Padma Subrahmaniam 

വയസ്സായ ജാനുവും രാഘവനും ഇന്ന് ഒരു വൃദ്ധസദനത്തിലെ മുറിയിലാണ് ജീവിക്കുന്നത്. എല്ലാ പ്രഭാതവും അവർ കണ്ണുതുറക്കുന്നത് ഒരു പ്രതീക്ഷയോടെയാണ്—ഇന്ന് വാസു വരുമോ? ഓരോ വാഹനത്തിന്റെ ശബ്ദവും അവരുടെ ഹൃദയത്തിൽ പ്രതീക്ഷയുടെ ഒരു തിരമാല ഉയർത്തും. എന്നാൽ സന്ധ്യയാകുമ്പോഴേക്കും ആ പ്രതീക്ഷ നിശ്ശബ്ദമായി കണ്ണീരിൽ അലിഞ്ഞുചേരും.

അവർക്ക് ആകെ ഉണ്ടായിരുന്നത് ഒരേയൊരു മകൻ—വാസുദേവ്. ആ മകനായിരുന്നു അവരുടെ ലോകവും സ്വപ്നവും അഭിമാനവും.

മഴയോ വെയിലോ നോക്കാതെ കൂലിപ്പണിക്കിറങ്ങിയ ദമ്പതികളായിരുന്നു അവർ. രാഘവന്റെ കൈകളിലെ കട്ടകൾ ജീവിതത്തോടുള്ള പോരാട്ടത്തിന്റെ സാക്ഷികളായിരുന്നു. ജാനുവിന്റെ നെറ്റിയിൽ പൊഴിഞ്ഞ വിയർപ്പുതുള്ളികൾ മകന്റെ ഭാവിക്കായി അവർ അർപ്പിച്ച ജീവിതത്തിന്റെ കഥ പറഞ്ഞു.

വിശപ്പ് പല ദിവസങ്ങളിലും അവരുടെ കൂടെയുണ്ടായിരുന്നു. എങ്കിലും ആ വിശപ്പ് ഒരിക്കലും മകന്റെ മുന്നിലെത്തിച്ചില്ല. ജോലി ചെയ്ത വീടുകളിൽ നിന്ന് കിട്ടിയ ഭക്ഷണത്തിൽ നല്ലത് മകനുവേണ്ടി മാറ്റിവെച്ച്, ബാക്കിയുള്ളത് സന്തോഷത്തോടെ അവർ കഴിച്ചു.

"നമ്മുടെ വാസു വലിയ ആളാകണം... നമ്മുടെ ജീവിതം പോലെ അവൻ കഷ്ടപ്പെടരുത്..."

അതാണ് അവരുടെ ഓരോ പ്രാർത്ഥനയും.

ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ചേർക്കാമായിരുന്നിട്ടും, വലിയ ഫീസ് വാങ്ങുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു അവർ വാസുദേവിനെ പഠിപ്പിച്ചത്. ഫീസ് അടയ്ക്കാൻ കടം വാങ്ങേണ്ടിവന്ന ദിവസങ്ങളും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും മകനെ അറിയിച്ചില്ല.

കാലം കടന്നു.

മാതാപിതാക്കളുടെ ത്യാഗം വെറുതെയായില്ല. വാസുദേവ് എഞ്ചിനീയറായി. ആദ്യം നാട്ടിൽ ജോലി ലഭിച്ചു. പിന്നീട് അമേരിക്കയിലെ ഒരു പ്രമുഖ കമ്പനിയിൽ നിന്ന് ജോലി ലഭിച്ചപ്പോൾ സന്തോഷത്തോടൊപ്പം പുതിയൊരു ജീവിതവും അവനെ കാത്തിരുന്നു.

അമേരിക്കയിലെ തിരക്കേറിയ ജീവിതവും പുതിയ സംസ്കാരവും അവന്റെ ജീവിതത്തിന്റെ താളം മാറ്റി. ആദ്യം ദിവസവും വിളിച്ചിരുന്ന ഫോൺവിളികൾ പതിയെ കുറഞ്ഞു. ദിവസങ്ങൾ ആഴ്ചകളായി... ആഴ്ചകൾ മാസങ്ങളായി...

എന്നിരുന്നാലും ജാനുവും രാഘവനും മകനെക്കുറിച്ച് ഒരു പരാതിയും പറഞ്ഞില്ല.

"ജോലിത്തിരക്കായിരിക്കും..."

അവർ പരസ്പരം ആശ്വസിപ്പിച്ചു.

ആദ്യമായി നാട്ടിലെത്തിയപ്പോൾ വാസുദേവ് ഒരു വലിയ വീട് പണിതു. ആ വീട് കണ്ടപ്പോൾ ജാനുവിന്റെ കണ്ണുകൾ നിറഞ്ഞു.

"ഇത് നമ്മുടെ വാസുവിന്റെ അധ്വാനത്തിന്റെ ഫലമാണ്...", അവൾ അഭിമാനത്തോടെ പറഞ്ഞു.

അമേരിക്കയിൽ ജോലി ചെയ്യുന്നതിനിടെയാണ് വാസുദേവ് അമലയെ പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണയമായും പിന്നീട് വിവാഹമായും മാറി. മകന്റെ സന്തോഷമായിരുന്നു മാതാപിതാക്കളുടെ സന്തോഷം. ഒരു എതിർപ്പും അവർ പറഞ്ഞില്ല.

പക്ഷേ...

അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനം വാസുദേവിന്റെ മനസ്സിൽ ഇതിനോടകം രൂപം കൊണ്ടിരുന്നുഅമലയുമായുള്ള വിവാഹശേഷം, ഒരിക്കൽ കൂടി നാട്ടിലെത്തിയ വാസുദേവിന്റെ മുഖത്ത് പഴയ സന്തോഷമുണ്ടായിരുന്നെങ്കിലും, അവന്റെ മനസ്സിൽ ഒരു തീരുമാനം ഉറച്ചുകഴിഞ്ഞിരുന്നു.
ഒരു വൈകുന്നേരം എല്ലാവരും ഒരുമിച്ചിരുന്നപ്പോൾ അവൻ പതിയെ പറഞ്ഞു.
"അച്ഛാ... അമ്മേ... നിങ്ങൾ ഇനി ഈ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കേണ്ട. നിങ്ങളെ ഒരു നല്ല വൃദ്ധസദനത്തിലേക്ക് മാറ്റാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്."
ആ വാക്കുകൾ കേട്ട നിമിഷം ജാനുവിന്റെയും രാഘവന്റെയും മുഖത്തെ ചിരി മാഞ്ഞു. അവർ പരസ്പരം നോക്കി. ആ കണ്ണുകളിൽ നിറഞ്ഞത് ചോദ്യങ്ങൾ മാത്രമായിരുന്നു.
"മോനെ... ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തോ?" വിറയുന്ന ശബ്ദത്തിൽ രാഘവൻ ചോദിച്ചു.
"അങ്ങനെയൊന്നുമല്ല അച്ഛാ. നിങ്ങളെ കൂടുതൽ സുരക്ഷിതരാക്കാനാണ്. അവിടെ സമയത്തിന് ഭക്ഷണം കിട്ടും. ഡോക്ടർ വരും. നല്ല മുറിയും എല്ലാ സൗകര്യങ്ങളും ഉണ്ടാകും. എനിക്ക് അവിടെനിന്ന് സമാധാനമായി ജോലി ചെയ്യാനും കഴിയും."
ജാനു പതുക്കെ പറഞ്ഞു.
"മോനെ... ഞങ്ങൾക്ക് ഈ വലിയ വീടൊന്നും വേണ്ട. നമ്മുടെ പഴയ ഓലമേഞ്ഞ വീടായാലും മതി. നീ പിച്ചവെച്ച മണ്ണിൽ ജീവിച്ചാൽ അതാണ് ഞങ്ങളുടെ സ്വർഗം."
വാസുദേവ് ഒരു നിമിഷം മൗനമായി. അവന്റെ ഉള്ളിൽ ചെറിയൊരു കുറ്റബോധം മിന്നിമറഞ്ഞെങ്കിലും, അടുത്ത നിമിഷം ജോലിത്തിരക്കും വിദേശജീവിതത്തിന്റെ കണക്കുകൂട്ടലുകളും ആ വികാരത്തെ മൂടിക്കളഞ്ഞു.
"അമ്മേ... ഞാൻ എടുക്കുന്ന തീരുമാനം നിങ്ങളുടെയും നന്മയ്ക്കാണ്."
ആ രാത്രി ആ വീട്ടിൽ ആർക്കും ഉറങ്ങാൻ കഴിഞ്ഞില്ല.
ജാനു പഴയ ഫോട്ടോ ആൽബം തുറന്ന് വാസുവിന്റെ കുട്ടിക്കാല ചിത്രങ്ങൾ നോക്കി കരഞ്ഞു.
"നമ്മളെ വിട്ട് അവൻ ഒരിക്കലും ജീവിക്കില്ലെന്ന് കരുതിയതല്ലേ..."
രാഘവൻ മറുപടി പറഞ്ഞില്ല. കണ്ണുകളിൽ നിന്നിറങ്ങിയ കണ്ണുനീർ മാത്രമായിരുന്നു മറുപടി.
പിറ്റേന്ന് രാവിലെ വാസുദേവ് പറഞ്ഞു.
"അമ്മേ, ഇന്ന് പാചകം ചെയ്യണ്ട. പുറത്തുനിന്ന് കഴിക്കാം."
ജാനു പുഞ്ചിരിക്കാൻ ശ്രമിച്ചു.
"നിനക്കിഷ്ടമുള്ള ആപ്പവും മട്ടൺ കറിയും ഞാൻ ഉണ്ടാക്കിയിട്ടുണ്ട് മോനെ..."
"അത് ജോലിക്കാർക്ക് കൊടുത്തോളൂ അമ്മേ... അമലയ്ക്ക് ഇഷ്ടമാവില്ല."
ആ വാക്കുകൾ ജാനുവിന്റെ ഹൃദയത്തിൽ ഒരു മുറിവായി പതിഞ്ഞു.
ഒന്നും പറയാതെ അവൾ അടുക്കളയിലേക്ക് നടന്നു.
കുറച്ചുനേരം കഴിഞ്ഞ് വാസുദേവ് രണ്ട് ട്രോളി ബാഗുകൾ കൊണ്ടുവന്നു.
"അച്ഛാ... അമ്മേ... ആവശ്യമായ ഡ്രസ്സുകൾ മാത്രം എടുത്ത് വെച്ചോളൂ."
അവർ മിണ്ടാതെ ബാഗിൽ വസ്ത്രങ്ങൾ അടുക്കി.
അവസാനം ജാനു അലമാര തുറന്ന് വാസുവിന്റെ കുട്ടിക്കാല ഫോട്ടോ എടുത്ത് സാരിയുടെ മടക്കിൽ സൂക്ഷിച്ചു.
കാർ മുറ്റത്ത് എത്തി. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനുമുമ്പ് ജാനു പതുക്കെ കുനിഞ്ഞ് മുറ്റത്ത് നിന്ന് ഒരു പിടി മണ്ണ് എടുത്ത് ഒരു ചെറിയ കവറിൽ ഇട്ടു.
"അമ്മേ... അതൊന്നും കൊണ്ടുപോകണ്ട. അവിടെ എല്ലാം ടൈൽസ് ഇട്ടതാണ്."
വാസുദേവ് നിസ്സാരമായി പറഞ്ഞു.
ജാനു ഒന്നും മിണ്ടിയില്ല.
ഈ മണ്ണിലാണ് എന്റെ വാസു ആദ്യമായി നടന്നത്... ആദ്യമായി വീണത്... ആദ്യമായി "അമ്മ" എന്ന് വിളിച്ചത്...
ആ ചിന്തയോടെ ആ മണ്ണ് അവൾ നെഞ്ചോട് ചേർത്തു.
കാർ മുന്നോട്ട് നീങ്ങി.
പിന്നിലെ കണ്ണാടിയിലൂടെ സ്വന്തം വീട് ചെറുതായി... ചെറുതായി... ഒടുവിൽ കാഴ്ചയിൽ നിന്ന് മറഞ്ഞു.
പക്ഷേ ആ വീട്ടിലെ ഓരോ ഓർമ്മയും അവരുടെ മനസ്സിൽ അതേ വലിപ്പത്തിൽ നിലനിന്നു.
അൽപസമയത്തിനുശേഷം അവർ "കൗസ്തുഭം" വൃദ്ധസദനത്തിലെത്തി.
നക്ഷത്രഹോട്ടലിനെ ഓർമ്മിപ്പിക്കുന്ന സ്വീകരണം.
വൃത്തിയുള്ള മുറികൾ.
എയർ കണ്ടീഷൻ.
ടെലിവിഷൻ.
ഫ്രിഡ്ജ്.
എല്ലാ സൗകര്യങ്ങളും.
എന്നാൽ...
ആ സൗകര്യങ്ങളൊന്നും അവർ തിരഞ്ഞതായിരുന്നില്ല.
അവർ തിരഞ്ഞത് ഒരു മകന്റെ സാന്നിധ്യമായിരുന്നു.


വൃദ്ധസദനത്തിലെ ആദ്യദിവസം അവർക്ക് പരിചയമില്ലാത്ത ഒരു ലോകമായിരുന്നു. എല്ലാം പുതുമ. മുറി മനോഹരം. കിടക്ക മൃദുവായിരുന്നു. ഭിത്തിയിൽ വലിയ ടെലിവിഷൻ. ജനലിനപ്പുറം പൂന്തോട്ടം. എന്നാൽ ജാനുവിന്റെ കണ്ണുകൾ ആ സൗകര്യങ്ങളിലൊന്നിലും ഉടക്കിയില്ല. അവൾ തിരഞ്ഞത് ഒരു ശബ്ദമായിരുന്നു...
"അമ്മേ..."
ആ വിളി മാത്രം.
അൽപസമയത്തിനുശേഷം കോളിംഗ് ബെൽ മുഴങ്ങി. ജീവനക്കാരൻ വാതിൽ തുറന്ന് ചോദിച്ചു.
"സാർ... ഭക്ഷണം മുറിയിൽ കൊണ്ടുവരട്ടേ, അതോ ഡൈനിങ് ഹാളിലേക്കോ?"
"ഇവർ താഴെ ഹാളിൽ വന്നോളും."
വാസുദേവ് മറുപടി നൽകി.
അവരെ ലിഫ്റ്റിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി.
"ഇതാണ് ലിഫ്റ്റ്. നാലാം നിലയിൽ ഡൈനിങ് ഹാൾ. ഈ ബട്ടൺ അമർത്തിയാൽ മതി."
വൃദ്ധസദനത്തിലെ പുതിയ ജീവിതത്തിന്റെ ആദ്യപാഠം അവൻ ക്ഷമയോടെ പറഞ്ഞുകൊടുത്തു.
വാസ്തവത്തിൽ...
മാതാപിതാക്കളെ സ്നേഹിക്കാൻ സമയം കണ്ടെത്താനാവാത്ത മകൻ, അവിടെ ജീവിക്കാനുള്ള നിയമങ്ങൾ പഠിപ്പിക്കാൻ മാത്രം സമയം കണ്ടെത്തി.
ഭക്ഷണം കഴിഞ്ഞ് മുറിയിലെത്തിയപ്പോൾ നാല് മാസത്തേക്കുള്ള മരുന്നുകൾ പ്രത്യേകം പാത്രങ്ങളിലാക്കി വെച്ചിരുന്നു.
"അമ്മേ... സമയത്തിന് മരുന്ന് കഴിക്കണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഓഫീസിൽ പറയണം."
എല്ലാം പറഞ്ഞുതീർന്നപ്പോൾ യാത്ര പറയേണ്ട സമയം എത്തി.
അമല രണ്ട് കൈയും ചേർത്ത് ആദരവോടെ നമസ്കരിച്ചു.
അവൾക്ക് മലയാളം അറിയില്ലായിരുന്നു.
പക്ഷേ ജാനുവിന് ഭാഷയുടെ കുറവല്ല വേദനയായി തോന്നിയത്...
മകന്റെ മനസ്സിലെ അകലമായിരുന്നു.
കാർ വൃദ്ധസദനത്തിന്റെ ഗേറ്റ് കടന്ന് കണ്ണിൽനിന്ന് മറയുംവരെ രണ്ടുപേരും നിശ്ശബ്ദമായി നോക്കി നിന്നു.
അന്ന് മുതൽ...
ഓരോ ദിവസവും ഒരേ പ്രതീക്ഷയോടെയാണ് തുടങ്ങിയത്.
ഇന്ന് വാസു വിളിക്കുമോ?
അങ്ങനെ അവരുടെ ജീവിതം ഒരു നീണ്ട കാത്തിരിപ്പായി മാറി.
രാവിലെ എഴുന്നേൽക്കും. പ്രാർത്ഥിക്കും. ഭക്ഷണം കഴിക്കും. പൂന്തോട്ടത്തിൽ കുറച്ചുനേരം ഇരിക്കും. വൈകുന്നേരമാകുമ്പോൾ മുറിയിലെ മൊബൈൽ ഫോൺ മേശപ്പുറത്ത് വയ്ക്കും. അതിലേക്കുള്ള ഓരോ നോട്ടവും ഒരു പ്രാർത്ഥനയായിരുന്നു.

ആദ്യകാലത്ത് വാസുദേവ് എല്ലാ ആഴ്ചയും വിളിച്ചിരുന്നു. പക്ഷേ അമേരിക്കയിലെ ജീവിതം തിരക്കേറിയതായിരുന്നു. പുതിയ പ്രോജക്ടുകൾ. തുടർച്ചയായ മീറ്റിംഗുകൾ.
സ്ഥാനക്കയറ്റത്തിന്റെ മത്സരങ്ങൾ.
ഫോൺ ചെയ്യണമെന്ന് പലവട്ടം ഓർത്തിട്ടും...
"നാളെ വിളിക്കാം..."
എന്ന ചിന്ത ഓരോ ദിവസവും അടുത്ത ദിവസത്തേക്ക് നീണ്ടു.
അറിയാതെ ആഴ്ചകൾ മാസങ്ങളായി.
എങ്കിലും പണം മാത്രം ഒരു മുടക്കവുമില്ലാതെ അക്കൗണ്ടിലെത്തി.
ജാനുവിനും രാഘവനും ആ പണത്തിന് ഒരു വിലയും ഉണ്ടായിരുന്നില്ല.
അവർക്ക് വേണ്ടിയിരുന്നത് ഒരു വാക്ക് മാത്രം...
"അമ്മേ... അച്ഛാ... സുഖമാണോ?"
അതായിരുന്നു അവരുടെ സമ്പത്ത്.


ദിവസങ്ങൾ പതിയെ കടന്നുപോയി.
വൃദ്ധസദനത്തിലെ എല്ലാവരും ജാനുവിനെയും രാഘവനെയും സ്വന്തം വീട്ടുകാരെപ്പോലെ സ്നേഹിച്ചു. എങ്കിലും അവരുടെ കണ്ണുകൾ ഓരോ ദിവസവും ഒരേ മുഖത്തെയായിരുന്നു അന്വേഷിച്ചത്.
വാസുദേവ്...
ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് പൂന്തോട്ടത്തിലെ ബെഞ്ചിലിരുന്നപ്പോൾ ഒരു കൊച്ചുകുട്ടി ഓടിയെത്തി ജാനുവിന്റെ കൈയിൽ ഒരു റോസാപ്പൂവ് നൽകി.
"അമ്മൂമ്മേ... ഇത് നിങ്ങൾക്ക്."
ജാനുവിന്റെ കണ്ണുകൾ നിറഞ്ഞു.
അവൾ കുട്ടിയുടെ തലയിൽ സ്നേഹത്തോടെ തലോടി. ആ നിമിഷം അവളുടെ മനസ്സിൽ തെളിഞ്ഞത് കുഞ്ഞായിരുന്ന വാസുവിന്റെ മുഖമായിരുന്നു.
"അമ്മേ... ഈ പൂവ് നിനക്ക്..."
പണ്ടൊരിക്കൽ സ്കൂളിൽ നിന്ന് വരുമ്പോൾ വഴിയരികിൽ നിന്ന് പൊട്ടിച്ചെടുത്ത ഒരു കാട്ടുപൂവ് അവളുടെ കൈയിൽ വച്ചുകൊടുത്ത ആ കുഞ്ഞുമുഖം വീണ്ടും മനസ്സിൽ ജീവിച്ചു.
ആ ഓർമ്മയിൽ അവൾ അറിയാതെ പുഞ്ചിരിച്ചു. എന്നാൽ ആ പുഞ്ചിരി അധികനേരം നീണ്ടില്ല. അന്ന് വൈകുന്നേരവും ഫോൺ മുഴങ്ങിയില്ല. അടുത്ത ദിവസം രാവിലെ ഓഫീസിലെ ജീവനക്കാരൻ മുറിയിലേക്ക് വന്നു.
"അമ്മേ... നിങ്ങൾക്ക് ബാങ്കിൽ നിന്ന് ക്ഷേമ പെൻഷൻ ക്രെഡിറ്റ് ആയിട്ടുണ്ട്. ഒന്ന് ഒപ്പിടണം."
ജാനു ശാന്തമായി ഒപ്പിട്ടു.
അയാൾ പോയ ശേഷം രാഘവൻ പതുക്കെ ചോദിച്ചു.
"ജാനു... അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് നിനക്കറിയാമോ?"
"അറിയണ്ടേട്ടാ... അതൊന്നും നമുക്ക് ഇനി എന്തിനാ?"
രാഘവൻ ഒരു നെടുവീർപ്പിട്ടു.
"പണം കൂടിക്കൊണ്ടിരിക്കുന്നു... പക്ഷേ നമ്മുടെ ജീവിതം ഒഴിഞ്ഞുപോകുകയാണ്."
ആ വാക്കുകൾ കേട്ട് ജാനു മിണ്ടാതെയിരുന്നു.
അവൾ വീണ്ടും മേശപ്പുറത്തിരുന്ന മൊബൈൽ ഫോണിലേക്ക് നോക്കി. സ്ക്രീൻ ഇരുണ്ടുതന്നെയായിരുന്നു. അന്നുരത്രി ഉറങ്ങാൻ കിടന്നപ്പോൾ ജാനു പതുക്കെ പറഞ്ഞു.
"ഏട്ടാ... ഒരു പ്രാവശ്യമെങ്കിലും അവൻ 'അമ്മേ' എന്ന് വിളിച്ചാൽ... അതുമതി."
രാഘവൻ അവളുടെ കൈ മുറുകെ പിടിച്ചു.
പക്ഷേ മറുപടിയായി ഒന്നും പറയാൻ അദ്ദേഹത്തിനായില്ല. കാരണം...
അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെയും ഏറ്റവും വലിയ ആഗ്രഹം.


അമേരിക്ക...
മഞ്ഞ് പുതച്ച ഒരു പ്രഭാതം.
വാസുദേവ് ഓഫീസിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു. അപ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്.
സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവൻ അതിശയിച്ചു.
"Old Age Home – India"
ഒരു നിമിഷം അവന്റെ ഹൃദയം പിടഞ്ഞു.
"ഹലോ..."
"സാർ... ഞാൻ വൃദ്ധസദനത്തിൽ നിന്നാണ് സംസാരിക്കുന്നത്. നിങ്ങളുടെ അച്ഛന് ഇന്നലെ രാത്രി ചെറിയൊരു നെഞ്ചുവേദന അനുഭവപ്പെട്ടു. ഡോക്ടർ പരിശോധിച്ചു. ഇപ്പോൾ അപകടനിലയില്ല. പക്ഷേ രണ്ടുപേരും നിങ്ങളെ ഒരുപാട് അന്വേഷിക്കുന്നു."
വാസുദേവിന് ഒരു നിമിഷം സംസാരിക്കാൻ കഴിഞ്ഞില്ല.
"അച്ഛൻ... ഇപ്പോൾ എങ്ങനെയുണ്ട്?"
"കുഴപ്പമില്ല സാർ. പക്ഷേ അമ്മ ഇടയ്ക്കിടയ്ക്ക് ഒരേയൊരു ചോദ്യം മാത്രമാണ് ചോദിക്കുന്നത്."
"എന്താണ്?"
"'എന്റെ മോൻ എപ്പോൾ വരും?'"
ആ വാക്കുകൾ അവന്റെ നെഞ്ചിലേക്ക് അമ്പുപോലെ തറച്ചു. ഫോൺ കട്ട് ചെയ്തിട്ടും ആ ചോദ്യം അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
"എന്റെ മോൻ എപ്പോൾ വരും?"
അന്ന് ഓഫീസിലെ മീറ്റിംഗിൽ ഇരിക്കുമ്പോഴും അവന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ലാപ്ടോപ്പിന്റെ സ്ക്രീനിൽ ഗ്രാഫുകളും റിപ്പോർട്ടുകളും മാറിമാറി തെളിഞ്ഞു.
പക്ഷേ അവന്റെ മനസ്സിൽ തെളിഞ്ഞത് മറ്റൊരു ചിത്രമായിരുന്നു. ചെറുപ്പത്തിൽ പനി പിടിച്ച് കിടന്ന രാത്രികൾ...
അമ്മ ഒരു നിമിഷം പോലും ഉറങ്ങാതെ നെറ്റിയിൽ നനഞ്ഞ തുണി വെച്ചിരുന്നത്...
അച്ഛൻ ആശുപത്രിയിലേക്ക് അവനെ എടുത്തോടിയിരുന്നത്...
സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ച് അവനെ പഠിപ്പിച്ചതും വളർത്തിയതും...
ഓരോ ഓർമ്മയും അവന്റെ മനസ്സാക്ഷിയെ ചോദ്യം ചെയ്തു.
അന്നേരം അമല അവന്റെ അടുത്തേക്ക് വന്നു.
"വാസു... എന്താണ്? രാവിലെ മുതൽ നീ ആകെ അസ്വസ്ഥനാണല്ലോ."
കുറച്ചുനേരം മൗനമായിരുന്ന ശേഷം അവൻ പതുക്കെ പറഞ്ഞു.
"അച്ഛന് നെഞ്ചുവേദനയായിരുന്നു... അമ്മ എന്നെ അന്വേഷിക്കുകയാണെന്ന് പറഞ്ഞു."
അമല ഒന്നും മിണ്ടിയില്ല.
അവൾ അവന്റെ കൈയിൽ പതുക്കെ കൈവെച്ചു.
"വാസു... ജോലിക്ക് അവസാനം ഉണ്ടാകില്ല. പക്ഷേ അമ്മയും അച്ഛനും എന്നും നമ്മോടൊപ്പം ഉണ്ടാകില്ല."
ആ വാക്കുകൾ കേട്ടപ്പോൾ വാസുദേവിന്റെ കണ്ണുകൾ നിറഞ്ഞു.
ജീവിതത്തിൽ ആദ്യമായി...
വിജയത്തിന്റെ പടവുകൾ കയറുന്നതിനിടയിൽ താൻ നഷ്ടപ്പെടുത്തിയ ഏറ്റവും വലിയ സമ്പത്ത് എന്താണെന്ന് അവൻ തിരിച്ചറിയുകയായിരുന്നു.
ആ രാത്രി വാസുദേവിന് ഉറങ്ങാനായില്ല.
കിടക്കയിൽ കണ്ണടച്ച് കിടന്നെങ്കിലും, മനസ്സ് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ വൃദ്ധസദനത്തിലെ ആ ചെറിയ മുറിയിലായിരുന്നു.
അമ്മയുടെ ശബ്ദം...
"എന്റെ മോൻ എപ്പോൾ വരും?"
ആ ചോദ്യം വീണ്ടും വീണ്ടും അവന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.
പുലർച്ചെ എഴുന്നേറ്റ ഉടൻ അവൻ ഓഫീസിലേക്ക് ഒരു ഇ-മെയിൽ അയച്ചു.
"എനിക്ക് അടിയന്തരമായി ഇന്ത്യയിലേക്ക് പോകേണ്ടതുണ്ട്."
അൽപസമയത്തിനകം മറുപടി വന്നു.
"പ്രോജക്ട് ഇപ്പോൾ നിർണായക ഘട്ടത്തിലാണ്. സാധിക്കുമെങ്കിൽ യാത്ര കുറച്ചുദിവസം മാറ്റിവെക്കുക."
സ്ക്രീനിലെ ആ വാക്കുകളിലേക്ക് അവൻ കുറച്ചുനേരം നോക്കി നിന്നു.
പിന്നെ ലാപ്ടോപ്പ് പതുക്കെ അടച്ചു.
ഇത്രയും വർഷം ജോലിക്കുവേണ്ടി മാറ്റിവെച്ചത് സ്വന്തം ജീവിതമായിരുന്നുവെന്ന് അപ്പോഴാണ് അവന് മനസ്സിലായത്.
അമല അവന്റെ അടുത്തേക്ക് വന്നു.
"ടിക്കറ്റ് ബുക്ക് ചെയ്യട്ടേ?"
വാസുദേവ് അവളെ നോക്കി.
"വേണം... ഇന്നുതന്നെ."
അമല ഒരു പുഞ്ചിരിയോടെ തലകുലുക്കി.
"ഞാനും കൂടെ വരാം."
ആ വാക്കുകൾ വാസുദേവിന്റെ മനസ്സിന് ചെറിയൊരു ആശ്വാസമായി.
അതേസമയം...
വൃദ്ധസദനത്തിൽ ജാനു ജനലരികിൽ ഇരിക്കുകയായിരുന്നു.
വൈകുന്നേരത്തെ സൂര്യപ്രകാശം അവളുടെ മുഖത്ത് പതിഞ്ഞിരുന്നു.
അവളുടെ കയ്യിൽ പഴയ ഒരു ഫോട്ടോ.
അഞ്ച് വയസ്സുള്ള വാസുദേവ്...
ഇരുവശത്തും അച്ഛനും അമ്മയും.
ആ ചിത്രത്തിൽ മൂന്നുപേരുടെയും മുഖത്ത് നിറഞ്ഞുനിന്നത് ചിരി മാത്രമായിരുന്നു.
"ഏട്ടാ..."
ജാനു പതുക്കെ വിളിച്ചു.
"നമ്മുടെ മോൻ വരുമെന്ന് എനിക്കറിയാം."
രാഘവൻ അവളെ നോക്കി മന്ദഹസിച്ചു.
"വരും ജാനു... ഒരു ദിവസം അവൻ തീർച്ചയായും വരും."
അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലും ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതേസമയം...
അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ വാസുദേവ് ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന ആ യാത്രയിൽ, അവന്റെ മനസ്സിൽ ഒരേയൊരു പ്രാർത്ഥന മാത്രമായിരുന്നു.
"ദൈവമേ...
ഞാൻ എത്തുന്നതുവരെ എന്റെ അച്ഛനെയും അമ്മയെയും കാത്തുസൂക്ഷിക്കണേ."
അവന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പതുക്കെ കവിളിലൂടെ ഒഴുകിയിറങ്ങി.
ആ കണ്ണുനീർ...
വർഷങ്ങളായി പറയാതെ പോയ സ്നേഹത്തിന്റെയും വൈകിപ്പോയ തിരിച്ചറിവിന്റെയും സാക്ഷിയായിരുന്നു.
രാവിലെ...
വൃദ്ധസദനത്തിന്റെ ഗേറ്റിന് മുന്നിൽ ഒരു കാർ പതുക്കെ വന്ന് നിന്നു.
അതിൽ നിന്ന് ആദ്യം ഇറങ്ങിയത് അമലയായിരുന്നു. പിന്നാലെ വാസുദേവും. ഗേറ്റിന് മുകളിലെ ബോർഡിലേക്ക് അവൻ ഒരു നിമിഷം നോക്കി നിന്നു.
ഒരിക്കൽ സ്വന്തം കൈകൊണ്ട് മാതാപിതാക്കളെ ഇവിടെ ഇറക്കിവിട്ട ദിവസം അവന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.
ഇന്ന്...
അതേ ഗേറ്റിലൂടെ അവൻ കടന്നുകയറുന്നത് ഒരു മകനായിട്ടായിരുന്നു. ഓഫീസിൽ വിവരം പറഞ്ഞപ്പോൾ ജീവനക്കാരൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"സാർ... അവർ ഇപ്പോൾ പൂന്തോട്ടത്തിലുണ്ട്."
വാസുദേവിന്റെ കാലുകൾക്ക് വേഗം കൂടി.
ഓരോ ചുവടും കുറ്റബോധം നിറഞ്ഞതായിരുന്നു. പൂന്തോട്ടത്തിലെ പഴയ ബെഞ്ചിൽ ജാനുവും രാഘവനും പതിവുപോലെ ഇരിക്കുകയായിരുന്നു.
ഗേറ്റിന്റെ ഭാഗത്തുനിന്ന് ആരോ നടക്കുന്നതിന്റെ ശബ്ദം കേട്ട് ജാനു തല ഉയർത്തി നോക്കി. ആദ്യമവൾക്ക് വിശ്വസിക്കാനായില്ല. കണ്ണുകൾ ഒന്നുകൂടി തുടച്ച് വീണ്ടും നോക്കി.
"ഏട്ടാ..."
വിറയുന്ന ശബ്ദത്തിൽ അവൾ വിളിച്ചു.
"അത്... നമ്മുടെ വാസുവല്ലേ..."
രാഘവനും പതുക്കെ എഴുന്നേറ്റു.
വാസുദേവ് അവരുടെ മുന്നിലെത്തി.
അവന്റെ ചുണ്ടുകൾ വിറയ്ക്കുകയായിരുന്നു.
വർഷങ്ങളായി പറയാതെ പോയ ഒരു വാക്ക് തൊണ്ടയിൽ കുടുങ്ങി.
പിന്നെ...
അവൻ മുട്ടുകുത്തി അമ്മയുടെ കൈകളിൽ മുഖം ചേർത്തു.
"അമ്മേ..."
ഒരു വാക്ക് മാത്രം.
പക്ഷേ ആ ഒരൊറ്റ വിളിയിൽ വർഷങ്ങളുടെ ദൂരം അലിഞ്ഞുപോയി.
ജാനുവിന്റെ കണ്ണുനീർ വാസുദേവിന്റെ മുടിയിഴകളിലേക്ക് വീണു.
അവൾ അവന്റെ തലയിൽ കൈവെച്ച് പതുക്കെ തലോടി.
"എന്റെ മോൻ വന്നല്ലോ..."
അവളുടെ ശബ്ദം സന്തോഷംകൊണ്ട് ഇടറിയിരുന്നു.
വാസുദേവ് പിന്നീട് അച്ഛന്റെ മുന്നിലേക്ക് തിരിഞ്ഞു.
"അച്ഛാ... എന്നോട് ക്ഷമിക്കണം."
രാഘവൻ അവന്റെ തോളിൽ കൈവെച്ചു.
"മക്കൾക്ക് തെറ്റ് പറ്റാം മോനേ...
പക്ഷേ തെറ്റ് മനസ്സിലാക്കി തിരികെ വരുന്നതാണ് ഏറ്റവും വലിയ കാര്യം."
ആ നിമിഷം അമലയും അവരുടെ അടുത്തേക്ക് വന്നു.
അവൾ ജാനുവിന്റെ കൈകൾ ചേർത്ത് പിടിച്ചു.
മലയാളം അറിയില്ലെങ്കിലും അവളുടെ കണ്ണുകൾ പറഞ്ഞത് ഒരേയൊരു ഭാഷയായിരുന്നു.
പശ്ചാത്താപത്തിന്റെയും സ്നേഹത്തിന്റെയും ഭാഷ.
വൃദ്ധസദനത്തിലെ ജീവനക്കാരും മറ്റ് താമസക്കാരും ആ കാഴ്ച നിശ്ശബ്ദമായി നോക്കി നിന്നു.
പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
കാരണം...
എല്ലാവരും കാത്തിരുന്നത് ഇങ്ങനെയൊരു ദിവസത്തിനായിരിക്കാം.
ആ നിമിഷം ജാനു ആകാശത്തേക്ക് ഒന്ന് നോക്കി.
അവളുടെ ചുണ്ടുകളിൽ ഒരു പ്രാർത്ഥന വിടർന്നു.
"ദൈവമേ... എന്റെ മോനെ എനിക്ക് തിരികെ തന്നതിന് നന്ദി."
മറുനാൾ രാവിലെ...
വൃദ്ധസദനത്തിന്റെ ഓഫീസിൽ ആവശ്യമായ രേഖകളെല്ലാം പൂർത്തിയാക്കി വാസുദേവ് എഴുന്നേറ്റു.
ഓഫീസ് മാനേജർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"സാർ... നിങ്ങളുടെ മാതാപിതാക്കളെ ഇവിടെ നിന്ന് കൊണ്ടുപോകുകയാണല്ലേ?"
വാസുദേവ് ശാന്തമായി മറുപടി പറഞ്ഞു.
"അതെ... അവർ ഇവിടെ വന്നത് എന്റെ തീരുമാനമായിരുന്നു. ഇനി അവർ പോകുന്നത് എന്റെ തിരുത്തിയ തീരുമാനമാണ്."
ആ വാക്കുകൾ കേട്ട മാനേജർ അവന്റെ തോളിൽ സ്നേഹത്തോടെ തട്ടി.
ജാനുവും രാഘവനും മുറിയിലേക്ക് ഒരിക്കൽക്കൂടി നോക്കി.
കുറച്ച് വർഷങ്ങൾ മാത്രം താമസിച്ച സ്ഥലമായിരുന്നെങ്കിലും, അവിടെയുള്ള പല മുഖങ്ങളും അവരുടെ സ്വന്തക്കാരായി മാറിയിരുന്നു.
യാത്ര പറയാൻ എല്ലാവരും എത്തിയിരുന്നു.
ജാനു ഓരോരുത്തരുടെയും കൈകൾ ചേർത്ത് പിടിച്ചു.
"എല്ലാവരും സുഖമായി ഇരിക്കണം."
അവളുടെ ശബ്ദം ഇടറിയിരുന്നു.
കാറിൽ കയറുന്നതിന് മുമ്പ് വാസുദേവ് ഒരിക്കൽക്കൂടി ആ വൃദ്ധസദനത്തിലേക്ക് തിരിഞ്ഞുനോക്കി.
ആ കെട്ടിടം അവനെ ഒരു വലിയ സത്യം പഠിപ്പിച്ചിരുന്നു.
മാതാപിതാക്കൾക്ക് ഏറ്റവും ആവശ്യം പണമല്ല... മക്കളുടെ സാന്നിധ്യമാണ്.
വീട്ടിലെത്തിയ ആദ്യദിവസം...
ജാനു അടുക്കളയിലേക്ക് നടന്നു.
"അമ്മേ... നിങ്ങൾ ഇനി ഒന്നും ചെയ്യേണ്ട."
വാസുദേവ് അവളെ തടഞ്ഞു.
ജാനു പുഞ്ചിരിച്ചു.
"മോനേ... അമ്മയ്ക്ക് മക്കൾക്ക് ഒരു നേരം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം."
ആ മറുപടിക്ക് മുന്നിൽ വാസുദേവിന് ഒന്നും പറയാനായില്ല.
അന്ന് ഉച്ചയ്ക്ക്...
വർഷങ്ങൾക്കുശേഷം അവർ നാലുപേരും ഒരേ മേശയ്ക്ക് ചുറ്റും ഇരുന്ന് ഭക്ഷണം കഴിച്ചു.
ഓരോ വിളമ്പലിലും ജാനുവിന്റെ സ്നേഹമുണ്ടായിരുന്നു.
ഓരോ നോട്ടത്തിലും രാഘവന്റെ സംതൃപ്തിയുണ്ടായിരുന്നു.
ഓരോ കണ്ണുനീർത്തുള്ളിയിലും വാസുദേവിന്റെ പശ്ചാത്താപമുണ്ടായിരുന്നു.
അമലയുടെ മുഖത്ത് ഒരു പുഞ്ചിരിയും.
കുറച്ച് ദിവസങ്ങൾക്കുശേഷം...
വാസുദേവ് തന്റെ ഓഫീസിലേക്ക് ഒരു അപേക്ഷ നൽകി. ഇന്ത്യയിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന ജോലി സ്വീകരിക്കാനായിരുന്നു അവന്റെ തീരുമാനം.
സ്ഥാനക്കയറ്റത്തേക്കാൾ വലിയൊരു ഉത്തരവാദിത്തം തനിക്കുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു. അന്ന് വൈകുന്നേരം വീട്ടുമുറ്റത്ത് എല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോൾ ജാനു പതുക്കെ പറഞ്ഞു.
"മോനേ... ജീവിതത്തിൽ തെറ്റുകൾ എല്ലാവർക്കും പറ്റും."
വാസുദേവ് അമ്മയുടെ കൈകൾ ചേർത്ത് പിടിച്ചു.
"അമ്മേ... ഇനി ഒരിക്കലും നിങ്ങളെ ഒറ്റയ്ക്കാക്കില്ല."
ജാനു പുഞ്ചിരിച്ചു.
ആ പുഞ്ചിരിയിൽ ഒരു അമ്മയുടെ ഹൃദയം മുഴുവൻ നിറഞ്ഞിരുന്നു.
കാരണം...
രക്തബന്ധം എന്നത് ശരീരത്തിൽ ഒഴുകുന്ന രക്തം മാത്രമല്ല...
ഹൃദയത്തിൽ ഒരിക്കലും വറ്റാത്ത സ്നേഹവും, ക്ഷമയും, കരുതലുമാണ് യഥാർത്ഥ രക്തബന്ധം.
ആ സ്നേഹം തിരിച്ചറിയാൻ ചിലപ്പോൾ ഒരു ജീവിതകാലം വേണ്ടിവരും...
പക്ഷേ തിരിച്ചറിഞ്ഞാൽ, ആ ബന്ധത്തിന് മരണമില്ല. 

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ