
പുതിയ പ്രൊജക്റ്റ് വിജയകരമായി പൂർത്തിയാക്കിയതിനു കമ്പനി വക പാർട്ടി നടക്കുന്നതിനിടയിലായിരുന്നു ഫോൺ റിംഗ് ചെയ്തത്. പാർട്ടിയുടെ രസംകൊല്ലിയായി വന്ന കാൾ നോക്കിയപ്പോൾ നാട്ടിൽനിന്ന് സേവ് ചെയ്യാത്ത ഏതോ നമ്പറിൽ നിന്നാണ്. അല്പം അമർഷത്തോടെ കാൾ കട്ട് ചെയ്തു. നാട്ടിൽ അമ്മ ആർക്കെങ്കിലും നമ്പർ കൊടുത്തിട്ടുണ്ടാകും. എത്ര പറഞ്ഞാലും കേൾക്കില്ല. വീട്ടിലെത്തട്ടെ, ഫോൺ ചെയ്ത് ബാക്കി അമ്മയ്ക്ക് കൊടുക്കാം എന്നു മനസ്സിൽ പറഞ്ഞ് നിതിൻ വീണ്ടും പാർട്ടിയിൽ അലിഞ്ഞുചേർന്നു.
ആഘോഷങ്ങളെല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോഴേക്ക് ഒരുപാട് വൈകിയിരുന്നു. ലേറ്റ് ആകുമെന്ന് ഭാര്യ നിത്യയോട് പറഞ്ഞതുകൊണ്ട് പ്രശ്നമില്ല. അല്ലെങ്കിൽ ഇപ്പോഴേക്ക് നൂറു തവണ വിളിച്ചിട്ടുണ്ടാകും. ലാ ഡിഫെൻസിലെ വമ്പൻ ഗ്ലാസ്സ് കെട്ടിടങ്ങൾക്കിടയിലൂടെ നിതിൻ കാർ ഓടിച്ചു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിട്ടും നഗരം ഉണർന്നിരിക്കുന്നു. ലാ ഡിഫെൻസിൽ നിന്ന് വേർസായിലേക്ക് 20 കിലോമീറ്റർ ദൂരമേ ഉള്ളുവെങ്കിലും അത് മനുഷ്യജീവിതംപോലെ തികച്ചും അവിചാരിതമായ അനുഭവങ്ങൾ പകരുന്ന യാത്രയാണ്. നഗരത്തിരക്ക് പിന്നിട്ട് സെയ്ൻ നദി കടന്നാൽ റോഡിനിരുവശവും വലിയ മരങ്ങളും പച്ചപ്പും നിറഞ്ഞ പാർക്ക് ഡി സെന്റ്-ക്ലൗഡ് വനമേഖലയാണ്. അതു കഴിഞ്ഞാൽ വേർസായിയായി.
കമ്പനി നല്കിയ കോട്ടേജ് ഒഴിവാക്കി വേർസായിൽ അപ്പാർട്ട്മെന്റടുക്കാൻ കാരണം നിത്യയുടെ നിർബന്ധം കൊണ്ടാണ്. ആലോചനകളുടെ പിന്നാമ്പുറത്തേക്ക് സഞ്ചരിക്കുമ്പോഴേക്ക് വീടെത്തി.
വേഗം തന്നെ ഫ്രഷായി വന്നപ്പോൾ ഉറക്കച്ചടവിലും പാർട്ടിയുടെ വിശേഷങ്ങൾ കേൾക്കാൻ നിത്യ സോഫയിൽ വന്നിരുന്നു. കാര്യങ്ങൾ തുളയ്ക്കുക അവളുടെ ഒരു ഹോബി ആയിരുന്നു. മോളെ ചോദിച്ചപ്പോൾ നല്ല ഉറക്കത്തിലാണെന്നു പറഞ്ഞു.
അതിനിടയിൽ ഫോണെടുത്തു നോക്കിയപ്പോൾ കുറേ മിസ്സ്ഡ് കാളുകളുണ്ട്. ഒന്ന് അനിയൻ ജിതിന്റേതാണ് ബാക്കിയുള്ളതൊന്നും പരിചയമുള്ള നമ്പറുകൾ അല്ല. നാട്ടിൽ നിന്ന് അമ്മയോ മറ്റോ വിളിച്ചിരുന്നോ എന്നു ചോദിച്ചപ്പോൾ നിത്യ പറഞ്ഞു, " ഏട്ടാ, ഞാനത് പറയാൻ മറന്നു ജിതിൻ വിളിച്ചിരുന്നു. അവൻ നിങ്ങളെ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്നു പറഞ്ഞു. എത്തിയാൽ അവനെയൊന്ന് വിളിക്കണം എന്ന് ഏല്പിച്ചിട്ടുണ്ട്". എന്താണ് കാര്യം എന്നു പറഞ്ഞിരുന്നോ എന്നു നിത്യയോട് ചോദിച്ചപ്പോൾ "ഏട്ടനോട് നേരിട്ട് പറയാനുള്ളതാണെ"ന്ന് പറഞ്ഞു. എന്തായാലും രാവിലെ വിളിക്കാമെന്നു പറഞ്ഞ് ഉറങ്ങാൻ കിടന്നു.
രാവിലെ എഴുന്നേറ്റപ്പോൾ ചെറിയൊരു തലവേദന. നിത്യയോട് ഇന്നു പോകുന്നില്ലെന്ന് പറഞ്ഞ് ഓഫീസിൽ വിളിച്ച് ലീവറിയിച്ചു. അല്ലെങ്കിലും പുതിയ പ്രൊജക്റ്റ് ലോഞ്ച് ചെയ്യുന്നതുവരെ ഇനി ഓഫീസിൽ വലിയ തിരക്കില്ല. മോളുടെ ഹോളിഡേയ്‌സ് നോക്കി ഒരു ട്രിപ്പ് പോകണം എന്നു മനസ്സിൽ കരുതി.
"ഏട്ടാ, ജിതിനെ ഒന്ന് വിളിച്ചു നോക്കു" എന്ന് നിത്യ പറഞ്ഞപ്പോഴാണ് നാട്ടിൽ നിന്നുള്ള ഫോൺ കാളുകളുടെ കാര്യം ഓർമ്മ വന്നത്. " ഇപ്പോൾ വിളിച്ചാൽ അവനെ കിട്ടുമോ, അവൻ കോളജിൽ ആയിരിക്കില്ലേ" എന്നു പറഞ്ഞ് നിത്യയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ മുഖഭാവം മാറിയത് മനസ്സിലായി." "നിങ്ങൾക്ക് അല്ലെങ്കിലും നാട്ടിലേക്ക് വിളിക്കുന്നത് ചതുർത്ഥിയാണല്ലോ" എന്നും പറഞ്ഞ് അവൾ ദേഷ്യത്തിൽ എഴുന്നേറ്റുപോയി.
ജിതിനെ വിളിച്ചപ്പോൾ ആദ്യ റിംഗിനുതന്നെ അവൻ ഫോണെടുത്തു. "ഏട്ടാ, ഏട്ടനെ ഇന്നലെ ഞാൻ എത്ര തവണ വിളിച്ചു. എന്താ ഫോൺ എടുക്കാഞ്ഞത്". "ഞാൻ കുറച്ചു തിരക്കിലായിരുന്നു. എന്തിനാണ് നീ വിളിച്ചത്, അത്യാവശ്യം വല്ലതും ഉണ്ടായിരുന്നോ?". "ഏട്ടാ,
ഏട്ടന്റെ പഴയ ക്ലാസ്സ്‌മേറ്റ്സ് ഫ്രണ്ട്സ് പലതവണ നിങ്ങളെ വിളിച്ചിട്ടും റെസ്പോൺസ് ഇല്ലാത്തതുകൊണ്ട് അവർ പറഞ്ഞിട്ടാണ് ഞാൻ വിളിച്ചത്. ഏട്ടൻ അവരോട് ഓഫർ ചെയ്ത കാര്യം എന്തായി എന്നറിയാനാണ് അവർ വിളിച്ചത്. ഞാൻ എന്താണ് അവരോട് പറയേണ്ടത് ". " ഓഹ്, അതാണോ. ഞാൻ ഇവിടെ പ്രൊജക്റ്റ് കംപ്ലീറ്റ് ചെയ്യാനുള്ള തിരക്കിലായിരുന്നു. അതിനിടയിൽ വേറൊന്നിനും ടൈം കിട്ടാറില്ല. ഞാൻ ആലോചിച്ച് നിന്നെ വിളിച്ചു പറയാം "." ഏട്ടാ, പറ്റില്ലെങ്കിൽ അവരോട് അതു പറഞ്ഞേക്ക്. അവർക്ക് വേറെ വഴി നോക്കാമല്ലോ". അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തപ്പോൾ അല്പം വിഷണ്ണതയോടെ നിതിൻ സോഫയിൽ വന്നിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് അവിടെ നിന്നിരുന്ന നിത്യയുടെ മുഖത്തേക്ക് നോക്കാൻ എന്തോ ഒരു ചമ്മൽ തോന്നി.
അല്പം തലകുനിച്ച് സോഫയിൽ വന്നിരുന്ന നിതിനോട് എന്തിനാണ് ജിതിൻ വിളിച്ചതെന്ന് നിത്യ ചോദിച്ചപ്പോൾ " അത് നാട്ടിലെ കുറച്ചുപേർ ചേർന്ന് ആർക്കോ ഒരു വീട് ഉണ്ടാക്കിക്കൊടുക്കുന്നതിന് എന്തെങ്കിലും സഹായിക്കാമോ എന്നു ചോദിക്കാൻ വിളിച്ചതാണ് " എന്ന് നിതിൻ മറുപടി പറഞ്ഞു.
" ഓഹോ, സായൂജേട്ടൻ എന്നു മുതൽക്കാണ് നിങ്ങൾക്ക് ആരോ ആയതും നിങ്ങളുടെ ചങ്കുകൾ ആയിരുന്ന ഫ്രണ്ട്സ് നാട്ടിലെ കുറച്ചു പേരായതും " എന്ന നിത്യയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൻ അകത്തേക്ക് പോയി. കുറ്റബോധം ഒരു കോടാലിപോലെ അവന്റെ മനസ്സിനെ ആഞ്ഞുകൊത്തിക്കൊണ്ടിരുന്നു.
മനഃപൂർവ്വം അല്ലെങ്കിലും താൻ എത്ര നികൃഷ്ടമായാണ് പെരുമാറിയതെന്നോർത്ത് അവന്റെ ഉള്ളം തേങ്ങി.
നാലുവർഷം മുമ്പാണ് ജോലിക്കായി ഫ്രാൻസിൽ എത്തിയത്. അച്ഛനില്ലാത്ത തന്നേയും അനിയനേയും അടുത്ത വീടുകളിൽ വീട്ടുവേല ചെയ്താണ് അമ്മ വളർത്തിയത്. നടക്കില്ലെന്ന് അറിയാമെങ്കിലും പ്ലസ് ടു കഴിഞ്ഞപ്പോഴേ വലിയൊരു ആഗ്രഹമായിരുന്നു ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആവുകയെന്നത്. ബി. കോം. നല്ല മാർക്കുവാങ്ങി ജയിച്ചപ്പോൾe അമ്മ ആരോടൊക്കെയോ കടം വാങ്ങി സി. എ.യ്ക്കായി ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തു. നാലു വർഷം കൊണ്ട് ഇന്ററും ഫൈനലും പാസ്സായി.ആ സമയത്തൊക്കെ കൂട്ടുകാരായിരുന്നു താങ്ങും തണലുമായി നിന്നത്. പലപ്പോഴും ബസിനും ഭക്ഷണത്തിനും അവർ സഹായിച്ചു.
നിതിന് ചെറിയ ക്ലാസ്സ് മുതൽ ഒന്നിച്ചു പഠിച്ച കുറച്ച് കൂട്ടുകാർ ഉണ്ടായിരുന്നു. പരസ്പരം മനസ്സിലാക്കി എന്തിനും ഏതിനും ഒപ്പം നില്ക്കുന്നവരായിരുന്നു അവർ. അതിൽ സായൂജ് നിതിന്റെ അടുത്ത വീട്ടുകാരനും ചങ്കുമായിരുന്നു. നിതിനോടൊപ്പം ഡിഗ്രി കഴിഞ്ഞ സായൂജ് അവന്റെ അച്ഛന്റെ സ്വന്തം കാറിൽ ഡ്രൈവറായി പോകും. അവനായിരുന്നു നിതിന്റെ ഏറ്റവും വലിയ തുണ. സി . എ. ആയതിനുശേഷം നിതിൻ നഗരത്തിലെ ഒരു സീനിയർ സി.എ.യുടെ കമ്പനിയിൽ ജോയിൻ ചെയ്തു. അതോടെ ആ കുടുംബം പതുക്കെ കരകയറി തുടങ്ങി.
താൻ തന്നെ വരുത്തിവച്ച ആത്മസംഘർഷത്തിന്റെ വിങ്ങലിൽ സ്വയം ഉരുകിക്കൊണ്ടിരുന്ന നിതിന്റെ അടുത്തു ചെന്നിരുന്നു നിത്യ. അവൾ അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു, "ഏട്ടാ, ജിതിൻ ഇന്നലെ വിളിച്ചപ്പോൾ എന്നോട് എല്ലാം പറഞ്ഞു. വിഷമിക്കേണ്ട, സമയം വൈകിയിട്ടില്ല. നമുക്ക് തിരുത്താനുള്ള സമയമുണ്ട്. നേട്ടങ്ങളുടെ കാലത്ത് പോരാട്ടങ്ങളേയും അതിൽ ഒപ്പം നിന്നവരേയും മറന്നാൽ പിന്നെ നമ്മൾ മനുഷ്യരല്ലല്ലോ ഏട്ടാ". നിത്യയുടെ വാക്കുകൾ ഓരോന്നും കരളിൽ തറയ്ക്കുന്ന മുള്ളുകളായി അവനു തോന്നി.
നിതിൻ നാട്ടിൽ ജോലി ചെയ്യുമ്പോഴായിരുന്നു സായൂജിന്റെ വിവാഹം. ധന്യയുമായി ഡിഗ്രിക്ക് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയത്തിന്റെ പര്യവസാനം. അതിന്റെ ഓരോ ഘട്ടത്തിലും അവനോടൊപ്പം താനുമുണ്ടായിരുന്നു. പക്ഷേ, കല്യാണത്തിനുശേഷം അവനു നേരിടേണ്ടി വന്ന പരീക്ഷണങ്ങൾ നിരവധിയായിരുന്നു. ജാതിയിൽ പിന്നിലായ ഒരുവന്റെ കൂടെ പോയതിനാൽ ധന്യയുടെ വീട്ടുകാരുടെ എതിർപ്പ്, തറവാട് ഭാഗം വച്ചപ്പോൾ താമസിച്ചിരുന്ന വീട് നഷ്ടപ്പെട്ട് അച്ഛനേയും അമ്മയേയും നിത്യയേയും കൂട്ടി വാടകവീട്ടിലേക്ക് മാറേണ്ടിവന്നത്... അങ്ങനെ പ്രതിസന്ധികളുടെ ഒരു നീണ്ട നിര തന്നെയായിരുന്നു അത്.
എന്നാൽ അവൻ സാധാരണ പോലെ അതിനെയെല്ലാം അല്പം പോലും പതറാതെ ചിരിച്ചുകൊണ്ട് നേരിട്ടു. സ്വന്തം കാര്യം വരുമ്പോൾ പൊതുകാര്യങ്ങൾ ഒഴിവാക്കുന്നവരിലും അവൻ ഉൾപ്പെട്ടിരുന്നില്ല. വണ്ടിക്ക് ഓട്ടമില്ലാത്ത സമയങ്ങളിലെല്ലാം അവൻ നാട്ടുകാരുടെ ആവശ്യങ്ങൾക്കായി ഓടി നടന്നു. കല്യാണത്തിനും മരണത്തിനും മെഡിക്കൽ കോളജിലേക്ക് പൊതിച്ചോറ് ശേഖരിക്കാനും അവൻ സമയം കണ്ടെത്തി. അവൻ പോരാട്ടങ്ങളിൽ ഒപ്പം നിന്നവൻ മാത്രമല്ല, ഞങ്ങളെ നയിച്ചവൻ കൂടിയായിരുന്നു. എന്നിട്ടും... എങ്ങനെ തനിക്ക് അതെല്ലാം മറക്കാൻ കഴിഞ്ഞ്?
എല്ലാവരേയും കൂട്ടിയിണക്കാനുള്ള ഒരു അപൂർവ്വ സിദ്ധി അവനുള്ളതായി എപ്പോഴും തോന്നിയിരുന്നു. തങ്ങൾ കൂട്ടുകാർ എവിടെ, എത്ര തിരക്കാണെങ്കിലും ആഴ്ചയിൽ ഒരിക്കലെങ്കിലും ഫോണിലൂടെ ബന്ധപ്പെടണമെന്നത് അവന്റെ കർശന നിർദ്ദേശമാണ് . എല്ലാവരെയും വിളിക്കാൻ അവൻ ഒരിക്കലും മറക്കാറുമില്ല.
ഒരു വീടായിരുന്നു അവന്റെ പ്രധാന സ്വപ്നങ്ങളിൽ ഒന്ന്. അച്ഛനും അമ്മയ്ക്കും പ്രായമായി വരുന്നു, അവർക്ക് ബാക്കിയുള്ള കാലം സ്വസ്ഥമായി ജീവിക്കാൻ വീട് അത്യാവശ്യമാണ്. മകൻ കൂടി ജനിച്ചതോടെ അത് പെട്ടെന്ന് വേണമെന്ന് അവൻ എപ്പോഴും പറയുമായിരുന്നു. പക്ഷേ, എല്ലാ ആഗ്രഹങ്ങളും ബാക്കിവച്ച് അവൻ യാത്രയായി. വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്ന് ഒരു പാവം ചെറുപ്പക്കാരനെ രക്ഷിക്കാൻ ഓടിച്ചെന്നപ്പോൾ ഭൂമിയിലെ അവന്റെ റോൾ അവസാനിച്ചു. അവൻ ഓർമ്മയായി ഒരു വർഷം കഴിഞ്ഞപ്പോഴായിരുന്നു താൻ ഫ്രാൻസിലേക്ക് വന്നത്. അതിനുമുമ്പ് തങ്ങൾ കൂട്ടുകാർ ഒത്തുചേർന്ന് എടുത്ത തീരുമാനമായിരുന്നു അവന്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുക എന്നത്. ആ കുടുംബം ആരുടെ മുമ്പിലും കൈ നീട്ടരുത്, അത് തങ്ങളുടെ ഉത്തരവാദിത്തമാണ്.
ലോകത്തിലെ പ്രശസ്തമായ ഒരു കമ്പനിയിൽ നിന്നു ലഭിക്കാവുന്ന നേട്ടങ്ങളുടെ പടവുകൾ മാത്രം ലക്ഷ്യമായി മുന്നോട്ടു നീങ്ങിയ താൻ പക്ഷേ, മറ്റെല്ലാം മറന്നു; തന്റെ വളർച്ചയ്ക്ക് വെള്ളവും വളവും നല്കിയ എല്ലാറ്റിനേയും.
ആത്മനിന്ദയുടെ പരകോടിയിൽ തെറ്റുകൾ കണ്ണുനീരായി ഒഴുകിത്തീർന്നപ്പോൾ നിതിന്റെ മനസ്സ് ശാന്തമായി. അവൻ എഴുന്നേറ്റ് ഫോൺ എടുത്ത് ആരെയോ വിളിച്ചു. അല്പം കഴിഞ്ഞപ്പോൾ കോളിങ് ബെൽ കേട്ട് നിത്യ വാതിൽ തുറന്നപ്പോൾ ഒരു ഡെലിവറി ബോയ് നിതിന്റെ അഡ്രസ്സിലുള്ള ഒരു കവർ അവളെ ഏല്പിച്ചു. പ്രശസ്തമായ ഒരു എയർ ലൈൻസിന്റെ ലോഗോ പതിച്ച ആ കവർ അവൾ പൊട്ടിച്ചപ്പോൾ അതിൽ നാട്ടിലേക്കുള്ള മൂന്നു ടിക്കറ്റുകളായിരുന്നു!
