
പുതിയ യുദ്ധങ്ങൾക്ക് കാരണം
മതമോ മദമോയല്ല
അതിർത്തികളോ
അന്താരാഷ്ട്രീയവിഷയങ്ങളുമല്ല
ആർത്തിയാണ്
ആസക്തികളാണ്
ഹിഡൻ അജണ്ടകളാണ്
കൊള്ളക്കാരന്റെ കഴുകൻകണ്ണാണ്
യുദ്ധവിപണിക്ക് നിൽക്കാൻ
യുദ്ധങ്ങൾ വേണം
യുദ്ധോപകരണങ്ങളുണ്ടാക്കുന്നത്
യുദ്ധസാധ്യതകളുണ്ടാക്കി
യുദ്ധങ്ങളിൽ വിൽക്കാൻ തന്നെയാണ്
നിങ്ങൾക്കറിയില്ലയെന്നു തോന്നുന്നു
ലോകകോടീശ്വരൻമാരുടെ നിക്ഷേപങ്ങളിപ്പോൾ
മരുന്ന് കമ്പനികളിലും
യുദ്ധോപകരണനിർമ്മാണകമ്പനികളിലു മായിരിക്കെ
ലാഭമെടുക്കാൻ യുദ്ധങ്ങൾ വേണ്ടേ
വാക്സിനുകൾ വിൽക്കാൻ
വ്യാജവ്യാധികളുണ്ടാക്കണ്ടേ
യുദ്ധത്തിൽ പെയ്യുന്ന ചോരയുണക്കാൻ
മരുന്നുകളും വേണമെന്നിരിക്കെ
യുദ്ധമൊരു ഗ്ലോബൽ
വിപണിസാധ്യത തന്നെ
ഡ്രോണും മിസൈലും വീണു
തകർക്കപ്പെടുന്ന കെട്ടിടങ്ങൾ
പുതുക്കി പണിയാനായി
നിർമാണകമ്പനികൾക്കവസരമാകുന്നു
വരാനിരിക്കുന്ന യുദ്ധങ്ങളുടെ
ഡിസൈൻ ചെയ്യുന്നത്
വാർ ഇക്കോണമി സ്ട്രാറ്റജിസ്‌റ്റുകൾ
പുതിയ കുട്ടികളിനി പഠിക്കേണ്ടത്
മില്ലിറ്ററി ടെക്നോളജി വ്യാകരണങ്ങൾ
യുദ്ധങ്ങൾക്കിനി കാരണങ്ങളുണ്ടാവില്ല
വാർഇക്കോണമി രൂപപ്പെട്ടു കഴിഞ്ഞു
വാർ ബിസിനസ്സ് അംഗീകരിച്ചു കഴിഞ്ഞു
യുദ്ധം നടത്തുന്നവരെ
വാർ ഓർഗനൈസേഴ്സെന്നെ
നമുക്കു വിളിക്കാൻ കഴിയൂ
അവർ അതു മാത്രമാണ്
അവർ വാർഇക്കോണമിയുടെ
വെറും ഏജന്റുകൾ മാത്രം
യുദ്ധവിപണി കൊഴുക്കാതിരിക്കാൻ
നമുക്ക് സമാധാനത്തിന്റെ
നറുമണമുള്ള കവിതകളെഴുതാം
സ്നേഹത്തിന്റെ പട്ടങ്ങൾ പറത്താം
പറ്റുമെങ്കിൽ മതം നോക്കാതെ ഒന്നാവാം
വെറുതെ യുദ്ധവിപണിയെ നോക്കി
നിർത്തിക്കൂടെ എന്ന് സഹതപിക്കാം
എന്തെന്നാൽ യുദ്ധം വിറ്റുള്ള ലാഭം
എത്ര കാലം അവർക്ക് സുഖം നൽകും
പാപങ്ങൾ ദുസ്വപ്നങ്ങളായെങ്കിലും
ഉറക്കങ്ങൾ കവർന്നെടുക്കില്ലേ
ആത്മാവ് പണയം വെച്ചു നേടുന്ന
അർത്ഥം ജീവിതത്തിനൊരർത്ഥവും
നൽകിയില്ലെന്ന് തിരിച്ചറിയുമ്പോൾ
അവർ ഉറുമ്പിനെക്കാൾ ചെറുതാവുന്ന
ദിവസങ്ങൾ കടന്നു വരും
അർത്ഥശൂന്യതയുടെ പേരാണ്
യുദ്ധങ്ങളെന്നവരന്ന് തിരിച്ചറിയും
