോൽ കണ്ടു 
പിന്തിരിഞ്ഞു നിൽക്കും മഴമുഖം 

വരണ്ട വരമ്പിനപ്പുറം നിന്ന് 
മഴയോടെന്റെ ചോദ്യം 
ഇക്കുറി നേരത്തെ വന്നൂടെ? 

തിടുക്കമെന്തിനെന്ന് മഴ 

വരണ്ടചുണ്ടിൽ ജലചുംബനങ്ങളും 
ചൂടാർന്ന മെയ്യിൽ തണുപ്പുമായി 
എന്നിലേക്ക് പെയ്തിറങ്ങാൻ  
അത്രയ്ക്ക് കൊതിയെന്ന് ഞാൻ.
പുതപ്പിനുള്ളിൽ മഴയെ ചേർത്തണച്ചുറങ്ങാൻ 
തിടുക്കമായെന്ന് ഞാൻ 

മഴക്ക് നാണം വന്നെന്ന് തോന്നി 
ജൂണിൽ വരും വരെ 
ഓർമ്മകളിലെ മഴക്കാലം 
നനയാൻ പറഞ്ഞു 
പാടത്തിനപ്പുറം തന്നെ നിന്ന് 
പൊടുന്നനെ മഴ 
നിളയുടെ മേൽപാലമിറങ്ങി 
പുഴയുടെ ഹൃദയത്തിലൊളിച്ചു. 

പ്രണയാകാശത്തിൽ 
മാരിവില്ലിനാലെഴുതിയ 
 മേഘസന്ദേശത്തിലെ വരികൾ 
ബാഷ്പീകരിക്കപ്പെട്ടൊടുവിൽ 
പുഴയ്ക്കക്കരെ പെയ്തിറങ്ങി 
പാദസര കിലുക്കത്തോടെ 
വേനൽപാടം കടന്നെത്തുന്ന
 എന്റെ പ്രിയമഴയെ കാത്ത്  
ഇക്കരകാവിലെ ആൽത്തറയിൽ 
ഉറങ്ങാത്ത മിഴികളുമായിരിക്കും 
ഒരു മഴക്കിനാവായി ഞാൻ .

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ