To Register for the first time
  1. Click Register
  2. Use Email as the username

To Login & Submit a Story
  1. Click Login/Register
  2. Input Email ID & Password
  3. Click രചന സമർപ്പിക്കുക
  4. Add Title of your story
  5. Add content of your stoy
  6. Click "SAVE"


ഓരോ മാസവും സമർപ്പിക്കപ്പെടുന്ന ചെറുകഥകളിൽ ഏറ്റവും മികച്ചതിന്  Rs1000/ സമ്മാനം. *T&C apply

അസ്തമയസൂര്യന്റെ സ്വർണക്കിരണങ്ങൾ പതിയെ പടിഞ്ഞാറൻ ചക്രവാളത്തിൽ അലിഞ്ഞുചേരുകയായിരുന്നു. സായാഹ്നത്തിന്റെ മൃദുലപ്രകാശം ത്രിവേണി സംഗമത്തിലെ തിരമാലകളിൽ പതിഞ്ഞ് ആയിരം പൊൻതുള്ളികളായി മിന്നുന്നത് നോക്കിനിൽക്കാൻ എന്തൊരു ഭംഗിയായിരുന്നു!

ആ തിരകളിലേക്ക് ഇറങ്ങി നിന്നാൽ ഓരോ തിരയും പുതിയ ചിന്തകളും പുതിയ സ്വപ്നങ്ങളുമായി നമ്മളെ തേടിയെത്തുന്നതുപോലെ തോന്നും. തിരികെ പോകുമ്പോൾ അറിയാതെ നമ്മളും ആ തിരകളെ പിന്തുടരും.

എത്ര നേരം അവിടെ നിന്നുവെന്ന് അറിയില്ല. കന്യാകുമാരിയിലെ ശംഖുമാലകളും മനോഹരമായ ശിൽപ്പങ്ങളും വാങ്ങിയ സന്തോഷത്തിൽ സമയം പോലും മറന്നുപോയിരുന്നു.

"ഹലോ... ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ?" പിന്നിൽ നിന്ന് നന്ദൻ വിളിച്ചു.

"മൂന്ന് ദിവസമായി ഇവിടെ വന്നിട്ട് ഇനിയും മതിയായില്ലേ? വരൂ... റൂമിൽ പോയി ഭക്ഷണം കഴിക്കാം. അതിനുശേഷം റെയിൽവേ സ്റ്റേഷനിലേക്ക് പോകണം. രാത്രിയിലല്ലേ ട്രെയിൻ."

"ദാ... വരുന്നു നന്ദാ. ഈ തിരമാല കൂടി എന്നെ ഒന്ന് തഴുകട്ടെ."

റൂമിലെത്തി വസ്ത്രം മാറി, ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിൻ തയ്യാറായി കിടക്കുകയായിരുന്നു. ജനലരികിൽ ഇരുന്ന് ഓരോ കാഴ്ചകളും ആസ്വദിച്ചു. ചൂട് നിലക്കടല കഴിച്ചുതീരാറായപ്പോഴേക്കും ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങി.

അപ്പോഴാണ് ഒരാൾ ഓടിവന്ന് ഞങ്ങളുടെ ബർത്തിന്റെ മുകളിലെ ബെർത്തിൽ കയറി കിടന്നത്. ഒറ്റനോട്ടത്തിൽ അയാളെ കണ്ടപ്പോൾ രജ്ഞനെപ്പോലെ തോന്നി. എന്നെ കണ്ടിട്ടും കാണാത്തതുപോലെ തലയണയും കമ്പിളിയും എടുത്ത് കർട്ടൻ വലിച്ചിട്ട് ലൈറ്റ് ഓഫ് ചെയ്ത് കിടന്നു.

കുറച്ച് കഴിഞ്ഞ് ടിടിഇ ടിക്കറ്റ് പരിശോധിക്കാൻ വന്നു. മുകളിലത്തെ ബെർത്തിലുള്ള ആളെ വിളിച്ച് ടിക്കറ്റ് ചോദിച്ചു. ഫോണിന്റെ മങ്ങിയ വെളിച്ചത്തിൽ ടിക്കറ്റ് കാണിച്ച നിമിഷം ആ മുഖം ഞാൻ വ്യക്തമായി കണ്ടു.

അതെ...

അത് എന്റെ രജ്ഞൻ തന്നെയായിരുന്നു.

ഒരു നിമിഷം കൊണ്ട് ഒരായിരം ഓർമ്മകൾ എന്റെ മനോമുകുരത്തിലൂടെ ചീറിപ്പാഞ്ഞുപോയി. ഒരായിരം ഓർമ്മകൾ എന്റെ മനോമുകുരത്തിലൂടെ ചീറിപ്പാഞ്ഞുപോയി.

ഞങ്ങൾ എത്ര നല്ല സുഹൃത്തുക്കളായിരുന്നു! എന്നിട്ടും ഒരു പരിചയഭാവം പോലും കാണിക്കാതെ അയാൾ മൗനമായി കിടന്നു.

ഞാൻ രജ്ഞനെ "രജ്ഞൻ" എന്നാണ് വിളിച്ചിരുന്നത്. പ്രകൃതിയെ അതിന്റെ എല്ലാ ഭംഗിയോടും കൂടി ക്യാൻവാസിൽ പകർത്താൻ കഴിയുന്ന അപൂർവ ചിത്രകാരനായിരുന്നു അവൻ. അവൻ വരച്ച ഓരോ ചിത്രവും മനസ്സിൽ തട്ടുന്നവയായിരുന്നു. പ്രകൃതിയുടെ സൗന്ദര്യം ഇത്ര മനോഹരമായി ഒപ്പിയെടുക്കുന്ന മറ്റൊരു ചിത്രകാരനെ ഞാൻ കണ്ടിട്ടില്ല.

രജ്ഞൻ വരച്ച ചിത്രങ്ങളെല്ലാം ഞാൻ എന്റെ മനസ്സിന്റെ കമ്പ്യൂട്ടറിൽ സൂക്ഷിക്കുമായിരുന്നു.

"കലാഹൃദയമുള്ളവനേ നല്ല ചിത്രം വരയ്ക്കാൻ കഴിയൂ. നിഷ്കളങ്കമായ മനസ്സുള്ളവനേ യഥാർത്ഥ ചിത്രകാരനാകാൻ കഴിയൂ," എന്ന് അവൻ എപ്പോഴും പറയുമായിരുന്നു.

അപ്പോഴെല്ലാം ഞാൻ ചിരിച്ചുകൊണ്ട് പറയും:

"പൊന്നു... നിന്റെ അനുഗ്രഹമാണ് നിന്റെ കൈകളിൽ വിരിയുന്ന ചിത്രങ്ങൾ."

സ്നേഹം ഒരു നദിപോലെയാണ്. വാത്സല്യവും സൗഹൃദവും പ്രണയവും സന്തോഷവും നിറഞ്ഞൊഴുകുന്ന ഒരു മനോഹര നദി. അതുകൊണ്ടല്ലേ സ്നേഹത്തിന് ഇത്ര സൗന്ദര്യമുള്ളത്?

രജ്ഞാ... നീ എന്തുകൊണ്ടാണ് എന്നെ കണ്ടിട്ടും പരിചയം നടിക്കാത്തത്?

ആറു വർഷക്കാലം നമ്മൾ ഒരേ ഓഫീസിൽ എത്ര സന്തോഷത്തോടെ ജോലി ചെയ്തു. എന്റെ ജീവിതത്തിൽ എത്ര സങ്കടസന്ധ്യകൾ വന്നാലും, "കൺപാർത്തിരിക്കുവാൻ നീ ഒരാൾ മതി" എന്ന് എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട് നീ.

"ഇനി ഒരിക്കൽ ഈ ഭൂമിയിൽ ജനിക്കുകയാണെങ്കിൽ നീ മാത്രം മതി," എന്നും നീ പറയുമായിരുന്നു.

ആ വാക്കുകൾ ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്.

പ്രണയം ഒരു ഭ്രാന്താണ്. നിയമങ്ങളെയും ചട്ടങ്ങളെയും മറികടന്ന് ഹൃദയത്തെ മാത്രം അനുസരിക്കുന്നൊരു ഭ്രാന്ത്. ആ ഭ്രാന്ത് പൂത്തുലയുമ്പോൾ ലോകം മുഴുവൻ കൂടുതൽ മനോഹരമായി തോന്നും.

എന്നോട് എല്ലാ കാര്യവും ചോദിച്ചറിയുന്ന രജ്ഞാ... ഞാൻ ഒരിക്കൽ പോലും നിന്റെ വീട്ടുകാരെക്കുറിച്ച് ചോദിച്ചിട്ടില്ല. നീയും ഒന്നും പറഞ്ഞിരുന്നില്ല.

ഒരു ദിവസം മാത്രം നീ പറഞ്ഞു:

"ഇന്ന് ഞാൻ അവധിയാണ്... എന്റെ സഹോദരൻ മരിച്ചു. ഞാൻ അവിടെയാണ്."

പക്ഷേ പിറ്റേന്ന് രാവിലെ പതിവുപോലെ ഓഫീസിലെത്തി.

"രജ്ഞാ... ഇന്നലെ രാത്രിയേ വീട്ടിൽ വന്നോ?"

"അതെ... നമ്മുടെ വീട്ടിലെ കിടക്കയിൽ കിടക്കുന്ന സുഖം മറ്റെവിടെയും കിട്ടില്ലല്ലോ," എന്ന് പറഞ്ഞ് അവൻ ഒന്ന് ചിരിച്ചു.

ഞാനും ചിരിച്ചെങ്കിലും, അവന്റെ ജീവിതം ഇന്നും എനിക്ക് ഒരു തുറക്കാത്ത പുസ്തകമായിരുന്നു


രജ്ഞനുമായി പരിചയപ്പെട്ട ആദ്യ ദിവസങ്ങളിലൊന്നിൽ ഞാൻ ചോദിച്ചു, "വീട്ടിൽ ആരൊക്കെയുണ്ട്?"

അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "ഞാനും എന്റെ ഡോക്ടർ ഭാര്യ അമലയും മാത്രം."

 അത് കേട്ടപ്പോൾ കുട്ടികൾ പഠിക്കുകയോ ജോലിക്കായി മറ്റെവിടെയെങ്കിലും ആയിരിക്കുമോ എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല.

 കുറച്ച് നാളുകൾക്കുശേഷം ഒരിക്കൽ ഞാൻ ചോദിച്ചു, "കുട്ടികൾ?"

"ഞാനും കൊട്ടിയോളും മാത്രമേ വീട്ടിലുള്ളൂ", അവന്റെ മറുപടി അത്രയും ലളിതമായിരുന്നു.

ഒരു ദിവസം ഫേസ്ബുക്കിൽ രജ്ഞൻ വരച്ച ഒരു കുടുംബചിത്രം കണ്ടു. കുട്ടികളുടെ കൂടെ നിൽക്കുന്ന മനോഹരമായ ഒരു ചിത്രം. അതിന് അവന്റെ അടുത്ത സുഹൃത്ത് കമന്റ് ചെയ്തു:

"ഇതെപ്പോഴാ?"

രജ്ഞന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി.

"സാറേ... ഇതിന് അധികം സമയം ഒന്നും വേണ്ട."

ആ മറുപടി എനിക്ക് ഇഷ്ടമായില്ല. കുട്ടികളില്ലെന്ന് അറിയാവുന്ന ഒരാളോട് എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ഞാൻ ചോദിച്ചു.

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

"അതൊക്കെ ഒരു തമാശയല്ലേ."

വർഷങ്ങൾ ദിവസങ്ങളുടെ വേഗത്തിൽ കടന്നുപോയി.

ഇതിനിടയിൽ ഡോക്ടർ അമലയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ ഇടയ്ക്കിടെ ഒരു കുഞ്ഞുപെൺകുട്ടിയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.

ആ കുഞ്ഞ് സഹോദരന്റെയോ സഹോദരിയുടെയോ പേരക്കുട്ടിയായിരിക്കുമെന്നാണ് ഞാൻ കരുതിയത്.

ഒരു ദിവസം സംസാരത്തിനിടയിൽ ഞാൻ ചോദിച്ചു:

"രജ്ഞാ... ആ സുന്ദരിക്കുട്ടി ആരുടെ പേരക്കുട്ടിയാണ്?"

അവൻ വളരെ ശാന്തമായി പറഞ്ഞു:

"നമ്മുടെ സ്വന്തം പേരക്കുട്ടി."

ആ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിപ്പോയി.

"മകനും മരുമകളും പേരക്കുട്ടിയും ഉണ്ടായിട്ടും ഇത്രയും കാലം എന്തുകൊണ്ടാണ് എന്നോട് പറയാതിരുന്നത്?", ഞാൻ ചോദിച്ചു.

അവൻ പതിവുപോലെ ഒരു ചെറുപുഞ്ചിരിയോടെ മറുപടി പറഞ്ഞു, "ഞാൻ വളരെ വൈകിയാണ് വിവാഹം കഴിച്ചത്. എന്റെ ഡോക്ടറും എപ്പോഴും പറയും... ഞാൻ ഒന്നും തുറന്നു പറയില്ലെന്ന്. എന്റെ സുഖദുഃഖങ്ങൾ ഞാൻ മനസ്സിൽ തന്നെ സൂക്ഷിക്കും. ആരോടും പറയാറില്ല."

ആ മറുപടി കേട്ടിട്ടും എന്റെ മനസ്സിലെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയില്ല.

എന്തിനാണ് ആ രഹസ്യം ഇത്രയും കാലം ഒളിപ്പിച്ചുവെച്ചത്?

ആ ചോദ്യം ഇന്നും എന്റെ മനസ്സിൽ ഉത്തരമില്ലാതെ കിടക്കുകയാണ്.

അതിനു ശേഷം രജ്ഞനോട് പഴയതുപോലെ മനസ്സുതുറന്ന് സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

സ്വന്തമെന്ന് തോന്നുന്നവരോടാണ് നമുക്ക് വാശി കാണിക്കാൻ കഴിയുന്നത്. കാരണം, അവരിൽ നമുക്ക് അവകാശമുണ്ട്.

മനുഷ്യശരീരത്തിലെ ഏറ്റവും മനോഹരമായ ഭാഗം ഹൃദയമാണ്. ആ ഹൃദയം ശുദ്ധമല്ലെങ്കിൽ ഷേവ് ചെയ്ത മുഖത്തിനും ഭംഗിയുള്ള വസ്ത്രങ്ങൾക്കും മധുരമുള്ള വാക്കുകൾക്കും യാതൊരു വിലയുമില്ല.

നമ്മുടെ എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാൻ മനസ്സ് തോന്നില്ല. പക്ഷേ, എത്ര ചെറിയ കാര്യമാണെങ്കിലും ആദ്യം ഓടിച്ചെന്ന് പറയാൻ തോന്നുന്ന ഒരാൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകും. അങ്ങനെയൊരു വ്യക്തിയായിരുന്നു എന്റെ ജീവിതത്തിൽ രജ്ഞൻ.

ആഗ്രഹങ്ങളുടെ തീരത്ത് നിൽക്കുമ്പോൾ തിരമാലകൾപോലെ സ്വപ്നങ്ങൾ നമ്മെ തേടിയെത്തും. പിടിക്കാൻ കൈ നീട്ടുമ്പോഴേക്കും അവ വഴുതിപ്പോകും. ഒടുവിൽ കൈയിൽ ബാക്കിയായിരിക്കുന്നത് വെറും നുര മാത്രം.

അങ്ങനെ തന്നെയായിരുന്നോ രജ്ഞന് എന്നോടുണ്ടായിരുന്ന സ്നേഹവും...?

പ്രഭാതത്തിൽ ആരംഭിച്ച ഞങ്ങളുടെ സൗഹൃദം പ്രദോഷം വരെ ഒഴുകുന്ന ഒരു നദിപോലെയായിരുന്നു. എന്നാൽ എപ്പോഴാണ് അതിൽ വിള്ളൽ വീണതെന്ന് ഞാൻ അറിഞ്ഞില്ല.

ഒരു വാക്കുകൊണ്ടോ ഒരു നോട്ടംകൊണ്ടോ പോലും യാത്ര പറയാതെ അവൻ എന്നിൽ നിന്ന് അകന്നപ്പോൾ തകർന്നത് എന്റെ മനസ്സായിരുന്നു.

സ്നേഹമില്ലായ്മയിൽ നിന്നാണ് ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നത്. വിശ്വാസത്തിന്റെ ചില്ല് ഒരിക്കൽ പൊട്ടിയാൽ അതിനെ പഴയപോലെ ചേർക്കാൻ എളുപ്പമല്ല. ആ വിള്ളലുകൾ പിന്നീട് കൂടിക്കൊണ്ടേയിരിക്കും.

ആ ബന്ധം കാത്തുസൂക്ഷിക്കാൻ നമുക്ക് രണ്ടുപേർക്കും കഴിഞ്ഞില്ല. പക്ഷേ... ആ പരാജയത്തിന്റെ വേദന ഇന്നും എന്റെ മനസ്സിലുണ്ട്, രജ്ഞാ..

ഇങ്ങനെ ഓരോന്നും ആലോചിച്ച് കിടന്നപ്പോൾ എസിയുടെ തണുപ്പ് പോലും അറിയാതെ ശരീരം വിയർത്ത് ഒലിക്കുകയായിരുന്നു. സാധാരണ ട്രെയിനിൽ കയറിയാൽ കമ്പിളിപ്പുതപ്പ് തലവരെ മൂടി കിടക്കുന്ന ഞാൻ, അന്ന് അതൊന്നും ശ്രദ്ധിച്ചില്ല.

എറണാകുളം സ്റ്റേഷനിലെത്തിയപ്പോൾ രജ്ഞൻ ഇറങ്ങാൻ തയ്യാറായി. അപ്പോഴെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ, ഒരു ചെറുപുഞ്ചിരിയെങ്കിലും സമ്മാനിക്കുമോ എന്ന പ്രതീക്ഷയിൽ ഞാൻ അവനെ നോക്കിയിരുന്നു.

പക്ഷേ...

ഒരിക്കൽ പോലും എന്നിലേക്ക് നോക്കാതെ അവൻ പ്ലാറ്റ്ഫോമിലെ തിരക്കിലേക്ക് നടന്നകന്നു.

"എടോ... ഇന്ന് തണുക്കുന്നില്ലേ? സാധാരണ കമ്പിളി തലവരെ മൂടിക്കിടക്കുന്ന ആളല്ലേ നീ. ഇന്ന് എന്താണ് കമ്പിളി പോലും പുതയ്ക്കാതെ കിടന്നത്?", നന്ദന്റെ ചോദ്യം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി.

"ഞാൻ കയറിയതും ഉറങ്ങിപ്പോയി," എന്ന് ഞാൻ ഒരു നുണ പറഞ്ഞു.

ട്രെയിൻ വീണ്ടും മുന്നോട്ടുപാഞ്ഞു. ജനലരികിൽ ഇരുന്ന് ഉദിച്ചുവരുന്ന പ്രഭാതസൂര്യനെ നോക്കുമ്പോൾ മനസ്സ് വീണ്ടും പഴയ ഓർമ്മകളിലൂടെ അലഞ്ഞു.

പലപ്പോഴും നിന്നോട് പിണങ്ങിയിട്ടുണ്ട്... വാശി കാണിച്ചിട്ടുണ്ട്... കുറ്റപ്പെടുത്തിയിട്ടുണ്ട്...

പക്ഷേ, മനസ്സുകൊണ്ട് ഒരു നിമിഷം പോലും നിന്നെ വെറുത്തിട്ടില്ല രജ്ഞാ. നിന്നോടുള്ള ഇഷ്ടം ഒരിക്കലും കുറഞ്ഞിട്ടില്ല.

പേരക്കുട്ടിയുണ്ടായ സന്തോഷവാർത്ത പോലും നാല് വർഷത്തോളം എന്നിൽ നിന്ന് മറച്ചുവെച്ച നിന്നോട് ദേഷ്യം തോന്നിയിട്ടുണ്ട്. ഒരായിരം പ്രാവശ്യം നിന്നെ മനസ്സിൽ ശകാരിച്ചിട്ടുമുണ്ട്.

പക്ഷേ ഒരു കാര്യം നീ ഓർക്കണം, രജ്ഞാ...

സ്ത്രീഹൃദയം ഒരിക്കൽ തകർന്നാൽ, ചേർത്തുപിടിച്ചാലും അത് പഴയപോലെ ആവില്ല.

ആ സത്യം നിനക്ക് മനസ്സിലായില്ല.

ഇനി ഒരിക്കലും നമ്മൾ കണ്ടുമുട്ടിയില്ലെങ്കിലും...

നീ തന്ന ഓർമ്മകൾ മാത്രം മതി... എന്റെ ജന്മം സഫലമാകാൻ.

"ഹലോ... തൃശ്ശൂർ അടുക്കാറായി. ഇറങ്ങണ്ടേ?", നന്ദന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു.

ജനലിലൂടെ പുറത്തേക്ക് നോക്കി. പ്രഭാതസൂര്യൻ ഉദിച്ചുയർന്നിരുന്നു. പക്ഷേ... എന്റെ മനസ്സിൽ ചില ഓർമ്മകൾക്ക് ഒരിക്കലും അസ്തമയമുണ്ടാകില്ല.

  

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ

Mozhi

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.